Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ്

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായ നഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തി എടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലും സാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെ അടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടി പൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളും അത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലും മുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെ നിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത് സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെ താളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മ ഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനും മനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലും ആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ് സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത് സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെ മണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍ കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത് അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈ മണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ് നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെ അടപ്പാടിയിലെ നക്കുപതി ഊരിലെ വീട്ടിലെത്തി പി. പ്രസാദ് മന്ത്രി സന്ദര്‍ശിക്കുന്നു

പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
വിവിധ പിന്നാക്ക സമുദായ പ്രതിനിധികളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെ പരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതി അംഗങ്ങളായ എ.പ്രഭാകരന്‍ എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍, നിയമസഭാ സെക്രട്ടറിയേറ്റ് അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.

ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗം സമിതി ചെയര്‍മാന്‍ പി.എസ്. സുപാല്‍ എം.എല്‍.എ സംസാരിക്കുന്നു

ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു

ലോക ഹെപ്പറ്റൈറ്റിസ് – ലോക ഒ.ആര്‍.എസ് ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും ആഭിമുഖ്യത്തിലല്‍ ലോക ഹെപ്പറ്റൈറ്റിസ് – ലോക ഒ.ആര്‍.എസ് ദിനങ്ങളുടെ സംയുക്താചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അദ്ധ്യക്ഷയായി.

‘ഹെപ്പറ്റൈറ്റിസ്- ഇനി കാത്തുനില്‍ക്കാനില്ല, പരിരക്ഷ നിങ്ങളിലേക്ക്’ എന്നതാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലെ ഈ വര്‍ഷത്തെ സന്ദേശം. ആഗോളതലത്തില്‍ അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ രോഗമാണ് വയറിളക്കം. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണമാണ് രോഗം ഗുരുതരാവസ്ഥയിലാക്കുന്നത്. ഇതിനെ വളരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഓ.ആര്‍.എസ്(ഓറല്‍ റീ ഹൈഡ്രേഷന്‍ സൊല്യൂഷന്‍) സഹായിക്കുന്നു. ഒ.ആര്‍.എസിന്റെ പ്രചരണ ബോധവത്കരണാര്‍ത്ഥമാണ് ലോക ഓ.ആര്‍.എസ്സ് ദിനമാചരിക്കുന്നത്.

പരിപാടിയില്‍ ഡോ. ശരത് ലാല്‍ പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ബോധവത്കരണ ക്ലാസ്സെടുത്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി ശ്രീദേവി മുഖ്യാഥിതിയായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ നാസര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ സന്തോഷ് കുമാര്‍, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പ്രീത എന്നിവര്‍ സംസാരിച്ചു.

ഗതാഗത നിയന്ത്രണം

തത്തമംഗലം – നാട്ടുകല്‍(അണിക്കോട് മുതല്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍ വരെ) റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഓഗസ്റ്റ് എട്ട് വരെ നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പാലക്കാട് നിന്ന് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഭീമത്ത് മൊക്ക് വഴി തിരിഞ്ഞും കൊഴിഞ്ഞാമ്പാറയില്‍ നിന്ന് പാലക്കാട്, തത്തമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഭീമത്ത്‌മൊക്ക് വഴിയും പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍

ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് ഒന്നിന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് രണ്ടിന് തുറക്കും. ഫോണ്‍: 0491 2533327, 2534524

കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ മാധ്യമ പഠന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയില്‍ പരിശീലനം ലഭിക്കും. പഠനസമയത്ത് ടെലിവിഷന്‍ – ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പരിശീലനവും പ്ലേസ്‌മെന്റും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 നകം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9544958182

കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമനം

ചിറ്റൂര്‍ കോളേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത ബി.കോം/ബി.ബി.എ/എം.കോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9249214643, 8078042347

വാണിയംകുളം ഗവ. ഐ.ടി.ഐ പ്രവേശനം

വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഓണ്‍ലൈന്‍ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവയാണ് ട്രേഡുകള്‍. താത്പര്യമുള്ളവര്‍ ജൂലൈ 30 നകം itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. ഫോണ്‍: 0466 2227744

വെറ്ററിനറി സര്‍ജന്‍ കൂടിക്കാഴ്ച ഒന്നിന്

പാലക്കാട് കാലിവസന്ത നിര്‍മ്മാര്‍ജന പദ്ധതി കാര്യാലയത്തിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കൂടിക്കാഴ്ച. യോഗ്യത  ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, എം.വി.എസ്.സി പാത്തോളജി, എം.വി.എസ്.സി മൈക്രോബയോളജി. വെറ്ററിനറി ലബോറട്ടറിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. നിയമന കാലാവധി മൂന്ന് മാസത്തേക്കോ പ്രസ്തുത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം പാലക്കാട് കാലി വസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്‍ ഡയറക്ടറുടെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

വിശ്വാസ് സെമിനാര്‍ ഇന്ന്

വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ വ്യക്തികളെ മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെയും അതിന്റെ നിയമവശങ്ങളും സംബന്ധിച്ച് ഇന്ന്(ജൂലൈ 30) ഉച്ചക്ക് രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ എറണാകുളം ജില്ലാ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, വിശ്വാസ് സെക്രട്ടറിയുമായ അഡ്വ. പി പ്രേംനാഥ് ക്ലാസുകള്‍ നയിക്കും.

error: Content is protected !!