Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ ( 16/03/2022)

സ്ത്രീധന മുക്ത കേരളത്തിനായി കൈകോര്‍ക്കാം’
സെമിനാര്‍ നടത്തി

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ‘സ്ത്രീധന മുക്ത കേരളത്തിനായി കൈകോര്‍ക്കാം’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ നടത്തി. ഉദ്ഘാടനം  ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍  നിര്‍വഹിച്ചു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അദ്ധ്യക്ഷയായി. കേരളത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡന കേസുകളും വിവാഹശേഷമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്  കമ്മീഷന്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക്  തുടക്കമിട്ടത്.  ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു ഹാളില്‍ നടത്തിയ  സെമിനാറില്‍  അഡ്വ. ഐഷ പോറ്റി മുഖ്യഥിതിയായി.
സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍, കില ഫാക്കല്‍റ്റി ആശാ ജോസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം  കശുവണ്ടി വികസന കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു , ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍.ബീന, ജില്ലയിലെ 74 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍  പങ്കെടുത്തു.

 

 

സൂര്യാഘാതം
ജാഗ്രത പാലിക്കണം : ഡി.എം.ഒ

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളരുത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇതിനനുസരിച്ച് ജോലി ക്രമീകരിക്കണം. പുറത്തിറങ്ങുമ്പോള്‍  കുടയോ തൊപ്പിയോ ഉപയോഗിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം.
അങ്കണവാടികള്‍, ബസുകള്‍, ട്രക്ക്, ലോറി തുടങ്ങിയവയിലും  പോലീസ് ഉള്‍പ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് കിറ്റ് എന്നിവ കരുതണം. 65 വയസ്സിനു മുകളിലുള്ളവര്‍, ഹൃദ്രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്.
ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട ശരീരം/ശരീരഭാഗങ്ങളില്‍ പൊള്ളല്‍ /ചുവന്ന് തടിക്കല്‍, വേദന, ശക്തമായ തലവേദന, തലകറക്കം, വലിവ്, ഓക്കാനം, ചര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, മാനസികാവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മൂത്രത്തിന്റെ അളവ് കുറയുക /മഞ്ഞനിറം എന്നിവയാണ് സൂര്യാതപം /സൂര്യാഘാതത്തിന്റെ പൊതു ലക്ഷണങ്ങള്‍
സൂര്യാഘാതം ഏറ്റയാളെ ഉടന്‍തന്നെ തണല്‍ ഉള്ള സ്ഥലത്തേക്ക് മാറ്റുക, പൊള്ളല്‍ ഏല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്, കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക, തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക, ധാരാളം വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുക, അടിയന്തര വൈദ്യ സഹായം നല്‍കുക.

 

നീന്തലില്‍ കൊല്ലത്തിന് അഭിമാന നേട്ടം

കേരള അക്വാട്ടിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച 47-മത് ജൂനിയര്‍/സബ് ജൂനിയര്‍ സ്റ്റേറ്റ് അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്ക് അഭിമാന നേട്ടം. ആദ്യമായാണ് കൊല്ലം സ്റ്റേറ്റ് അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. ഗ്രൂപ്പ് മൂന്ന് വിഭാഗത്തില്‍ മത്സരിച്ച അര്‍ജ്ജുന്‍ ബി. കൃഷ്ണ, 100 മീറ്റര്‍ ബട്ടര്‍ഫ്ള്ളൈ സ്ട്രോക്കില്‍ വെള്ളി മെഡലും 50 മീറ്റര്‍ ബട്ടര്‍ഫ്ള്ളൈ സ്ട്രോക്കില്‍ നാലാം സ്ഥാനവും 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ആറാം സ്ഥാനവും കരസ്ഥമാക്കി. ബാലാജി എ. കൃഷ്ണ 50 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ വെള്ളി മെഡലും 100 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ അഞ്ചാം സ്ഥാനവും 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ആറാം സ്ഥാനവും നേടി. അര്‍ജ്ജുന്‍ ബി. കൃഷ്ണ പകല്‍ക്കുറി ജി.വി ആന്റ് എച്ച്.എസ്.എസിലെയും ബാലാജി എ. കൃഷ്ണ വടക്കേവിള എസ്.എന്‍ പബ്ലിക്ക് സ്‌കൂളിലെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. രാജ്യാന്തര നീന്തല്‍ താരവും പരിശീലകനും റെയില്‍വേ ഉദ്യോഗസ്ഥനുമായ ആന്റണി മണമേലിന്റെ സ്വിമ്മിംഗ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്. പള്ളിമുക്ക് അഡ്ലര്‍ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം നടത്തുന്നത്.

 

ഹ്രസ്വകാല കോഴ്‌സ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവിന്റെ ആറു മാസം ദൈര്‍ഘ്യമുള്ള പ്ലംബര്‍ ജനറല്‍  കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്. എല്‍.സി ,ഐ.ടി.ഐ  പാസ്സായവര്‍ക്കും ഐ.ടി.ഐ പരീക്ഷ വിജയിക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്ലംബിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോ, ആധാര്‍, എസ.്എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി, മറ്റു വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖ എന്നിവയുള്‍പ്പെടെ മാര്‍ച്ച് 18നകം ഓഫീസില്‍ എത്തണം. ഫോണ്‍ 0474 2712781

ലേലം
ഇത്തിക്കര ബ്‌ളോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ 45 അക്കേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം മാര്‍ച്ച് 22 ന് പകല്‍ 12 ന് നടത്തും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0474 2593260

 

സീറ്റ് ഒഴിവ്
കൊല്ലം  കേന്ദ്രീയ വിദ്യാലയത്തില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.  15 നും 29 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്  പാസായവര്‍ക്കും പത്താംക്ലാസില്‍  പഠനമുപേക്ഷിച്ചവര്‍ക്കും  അപേക്ഷിക്കാം. മാര്‍ച്ച് 21 നു മുമ്പായി സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2799494, 2799696.

 

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ ആന്റിബയോട്ടിക് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 25ന് വൈകിട്ട് മൂന്നുമണിക്കകം നല്‍കണം. ഫോണ്‍ 0475 2228702.

 

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സി.റ്റി സ്‌കാനിങ്, മാമോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ട് ടെലി റിപ്പോര്‍ട്ട് ചെയ്തു തരുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 28ന് വൈകിട്ട് മൂന്നുമണിക്കകം നല്‍കണം. ഫോണ്‍ 0475 2228702

 

മോക്ഡ്രില്‍ വിജയം
ദുരന്തമുഖത്ത് കൃത്യതയോടെ രക്ഷാപ്രവര്‍ത്തനം
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുസജ്ജമെന്ന വിലയിരുത്തലോടെ ജില്ലയിലെ മോക്ഡ്രില്‍ വിജയകരം. പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ആണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൃത്രിമമായി തീര്‍ത്ത ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
തോപ്പില്‍കടവില്‍ വെള്ളം കയറിയ പത്തോളം വീടുകള്‍ കേന്ദ്രീകരിച്ചാണ് സുരക്ഷയുടെ കവചമൊരുക്കിയത്. ആദ്യം കലക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിലേക്ക് ഫോണ്‍ സന്ദേശമെത്തി. മിനിറ്റുകള്‍ക്കകം ശാസ്താംകോട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെത്തി. കോവിഡ്മാനദണ്ഡപ്രകാരം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കോതപുരം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പോസിറ്റീവായ രണ്ട് പേരെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് പൊതുജനാരോഗ്യ കേന്ദ്രത്തിലേക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍ഗണന നല്‍കിയത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളതും ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമാണ്. പത്തോളം പേരെ ഫയര്‍ഫോഴ്‌സിന്റെ റെസ്‌ക്യൂ വള്ളങ്ങളില്‍ രക്ഷപ്പെടുത്തി. പ്രദേശത്തുനിന്നും 33 പേരെയാണ് സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പോലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ, പഞ്ചായത്ത്, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയ വകുപ്പുകള്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് പ്രദേശത്തുനിന്നും അഞ്ചുവാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഗതാഗത നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, നൂറോളം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. കണ്‍ട്രോള്‍റൂമില്‍ എ.ഡി.എം എന്‍. സാജിതാ ബീഗത്തിന്റെ അധ്യക്ഷതയില്‍ വകുപ്പു മേധാവികളുടെ അടിയന്തര യോഗവും ചേര്‍ന്നു.

 

ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം
ജില്ലാ വനിത ശിശുവികസന വകുപ്പിന്റേയും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ യും സംയുക്ത ആഭിമുഖ്യത്തില്‍ ഉജ്ജ്വല ബാല്യം  പുരസ്‌ക്കാര വിതരണവും സര്‍ഗ്ഗവസന്തം വിജയികള്‍ക്കുള്ള സര്‍്ടിഫിക്കറ്റ് വിതരണവും നടത്തി.  നീണ്ടകര ഹോളി ക്രോസ് പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അധ്യക്ഷനായി.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. പി. സജിനാഥ്, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം സനല്‍ വെള്ളിമണ്‍, ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ പി. ബിജി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികളായ ആദിത്യ സുരേഷ് (പുസ്തക രചന,സംഗീതം), നയന്‍ എസ്. (പുസ്തക രചന, തിരക്കഥ), അലന്‍ എറിക് ലാല്‍ (സാമൂഹികം, പരിസ്ഥിതി സംരക്ഷണം, സാഹിത്യം, മാലിന്യ സംസ്‌കരണം), ദിവ്യ എസ്. (പ്രസംഗം) എന്നിവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി.

error: Content is protected !!