പത്തനംതിട്ട :പന്തളത്തെ ലോഡ്ജിൽ നിന്നും 154 ഗ്രാം എം ഡി എം എ യുമായി 5 പ്രതികളെ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ
പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് പന്തളം പോലീസ് സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തി നിടെയാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. പ്രതികളെ നാലുമണിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഡാൻസാഫ്
സംഘവും പന്തളം പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ്.പ്രതികൾ തങ്ങിയ ലോഡ്ജ് മുറിയിൽ നിന്നും ഗർഭ
നിരോധന ഉറകളും ലൈംഗിക ഉത്തേജന ഉപകരണവും കൂടാതെ,25000 രൂപയും,, രണ്ട് മിനി വെയിങ് മെഷീനും കണ്ടെടുത്തിരുന്നു. കൂടാതെ ഇവർ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും 9 മൊബൈൽ ഫോണുകളും പെൻ ഡ്രൈവുകളും ഇന്നലെ പോലീസ്
സംഘം പിടിച്ചെടുത്തിരുന്നു.
അടൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ട്, പത്തനംതിട്ട കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ, ചെറിയ അളവുകളിൽ വിപണനം ചെയ്തുവരുന്ന
സംഘത്തിൽപെട്ടവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലിൽ വെളിവായിട്ടുണ്ട്. ഇവരെല്ലാവരും ലഹരിമരുന്നുകളുടെ വാഹകരായി പ്രവർത്തിക്കുകയാണ്. ബാഗ്ലൂരിൽ നിന്നാണ് എം
ഡി എം എ എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.10 ഗ്രാം വരെ കൈവശം സൂക്ഷിച്ചാൽ ജാമ്യം കിട്ടുമെന്ന് അറിഞ്ഞുകൊണ്ട്, ഒരുമിച്ച് വലിയ അളവ് കേന്ദ്രത്തിലെത്തിച്ചശേഷം ചെറിയ
അളവിൽ വിതരണം ചെയ്യുകയാണ് പതിവ്. ഷാഹിനായെ ഒപ്പം ചേർത്തത് കച്ചവടം മെച്ചപ്പെടുത്താനാണ്, മോഡലിങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയാണ്
സംഘത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം തുടരുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി പറഞ്ഞു. ഇത്തരം സംഘങ്ങളെക്കുറിച്ചും മറ്റും ഊർജ്ജിതമായ അന്വേഷണം തുടരുമെന്നും, ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾ കർശനമായും അടിച്ചമർത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.