ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി
സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു
കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു. നിലവില്‍ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2017 മുതല്‍ നാലര വര്‍ഷത്തോളം തൊഴിലും നൈപുണ്യവും വകുപ്പിന്റെ ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍, 2012-ല്‍ സെക്രട്ടേറിയറ്റ് പിആര്‍ഡി പ്രസ് റിലീസ് വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 2014-ല്‍ പ്രസ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍, 2015-ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, 2016-ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ പിആര്‍ഡി വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലേബര്‍ കമ്മീഷണറില്‍ നിന്നും സദ് സേവന രേഖയും ലഭിച്ചിട്ടുണ്ട്.വനം വകുപ്പില്‍ നിന്നും പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. കൊല്ലം ഓണമ്പലം സ്വദേശിയാണ്. നിലവില്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന എസ്.എസ്.അരുണിനെ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായി സ്ഥലം മാറ്റിയ ഒഴിവിലാണ് സി.എഫ്.ദിലീപ്കുമാര്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എത്തുന്നത്.
സുനാമി ഫ്‌ളാറ്റുകളുടെ പരിപാലനം
തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം: ജില്ലാ കളക്ടര്‍
ജില്ലയിലെ സുനാമി ഫ്‌ളാറ്റുകളുടെ പരിപാലനം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍ദ്ദേശം. ഫ്‌ളാറ്റുകളുടെ നിലവിലെ സ്ഥിതി, കുടിവെള്ള ലഭ്യത, ശുചിമുറികള്‍, മാലിന്യസംസ്‌ക്കരണം , അനധികൃത താമസം എന്നിവ വിലയിരുത്താന്‍ സംയുക്ത പരിശോധന നടത്തും. റവന്യു, പഞ്ചായത്ത്, പോലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപങ്ങള്‍ നല്‍കണം. ഫ്‌ളാറ്റുകളില്‍ നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ മാസം 20ന് അവലോകന യോഗം ചേരാനും തീരുമാനമായി. എ.ഡി.എം ആര്‍.ബീനാറാണി, ജൂനിയര്‍ സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും:
ജില്ലാ കളക്ടര്‍
ആലപ്പാട് പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആവശ്യമെങ്കില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കടല്‍ഭിത്തി നിര്‍മ്മാണത്തിന് ആവശ്യമായ പാറ വിട്ട് നല്‍കാത്ത ക്വാറികള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. സുരക്ഷാ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു കലക്ടര്‍ . എ.ഡി.എം ആര്‍.ബീനാറാണി, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബെയ്‌സല്‍, അസി.എന്‍ജിനീയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ക്ഷീരകര്‍ഷകര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്
മൃഗസംരക്ഷണ കേന്ദ്രവും കാലിവസന്ത നിര്‍മ്മാര്‍ജ്ജന യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കും അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും സഹായഹസ്തവുമായി പുനലൂര്‍ നഗരസഭ. നഗരസഭ വട്ടപ്പടയിലുള്ള കെട്ടിടത്തില്‍ മൃഗസംരക്ഷണ കേന്ദ്രവും കാലിവസന്ത നിര്‍മാര്‍ജന യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം പി. എസ് സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഇതോടൊപ്പം ഒരു മൊബൈല്‍ ക്ലിനിക് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം. എല്‍. എ പറഞ്ഞു. ഒരു ഡോക്ടറുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനമാണുള്ളത്. കന്നുകാലികള്‍ മറ്റു വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ കുത്തിവയ്പുകളും മരുന്നുകളും ഇവിടെ ലഭിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പുഷ്പലത, കനകമ്മ, വസന്ത രഞ്ജന്‍, അനസ്, ജയപ്രകാശ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിതമിത്രം : ആധുനികവല്‍ക്കരണത്തിന്റെ
പാതയില്‍ ഹരിത കര്‍മ്മ സേന
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന വഴി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു. ഹരിതമിത്രം എന്ന പേരില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് ജില്ലയില്‍ 32 തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ഫോണുകള്‍, മോണിറ്ററിംഗ് സെന്ററുകള്‍ക്കുള്ള ലാപ്‌ടോപ്പ് തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആധുനികരിക്കുന്നത്. ഹരിത കര്‍മ്മ സേനാംഗം ഒരു വീട്ടില്‍ ചെന്നാല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന അളവ്,യൂസര്‍ കീഎന്നീ വിവരങ്ങള്‍ മോണിറ്ററിംഗ് സെന്ററിലൂടെ ആപ്പ് വഴി ലഭ്യമാക്കും. ഹരിത കര്‍മ്മ സേനയ്ക്ക് പ്ലാസ്റ്റിക് നല്‍കുന്ന വീടുകളിലുള്ള അംഗങ്ങള്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിവരങ്ങള്‍ അറിയാം. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ ഉടനടി പരിഹരിക്കാനും ഇതുവഴി സാധ്യമാകും.
ജില്ലയില്‍ കൊല്ലം കോര്‍പ്പറേഷന്‍, കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര, പരവൂര്‍ നഗരസഭകളും അലയമണ്‍, ചിറക്കര, ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കല്ലുവാതുക്കല്‍, കുളക്കട,മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, ഓച്ചിറ, പനയം, പെരിനാട്, പിറവന്തൂര്‍, പൂതക്കുളം, പൂയപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, തഴവ, തേവലക്കര, തൃക്കോവില്‍വട്ടം, ഉമ്മന്നൂര്‍, വെളിയം വെട്ടിക്കവല ഏരൂര്‍ ഗ്രാമപഞ്ചായത്തുകളുമാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമായിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, വ്യാപാരി വ്യവസായ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്. ഇന്ന് ( ജൂലൈ 5) തേവലക്കര, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് പരിശീലനം. ശുചിത്വമിഷന്‍, കില, കെല്‍ട്രോണ്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹരിതമിത്രം സ്മാര്‍ട്ട് പദ്ധതി നടത്തിപ്പ്.
സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ ശുചിമുറി
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച സ്ത്രീ സൗഹൃദ ശുചിമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍ സ്‌കൂളിന് സമര്‍പ്പിച്ചു. പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത് . പി.ടി.എ പ്രസിഡന്റ് ടി.എസ്. ജയചന്ദ്രന്‍ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം കെ.രാമചന്ദ്രന്‍ പിള്ള, എസ്.എം.സി ചെയര്‍മാന്‍ ഷാജി ചെമ്പകശ്ശേരി, പ്രിന്‍സിപ്പാള്‍ എം.എസ്. അനിത, ഹെഡ്മാസ്റ്റര്‍ പ്രേം ദേവാസ്, പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ കുട്ടി, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
നഗരസഭയില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഉപഭോക്താക്കളില്‍ മസ്റ്ററിംഗ് ചെയ്തിട്ടില്ലത്ത കാരണത്താല്‍ പെന്‍ഷന്‍ തടയപ്പെട്ടിട്ടുള്ള കിടപ്പു രോഗികളായ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിന് ബന്ധുക്കള്‍ മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് അപേക്ഷ ജൂലൈ 10നകം നഗരസഭ ഓഫീസില്‍ ഹാജരാകണം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടതിനാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തത് മൂലം പെന്‍ഷന്‍ മുടങ്ങിയവരും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ തീയതിയില്‍ ഹാജരാക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2742382, 2751955
ചിറക്കരയില്‍ ഭിന്നശേഷി ക്ഷേമ ഗ്രാമസഭ സംഘടിപ്പിച്ചു
ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലദേവി നിര്‍വഹിച്ചു. 2022-2023 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷനായി. സ്ഥിര സമിതി അദ്ധ്യക്ഷര്‍, വാര്‍ഡ് അംഗങ്ങള്‍, സി. ഡി. എസ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രകൃതികൃഷി ഓണ്‍ലൈന്‍ പരിശീലനം
അസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആത്മയുടെയും സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് ആന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (സമേതി) ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി പ്രകൃതികൃഷിയുമായി ബന്ധപ്പെട്ട് ഏകദിന ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു.
ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ രണ്ട് ബാച്ചുകളായാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2792080
സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പട്ടിജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ തിരെഞ്ഞെടുത്ത 25 യുവതി യുവാക്കള്‍ക്കാണ് സ്‌റ്റൈപെന്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ 1 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിച്ചത്.
കീഡ് സി.ഇ.ഒ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് വി.രാജ് ,കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. സാബു, സംരംഭകനും എസ്. സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ സുദീപ് എന്നിവര്‍ ട്രെയിനിങ് കിറ്റ് വിതരണം ചെയ്തു.
ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി മാര്‍ക്കറ്റ് സര്‍വേ, തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകള്‍ക്ക് വിദഗ്ദ്ധര്‍ നേതൃത്വം നല്‍കി. അടുത്ത ബാച്ചിന്റെ പരിശീലനം ജൂലൈ 20 മുതല്‍ ആഗസ്റ്റ് 6 വരെ കീഡ് ക്യാമ്പസില്‍ നടത്തും. പങ്കെടുക്കാന്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info വഴി അപേക്ഷ നല്‍കാം.
അപ്രന്റീസ് മേള
ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വിവിധ ട്രേഡുകളിലെ അപ്രന്റീസ് ട്രെയിനികളെ ആവശ്യമുള്ള പക്ഷം ജില്ലയിലെ ആര്‍.ഐ.സെന്ററിന്റെ നേതൃത്വത്തില്‍ ജൂലൈ 11ന് ചന്ദനത്തോപ്പ് ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ നടത്തുന്ന അപ്രന്റീസ് മേളയില്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], [email protected] ഫോണ്‍ 9495082488.
അപേക്ഷ ക്ഷണിച്ചു
ഐ. എച്ച്.ആര്‍.ഡി യുടെ പരിധിയിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ആറ് മാസ കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.എന്‍.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സി.എന്‍.എ യ്ക്ക് സി.ഒ ആന്റ് പി.എ വിജയം, കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ ബി.ടെക്/ ത്രിവത്സര ഡിപ്ലോമ വിജയിച്ചവര്‍/ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, ഡി.സി.എയ്ക്ക് പ്ലസ് ടു, സി.സി.എല്‍.ഐ.എസ്.സിയ്ക്ക് എസ്.എസ്.എല്‍.സി എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0476 2623597, 9447488348.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 0474 2731061 എന്ന നമ്പരിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം എന്ന വിലാസത്തിലോ ബന്ധപ്പെടാം.
ഗതാഗത നിയന്ത്രണം
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി കമാന്‍ഡോ വിങ്) (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയുടെ ജില്ലയിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 5,6,7,8,11, 12, 13,19, 20, 21, 22,23, 24, 25 തീയതികളില്‍ ആശ്രാമം റോഡ്,(ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ – ആശ്രാമം ട്രാഫിക് പോലീസ് സ്റ്റേഷന്‍) ബീച്ച് റോഡ് ( തങ്കശേരി ബസ് ബേ – പോലീസ് കമ്മീഷണര്‍ ഓഫീസ് ജംഗ്ഷന്‍), പാരിപ്പള്ളി റോഡ് (മുക്കട ജംഗ്ഷന്‍- മീനമ്പലം ജംഗ്ഷന്‍) എന്നിവിടങ്ങളില്‍ വെച്ചു നടത്തുന്നതാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ ഈ റോഡുകളില്‍ രാവിലെ 5.30 മുതല്‍ 10.30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടാകുന്നതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ക്യാമ്പ് സിറ്റിങ്
ജില്ലാ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യുണല്‍ സുനിത വിമല്‍ ജൂലൈ 12,19,26 തീയതികളില്‍ പുനലൂരും 23ന് പീരുമേടും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തുമെന്ന് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യുണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0474 2792892
കളക്ടറുമായി കൂടികാഴ്ച നടത്തി
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിശീലനത്തിലുള്ളവര്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണുമായി കൂടിക്കാഴ്ച നടത്തി. പരിശീലനത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിയവരാണ് കലക്ടറെ സന്ദര്‍ശിച്ചത്. മൂന്ന് മാസം നീളുന്ന പരിശീലനത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ പരിശീലന അനുഭവം, ഔദ്യോഗിക ജീവിതത്തില്‍ കരുത്താകുമെന്ന് കലക്ടര്‍ കെ.എ.എസ് ട്രയിനികളോട് പറഞ്ഞു. എ. ഡി.എം. ആര്‍.ബീനാറാണിയും പങ്കെടുത്തു.
സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് ജൂണ്‍ 28ന് നടന്ന വോക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ ആറിന് രാവിലെ 10 മണിക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ അഭിമുഖം നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2380910, 2380912.