വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 8ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 8ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ഡിപ്ലോമയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.