Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍


റോഡ് കട്ടിംഗിന് ശേഷം സഞ്ചാരയോഗ്യമാക്കേണ്ട
ഉത്തരവാദിത്തവും നിര്‍വ്വഹണ ഏജന്‍സിക്ക് : ജില്ലാ കളക്ടര്‍

റോഡ് കട്ടിംഗിന് ശേഷം സഞ്ചാരയോഗ്യമാക്കേണ്ടുന്ന ഉത്തരവാദിത്തവും നിര്‍വ്വഹണ ഏജന്‍സിക്ക് തന്നെയാണെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വ്വീണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ ജലജീവന്‍ മിഷന്റെ ജില്ലാതല പ്രവര്‍ത്തികളുടെ അവലോകനം നടത്തുകയായിരുന്നു കളക്ടര്‍. ജില്ലയിലെ പല റോഡുകളും റോഡ് കട്ടിംഗിന് ശേഷം സഞ്ചാര-ഗതാഗത യോഗ്യമല്ലാതായിരിക്കുന്ന അവസ്ഥയുണ്ട്. ഇത് ശരിയായ പ്രവണതയല്ല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് കട്ടിംഗിന് ശേഷം ദുരവസ്ഥയില്‍ കിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളും വാട്ടര്‍ അതോറിട്ടിയും നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പിഡബ്യുഡി, എന്‍എച്ച്എ,കെഎസ്ടിപി,കെആര്‍എഫ്ബി ജില്ലാതല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട പഞ്ചായത്തുള്‍പ്പെടെയുള്ളവയുടെയും യോഗം ഈ മാസം 16-ന് വിളിച്ചു ചേര്‍ക്കും.
ജില്ലാ ജല ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍  വിലയിരുത്തി. പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റോഡ് കട്ടിംഗ്, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി അനുമതി ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പദ്ധതിക്കായി ലഭ്യമാക്കേണ്ട 13 സര്‍ക്കാര്‍ ഭൂമികളില്‍ 12-ഉം ലഭ്യമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അന്തിമമായി ലഭ്യമാക്കേണ്ട 10 സെന്റ് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച റവന്യു ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ വില സംബന്ധിച്ച് തര്‍ക്കമുള്ളയിടങ്ങളില്‍ ബന്ധപ്പെട്ട ഭൂവുടമകളുമായി ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വകാര്യ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ തലത്തില്‍ ലിസ്റ്റ് തയാറാക്കി കളക്ടറേറ്റ് ലാന്റ് അക്വിസിഷന്‍ സെക്ഷന് കൈമാറുന്നതിന് തഹസില്‍ദാര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണം. 2023 അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര നടപടികളിലേയ്ക്ക് കടക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.  ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, പഞ്ചായത്ത് , വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നവീകരിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ  ഉദ്ഘാടനം  നടന്നു

സിവില്‍ സ്റ്റേഷനിലെ നവീകരിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനവും ഭരണഘടന ആമുഖം അനാച്ഛാദനവും എം.മുകേഷ്  എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയിലെ സവിശേഷതകള്‍ വിളിച്ചോതുന്ന ചിത്രങ്ങളായ ചിന്നക്കടയിലെ മണിമേട, തങ്കശേരി വിളക്കുമാടം, വഞ്ചിവീടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ  വിദ്യാഭ്യാസ ഓഫീസിന്റെ ചുവരുകളില്‍ പകര്‍ത്തിയ ചിത്രകലാ അധ്യാപകരായ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസിലെ എസ്.ശരത്ശശി, കൊല്ലം സെന്റ് ആലോഷ്യസ് സ്‌കൂളിലെ അലക്‌സ് ബാബു, കുണ്ടറ എം.ജി.ഡി സ്‌കൂളിലെ എസ്.ദീപുലാല്‍, വടക്കേവിള സര്‍ക്കാര്‍ എല്‍.പി.എസിലെ ഡാഫിനി എന്നിവരെ   എം.എല്‍.എ ആദരിച്ചു.  വിദ്യാഭ്യാസ ഉപ ഡയറക്ടര്‍  കെ.ഐ.ലാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി തുടങ്ങിയവര്‍ പങ്കെടുത്തു.

പേവിഷത്തിനെതിരെയുള്ള വാക്‌സിന്‍ ദൗര്‍ലഭ്യം
പരിഹരിക്കണം : താലൂക്ക് വികസന സമിതി

തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധി പേര്‍ ചികിത്സ തേടുന്ന സാഹചര്യത്തില്‍ ജില്ലയിലെ പേപ്പട്ടി വിഷബാധയ്‌ക്കെതിരെയുള്ള ആന്റി റാബിസ് ഇന്‍ജെക്ഷന്‍ ദൗര്‍ലഭ്യം അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.  ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമടക്കം വാക്‌സിന്‍ ലഭ്യത ഉറപ്പാക്കണം.  തെരുവ് നായ്ക്കളുടെ വന്ധ്യകരണം ഉറപ്പാക്കാന്‍ കോര്‍പറേഷന്‍ എ. ബി. സി പദ്ധതി പുനരാരംഭിക്കണം.  ജില്ലാ ആശുപത്രിയിലെ പരിമിതികള്‍ മാറ്റി ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും.  ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകളില്‍ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഫിഷറീസ് വകുപ്പ് കൃത്യമായി രേഖപ്പെടുത്തണം.
ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ വില്പന തടയാന്‍ പൊലീസും എക്‌സൈസും ജാഗ്രതയോടെ കര്‍ശന പരിശോധനകള്‍ നടത്തണം.  വാഹന പരിശോധന ശക്തമാക്കും.  മഴക്കാലശുചീകരണങ്ങളുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കാന്‍ നടപടി വേണം.  ഓണത്തിന് മുന്‍പ് വാഹന നിരീക്ഷണത്തിനുള്ള  പ്രവര്‍ത്തനരഹിതമായ ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാക്കും.
ആശ്രമം മൈതാനത്തെ  അനധികൃത പാര്‍ക്കിംഗ്, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം അഹിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.
തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ് വികസനസമിതി അംഗങ്ങളായ കെ രാജു ഈച്ചം വീട്ടില്‍ നിയാസ്, അയത്തില്‍ അപ്പുക്കുട്ടന്‍, ചന്ദ്രബാബു, സിറാജുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ഇഖ്ബാല്‍, എന്‍.എസ്.വിജയന്‍, രാധാകൃഷ്ണന്‍, ശിവപ്രസാദ്, സോമന്‍, ആര്‍.ദേവദാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവനം പദ്ധതി:സമാഹരിച്ച തുക കൈമാറി

ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന്, ചികിത്സ, ഡയാലിസിസ് എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജീവനം പദ്ധതിക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തിലെ തലവൂര്‍ ഡിവിഷന്‍.  പദ്ധതിക്കായി സമാഹരിച്ച തുക ജില്ലാ പഞ്ചായത്ത് അംഗം അനന്തു പിള്ള ജീവനം വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രസന്നകുമാറിന് കൈമാറി.  തലവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പനംപറ്റ അക്ഷയ കേന്ദ്രത്തില്‍ സഹായം സ്വരൂപിക്കുന്നതിനായി  പണം നിക്ഷേപിക്കുവാന്‍ സ്ഥാപിച്ച പെട്ടിയിലെ പണമാണ് കൈമാറിയത്. ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, വൈസ് പ്രസിഡന്റ്  സുമലാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ നജീബത്ത്, അനില്‍ കല്ലേലിഭാഗം, സെക്രട്ടറി ബിനുന്‍ വാഹീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സബ്‌സിഡിയോടെ സൗരോര്‍ജ്ജ പ്ലാന്റ്

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓണസമ്മാനമായി കാല്‍ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2022 സെപ്റ്റംബര്‍ ആറിന് മുമ്പ് സബ്‌സിഡിയോടുകൂടി സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് നല്‍കുന്നു.  മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04കള്‍ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2740933, കെ.എസ്.ഇ.ബി.ടോള്‍ ഫ്രീ നമ്പര്‍ 1912.

കൊല്ലത്തു നിന്നും കെഎസ്ആര്‍ടിസിയുടെ
റോഡ്, ജല വിനോദയാത്ര

ഓഗസ്റ്റ് ഒന്‍പതിന് രാവിലെ കൊല്ലം ഡിപ്പോയില്‍ നിന്നും ആലപ്പുഴ, കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. കുറഞ്ഞ ചിലവില്‍ യാത്രക്കാരെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം യാത്ര  സംഘടിപ്പിച്ചിരിക്കുന്നത്. 1450 രൂപാ ചിലവില്‍ റോഡ് യാത്രയും(എ/സി ലോ ഫ്ളോര്‍ ബസ്) ജലയാത്രയും ഒരുമിച്ച് ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ഒരുക്കുന്നതാണ് പരിപാടി.
രാവിലെ ആറു മണിക്ക് കൊല്ലത്തുനിന്നും നിന്നും പുറപ്പെട്ട് 10.30 ന് കുമരകത്തെത്തി  11 മണി മുതല്‍ നാലു മണി വരെ ഹൗസ്ബോട്ട് യാത്ര, നാലു മണിക്ക് ശേഷം ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കുന്നു.  രാത്രി ഏഴു മണിക്ക് തിരിച്ചുള്ള യാത്ര തുടങ്ങി ഒന്‍പതരയ്ക്ക് കൊല്ലം ഡിപ്പോയില്‍ എത്തിച്ചേരുന്നു.  അന്വേഷണങ്ങള്‍ക്ക് കൊല്ലം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍.  ഫോണ്‍ : 9447721659, 9496675635.

വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍

ചെറുമൂട്, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുന്നതിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. അടിസ്ഥാനയോഗ്യതയുള്ള ക്ഷീരസംഘത്തില്‍ അംഗങ്ങളായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷ ഓഗസ്റ്റ് 12 വൈകിട്ട് 5 ന് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കാം.  വിശദവിവരങ്ങള്‍ ചെറുമൂട്, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും.  അപേക്ഷകരുടെ അഭിമുഖം ഓഗസ്റ്റ് 17 രാവിലെ 11 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.

ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2021-22 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, സി ബി എസ് ഇ (10-ാം ക്ലാസ്), പ്ലസ് ടൂ, പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിച്ചു.
ക്ഷേമനിധി അംഗത്തിന്റെ ഫോണ്‍ നമ്പര്‍ സഹിതം വെളളപ്പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന് വിദ്യാര്‍ത്ഥിയുമായുളള ബന്ധം തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്/ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി അംഗത്തിന്റെയും വിദ്യാര്‍ത്ഥിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് പാസ്ബുക്കിലെ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 20 ന് മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ, രവശലളീളളശരലരമവെലം@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2743469.

ഗതാഗത നിയന്ത്രണം

കുണ്ടറ- ചിറ്റുമല- മണ്‍ട്രോത്തുരുത്ത് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ ഇന്ന് (ഓഗസ്റ്റ് ഏഴ്) ആരംഭിക്കുന്നതിനാല്‍ കുണ്ടറ-പള്ളിമുക്ക് മുതല്‍ മുളവന പൊട്ടിമുക്ക് വരെയുള്ള ഭാഗത്ത് ഒരാഴ്ചത്തേക്ക് വാഹന ഗതാഗതത്തിന് പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗ്രാമശ്രീ പൂവന്‍ കോഴികള്‍ വില്‍പ്പനയ്ക്ക്

100 ദിവസത്തിന് മുകളില്‍ പ്രായമായ ഗ്രാമശ്രീ പൂവന്‍ കോഴികളെ കിലോ 90 രൂപ നിരക്കില്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ ലഭ്യമാണ്.  ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ, കരിങ്കോഴി, തലശ്ശേരി നാടന്‍ കോഴികളും ലഭിക്കും. ഫോണ്‍ :0475-2292899.

തീയതി നീട്ടി

കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌പെഷ്യല്‍ റിവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി.  വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2749334.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ അഭിമുഖ്യത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ സമ്പുഷ്ട കേരളം തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കുന്നതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കലക്ടറേറ്റ് ആത്മ ഹാളില്‍ നടന്ന പരിപാടി ജില്ലാ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്  ജില്ലാ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്‍ഡ് ജോയിന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജി. അനില്‍, ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍.ശ്രീകുമാര്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി.കൃഷ്ണവേണി, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടിജു റെയ്ച്ചല്‍ തോമസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പരിധിയില്‍ ജില്ലയില്‍ വെട്ടിക്കവല പാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി  അംഗീകാരമുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കാര്‍പ്പന്റര്‍ ട്രേഡിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 80 ശതമാനം സീറ്റ് പട്ടികജാതിക്കും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 10 ശതമാനം മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം സൗജന്യം. പ്രതിഭാസം 800 രൂപ സ്റ്റെപ്പന്റും ഹോസ്റ്റല്‍ അലവന്‍സ് ആയി 1500 രൂപയും ലഭിക്കും. ലംപ്‌സംഗ്രാന്റ് 1000രൂപ, യൂണിഫോം അലവന്‍സായി 900 രൂപ, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപ കൂടാതെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി പണിആയുധങ്ങള്‍ വാങ്ങുന്നതിന് 3000 രൂപയും ലഭിക്കും.  https://scdd.kerala.gov.in/ വെബ്‌സൈറ്റ് മുഖേന  എസ്.സി.ഡി.ഡി ഐ. ടി ഐ അഡ്മിഷന്‍ 2022 ലിങ്കിലൂടെ ഓഗസ്റ്റ് 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8137098295,9605725141,9497264223.

ഇന്റര്‍വ്യൂ  ഓഗസ്റ്റ്  11ന്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, ലക്ചര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ലെക്ചറര്‍ ഇന്‍ ഇംഗ്ലീഷ് എന്നീ തസ്തികളിലേക്കുള്ള  നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11 രാവിലെ പത്ത് മണിക്ക് ഇന്റര്‍വ്യൂ നടക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. 60% മാര്‍ക്കോടെ അതാത് വിഷയങ്ങളിലെ ബാച്ചിലര്‍ ഡിഗ്രിയാണ് ലെക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
എം.ടെക്,അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ട്. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലെക്ചറര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് യു.ജി.സി നിഷ്‌കര്‍ശിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍: 9400006424,9446419156

വിവിധ ഒഴിവുകളിലേക്ക്  ഇന്റര്‍വ്യൂ   ഓഗസ്റ്റ് 12 ന്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, ട്രേഡ്മാന്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, ട്രേഡ്‌മോന്‍ (ഓട്ടോമൊബൈല്‍, ഹൈഡ്രോളിക് ) എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ഓഗസ്റ്റ് 12 രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍  പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ  തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ ഹാജരാകേണ്ടതാണ്. അതാത് വിഷയത്തിലെ ഡിപ്ലോമ ഡെമോണ്‍സ്‌ട്രേഷന്‍ തസ്തികയിലെയും, ഐടിഐ/ തത്തുല്യം ട്രേഡ്മാന്‍ തസ്തികയിലെയും ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400006424, 9446419156

error: Content is protected !!