കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.55 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 107.96 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.66 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 99.41 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് – 155.51 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 144.93 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 196.50 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് – 870.35 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് – 183 മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍
നെല്ലായ ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം – ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നെല്ലായ ഗ്രാമപഞ്ചായത്തിന്റെയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെയും 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നെല്ലായയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പേങ്ങാട്ടിരിയില്‍ പൊതു ശൗചാലയം. നെല്ലായ പഞ്ചായത്തിലെ വലിയ തിരക്കുള്ള സ്ഥലം കൂടിയാണ് പേങ്ങാട്ടിരി. ഇരു നിലകളിലായി ഒരുങ്ങുന്ന വിശ്രമകേന്ദ്രം കഫറ്റേരിയ, ഫീഡിംഗ് റൂം, വിശ്രമ മുറി, ശുചിമുറി, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, നെല്ലായ ഗ്രാമപഞ്ചായത്ത് 40 ലക്ഷം വീതമാണ് വകയിരുത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പി.മമ്മിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം നസീമ ടീച്ചര്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബാബു മാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബഷീര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയമത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മത്സ്യകര്‍ഷകരെ ആദരിച്ച് ഫിഷറീസ് വകുപ്പ്. ഫിഷറീസ് വകുപ്പ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന മത്സ്യകര്‍ഷക ദിനാചരണം മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വ്വഹിച്ചു. മത്സ്യകൃഷി ഉപജീവനമാക്കിയ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ തേക്കിന്‍ചിറയില്‍ സഹദേവന്‍, പട്ടഞ്ചേരി അയ്യപ്പന്‍വീട്ടുചള്ള വി.പി പരമേശ്വരന്‍, തേങ്കുറിശ്ശി ആര്‍. കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിച്ച മത്സ്യമേഖലയെക്കുറിച്ച് ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാന ദാനം നടത്തി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. ഭാര്‍ഗവന്‍ അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് മുഖ്യാതിഥിതിയായി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സ്വര്‍ണ്ണമണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി ദേവി, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകുമാരി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് എസ്. രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഡിഗ്രി പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത്. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9.46 ലക്ഷം വകയിരുത്തിയാണ് ഗ്രാമപഞ്ചായത്ത് 24 വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എസ് സജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ആര്‍. സജിനി, പഞ്ചായത്ത് അംഗങ്ങളായ വി. ദേവകി, എ. ഓമന, വി.ഡി ശോഭനാകുമാരി, പി. ജഗദംബിക, കെ. കൃഷ്ണന്‍കുട്ടി, എ. പ്രേമ, അസിസ്റ്റന്റ് സെക്രട്ടറി കെ. സുധീര്‍, കെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണം, കൂടുതല്‍ കള്ള് ഉത്പാദിപ്പിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, പ്രായാധിക്യത്താല്‍ പിരിഞ്ഞ കൂടുതല്‍ സേവനകാലമുള്ള ചെത്ത് തൊഴിലാളിയ്ക്കുള്ള പാരിതോഷികം എന്നിവയുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍, കുഴല്‍മന്ദം റേഞ്ച് യൂണിയന്‍ സെക്രട്ടറി(സി.ഐ.ടി.യു) കെ.എം കുഞ്ചു അധ്യക്ഷനായി. വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എസ്. സുരേഷ് കുമാര്‍, വിവിധ യൂണിയന്‍ പ്രതിനിധികളായ ശിവദാസന്‍(സി.ഐ.ടി.യു), കണ്ടമുത്തന്‍(ഐ.എന്‍.ടി.യു.സി), വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പി.കെ സോമന്‍ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിങ് സെന്ററില്‍ എ.എന്‍.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പാലക്കാട്, ആലപ്പുഴ, ഇടുക്കി എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായം 2022 ഡിസംബര്‍ 31 ന് 17 നും 30നും മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സിക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും വയസ്സിളവ് ലഭിക്കും. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.dhs.kerala.gov.in ല്‍ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും ഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിങ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി പോസ്റ്റ് 678573 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 217241
ഒ.വി വിജയന്‍ സ്മാരക സമിതി ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. 2019 ജനുവരി ഒന്ന്, 2021 ഡിസംബര്‍ 31 കാലയളവില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ മലയാള നോവല്‍, കഥാസമാഹാരം എന്നിവ അയയ്ക്കാം. വിവര്‍ത്തനങ്ങള്‍ പാടില്ല. പ്രസാധകര്‍, രചയിതാക്കള്‍, വായനക്കാര്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍ അയക്കാം. രണ്ട് കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധിയില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള മലയാളം പുസ്തകങ്ങളും സ്വീകാര്യമാണ്. യുവകഥാ പുരസ്‌കാരത്തിന് 2022 ഓഗസ്റ്റ് 31 ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡി.ടി.പി ചെയ്ത കഥയുടെ ഒരു പകര്‍പ്പ് തപാലിലോ ഇ മെയിലിലോ അയക്കണം. രചന മൗലികവും പ്രസിദ്ധീകരിച്ച് വന്നിട്ടില്ലാത്തതുമാവണം. സ്മാരക സമിതി അംഗങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല. മത്സരഫീസ് ഇല്ല. തെരഞ്ഞെടുക്കുന്ന കൃതികള്‍, രചനകള്‍ വിലയിരുത്തി വിദഗ്ധ ജൂറി മികച്ചവ തെരഞ്ഞെടുക്കും. ജൂറിയുടെ തെരഞ്ഞെടുപ്പ് അന്തിമമായിരിക്കും. മികച്ച നോവല്‍, കഥാസമാഹാരം എന്നിവയ്ക്ക് 25,000 രൂപ, പുരസ്‌കാര ഫലകം, പ്രശസ്തിപത്രം എന്നിവ നല്‍കും. മികച്ച യുവകഥയ്ക്ക് 10,000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. യുവകഥയും കൃതികളും ഓഗസ്റ്റ് 31 ന് ലഭിക്കും വിധം ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം, ഒ.വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678701 വിലാസത്തില്‍ തപാലായോ കൊറിയറായോ അയക്കാം. ഇ-മെയില്‍ [email protected]. കവറിനു മുകളില്‍ നോവല്‍/കഥാസമാഹാരം/യുവകഥ എന്ന് എഴുതണം. ഫോണ്‍: 8547456222, 9447319967
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശുവളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂലൈ 14 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട് വരണം. താത്പര്യമുള്ളവര്‍ 0491 2815454, 9188522713 എന്നീ നമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.സി ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2572640
സംസ്ഥാന കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 18 ന് ഉച്ചക്ക് 12:30 വരെ സ്വീകരിക്കും. ഫോണ്‍: 0482 203507, 1204091
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ ജീവനക്കാരുടെ താമസ സ്ഥലത്തെ 11 മരങ്ങളും ശിഖരങ്ങളും ജൂലൈ 15 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 14 ന് വൈകിട്ട് നാല് വരെ ഓഫീസില്‍ സ്വീകരിക്കും. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0466 2220450
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജില്ലയിലെ അര്‍ഹരായ പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 – 35 വയസ്സ്. സിവില്‍ എന്‍ജിനീയറിങ്, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐയാണ് യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005
പാലക്കാട് ബിഗ്ബസാര്‍ ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അറബിക് തസ്തികയില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 13 ന് രാവിലെ 11 ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 8907781392
ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2811081