Input your search keywords and press Enter.

ഷെയർ മാർക്കറ്റിൽ നിക്ഷേപിപ്പിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

 

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം
പടുതോട് കാവുങ്കൽ കെ വി ശശിധരന്റെ മകൻ അജീഷ് ബാബു കെ എസ് (42) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്.

2017 സെപ്റ്റംബർ ഒന്നുമുതൽ 2020 നവംബർ 27 വരെയുള്ള കാലയളവിൽ പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്. സിബിയുടെ ഫെഡറൽ
ബാങ്ക് അക്കൗണ്ടിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നും അജീഷ് ബാബുവിന്റെ വെണ്ണിക്കുളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് രണ്ടു
തവണയായി ആകെ മുപ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തിൽപരം രൂപയാണ്
നിക്ഷേപിപ്പിച്ചത്. തുടർന്ന് കൈപ്പറ്റിയ തുകയോ ലാഭവിഹിതമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.

ഒന്നാം പ്രതിയാണ് അജീഷ് ബാബു, രണ്ടും മൂന്നും പ്രതികൾ, പണം നൽകാൻ സിബിയെ പ്രേരിപ്പിക്കുകയും, കൂടുതൽ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്തു, ഇവരെ പിടികൂടാൻ
കഴിഞ്ഞിട്ടില്ല, അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പിടിയിലായ അജീഷ് സ്വന്തം ആവശ്യങ്ങൾക്കായി പണം വിനിയോഗിച്ചതായും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടില്ല എന്നും അന്വേഷണത്തിൽ തെളിഞ്ഞു. സിബിയുമായി ഇവർ നടത്തിയ ഫോൺ വിളി വിശദാംശം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ
കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം കണ്ടെടുക്കുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനൂപ്, സി പി ഓമാരായ സാജൻ, സുജിത് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. വിശദമായ ചോദ്യം
ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്.

error: Content is protected !!