കോന്നി ഗവ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു മാര്‍ച്ച് ആദ്യവാരം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ്
മാര്‍ച്ച് ആദ്യവാരം തന്നെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. കോന്നി ഗവ. മെഡിക്കല്‍ കോളജ് ജില്ലയുടെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും വലിയ ഉണര്‍വുണ്ടാക്കും. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക് മികച്ച രീതിയില്‍ എത്തിക്കാനുള്ള ഘട്ടംഘട്ടമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ഇപ്പോള്‍ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2021 മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്നതിനും, വേഗത്തില്‍ നിര്‍മാണം നടത്തുന്നതിനും സഹായകമായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ എത്തും. പിഎസ്എ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.’
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോന്നിക്ക് ലഭ്യമായ പുതിയ ഓക്സിജന്‍ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പടെ 270 കിടക്കകളാണ് ഉള്ളത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് ഓക്സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിര്‍വഹിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തത്. ഓക്സിജന്റെ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ട്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സിസി ജോബ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീബ, ജിഷ, ശ്രീകുമാര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സനല്‍, എച്ച് എല്‍എല്‍ എന്‍ജിനീയര്‍ രോഹിത്, രഘു നാഥ് ഇടത്തിട്ട, ഹനീഫ, റഷീദ് മുളന്തറ, സണ്ണി ജോര്‍ജ് കൊട്ടാരത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.