Input your search keywords and press Enter.

വാര്‍ത്തകള്‍ : കൊല്ലം ജില്ല

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം – മുഖ്യമന്ത്രി
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും അവാര്‍ഡ് ദാനവും സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എന്തിന്റെയെങ്കിലും പേരില്‍ വികസനത്തിന് തടയിടുന്ന രീതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കരുത്. ചട്ടവിരുദ്ധമായി പദ്ധതികള്‍ മുടക്കാനും പാടില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും മാതൃകയാകണം.
നല്ല നാളെകള്‍ ഉറപ്പാക്കാനുതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതു തന്നെയാണ് നവകേരള സങ്കല്പവും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. അതിനായി ഭാരവാഹികളെ പ്രാപ്തരാക്കുന്നതിനായി ഓപണ്‍ സര്‍വകലാശാല ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്. ജനപ്രതിനിധികള്‍ക്കായി ഇത്തരം പാഠ്യപദ്ധതി രാജ്യത്ത് ആദ്യമാണ്. ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ കോഴ്‌സ് സഹായകവുമാണ്. നാട് കൂടുതലായി വികസിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ധനകാര്യ വകുപ്പ് 1500 കോടി രൂപ മേഖലയ്ക്ക് നീക്കി വച്ചത്. യുവ ഗവേഷകരുടെ നീണ്ട നിരയാണ് ഇവിടെ സൃഷ്ടിക്കുന്നത്. സാമ്പത്തികമായി പിന്നാക്കമായവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുകയാണ് എന്ന് മന്ത്രി പറഞ്ഞു.
മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റിയെന്ന് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്റ് പ്രകാശനവും നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. അക്കാദമിക് മികവ് വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീ നാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പട്ടയ മേളയുടെ സംസ്ഥാനതല സമാപനവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിനായി കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്താകെ 2,34,567 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇപ്പോഴത്തെ മന്ത്രിസഭയുടെ ഒരു വര്‍ഷത്തിനകം 54,539 പട്ടയങ്ങള്‍ ആണ് വിതരണം ചെയ്തത്. ഇത് ചരിത്രനേട്ടമാണ്. ആറു വര്‍ഷം കൊണ്ട് 2,96,008 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനും സാധിച്ചു. ജീവിത യോഗ്യമായ ഭൂമി സര്‍ക്കാര്‍-പൊതു- സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കേണ്ട തുണ്ട്. ഇതിനുള്ള നടപടികളും കാര്യക്ഷമമായി മുന്നോട്ട് പോകുകയാണ്. ഭൂമിയുടെ റീസര്‍വെ നടത്തുന്നതും ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിച്ച് ഇ-പട്ടയം അടക്കമുള്ളവ നടപ്പാക്കുന്നതിന്റെ ലക്ഷ്യവും ഇതു തന്നെ.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരെയും വഴിയാധാരം ആക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. വികസനപ്രവര്‍ത്തനങ്ങളില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ സമീപനം. ഒരു പ്രദേശത്തെ പട്ടയ വിതരണത്തിന് തടസ്സമായ കാരണങ്ങള്‍, ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത എന്നിവയുള്ള ഡാഷ് ബോര്‍ഡുകള്‍ തയ്യാറാക്കും. ലാന്‍ഡ് ബോര്‍ഡുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ നാല് സോണുകളായി തിരിച്ച് നടപടി സ്വീകരിക്കും. ഒരു വ്യക്തിയുടെ പേരിലുള്ള സ്ഥലത്തിന് ഒറ്റ തണ്ടപ്പേര്‍ നല്‍കുന്ന നടപടി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം ഭൂമി തരം മാറ്റുന്നതിനുള്ള കാലതാമസം പരിഹരിക്കാനുള്ള നടപടി എന്നിവയും നടപ്പാക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം ജില്ലാതല പട്ടയമേളയുടെ ഭാഗമായി 1,111 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ആദിവാസി മേഖലയിലുള്ളവര്‍ക്ക് ഭൂമി നല്‍കുന്നതിനാണ് അടുത്തഘട്ടത്തില്‍ മുഖ്യപരിഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ മുഖ്യാതിഥികളായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എമാരായ പി. എസ്. സുപാല്‍, ഡോ. സുജിത്ത് വിജയന്‍ പിള്ള, പി. സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, മുന്‍ മന്ത്രി കെ. രാജു,

റംലാ ബീവിക്ക് ഇത് സ്വപ്നസാഫല്യം
വീല്‍ ചെയറില്‍ പരിമിതപ്പെട്ട ജീവിതത്തേക്കാള്‍, സ്വന്തമെന്ന് പറയാന്‍ ഒരുപിടി മണ്ണില്ലെന്നതായിരുന്നു റംലാബീവിയുടെ വലിയ സങ്കടം. ജില്ലാതല പട്ടയമേളയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവകാശം സ്വന്തമാക്കുമ്പോള്‍ റംലാബീവിയുടെ മുഖത്ത് സന്തോഷത്തിരയിളക്കം. 24 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനമായത്.
22 വര്‍ഷം മുന്‍പ് അരയ്ക്ക് താഴോട്ട് തളര്‍ച്ച ബാധിച്ചതാണ് റംലാ ബീവിക്ക്. ഒരു മകള്‍ മാത്രം അടങ്ങുന്ന കുടുംബം. പുനലൂര്‍ പേപ്പര്‍മില്‍ ഉടമസ്ഥതയിലുള്ള കാഞ്ഞിരമല ഏഴര സെന്റ് വസ്തുവിലാണ് കഴിഞ്ഞുപോരുന്നത്. പട്ടയം കിട്ടാത്തത് കൊണ്ട് വീട് പുതുക്കിപ്പണിയുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ തടസ്സപ്പെട്ടിരുന്നു. പട്ടയം ലഭിച്ചതോടെ സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ അന്തിയുറങ്ങാനാകുമെന്ന സന്തോഷത്തിലാണ് ഇവര്‍. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള തികഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് റംല ബീവി മടങ്ങിയത്. പലവിധ ജീവിതപ്രയാസങ്ങളിലൂടെ കടന്ന് പോയ 1111 ജീവിതങ്ങള്‍ക്കും പട്ടയമെന്ന തണലേകാന്‍ ജില്ലാതല പട്ടയമേള വഴിയൊരുക്കി.

മണ്ണില്‍ വിരിഞ്ഞത് 1111 സ്വപ്നങ്ങള്‍
90 വയസിനുള്ളില്‍ ഇത്രയും തെളിമയോടെ അമ്മുക്കുട്ടിയെ ജീവിതം ചിരിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയില്‍ നിന്ന് സ്വന്തം ഭൂമിയെന്ന അവകാശം ഏറ്റുവാങ്ങുമ്പോഴുള്ള അമ്മുക്കുട്ടിയുടെ നിറചിരിയില്‍ സദസ് ഒന്നാകെ ചേര്‍ന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്നാണ് അമ്മുക്കുട്ടി വേദിയിലെത്തി പട്ടയം സ്വീകരിച്ചത്. ഏഴര പതിറ്റാണ്ടായി പുനലൂര്‍ പേപ്പര്‍ മില്‍ ഉടമസ്ഥതയില്‍ ശാസ്ത്രിതോപ്പിലുള്ള 17 സെന്റ് വസ്തുവിന്റെ പട്ടയം കാത്ത് കഴിയുന്നു. ഒടുവില്‍ പട്ടയം ലഭിച്ചതോടെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച ഭൂമി സ്വന്തമാക്കിയ ആഹ്ലാദാതിരേകത്തിലാണ് അമ്മുക്കുട്ടി.
അമ്മുക്കുട്ടിയെ പോലെ പതിറ്റാണ്ടുകളായി പട്ടയം കാത്ത് കഴിയുന്ന 1111 കുടുംബങ്ങള്‍ക്കാണ് ജില്ലാ പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. പുനലൂര്‍ പേപ്പര്‍ മില്‍ ഭൂമിയില്‍ താസമിക്കുന്നവരുടെ പട്ടയങ്ങളായിരുന്നു ഏറെയും. 757 മിച്ചഭൂമി പട്ടയങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ശേഷിക്കുന്നവ ഇതര താലൂക്കുകളില്‍ നിന്നും.

തിരിച്ചറിയല്‍ കാര്‍ഡ്  വിതരണോദ്ഘാടനം നാളെ ( ജൂണ്‍ രണ്ട്  )
മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും

ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക്  തിരിച്ചറിയല്‍ കാര്‍ഡ്,  യൂണിഫോം  എന്നിവ വിതരണം ചെയ്യുന്നതിന്റെ  സംസ്ഥാനതല ഉദ്ഘാടനം  ഇട്ടിവ, ആനപ്പുഴയ്ക്കല്‍ വിന്‍സിറ്റ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍   നാളെ ( ജൂണ്‍ രണ്ട് ) മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. ചടയമംഗലം ക്ഷീര വികസന യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി  ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍  അധ്യക്ഷയാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചടയമംഗലം ബ്ലോക്കിലെ 32 സംഘങ്ങളിലേയും സ്ഥിരം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഏകീകൃത യൂണിഫോം വിതരണവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ. ഡാനിയല്‍, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൂട്ടായ്മ
വൈജ്ഞാനിക, തദ്ദേശസ്വയംഭരണ സാധ്യതകള്‍ ചര്‍ച്ച ചെയ്ത്  സെമിനാറുകള്‍

വൈജ്ഞാനിക സമൂഹ സൃഷ്ടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ പങ്കും സാധ്യതകളും ചര്‍ച്ച ചെയ്ത സെമിനാര്‍ പരമ്പരകള്‍ ശ്രദ്ധേയമായി. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, കില, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തില്‍ സി കേശവന്‍ മെമ്മോറിയല്‍  ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്മയുടെ ഭാഗമായാണ് സെമിനാറുകള്‍ സംഘടിപ്പിച്ചത്.
വിജ്ഞാന സമ്പദ്ക്രമത്തില്‍ തദ്ദേശസ്വയംഭരണ പരിസരം: ശക്തി, സാധ്യത, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംഘാടകസമിതി കണ്‍വീനര്‍ ഡോ.എം.ജയപ്രകാശ് ആമുഖപ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ജനറല്‍  ഡോ.ജോയ് ഇളമണ്‍ വിഷയാവതരണം നടത്തി. ഡോ.കെ.കുഞ്ഞാമന്‍, അക്കാദമിക് കമ്മിറ്റിയംഗം പ്രൊഫ.പി.കെ.രവീന്ദ്രന്‍, ഡോ.ജെ.ഗ്രേഷ്യസ് എന്നിവര്‍  സംസാരിച്ചു.
‘തദ്ദേശ സ്വയംഭരണവും ആസൂത്രണവും: സാധ്യതകളും പ്രശ്‌നങ്ങളും ഒരു പുനര്‍നിര്‍ണയം’  വിഷയത്തില്‍ നടന്ന സെമിനാറിന്റെ ആമുഖപ്രഭാഷണം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.എം.വിജയന്‍ നിര്‍വഹിച്ചു.  പ്ലാനിംഗ് ബോര്‍ഡ് മുന്‍അംഗം ഡോ.മൃദുല്‍ ഈപ്പന്‍ വിഷയാവതരണം നടത്തി. കില റിട്ട.പ്രൊഫസര്‍ ഡോ.സണ്ണി ജോര്‍ജ്, ഡോ.എം.ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പഠിതാക്കളുടെ നേതൃത്വത്തില്‍ മികച്ച പത്ത് പദ്ധതി നിര്‍ദ്ദേശങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു.
ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം  ഡോ.സി.ഉദയകല ആമുഖപ്രഭാഷണം നടത്തി. അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി.പി.വിനോദ്, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ.ജോസ് ചാത്തുക്കുളം,  ലോക്കല്‍ ഡെവലപ്മെന്റ് എക്‌സ്പര്‍ട്ട് കെ.എസ്.ബിനുരാജ് എന്നിവര്‍ സംസാരിച്ചു.
പഠനാനുഭവങ്ങള്‍ പങ്ക് വെച്ച  ഓപ്പണ്‍ ഫോറത്തില്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ.എസ്.വി.സുധീര്‍ മോഡറേറ്റര്‍ ആയി. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി.

പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ജില്ലയിലെ  മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍,  ചെക്ക്‌പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്.  പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
ആശ്രാമം പുത്തന്‍ചന്ത മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 305 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ നശിപ്പിച്ചു. ഫോര്‍മാലിന്‍ കലര്‍ന്ന ചൂര, പഴകിയ കാരല്‍ എന്നിവയാണ് പിടികൂടിയത്.
ജില്ലാ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. ആര്‍ റസീമ, എസ്. എ അഞ്ജു, എസ്. ഹരികൃഷ്ണന്‍, എസ്. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.ഐ.ഐ.സി യില്‍ സീറ്റ് ഒഴിവ്
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സ്ത്രീശാക്തീകരണ വിഭാഗത്തില്‍ ജി.ഐ.എസ്/ ജി.പി.എസ് പരിശീലന പരിപാടിയില്‍ നാല് സീറ്റ് ഒഴിവ്. ബിടെക് സിവില്‍ /ഡിപ്ലോമ സിവില്‍/ സയന്‍സ് ബിരുദധാരികള്‍, ബി.എ ജ്യോഗ്രഫി ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെ മൊത്ത വാര്‍ഷികവരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗത്തില്‍പെടുന്നവര്‍, കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണം എന്നിവ ഐ.ഐ.ഐ.സി ഒരുക്കും.മൊത്തം ഫീസിന്റെ 10 ശതമാനം തുക മാത്രം അടച്ചാല്‍ മതിയാകും. താമസിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 11,350 രൂപയും അല്ലാത്തവര്‍ 10,030 രൂപയുമാണ് അടക്കേണ്ടത്. അപേക്ഷകര്‍ അസ്സല്‍ രേഖകളും മേല്‍ പറഞ്ഞ ഫീസുമായി ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.iiic.ac.in     ഫോണ്‍ 8078980000.

വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. മൂന്നുമാസമാണ് കാലാവധി. അപേക്ഷ ഫോറം തുടര്‍വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് നേരിട്ട് വാങ്ങാം. അവസാന തീയതി ജൂണ്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496846522.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ഒരു വര്‍ഷം/ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മൂന്ന് മാസം ദൈര്‍ഘ്യമുള്ള വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലിനക്സ്, അക്കൗണ്ടിംഗ് അഡ്വാന്‍സ്ഡ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0474 2731061 എന്ന നമ്പരിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം വിലാസത്തിലോ ബന്ധപ്പെടാം.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 7,14,21 തീയതികളില്‍ പുനലൂരും 25ന് പീരുമേടും  മറ്റു പ്രവര്‍ത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.ഫോണ്‍ 04742792892

അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ എസ്.ആര്‍. എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരുവര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം. (അവസാനവര്‍ഷ പരീക്ഷയെഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം )
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തുടങ്ങിയ തസ്തികയിലേക്കും നിരവധി ജോലി സാധ്യതകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401008.

ക്വിസ്സ് മത്സരം
ലോക ഭക്ഷ്യസുരക്ഷ ദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’   വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 13ന് രാവിലെ 10 മണി മുതല്‍ ചിന്നക്കട റ്റി. ബി സെന്ററില്‍ മത്സരം നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപ, രണ്ടാം സ്ഥാനത്തിന് 3000 രൂപ, മൂന്നാം സ്ഥാനത്തിന് 2000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ പേര്, ടീം അംഗങ്ങളുടെ പേര്, ക്ലാസ് എന്നിവ ജൂണ്‍ 10ന് അഞ്ച് മണിക്ക് മുമ്പായി 8943346182 വാട്‌സ്അപ്പ് നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2766950 ഇ-മെയില്‍: [email protected]

അഭിമുഖം ജൂണ്‍ നാലിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് ജൂണ്‍ നാല് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. പ്ലസ് ടു മിനിമം യോഗ്യത ഉള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2740615, 8714835683.

മിനിമം വേതന ഉപസമിതി യോഗം
കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതി ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ തെളിവെടുപ്പ് യോഗം നടത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം. ഫോണ്‍ – 04712783908,9447404843.

error: Content is protected !!