Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ പി.ആര്‍.ഡി റീജിയണല്‍ ഡെ.ഡയറക്ടര്‍

ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കൊല്ലം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മേല്‍നോട്ടച്ചുമതലയാണുള്ളത്. ആകാശവാണി അനൗണ്‍സര്‍, ടെലിവിഷന്‍ അവതാരകന്‍, കേരള വനിതാ കമ്മീഷന്റേയും,വനം വകുപ്പിന്റേയും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ , ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പരസ്യം), പിആര്‍ഡി പ്രോഗ്രാം പ്രൊസ്യൂര്‍ തുടങ്ങിയ നിലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ചല്‍, തഴമേല്‍, കൃഷ്ണവിലാസത്തില്‍ ആര്‍. ഹരിഹരന്‍ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്.

കാഷ്യു കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക  (ജൂണ്‍ 29) വിതരണം ചെയ്യും

കാഷ്യു കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് ലീവ് വിത്ത് വേജസ്, ഹോളിഡേ വേജസ്, ബാലന്‍സ് ബോണസ് ഇനത്തില്‍ നല്‍കാനുള്ള തുക ഇന്ന് (ജൂണ്‍ 29) ഫാക്ടറികളില്‍ വിതരണം ചെയ്യും. 2.17 കോടി രൂപയാണ് വിതരണം ചെയ്യുക എന്ന് ചെയര്‍മാന്‍ എസ്. ജയമോഹനും എം. ഡി. ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു.

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗം അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, മറ്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകള്‍ക്കായി പരിശീലനം നല്‍കുന്ന ‘നിബോധിത’ പദ്ധതിക്കായി പരീക്ഷാ പരിശീലന രംഗത്ത് പ്രവര്‍ത്തി പരിചയം ഉള്ള മുന്‍ വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 12. അപേക്ഷകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04742794996.

വാഗമണ്‍ -ചെറുതോണി-മൂന്നാര്‍ ഉല്ലാസയാത്ര

കെ.എസ.്ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ജൂലൈ ഒമ്പതിന് വാഗമണ്‍-ചെറുതോണി-മൂന്നാര്‍ ഉല്ലാസയാത്ര നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ 5.10 ന് സെമിസ്ലീപ്പര്‍ സൂപ്പര്‍ എയര്‍ ബസില്‍ യാത്ര ആരംഭിച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമണ്‍, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദര്‍ശിച്ച് മൂന്നാര്‍ ഡിപ്പോയില്‍ എത്തിച്ചേരും. രണ്ടാം ദിവസമായ ജൂലൈ 10ന് മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കണ്ണന്‍ ദേവന്‍ ടീ ഫാക്ടറി, ഫ്‌ളവര്‍ ഗാര്‍ഡന്‍, മൂന്നാര്‍ ടൗണ്‍ വഴി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിച്ചേരും. അന്നേ ദിവസം രാത്രി ഏഴുമണിയോടെ കൊല്ലത്തേക്ക് യാത്ര തിരിക്കും. ബുക്കിങ്ങിനായി 8921950903, 9496675635 നമ്പറുകളില്‍ ബന്ധപ്പെടാം.

സ്വകാര്യ വ്യവസായപാര്‍ക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ സംരംഭങ്ങളെ ഒരേ കേന്ദ്രത്തില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥലം നല്‍കുന്നതും കരാര്‍ ഉണ്ടാക്കുന്നതും ഏസ്റ്റേറ്റ് ഉടമകളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് സര്‍ക്കാരുമായിരിക്കും. എസ്റ്റേറ്റ് ഉടമയ്ക്ക് 10 ഏക്കറോ കൂടുതലോ വസ്തു കൈവശം ഉണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 9446070725.

വെളിയം ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയ്ക്ക് പുതിയ ഓഫീസ്
വെളിയം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് നിര്‍വഹിച്ചു. 10.56 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മാണം. വൈസ് പ്രസിഡന്റ് കെ. രമണി അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. ബി. പ്രകാശ്, ജാന്‍സി സിജു, സെക്രട്ടറി സലില്‍ എവുജിന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷൈലജ അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വയം പര്യാപ്തതയ്ക്കായി താറാവ്-കോഴി വളര്‍ത്തല്‍ : മേയര്‍
കൊല്ലം കോര്‍പ്പറേഷന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ വിതരണോദ്ഘാടനം മുക്കാട് ഹോളി ഫാമിലി ചര്‍ച്ച് പാരിഷ് ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു. കോര്‍പറേഷന്‍ പരിധിയിലെ വീടുകളെ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് താറാവ്, കോഴി വളര്‍ത്തല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. 1200 രൂപയില്‍ പകുതി മാത്രമാണ് ഗുണഭോക്തൃ വിഹിതം. 600 രൂപ സബ്‌സിഡിയും. ഒരാള്‍ക്ക് 10 താറാവുകള്‍ വീതമാണ് വിതരണം ചെയ്തത്.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, യു. പവിത്ര, എസ്. ജയന്‍, അഡ്വ. ജി. ഉദയകുമാര്‍, കൗണ്‍സിലര്‍മാരായ രാജു നീലകണ്ഠന്‍, ആശ, പുഷ്പാംഗദന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വജ്രജൂബിലി പദ്ധതിക്ക് തുടക്കമായി
സാംസ്‌ക്കാരികവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന വജ്രജൂബിലി പദ്ധതിക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിശീലന ക്ലാസ്സുകളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിര്‍വഹിച്ചു. പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ അധ്യക്ഷയായി.
വൈസ്പ്രസിഡന്റ് സുരേഷ് താനുവേലില്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ടി.രാജീവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാമചന്ദ്രന്‍, സദാശിവന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അക്ഷയ, പരിശീലകരായ അനില്‍കുമാര്‍, സുനില്‍കുമാര്‍, വി.തരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി പ്രകാരം പ്ലസ് വണ്‍ മുതല്‍ ടെക്‌നിക്കല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസത്തെ ഉന്നത വിദ്യാഭ്യാസമായി കണക്കാക്കും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം, മാതാപിതാക്കള്‍ മരണമടഞ്ഞതിന്റെ രേഖകള്‍ സഹിതം ഓഗസ്റ്റ് 10 ന് മുന്‍പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04742792850 നമ്പരില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ഒരു വര്‍ഷം.
അപേക്ഷയും പ്രോസ്‌പെക്ടസും എസ്. ആര്‍.സി ഓഫീസിലും അംഗീകൃത പഠന കേന്ദ്രങ്ങളിലും ലഭിക്കും. അവസാന തീയതി നാളെ (ജൂണ്‍ 30). വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.srccc.in    , ഫോണ്‍-04712325101,9846033001 ഇ-മെയില്‍-  [email protected]    , വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ, തിരുവനന്തപുരം -695033. അംഗീകൃത പഠനകേന്ദ്രം, തിരുവനന്തപുരം -9846033001.

സംരംഭകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദേവദാസ് നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി അദ്ധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ മജീന, എസ്. ശശികല, ജയ സജികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മൃണാളിനി മഞ്ജു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എന്‍.ശാരദ, ജൂനിയര്‍ സൂപ്രണ്ട് വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗവികസന വകുപ്പിന്റെ പരിധിയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 2022-23 അധ്യയനവര്‍ഷം സിംഗിള്‍ കോട്ട് ബെഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ നാല് വൈകിട്ട് നാലു മണിക്കകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ -0475 2222353, ഇ-മെയില്‍ : [email protected]

രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നു
കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തനം ഇല്ലാതെ തുടരുന്നതും റെക്കോര്‍ഡുകള്‍ കണ്ടെത്താന്‍ കഴിയാത്തതുമായ 31 വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് പട്ടിക തയാറായി. പട്ടിക പരിശോധിക്കുന്നതിനും പരാതി ബോധിപ്പിക്കുന്നതിനും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിലെ ലിക്വിഡേറ്ററെ കാണാം. ഫോണ്‍ – 9946896295.

പിഴ ചുമത്തി
ലേബല്‍ കൂടാതെയുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് മിസ്സ് ബ്രാന്‍ഡിങ് നടത്തിയതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിയമപ്രകാരം രണ്ട് സംരംഭകരില്‍  നിന്നും 5000, 25,000 വീതം രൂപയും പിഴ ചുമത്തി. വെളിച്ചെണ്ണ ബ്രാന്‍ഡിന്റെ വിപണനവുമായി ബന്ധപ്പെട്ടാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയതെന്ന് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു.

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (ഐ. ആര്‍. ബി-കമാന്റോ വിംഗ്), (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയുടെ ജില്ലയിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ച്, ആറ്, ഏഴ്, എട്ട്, 10,11,12,13,19,20,21,22,23,24 തീയതികളില്‍ ആശ്രാമം റോഡ്, ബീച്ച് റോഡ്, പരവൂര്‍- പാരിപ്പള്ളി റോഡ് എന്നിവിടങ്ങളില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, പി.എസ്.സി നിഷ്‌കര്‍ഷിച്ച തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം നിര്‍ദിഷ്ട സ്ഥലത്ത് രാവിലെ അഞ്ച് മണിക്ക് സ്വന്തം ചിലവില്‍ ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഡോക്ടറില്‍ നിന്നാണ്് വാങ്ങേണ്ടത് എന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

അദാലത്തില്‍ ജില്ല ഒന്നാമത്
നാഷണല്‍ ലോക്അദാലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെറ്റി കേസുകള്‍ തീര്‍പ്പാക്കി കൊല്ലം ജില്ല ഒന്നാമത്. 45000 കേസുകള്‍ പരിഗണിക്കുകയും 15596 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. കൊല്ലം താലൂക്കില്‍ 3179 കേസുകള്‍ പരിഗണിച്ച് 1505 എണ്ണം 14.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി.
മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ (എം. എ. സി. റ്റി) 500 കേസുകള്‍ പരിഗണിച്ച് 380 എണ്ണം 10.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി. പത്തനാപുരം താലൂക്കില്‍ പരിഗണിച്ച 2144 കേസുകളില്‍ 641 എണ്ണം തീര്‍പ്പാക്കി. പുനലൂര്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 214 കേസുകള്‍ പരിഗണിക്കുകയും 86 എണ്ണം 2.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി. കൊട്ടാരക്കര താലൂക്കില്‍ പരിഗണിച്ച 2214 കേസുകളില്‍ 665 എണ്ണവും കുന്നത്തൂര്‍ താലൂക്കിലെ 272 കേസുകളില്‍ 42 എണ്ണവും ഒത്തുതീര്‍പ്പാക്കി. കരുനാഗപ്പള്ളി താലൂക്കില്‍ 354 കേസുകള്‍ പരിഗണിച്ച് 195 എണ്ണം തീര്‍പ്പാക്കി. ജില്ലയിലാകെ 8163 കേസുകള്‍ അദാലത്തില്‍ പരിഗണിക്കുകയും 3048 എണ്ണം 19.35 കോടി രൂപയ്ക്ക് ഉഭയസമ്മതപ്രകാരം ഒത്തുതീര്‍പ്പാക്കുകയും ചെയ്തതായി ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു.

സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം  (ജൂണ്‍ 29 ന്)
സ്റ്റാറ്റസ്റ്റിക്‌സ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് (ജൂണ്‍ 29 ന്) രാവിലെ9.30 മുതല്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ അര്‍ദ്ധദിന പരിപാടി നടത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനാകുന്ന ചടങ്ങ് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എം. ലജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. കിരണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

കൊല്ലം മെഡിക്കല്‍ കോളേജ് പുതിയ ഘട്ടത്തിലേക്ക്
ആദ്യമായി മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍, എം.ഡി. പത്തോളജി എന്നീ വിഭാഗങ്ങളിലായി 2 വീതം സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ഈ രണ്ട് വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില്‍ കൊല്ലം മെഡിക്കല്‍ കോളേജ് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷത്തിനുള്ളില്‍ പിജി കോഴ്സ് ആരംഭിക്കാനാകുന്നത് അഭിമാന നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രയിലെ രോഗീപരിചരണം, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഗവേഷണം എന്നിവ ശക്തിപ്പെടുത്താന്‍ കമ്മ്യൂണിറ്റി മെഡിസിനിലെ പുതിയ സീറ്റുകള്‍ സഹായിക്കുന്നു. രോഗ നിര്‍ണയത്തില്‍ പത്തോളജി വിഭാഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കോവിഡ് മഹാമാരിക്കിടയിലും കൊല്ലം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണിത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. എത്രയും വേഗം ഈ കോഴ്സുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ് അടുത്തിടെ കൊല്ലം മെഡിക്കല്‍ കോളേജിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. നഴ്സിംഗ് കോളേജ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. എംബിബിഎസ് ആദ്യ ബാച്ച് നല്ല വിജയ ശതമാനത്തോടെ കോഴ്സ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!