Input your search keywords and press Enter.

മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മലയോരമേഖലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണമായ ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോവിഡ് കാലത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റമാണ് ഉണ്ടായത്. ആ മാറ്റത്തിന് അനുസൃതമായി കേരളം മുന്നേറി എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തോടു കൂടിയാണ് ഈ മഹാമാരി കാലത്ത് വിദ്യാഭ്യാസരംഗത്തെ കൈകാര്യം ചെയ്തതെന്നത് ശ്ലാഘനീയം തന്നെ. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ ഉണ്ടായ പരിമിതികള്‍ പരിഹരിക്കപ്പെട്ടു. 1991ല്‍ സമ്പൂര്‍ണ സാക്ഷരത കേരളം കൈവരിച്ചു. ഡിജിറ്റല്‍ പഠനരംഗത്തും സാക്ഷരത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നുള്ളതിനാലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു ശ്രമകരായ ദൗത്യം ഏറ്റെടുത്തത്.
വിദ്യാകിരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

 

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസീധരന്‍ പിള്ള, ബിന്ദു ചന്ദ്രമോഹന്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ലെജു. പി. തോമസ്, എ.കെ. പ്രകാശ് , ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ശൈലജ കുമാരി, എസ്. ലേഖ, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.സുനില്‍കുമാര്‍, ജെ.ജയേഷ്, എസ്. ഗീത, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!