Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം
പ്രദര്‍ശന നഗരിയില്‍  (ഏപ്രില്‍ 27 )

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ  മൂന്നാം ദിവസമായ ഇന്ന് ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ (ഏപ്രില്‍ 27) വൈകിട്ട് അഞ്ച് മണി മുതല്‍ ഡോ. കെ. ആര്‍. ശ്യാമയുടെ കര്‍ണാടക സംഗീതം. ആറ്  മണി മുതല്‍ കൊല്ലത്തിന്റെ പ്രിയ ഗായകന്‍ ബാസ്റ്റ്യന്‍ ജോണിന്റെ സംഗീത പരിപാടി  ‘തേനോലും ഈണം’. 7.30 മുതല്‍ സച്ചിന്‍ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, സാംസണ്‍ തുടങ്ങിയവര്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ പരിപാടി ‘മെലഡി ഇവനിംഗ്’. പ്രവേശനം സൗജന്യം.

സെമിനാറുകള്‍
രാവിലെ 11 മണിക്ക്  മൃഗസംരക്ഷണ വകുപ്പിന്റെ ‘എങ്ങനെ ഫാം തുടങ്ങാം? വരുമാനത്തിന്റെ പുതുവഴികള്‍’  സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് വ്യവസായ വകുപ്പിന്റെ ‘സംരംഭക വര്‍ഷം 2022-23: നിങ്ങള്‍ക്കുമാകാം സംരംഭകര്‍’ സെമിനാര്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്യും.

‘സൗഹൃദമാണ് ലഹരി’
എക്‌സൈസ് വകുപ്പ് പ്രദര്‍ശനം

നല്ലൊരു തലമുറയ്ക്കായി കൈകോര്‍ക്കുന്നതിന്  ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന നഗരിയിലാണ് ബോധവല്‍ക്കരണ പ്രദര്‍ശനമേള.
കേരളത്തെ ലഹരി വര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ദൗത്യമായ വിമുക്തി മിഷനെ അടുത്തറിയുന്നതിനുള്ള അവസരവുമുണ്ട്.
ലഹരി ഉപയോഗത്തിനെതിരായ ആശയം ഉള്‍ക്കൊള്ളുന്ന ചിത്രം വരച്ചും ചിത്രകാരന്‍ ബിജുലാല്‍ വരച്ച ചിത്രത്തിന്  അടിക്കുറിപ്പ് തയ്യാറാക്കി നല്‍കിയും സമ്മാനം നേടാനുമാകും.
പൊതുജനങ്ങള്‍ക്ക് പരാതി എഴുതി നിക്ഷേപിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ അപകടവും മുക്തമാകേണ്ടതിന്റെ  ആവശ്യകതയും പ്രദര്‍ശനത്തിലൂടെ തിരിച്ചറിയാം.

പഴയ പത്രക്കടലാസുണ്ടോ? മണ്ണില്ലെങ്കിലും കൃഷി ചെയ്യാം’
നഗരവല്‍ക്കരണത്തിന്റെ  പരിമിതികളിലും മണ്ണില്ലാതെ കൃഷി ചെയ്യാമെന്ന് മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്തു നടന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സെമിനാര്‍. ‘മണ്ണില്ലാ കൃഷിയും ഫുഡ് സ്‌കേപ്പിംഗും’ മണ്ണ് ഒഴിവാക്കിയുള്ള കൃഷിയെക്കുറിച്ച് വിശദീകരിച്ചു. സെമിനാര്‍ കാപ്പക്‌സ് ചെയര്‍മാന്‍ എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു.
പത്ര കടലാസുകള്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതമുപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയാണ് സെമിനാര്‍ പരിചയപ്പെടുത്തിയത്.  സാധാരണ കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി വിളവ് ലഭിക്കുന്ന മണ്ണില്ലാ കൃഷിയിയുടെയും ഫുഡ് സ്‌കേപ്പിംഗ് സാധ്യതകളെക്കുറിച്ചുമുള്ള ക്ലാസ്സ് ചാത്തന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷിബു കുമാര്‍ നയിച്ചു.
കൃഷിവകുപ്പ് അസി.ഡയറക്ടര്‍ എ. താഹ അധ്യക്ഷനായി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍  ഓഫീസര്‍ സി. പ്രീത, മാര്‍ക്കറ്റിംഗ് എ. ഡി. ഒ ബീന ബോണിഫെസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൊഹബ്ബത്ത് കാ ശര്‍ബത്ത്’ മുതല്‍ മുട്ടസുര്‍ക്ക വരെ
രുചിപ്പെരുമയൊരുക്കി കുടുംബശ്രീ ഫുഡ് കോര്‍ട്ട്

ആശ്രാമം മൈതാനത്തെ  മന്ത്രിസഭാ വാര്‍ഷികാഘോഷ  വേദിയില്‍ നല്ല കുടംപുളിയിട്ട ഷാപ്പ് മീന്‍ കറിയുടെ മണം വരും. പ്രണയം തുടിക്കുന്ന ശര്‍ബത്തും രുചിക്കാം. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലാണ് രുചിയുടെ കലവറ.
കാസര്‍കോട് കൗണ്ടറിലെ ചിക്കന്‍ സുര്‍ക്കയുടെ മണം ഹരം കൊള്ളിക്കും. മുട്ടസുര്‍ക്കയും, ചട്ടിപ്പത്തിരിയും, കിളിക്കൂടും, ഉന്നക്കായും, കോഴിക്കോടന്‍ പത്തിരിയും പലവകയായി നിരക്കുന്നുണ്ട്. ഫ്യൂഷന്‍ ഫുഡിന്റെയും മലബാറി രുചികളുടെയും മേളവുമുണ്ട്് ഫുഡ് കോര്‍ട്ടില്‍.
മലപ്പുറത്തെ ‘ദം ബിരിയാണി’ യും മന്തി ഫാന്‍സിനായി  കുഴിമന്തിയും, കരിഞ്ചീരക ചിക്കന്‍ മസാലയും സ്റ്റാളുകളില്‍ ന്യായ വിലയില്‍ ലഭിക്കും. മധുരത്തിന് പായസങ്ങളും ഉഷ്ണം മാറ്റാന്‍ മൊഞ്ചുള്ള മൊഹബ്ബത്ത് കാ ശര്‍ബത്ത് മുതല്‍ പ്രമേഹക്കാര്‍ക്കും  കുടിക്കാവുന്ന  സ്‌പെഷ്യല്‍ ഡയബറ്റിക് ബെറി വരെ  കുടുംബശ്രീയുടെ രുചിയിടത്തിലെ കാഴ്ചകളാണ്. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലോഗോപാലാണ് കുടുംബശ്രീ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, റൂറല്‍ എസ്. പി. കെ. ബി. രവി, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസറ്റ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

പോലീസ് വകുപ്പിനെ അടുത്തറിയാനും അവസരം
ആശ്രാമം മൈതാനത്ത് ‘പൊലിസ് കാഴ്ചകളും’

രാജഭരണകാലത്തെ പോലീസ് സംവിധാനം മുതല്‍ അത്യാധുനിക സജ്ജീകരങ്ങളുള്ള ഇന്നത്തെ പോലീസ് വകുപ്പിനെ വരെ അറിയാന്‍ സുവര്‍ണാവസരം.  ആശ്രാമം സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശന നഗരിയില്‍ വിശാലമായ കാഴ്ചകളാണ് ജില്ലാ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലഘട്ടത്തില്‍ തിരുവിതാംകൂര്‍ പോലീസ് ഉപയോഗിച്ചിരുന്ന യൂണിഫോം, 1870-1885 കാലഘട്ടത്തിലെ യൂണിഫോം തുടങ്ങി നിലവില്‍ വകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വേഷവും തൊപ്പിയുമടക്കം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രാചീനകാലത്തെ പീരങ്കി മുതല്‍ ‘കെ.ജി.എഫ് – ടു’ വില്‍ ഉപയോഗിച്ചിട്ടുള്ള ഗണ്‍ വരെ മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഫിംഗര്‍ പ്രിന്റിന്റെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുന്നതിന് ലൈവ് സ്‌കാനിങ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. സൈബര്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, ബോംബ് സ്‌ക്വാഡ് തുടങ്ങി എല്ലാവിധ സേവനങ്ങളും വിദഗ്ധര്‍ വിശദീകരിക്കും.

ജില്ലയിലെ ശ്വാനസേനയുടെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഫോട്ടോ- വീഡിയോ പ്രദര്‍ശനങ്ങളുമുണ്ട്. ഇതിനോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഗെയിം സോണും സജ്ജീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിങ് പോലെയുള്ള നവമാധ്യമ ചതിക്കുഴികള്‍ക്കെതിരെയുള്ള  ബോധവല്‍ക്കരണവും അക്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് സ്ത്രീകളെ  പ്രാപ്തരാക്കുന്നതിനുള്ള പരിശീലന ക്ലാസ്സുമായി വനിതാ പോലീസ് വിഭാഗവും ഇവിടെയുണ്ട്. പൊലിസിന് അറിവിന്റെ വഴികളിലേക്കും സുഗമമായി കടന്ന് ചെല്ലാമെന്ന് പറയാതെ പറയുന്ന പ്രദര്‍ശനം.

അറിവും കൗതുകവുമുണര്‍ത്തി  ശുചിത്വമിഷന്‍
ബയോ കമ്പോസ്റ്റ് ബിന്‍ മുതല്‍ ബൊക്കാഷി ബക്കറ്റ് വരെയുള്ള  മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ വ്യത്യസ്ത മാതൃകകള്‍ ഒരുക്കി ജില്ലാ ശുചിത്വ മിഷന്‍ പ്രദര്‍ശന മേള. ‘നവകേരള സൃഷ്ടിക്കായി രചിക്കാം വൃത്തിയുള്ള കേരളം’ എന്ന സന്ദേശം ഉയര്‍ത്തി കാട്ടുന്നതാണ് മന്ത്രിസഭാ  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന നഗരിയിലെ ശുചിത്വമിഷന്‍ സ്റ്റോള്‍.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞമായ ‘തെളിനീരൊഴുകും നവകേരളം ‘ പദ്ധതി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ അടുത്തറിയാനുള്ള അവസരം കൂടിയാണിത്.  മാലിന്യ നിര്‍മ്മാര്‍ജ്ജനം വീട്ടില്‍ നിന്ന് തുടങ്ങണം എന്ന ആശയം മുന്‍നിര്‍ത്തി നവ-മാലിന്യ നിര്‍മ്മാര്‍ജ്ജന ഉപാധികളായ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്, റിങ് കമ്പോസ്റ്റിംഗ്, പൈപ്പ് കമ്പോസ്റ്റ്, ജൈവ സംസ്‌കരണ ഭരണി, ബക്കറ്റ് കമ്പോസ്റ്റ്, പോര്‍ട്ടബിള്‍ ബയോബിന്‍ കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, കിച്ചന്‍ ബിന്‍ കമ്പോസ്റ്റിംഗ്, ബയോ കമ്പോസ്റ്റ്ര്‍ ബിന്‍ എന്നിവയുടെ പ്രവര്‍ത്തന മാതൃകകള്‍ കൗതുകം മാത്രമല്ല അറിവും പകരുന്നവയാണ്. മാലിന്യമുക്ത കേരളത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ശുചിത്വ പരിപാലനത്തിനായി പ്രയോജനപ്പെടുത്താവുന്ന പുത്തന്‍ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്  ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിദ്യാഭ്യാസ സെമിനാര്‍

കുട്ടികളും കൂടി ചേര്‍ന്നതാണ് സമൂഹം എന്ന ബോധമുണ്ടായാലേ നവകേരള വിദ്യാഭ്യാസം സാധ്യമാകൂ എന്ന് വിദ്യാഭ്യാസ മന്ത്രിസഭാ വാര്‍ഷികാഘോഷ വേദിയായ ആശ്രാമം മൈതാനത്ത് നടത്തിയ സെമിനാര്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ‘പ്രതിഭ’ വികസിപ്പിക്കാന്‍ പാകത്തിലാണ് ക്ലാസ് മുറികള്‍. ഒരു ക്ലാസിന് ഒരു ടീച്ചര്‍ എന്ന സമ്പ്രദായം കേരളത്തില്‍ നിലനില്‍ക്കുന്നു. വൈവിധ്യമാര്‍ന്ന അറിവും കഴിവുമുള്ള വിദ്യാര്‍ത്ഥികളാണ്  വര്‍ത്തമാനകാല സത്യം. അതിന് ചേരുംവിധം പഠന സമ്പ്രദായം മാറ്റിയെടുക്കാന്‍ അധ്യാപകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. തൊഴില്‍ നൈപുണ്യം കൂടുതല്‍ വികസിക്കണം. എന്നാലേ വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണ്ണമാകൂ. ഉദ്ഘാടകയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമാ ലാല്‍ പറഞ്ഞു.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍ അധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ സെമിനാര്‍ നയിച്ചു. ഹയര്‍ സെക്കന്ററി ജില്ലാ കോഓഡിനേറ്റര്‍ എ. പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി, ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. എസ്.ഷിജ എന്നിവര്‍ സംസാരിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് ; 53 പേര്‍ പങ്കെടുത്തു
ജില്ലാ  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും  സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള നേത്ര പരിശോധന മെഡിക്കല്‍ ക്യാമ്പ്  ചവറ പര്‍പ്പിള്‍ ഐ കെയര്‍ ആശുപത്രിയില്‍  സബ് കലക്ടര്‍  ചേതന്‍ കുമാര്‍ മീണ  ഉദ്ഘാടനം ചെയ്തു.
53 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. 12 പേര്‍ക്ക് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തി. ഏറ്റവും അര്‍ഹരായ നാല് പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ശസ്ത്രക്രിയ, ക്യാമ്പിന് ശേഷം ഒരു മാസത്തേക്ക് സൗജന്യ പരിശോധന എന്നീ സേവനങ്ങളും ആശുപത്രി ലഭ്യമാക്കും. ക്യാമ്പില്‍ രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും, മരുന്ന് വിതരണവും,  ബി.പി പരിശോധനയും  സൗജന്യമായി നടത്തി. രോഗികള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം സബ്കലക്ടര്‍ നിര്‍വഹിച്ചു. മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും എല്‍ഡര്‍ ലൈനിന്റെയും സേവനങ്ങള്‍ സംബന്ധിച്ച കിയോസ്‌കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയ പരാതികള്‍ സ്വീകരിച്ചു.
പര്‍പ്പിള്‍ ഐ കെയര്‍ സി.ഇ.ഒ എസ്. ജോയ് അധ്യക്ഷനായി. ഓപ്പറേഷന്‍സ് മാനേജര്‍ ബി.പി വിനോദ്, പര്‍പ്പിള്‍ ഐ കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബി.അനൂപ്, എല്‍ഡര്‍ ലൈന്‍ കേരള കോള്‍ ഓഫീസര്‍ ജെ. നിഷ, ഫീല്‍ഡ് റെസ്‌പോണ്‍സീവ് ലീഡര്‍ വിശാല്‍ പി. തോമസ്, ക്ലിനിക്കല്‍ മാനേജര്‍ എല്‍. വിനിത തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളിമ്പ്യന്‍ പി . ആര്‍ ശ്രീജേഷിനെ ആരിക്കും
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിക്കുന്നു. കൊല്ലം ബീച്ചില്‍ നാളെ വൈകിട്ട് 5 മണിക്ക്  (ഏപ്രില്‍ 28) ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി, ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിനേയും ദേശീയ-സംസ്ഥാന മെഡല്‍ ജേതാക്കളായ ജില്ലയിലെ മറ്റ് കായിക താരങ്ങളെയും ആദരിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പൗരാവലിയും കായിക സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലുമണിക്ക് പാര്‍വതി മില്ലില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര  കൊല്ലം ബീച്ചില്‍ എത്തുന്നതോടെ സ്വീകരണ സമ്മേളനം ആരംഭിക്കും.

 

കൊല്ലം ശ്രീനാരായണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീജേഷ് 41 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ നേടി തരുന്നത്.  വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍,  ഖേല്‍രത്‌ന, പത്മശ്രീ, അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. എന്‍.കെ പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എ മാരായ എം. മുകേഷ്,  എം. നൗഷാദ്, ഡോ.സുജിത്ത് വിജയന്‍പിള്ള
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ എക്‌സ്. ഏണസ്റ്റ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രന്‍, എസ്.എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ എസ്.വി സുധീര്‍, എസ്. എന്‍ വനിത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍, എസ്. എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിഷാ തറയില്‍, ടി.കെ.എം എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍, കൊല്ലം ഹോക്കി സെക്രട്ടറി ഡോ. എം. ജെ. മനോജ്, കൗണ്‍സിലര്‍ ടോമി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കായിക താരങ്ങള്‍, പരിശീലകര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഏപ്രില്‍ 27,28,29 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 0471 2779200, 9074882080.

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  മൂന്നുദിവസത്തെ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്  മെയ് 11 മുതല്‍ 13 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്  (കെ.ഐ.ഇ.ഡി ) ക്യാമ്പയിന്‍  സംഘടിപ്പിക്കുന്നു. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പടെ 2950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലന ഫീസ്.  www.kied.info  വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890, 2550322, 9605542061, 7012376994

ക്വട്ടേഷന്‍ ക്ഷണിച്ചു
വില്ലേജ്തല ഫീല്‍ഡ് പരിശോധനയ്ക്ക് പുനലൂര്‍ ആര്‍.ഡി.ഒ പരിധിയില്‍  വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 29 ന് പകല്‍ 11 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസ്, പി.ഡബ്ല്യു.ഡി കോംപ്ലക്‌സ്,പുനലൂര്‍ വിലാസത്തില്‍ ലഭ്യമാക്കണം . കൂടുതല്‍ വിവരങ്ങള്‍ 0475 2228880 നമ്പരില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു
അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക്  മെയ് ഒന്നുമുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് വാഹനം വാടകയ്ക്ക് കരാറടിസ്ഥാനത്തില്‍ നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മെയ് അഞ്ചിന് രാവിലെ 10.30 നകം നല്‍കണം. മെയ് നാലുവരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഞ്ചല്‍ ബ്ലോക്ക് ഓഫീസിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0475 2270716

ലേലം
തേവലക്കര ഐ.ടി.ഐ പരിസരത്തെ ഫലവൃക്ഷങ്ങളില്‍ നിന്ന് മൂന്നു വര്‍ഷക്കാലത്തേക്ക് ആദായം എടുക്കുന്നതിനുള്ള ലേലം ഏപ്രില്‍ 29 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ നടത്തും. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ടാക്‌സ് ഉള്‍പ്പെടെയുള്ള ലേലത്തുക അടച്ചു രസീത് വാങ്ങണം. ഫോണ്‍ 04762835221.

ഇ – ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിധിയിലുള്ള അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസില്‍ ഇ-ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും മെയ് അവസാനത്തോടെ ഇ -ഓഫീസ് ആക്കുകയാണ് ലക്ഷ്യം എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

 

ജില്ലാ ഓഫീസിലെ എല്ലാ ഫയലുകളും ഡിജിറ്റല്‍ രൂപത്തിലാണ് ഇനി നടപടികള്‍ക്ക് വിധേയമാക്കുക. സേവനങ്ങള്‍ വേഗത്തിലാക്കാനും സമയബന്ധിതം ആക്കാനും പുതിയ സംവിധാനം സഹായകമാകും. പ്രവര്‍ത്തനം പൂര്‍ണമാകുന്നതോടെ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഓഫീസുകളും കടലാസ് രഹിതം  ആകും.
എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ജി. അനില്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് റ്റി.കെ. സയൂജ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!