Input your search keywords and press Enter.

വിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കാൻ ഫോക്കസ്-3 *സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി

വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനമൊട്ടാകെയുള്ള സ്‌പെഷ്യൽ ഡ്രൈവ് ‘ഓപ്പറേഷൻ ഫോക്കസ്-3’ വെള്ളിയാഴ്ച തുടങ്ങി.

ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ഫോക്കസ്-2 ഡ്രൈവിൽ സംസ്ഥാനത്ത് 3888 കുറ്റങ്ങൾ കണ്ടെത്തി, 26,61,050 രൂപ പിഴ ചുമത്തിയിരുന്നു. വിദ്യാലയങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന സീസൺ പരിഗണിച്ചും വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലും ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ഇത്തരം കുറ്റങ്ങൾ കർശനമായി തടയുന്നതിന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് / സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേതുൾപ്പെടെയുള്ള ഫീൽഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഫോക്കസ്-3 തുടങ്ങിയത്. ഡ്രൈവ് ഒക്ടോബർ 16 വരെ നീണ്ടുനിൽക്കും. കൂടാതെ വിദ്യാഭ്യാസസ്ഥാപന മേധാവികൾ വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള യാത്രാ വിവരം അതത് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ /റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരെ മുൻകൂട്ടി അറിയിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർമാർ വാഹന പരിശോധന നടത്തി വാഹനം മോട്ടോർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണെന്ന് ഉറപ്പാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് വേണ്ട ബോധവത്കരണം ഡ്രൈവർക്കും ടീം ലീഡർക്കും നൽകുകയും ചെയ്യും.

നിയമവിരുദ്ധ അപകടകരമായ രൂപമാറ്റം, അമിതവേഗത തുടങ്ങിയ കുറ്റങ്ങൾക്ക് ഫിറ്റ്‌നസ് റദ്ദു ചെയ്യൽ, രജിസ്‌ട്രേഷൻ സസ്‌പെൻഷൻ, ലൈസൻസ് സസ്‌പെൻഷൻ മുതലായ നിയമനടപടികൾ കൈക്കൊള്ളുന്നതിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കുറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ അതാത് ജില്ലാ എൻഫോഴ്‌സ്‌മെന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെ മൊബൈൽ ഫോണിൽ (വെബ് സൈറ്റിൽ നൽകിയിട്ടുള്ള) പൊതുജനങ്ങൾക്കും അറിയിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അഭ്യർഥിച്ചു.

error: Content is protected !!