Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ഫയല്‍ അദാലത്ത്:തീര്‍പ്പാക്കാത ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി  തീര്‍പ്പാക്കണമെന്നും ഓരോ വകുപ്പിലെയും ഫയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സ്പ്രെഡ് ഷീറ്റ് തയ്യാറാക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്ത് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. താഴെത്തട്ടില്‍ തീര്‍പ്പാക്കണ്ട ഫയലുകള്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി തീര്‍പ്പാക്കണമെന്ന് മന്ത്രി അറിയിച്ചു. ഓരോ വകുപ്പുകളിലെയും തീര്‍പ്പാക്കാത്ത ഫയലുകളുടെ എണ്ണം, തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം, തീര്‍പ്പാക്കാത്തതിന്റെ കാരണം, എന്ന് തീര്‍പ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഷീറ്റ് തയ്യാറാക്കുന്നത്. സ്പ്രെഡ് ഷീറ്റ് പൊതുജനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയിലും സ്പ്രെഡ് ഷീറ്റ് മുഖേന  അപ്ഡേഷനുകള്‍ ഉണ്ടാകണം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകന യോഗം അടുത്തമാസം  ചേരുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷനായി, ഹുസൂര്‍ ശിരസ്തദാര്‍ അബ്ദുള്‍ ലത്തീഫ്,  വകുപ്പ് ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ആദിവാസി ഊരുകളിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതി: ബാലാവകാശ കമ്മീഷന്‍

അട്ടപ്പാടി ആദിവാസി ഊരുകളിലെ കുട്ടികളിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമരണം, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തി പരിശോധിക്കുന്നതിന് മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തന പദ്ധതി. അട്ടപ്പാടി ട്രൈബല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു. ആദിവാസി മേഖലകളിലെ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഗളി കില സെന്ററില്‍ ബാലാവകാശ കമ്മീഷനും മലബാര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. കാന്‍സര്‍ സെന്ററിന്റെ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാക്കുന്നതിന് ഓരോ കര്‍ത്തവ്യ വാഹകരും പ്രവര്‍ത്തിക്കണം. ഇതില്‍ ഒരു തടസ്സവും അനുവദിക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു. കര്‍ത്തവ്യ വാഹകന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബാലാവകാശ കമ്മീഷന്‍ ഇടപെടും.  കുട്ടികള്‍ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുക എന്നതാണ് കമ്മീഷന്റെ ആത്യന്തിക ലക്ഷ്യം. ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കര്‍ത്തവ്യ വാഹകന്മാര്‍ ഉള്‍പ്പെടുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ടാസ്‌ക് ഫോഴ്സായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു.

ആദിവാസി സമൂഹത്തെ മനസ്സിലാക്കി അവരുമായി ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രദേശത്തെ  മാനസിക – ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയൂ എന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരിച്ച് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കി അവരിലൂടെ പ്രദേശത്തെ പ്രശ്നങ്ങള്‍ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുകയില ഉപയോഗം കാന്‍സറിന്റെ വലിയ കാരണമാണ്. കുട്ടികളിലെ പുകയില ഉപയോഗം തടയുന്നതിന് അവരുടെ കുടുംബങ്ങളില്‍ ഇടപെട്ട് അവിടെനിന്ന് നിയന്ത്രണം ആരംഭിക്കും. കാന്‍സര്‍ ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി അധ്യാപകര്‍, എന്‍.സി.സികാര്‍ക്ക് പരിശീലനം നല്‍കി ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബാലാവകാശ കര്‍ത്തവ്യ വാഹകര്‍ക്ക് ആദിവാസി മേഖല നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഡോ.ഫിന്‍സ്, ഡോ. ഗീത എന്നിവര്‍
ക്ലാസ്സെടുത്തു. ജെ.ജെ, ആര്‍.റ്റി.ഇ, പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ നടന്ന കര്‍ത്തവ്യവാഹകരുടെ യോഗത്തിന്റ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടിയും പുരോഗതിയും കമ്മീഷന്‍ വിലയിരുത്തി. അഗളി കില സെന്ററില്‍ നടന്ന യോഗത്തില്‍ കമ്മീഷന്‍ അംഗം വിജയകുമാര്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്.ശുഭ, ശിശു സംരക്ഷണ ഓഫീസ് ജീവനക്കാരായ ജെന്‍സണ്‍ ചെറിയാന്‍, അനസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ്, പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹ്യ നീതി, ചൈല്‍ഡ് ലൈന്‍, പഞ്ചായത്ത്, സി.ഡി.പി.ഒമാര്‍, ലേബര്‍ വകുപ്പ്, കുടുംബശ്രീ, എന്‍.ജി.ഒ പ്രതിനിധികള്‍ പങ്കെടുത്തു.

ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ സാധാരണക്കാരില്‍ എത്തിച്ച്
തൃത്താല ബ്ലോക്ക് ആരോഗ്യമേള

ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് നേരിട്ടെത്തിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് തല  ആരോഗ്യ മേള. തൃത്താല ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണ്ണയം, മെഡിക്കല്‍ ക്യാമ്പ്, കാഴ്ച പരിശോധന, അനീമിയ ഡിറ്റക്ഷന്‍, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, മലമ്പനി – ക്ഷയരോഗ പരിശോധന, പാലിയേറ്റീവ് പാരാപ്ലീജിയ രോഗികളുടെ ഉത്പന്നങ്ങളുടെ വിപണനം, ആയുര്‍വേദ എക്സിബിഷന്‍, ഹോമിയോ എക്സിബിഷന്‍, ഡെന്റല്‍ ക്യാമ്പ്, സാംക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ ഉത്പന്ന വിപണനം, ഐ.സി.ഡി.എസ് ആരോഗ്യ ദായക ഭക്ഷണ പ്രദര്‍ശനം എന്നിവ നടന്നു.

മേളയുടെ ഭാഗമായി ഇരുപത്തഞ്ചോളം സ്റ്റാളുകള്‍ സജ്ജീകരിച്ചു. രണ്ടായിരത്തോളം പേര്‍ മേളയില്‍ സന്ദര്‍ശിച്ചു. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ വളരെ വേഗത്തില്‍ ഒരു കുടക്കീഴില്‍  നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി  എക്സൈസ് വകുപ്പ് വിമുക്തി സ്റ്റാള്‍, ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് കൗണ്‍സിലിംഗ് സെക്ഷനുകളുമൊരുക്കി. വിഷരഹിത ഭക്ഷണത്തിന്റെ  പ്രാധാന്യം ഉള്‍ക്കൊള്ളിച്ച്  കൃഷിവകുപ്പ്  സംഘടിപ്പിച്ച വിഷ രഹിത പച്ചക്കറി ഉത്പന്നങ്ങളുടെ സ്റ്റാളും ശ്രദ്ധേയമായി. കൗമാരക്കാരുടെ കൗണ്‍സിലിംഗ് ക്ലിനിക്, പ്രതീക്ഷ പാലിയേറ്റീവ് വിപണന കേന്ദ്രം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റാള്‍  മേളയുടെ സവിശേഷതയായിരുന്നു.

മേളയുടെ ഉദ്ഘാടനം നാഗലശ്ശേരി ഗവ ഹൈസ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു .തൃത്താല ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി. റീത്ത, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി സ്‌കൂള്‍ തല ക്വിസ് മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തി.

ഒ.വി.വിജയന്‍ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരന്‍: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരനായിരുന്നു ഒ.വി. വിജയനെന്നും സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ തന്റെ രചനകളിലൂടെ പോരാടാന്‍  അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തസ്രാക്കില്‍ നടന്ന വെക്കാനം, ഒ.വി. വിജയന്‍ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.വി വിജയന്‍ സ്മാരകത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ടി.വി. നാരായണന്‍കുട്ടി തയ്യാറാക്കിയ ഒ.വി വിജയന്‍ ചിത്രങ്ങളുടെ കൊളാഷ് ഒ.വി വിജയന്‍ സ്മാരക സമിതിക്ക് കൈമാറി.  മന്ത്രി കെ.കൃഷ്ണന്‍കുട്ടി ടി.വി. നാരായണന്‍കുട്ടിയില്‍ നിന്നും കൊളാഷ് ഏറ്റുവാങ്ങി. ഒ.വി.വിജയന്‍ സ്മാരകത്തില്‍ നടന്ന പ്രഭാഷണങ്ങളുടെ സമാഹാരം ‘ഞാറ്റുപുര വാങ്ങ്മയങ്ങള്‍’ എന്ന പുസ്തകം ഡോ. കെ. എസ്.രവികുമാര്‍ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് ഏറ്റുവാങ്ങി. പി.ആര്‍. ജയശീലന്‍ രചിച്ച ‘സി.വി. ശ്രീരാമന്റെ കഥകള്‍ – പഠനം’ പുസ്തകം ഡോ. പി.കെ രാജശേഖരന്‍ പ്രകാശനം ചെയ്തു. എ.പ്രഭാകരന്‍ എം.എല്‍.എ ആദ്യ പുസ്തകം ഏറ്റുവാങ്ങി. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, അഡ്വ. സി.പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷ:  
മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷാ ഉറപ്പാക്കാന്‍ മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്.  പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ  ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുടുംബാരോഗ്യകേന്ദ്രം മുഖേന മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും ചെയ്തു. തൊഴിലാളികളില്‍ മലമ്പനി, കുഷ്ഠം, മന്ത്, രോഗപരിശോധനയും ജീവിത ശൈലിരോഗ നിര്‍ണയവും കുടുംബ മാതൃ-ശിശു ആരോഗ്യ നിര്‍ണയവും നടന്നു. നാല്‍പതോളം അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മെഡിക്കന്‍ ക്യാമ്പും നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് കാര്‍ഡ്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നോര്‍ക്കോട് അധ്യക്ഷനായി. വാര്‍ഡ് അംഗം മോനിഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോകന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു.വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവ്:  
പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെടണം

ഭാരതത്തിന്റെ സ്വതന്ത്ര ലബ്ദിയുടെ 75-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘ ആസാദി കാ അമൃത് മഹോത്സവ് ‘ ആഘോഷത്തില്‍ ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട 75 ജില്ലകളില്‍ ഒന്നായ പാലക്കാട് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മി സെഗൊള്‍,ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നിവരുടെ സ്വാതന്ത്ര്യ സമര സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ‘ പ്രഭാതവന്ദനം ‘ പോലെയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള മാധ്യമ സ്ഥാപനങ്ങളുടെ വിവരം ജൂലൈ അഞ്ചിനകം ജില്ലാ നോഡല്‍ ഓഫീസര്‍ ആന്‍ഡ് ഡെപ്യൂട്ടി കലക്ടറെ (ഇലക്ഷന്‍)  അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547610096 ബന്ധപ്പെടാം.

ലൈഫ് മിഷന്‍ : രണ്ടാം ഘട്ട അപ്പീല്‍ ജൂലൈ എട്ട് വരെ നല്‍കാം

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട അപ്പീല്‍ ജൂലൈ എട്ട് വരെ നല്‍കാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായവര്‍ക്ക് ക്ലേശഘടകങ്ങളില്‍ മാറ്റം വരുത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും , അനര്‍ഹരായ ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനും ജില്ലാ കലക്ടര്‍ക്ക് രണ്ടാംഘട്ട അപ്പീല്‍ നല്‍കാം. ഒന്നാം ഘട്ടത്തില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് മാത്രമേ രണ്ടാം അപ്പീല്‍ നല്‍കാന്‍ കഴിയു. അപ്പീലുകള്‍ ഓണ്‍ലൈനായും, ആക്ഷേപങ്ങള്‍ നേരിട്ടും നല്‍കാം. ജില്ലാ ലൈഫ് മിഷന്‍ ഓഫീസിനോട് ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  അറിയിച്ചു. രണ്ടാം ഘട്ട അപ്പീല്‍  തീര്‍പ്പാക്കുന്നത് ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണായ സമിതിയാണ്. ജൂലൈ 20 നകം രണ്ടാംഘട്ട അപ്പീല്‍ തീര്‍പ്പാക്കി ജൂലൈ 22 ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ഓഗസ്റ്റ് അഞ്ചിനകം ഗ്രാമസഭ ചേര്‍ന്ന് ഓഗസ്റ്റ് 16 ന് അന്തിമ ലിസ്റ്റ് അംഗീകരിക്കുകയാണ് ലക്ഷ്യമെന്നും ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

ദേശീയ തൊഴിലുറപ്പ്. ജില്ലാ ഓംബുഡ്സ്മാൻ സിറ്റിംഗ് അഞ്ചിന്
 വടകരപ്പതി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളിൽ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ഓംബുഡ്സ്മാൻ ജൂലൈ അഞ്ചിന് രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഹാളിൽ സിറ്റിംഗ് നടത്തും. തൊഴിലാളികൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പരാതികൾ നേരിട്ട് കേൾക്കാൻ  അവസരം ഉണ്ടാകും എന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ -04923 235222
 
കാഷ്വല്‍ ലേബര്‍ : അഭിമുഖം ആറിന്

സി- ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ്  ആന്‍ഡ്  സെക്യൂരിറ്റി പ്രൊഡക്ട്സ് ഡിവിഷനില്‍ കാഷ്വല്‍ ലേബര്‍ തസ്തികയിലേക്ക് ജൂലൈ ആറിന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി തിരുവനന്തപുരം തിരുവല്ലത്തുള്ള സി- ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍ : 0471-2380910, 2380912

ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ വിക്കി അവാര്‍ഡ്  

ജില്ലയിലെ ചിറ്റൂര്‍ ജി.വി.എല്‍.പി.എസ്, വട്ടേനാട് ജി.വി.എച്ച്.എസ.എസ്്, കല്യാണ പേട്ട ആര്‍.കെ.എം.എല്‍.പി.എസ് സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ വിക്കി അവാര്‍ഡ്. ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനത് പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി 25000,15000,10000 രൂപ വീതം ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശംസാപത്രവും വിതരണം ചെയ്തു.

 
ഡെക്കറേറ്റീവ് പെയിന്റര്‍ പരിശീലനം

ആക്സോ നോബല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡെക്കറേറ്റീവ് പെയിന്റര്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. സംസ്ഥാന കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ ജൂലൈ ഏഴിനകം അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയുടെ പകര്‍പ്പ്, പ്രതിവര്‍ഷ വരുമാനം എന്നിവ [email protected] ല്‍ അപ് ലോഡ് ചെയ്യണം. ഫോണ്‍: 0491 2546873

 
ഹിന്ദി അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ ഹിന്ദി വിഭാഗത്തില്‍ ഒഴിവ്. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ളവര്‍, ഉയര്‍ന്ന യോഗ്യത, പ്രവര്‍ത്തി പരിചയമുള്ളവര്‍, എസ്.സി, എസ്. ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,  എസ്.സി, എസ്.ടി വിഭാഗക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷിക്കുന്ന  തസ്തികയുടെ പേര്, അപേക്ഷിക്കുന്ന സ്‌കൂള്‍ എന്നിവ  അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ :0491 2505005

കാണ്‍മാനില്ല

എലപ്പുള്ളി കാക്കത്തോട് തേനാരി സ്വദേശി കായ്യന്‍ ചാത്തന്‍ മകന്‍ രാജനെ (60 വയസ്സ്) മെയ് രണ്ടിന് രാവിലെ 8.30 മുതല്‍ കാണാനില്ലെന്ന് കസബ പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ അറിയിച്ചു.  കാണാതാവുമ്പോള്‍ ഹാഫ് കൈ ഷര്‍ട്ട്, ലുങ്കി മുണ്ടാണ് ധരിച്ചത്. ഉയരം 5.5 അടി, കറുപ്പ് നിറം, നരച്ച താടിയും തലമുടിയും, ഇടതുകണ്ണിന് കാഴ്ചയില്ല. കണ്ടുകിട്ടുന്നവര്‍ 04912566148, 9497980607 ല്‍ അറിയിക്കണമെന്ന് കസബ പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

 
സൗജന്യ പരിശീലനം

മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ നാല് വരെ സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്

ഫോറസ്റ്റ് ട്രൈബ്യൂണല്‍  ജൂലൈ ഏഴ്, എട്ട്, 29, 30 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ സിറ്റിങ് നടത്തും.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദ ഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷാ ഫാറം, പ്രോസ്പെക്റ്റസും സ്ഥാപനത്തില്‍ നിന്നും www.fcikerala.org ലും ലഭിക്കും. അപേക്ഷകള്‍  ജൂലൈ 11 ന് വൈകിട്ട് നാലിനകം മങ്കടയിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നല്‍കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റോടെ പഠനം സൗജന്യം. മറ്റ് വിഭാഗക്കാര്‍ക്ക് ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പോടെ നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ :0493 3295733, 9645078880

 
സൗജന്യ ഡി.സി.എ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഡി.സി.എ കോഴ്സ് നടത്തുന്നു. പ്ലസ്ടുവാണ് യോഗ്യത. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2504599, 9847412359 നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മഞ്ഞക്കുളം റോഡ് പാലക്കാട് -14 വിലാസത്തിലോ ബന്ധപ്പെടാം.

 
വാഹനം വാടകയ്ക്ക് : ക്വട്ടേഷന്‍ ക്ഷണിച്ചു

ഒലവക്കോട് ജൈനിമേട്  പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍ ആന്‍ഡ് ജില്ലാ ലബോറട്ടറി, വര്‍ക്ക് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ബൊലേറോ, തത്തുല്യ എ.സി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് അംഗീകൃത ടാക്സി ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ടോ, തപാല്‍ മുഖേനയോ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ : 0491-2502560

വായനാ മാസാചാരണം: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
വായനാ മാസാചാരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ജൂലൈ 9 ന് രാവിലെ 9.30 ന് താരേക്കാട് മോയന്‍ ഹൈസ്‌കൂളില്‍ ്മത്സരം നടക്കും. ജില്ലയിലെ 8,9,10, ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ ഐ.ഡി കാര്‍ഡ് കൊണ്ടവരണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ക്കാണ് അവസരം. മത്സരദിവസം രാവിലെ ഒന്‍പതിന് രജിസ്റ്റര്‍ ചെയണം. ഒന്നാം സ്ഥാനകാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
error: Content is protected !!