Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ഭരണഘടനധാര്‍മ്മികതയുടെ സന്ദേശം ഉയര്‍ത്തി അന്തര്‍ദ്ദേശീയ സംവാദം
ജില്ലാപഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും കിലയും സംയുക്തമായി നടപ്പിലാക്കുന്ന ‘ദി സിറ്റിസണ്‍’ ക്യാമ്പയിന്റെ ഭാഗമായി ഭരണഘടന ധാര്‍മ്മികതയെക്കുറിച്ചുള്ള അന്തര്‍ദേശീയ സംവാദം നടന്നു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുകയെന്നാല്‍ ഇന്ത്യയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ഭരണഘടന ധാര്‍മ്മികതയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണഘടന സാക്ഷരതാ ക്യാമ്പയിന്‍ തപാല്‍ സ്റ്റാമ്പ് പ്രകാശനവും നിര്‍വഹിച്ചു.
ആസൂത്രണസമിതി അംഗം എന്‍. എസ്. പ്രസന്നകുമാര്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍ വിഷയാവതരണം നടത്തി. ഗ്രാമവികസനവകുപ്പ് ഡി.ഡി.സിയും കില അധ്യാപകനുമായ വി. സുദേശനനായിരുന്നു മോഡറേറ്റര്‍. കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മുന്‍ തലവന്‍ ഷാജി വര്‍ക്കി, വീ ദ പീപ്പിള്‍ അഫയേഴ്സ് മാനേജിങ് ട്രസ്റ്റി വിനീത ഗുരുസ്വാമി സിങ്, ബാര്‍ അസോസിയേഷന്‍ പ്രതിനിധി നിസ ഫൈസല്‍ എന്നിവര്‍ സംവാദം നയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീയതി നീട്ടി
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഉപന്യാസരചനാ മത്സരത്തിന്റെ അവസാന തീയതി നീട്ടി. ‘വായന-പുസ്തകവും നവമാധ്യമങ്ങളും’ എന്ന വിഷയത്തില്‍ 500 വാക്കില്‍ കവിയാതെ ടൈപ് ചെയ്ത് പി.ഡി.എഫ്. ഫോര്‍മാറ്റില്‍ [email protected]    ഇ-മെയിലിലേക്ക് വ്യക്തിവിവരങ്ങളും ഫോണ്‍ നമ്പരും സഹിതം ജൂണ്‍ 28 നകം അയക്കാം.

വികസന സെമിനാര്‍
മേലില ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ തരകന്‍സ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. മുന്‍ ജനപ്രതിനിധികളെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ഹര്‍ഷകുമാര്‍ ആദരിച്ചു.
മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താര സജികുമാര്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, വെട്ടിക്കവല ബ്ലോക്ക് അംഗങ്ങളായ അനില്‍ കുമാര്‍, അനു വര്‍ഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, ഗ്രാമ-ബ്ലോക്ക് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വച്ഛവിദ്യാലയ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഏര്‍പ്പെടുത്തിയ സ്വച്ഛ വിദ്യാലയ പുരസ്‌ക്കാരങ്ങള്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത എട്ട് സ്‌കൂളുകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്. സ്വച്ഛഭാരതില്‍ സ്‌കൂളുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ കഴിയുകയെന്ന് കലക്ടര്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം വിദ്യാര്‍ത്ഥികളുടെ ദൈനംദിന ശീലത്തിന്റെ ഭാഗമാകണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
എ.ഡി.എം ആര്‍. ബീനാറാണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, പ•ന മനയില്‍ ജി.എല്‍.പി.എസ് പ്രഥമാധ്യാപിക വീണറാണി, വിവിധ സ്‌കൂളുകളുടെ പ്രഥമാധ്യാപകര്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഷികറിട്ടേണ്‍ സമര്‍പ്പിക്കാം
ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, റീപായ്ക്കിങ് എന്നിവയ്ക്ക് എഫ്.എസ്.എസ.്എ.ഐ ലൈസന്‍സ് നേടിയിട്ടുള്ള സംരംഭകര്‍ക്ക് 2021-22 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ പിഴ ഇല്ലാതെ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. ഫോസ്‌കോസ് ലൈസന്‍സ് പോര്‍ട്ടല്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അവസാന തീയതിക്ക് ശേഷം ഒരു ദിവസം നൂറ് രൂപ നിരക്കില്‍ പിഴ അടയ്ക്കണം. ഫോണ്‍- 0474 2766950.

ചിറക്കരയില്‍ പുതിയ എം.സി.എഫ്
ചിറക്കര ഗ്രാമപഞ്ചായത്തിലെ മാലിന്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ സംഭരിച്ച് ശാസ്ത്രീയമായി തരം തിരിച്ച് സംസ്‌കരിക്കാന്‍ എം. സി. എഫ് വഴി സാധിക്കും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ജോഷ് ചടങ്ങില്‍ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിപരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വിനിതദിപു, ജയകുമാര്‍, മേരിറോസ്, റ്റി.ആര്‍ സജില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭാരത്‌സേവക് സമാജ് ജില്ലാസെന്ററില്‍ നടത്തുന്ന ഐ ഇഎല്‍ടിഎസ്/സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഡ്രസ് മേക്കിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ്, ടെയിലറിംഗ് ആന്‍ഡ് എംബ്രോയിഡറി, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്‍ഡി ക്രാഫ്റ്റ് എന്നീ കോഴ്‌സുകളില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 15നും 48 നും മധ്യേ. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം ഓഫിസര്‍, ഭാരത്‌സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ – കോട്ടമുക്ക് റോഡ്, കൊല്ലം-13 ഫോണ്‍ 0474 2797478.

ഗതാഗത നിയന്ത്രണം
അഞ്ചാലുംമൂട്-പെരുമണ്‍-കണ്ണങ്കാട്ട്കടവ് റോഡില്‍ ജൂണ്‍ 27 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അറ്റകുറ്റപണിക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ചാലുംമൂടില്‍ നിന്നും പെരുമണിലേക്കും തിരികെയും പോകേണ്ട വാഹനങ്ങള്‍ അഞ്ചാലുംമൂട് നിന്നും താന്നിക്കമുക്ക് വഴി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞ് ഇടതുവശത്തുള്ള റോഡിലൂടെ തരിയന്‍മുക്കില്‍ എത്തി പെരുമണ്‍ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വോക്ക്-ഇന്‍-ഇന്റര്‍വ്യു
സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബര്‍ ഒഴിവിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. പത്താംക്ലാസ് പാസായി ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 28 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സി-ഡിറ്റ് മെയിന്‍ ക്യാമ്പസ് തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഹാജരാക്കണം. ഫോണ്‍-9447301306.

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 29ന്
കൊല്ലം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 29 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ശാസ്താംകോട്ട പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ നടക്കും. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. ഫോണ്‍- 0476 2654000, 9562510044.

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പിന്റെ പരിധിയില്‍ ഇലക്ട്രീഷ്യന്‍- കൊല്ലം (കാറ്റഗറി നമ്പര്‍ 404/2020) സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

error: Content is protected !!