Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

പിന്നാക്ക മേഖലയിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരയില്‍ എത്തിക്കുക സര്‍ക്കാര്‍ നയം; മന്ത്രി കെ. രാധാകൃഷ്ണന്‍

പിന്നാക്ക – ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണെന്നും പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കവിഭാഗക്ഷേമ- ദേവസ്വം – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ആരംഭിച്ച ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈമാനിക പരിശീലനം നല്‍കുന്നതിന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് കുട്ടികളില്ലാത്തിനാല്‍ അട്ടപ്പാടി സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. രാജീവ് ഗാന്ധി സിവില്‍ ഏവിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നല്‍കുക. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മിടുക്കരായ 50 പേരെ തിരഞ്ഞെടുത്ത് ഇന്ത്യയിലെ മികച്ച ഐ.എ.എസ്. പരിശീലന കേന്ദ്രത്തില്‍ പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ആദിവാസി മേഖലയില്‍ ഏറ്റവും ആദ്യമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി 36000 കുട്ടികളിലേക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യാഭ്യാസം എത്തിക്കാന്‍ കഴിഞ്ഞു. കണക്റ്റിവിറ്റി ഇല്ലാത്ത 1300 ഓളം ഊരുകളില്‍ 1200 ഊരുകളിലും കണക്റ്റിവിറ്റി എത്തിച്ചു.

രക്ഷിതാക്കള്‍ കുട്ടികളെ വീടിനടുത്തുള്ള സ്‌കൂളുകളില്‍ വിട്ട് വിദ്യാഭ്യാസം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്. എം.ആര്‍.എസിലെ പഠന നിലവാരവും ബൗദ്ധിക സാഹചര്യങ്ങളും ഉയര്‍ത്തുന്നതിന് നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. എം.ആര്‍.എസിലെ വിദ്യാര്‍ഥികള്‍ക്ക് കുസാറ്റ്, ഐ.ഐ.ടി. തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശീലനത്തിനും അടുത്തിടപഴകുന്നതിനും സൗകര്യമൊരുക്കും. എം.ആര്‍.എസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അധ്യാപകര്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ എം.ആര്‍.എസ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെത്തൂ എന്നും മന്ത്രി പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 1120 പ്രമോട്ടര്‍മാരുടെ പ്രഥമ ചുമതല എം.ആര്‍.എസിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുകയെന്നതാണ്.

എം.ആര്‍.എസ്. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഉദ്യോഗസ്ഥരെയും അധ്യാപകരും ഉള്‍പെടുത്തി വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. പിന്നാക്ക സമൂഹങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഉയരാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഗളി കില ക്യാമ്പസിലാണ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ താത്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആറാം ക്ലാസിലേക്ക് 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം. സ്ഥിരം കെട്ടിടത്തിനായി സ്‌കൂളിന് 15 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ക്ലാസ് മുറികളിലെത്തി വിദ്യാര്‍ത്ഥികളെയും സൗകര്യങ്ങളും മന്ത്രി കെ. രാധാകൃഷ്ണന്‍ വിലയിരുത്തി. കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടവും മന്ത്രി സന്ദര്‍ശിച്ചു.

അട്ടപ്പാടി കില ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി. അധ്യക്ഷനായി. മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍ ഷംസുദീന്‍ മുഖ്യാഥിതിയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ അംബിക ലക്ഷ്മണന്‍, ജ്യോതി അനില്‍ കുമാര്‍, പി. രാമമൂര്‍ത്തി, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളായ കാളിയമ്മ മുരുകന്‍, മിനി സുരേഷ്, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ധര്‍മ്മലശ്രീ, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍, പട്ടികവര്‍ഗ്ഗ വികസനവകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

വായനാപക്ഷാചരണം


കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘വായനാ അവതരണ’ മത്സരം 22 ന് ഉച്ചക്ക് രണ്ടിന്

ഒ.വി വിജയന്‍ സ്മാരകത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സഹകരണത്തോടെ വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘വായന അവതരണ’ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച് മനസില്‍ പതിഞ്ഞ ലേഖനങ്ങളോ നോവലുകളോ സംബന്ധിച്ച് അഞ്ച്  മിനിറ്റില്‍ അധികരിക്കാത്ത  അവതരണമാണ് നടത്തേണ്ടത്. അവതരണത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ പാടുള്ളതല്ല. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 22 ന് ഉച്ചക്ക് രണ്ട് മുതല്‍ തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ കോളേജ് ഐഡി, പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മത്സര സ്ഥലത്ത് ഉച്ചക്ക് ഒന്നിന് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂണ്‍ 23 ന് ഉച്ചക്ക് 12.30 ന് ഭാരത് മാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. സമ്മാനവിതരണത്തോടനുബന്ധിച്ച് വിജയികളായവര്‍ സമ്മാനത്തിന് അര്‍ഹമായ വായനാ അവതരണം നടത്തും. ഫോണ്‍: 0491-2505329

വായനാപക്ഷാചരണത്തിന് തുടക്കം

ജില്ലയിലെ വിവിധ ഗ്രന്ഥശാലകളില്‍ വായനാ പക്ഷാചരണ പരിപാടിക്ക് തുടക്കമായി. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണാടി ജനശക്തി വായനശാലയില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.കെ ജയപ്രകാശ് നിര്‍വഹിച്ചു. ജില്ലയിലെ 500 ലേറെ ഗ്രന്ഥശാലകളിലായി പരിപാടികള്‍ നടക്കും. ജൂണ്‍ 19 പി.എന്‍ പണിക്കര്‍ ഓര്‍മ്മദിനം മുതല്‍ ജൂലൈ ഏഴ് ഐ.വി ദാസ് ജന്മദിനം വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ താലൂക്ക് സെക്രട്ടറി പി.ടി കുഞ്ഞന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി ഉദയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അംഗം എന്‍.എം ഇന്ദിര, കെ.പ്രമോദ്, സി.സുരേഷ്, സി.പി ചിത്രഭാനു, ടി.കെ നാരായണദാസ്, എം.വി മോഹനന്‍, പി.കെ സുധാകരന്‍, ഇ. രാമചന്ദ്രന്‍, എം. ഉണ്ണികൃഷ്ണന്‍, എം. കൃഷ്ണദാസ്, എം.എം.എ ബക്കര്‍, കെ. ജയകൃഷ്ണന്‍, വി. ഹരിശങ്കര്‍, ടി.ആര്‍ തിരുവിഴാംകുന്ന് എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് കവിയാത്തവരുമായ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന കോങ്ങാട് നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 27 മുതല്‍ ജൂലൈ 16 വരെ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873

ജില്ലാ വികസന സമിതി യോഗം 25 ന്

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 25 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മെന്റര്‍ ടീച്ചര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതി പ്രകാരം ടി.ടി.സി/ഡി.എഡ്/ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെന്റര്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് വൈകിട്ട് നാലിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് കോഴ്സ് പ്രവേശനം

വടക്കഞ്ചേരി ഗവ. കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ്(സി.പി.പി.എം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 സീറ്റുകളാണുള്ളത്. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ്ടു. അപേക്ഷകര്‍ക്ക് 2022 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. പ്രായപരിധി 17 – 23. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം ഇതര വര്‍ഗ്ഗക്കാര്‍ക്കും സംവരണം ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 23 ന് വൈകിട്ട് അഞ്ചിനകം വടക്കഞ്ചേരി കമ്യൂണിറ്റി കോളേജില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 256424, 9747172107, 9995526395.

 
കാഷ്വല്‍ ലേബര്‍ നിയമനം

സി-ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രൊഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബര്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ച ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസ് ഓഫീസില്‍ നടക്കും. പ്രതിദിനം 650 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കട്ടുകള്‍, പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 28 ന് രാവിലെ 10 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0471 2380910, 2380912

ക്വട്ടേഷന്‍

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിന് ശില്‍പികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 25 ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ജൂണ്‍ 30 ന് രാവിലെ 11 ന് തുറക്കും. ക്വട്ടേഷനുകള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി, ഡിവിഷന്‍ നം.1, കാഞ്ഞിരപ്പുഴ വിലാസത്തില്‍ തപാലില്‍ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 9744445463

ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയറിളക്കരോഗം നിയന്ത്രണവും പാനീയ ചികിത്സാ വാരാചരണവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഗവ. മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം ഉപന്യാസ രചനാ മത്സരം നടത്തുന്നു. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 2000, 1500, 1000 രൂപ വീതം സമ്മാനം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 24 നകം [email protected] ലേക്ക് പേര്, ക്ലാസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ അറിയിക്കണം. പങ്കെടുക്കുന്നവര്‍ സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8921420177, 9567772462

ലേലം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളജില്‍ ജീവനക്കാരുടെ വസതി പ്രദേശത്തുള്ള 11 മരങ്ങളും മരത്തിന്റെ ശിഖരങ്ങളും ജൂണ്‍ 24 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നിരതദ്രവ്യം 1500 രൂപ. ക്വട്ടേഷനുകള്‍ ജൂണ്‍ 23 ന് വൈകിട്ട് നാല് വരെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0466 2220450

പ്രൊജക്റ്റ് ഫെല്ലോ നിയമനം

ഗവ. വിക്ടോറിയ കോളേജിലെ ഫിസിക്സ് വകുപ്പില്‍ ഡി.എസ്.ടി – എസ്.ഇ.ആര്‍.ബി മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ഗവേഷണം നടത്തുന്നതിന് പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന മെറ്റാ-മെറ്റീരിയല്‍ റെസൊണേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ഗവേഷണം. മൂന്ന് വര്‍ഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും. ഫിസിക്സ്, ഇലക്ട്രോണിക്സില്‍ പി.ജി ബിരുദം(സയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.gvc.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ 23 വരെ സ്വീകരിക്കും.

 
ഐ.ഐ.ഐ.സി സ്ത്രീശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടി; സ്പോട് അഡ്മിഷന്‍ 21 ന്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നടത്തുന്ന സ്ത്രീശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 21 ന് നടക്കും. മൂന്ന് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗ് കോഴ്സിലേക്ക് എട്ടാം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ കുറവുളളവര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ-ഒ.ബി.സി വിഭാഗക്കാര്‍, കോവിഡ് പശ്ചാലത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍, ഒരു രക്ഷിതാവ് മാത്രമുള്ളവര്‍, അംഗപരിമിതരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ മേല്‍പ്പറഞ്ഞ യോഗ്യതകളും അര്‍ഹതകളും തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 21 ന് സ്ഥാപനത്തില്‍ നേരിട്ടെത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.iiic.ac.in ല്‍ ലഭിക്കും. ഫോണ്‍: 8078980000

അന്താരാഷ്ട്ര യോഗ ദിനാചരണം

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം ഇന്ന്(ജൂണ്‍ 21) രാവിലെ എട്ടിന് കോട്ടമൈതാനം ക്രിക്കറ്റ് പ്ലേ ഗ്രൗണ്ടില്‍ നടക്കും.

ഗതാഗത നിരോധനം

യാക്കര-തിരുനെല്ലായി-തങ്കം ഹോസ്പിറ്റല്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന്(ജൂണ്‍ 21) മുതല്‍ പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ തിരുനെല്ലായി ജംഗ്ഷന്‍ വഴി പോകണം.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം; അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന സഹായത്തിന് പഠനോപകരണ കിറ്റ് സൗജന്യമായി നല്‍കുന്നു. കിറ്റ് ലഭിക്കുന്നതിന് പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25 നകം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറം www.kmtwwfb.org ല്‍ ലഭിക്കും. ഫോണ്‍: 0491 2547437

ലേലം

പാലക്കാട് താലൂക്ക് പെരുവെമ്പ് വില്ലേജില്‍ കനാല്‍ പുറമ്പോക്കില്‍ വിവിധ സ്ഥലങ്ങളില്‍ ഒരു  വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിന് ജൂണ്‍ 28  ന് രാവിലെ 11 ന് പെരുവെമ്പ് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770

error: Content is protected !!