Input your search keywords and press Enter.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാ തല സമ്മേളനവും ബോധവത്ക്കരണ സെമിനാറും പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കാര്യത്തില്‍ സമഗ്രപുരോഗതി കൈവരിച്ചാല്‍ മാത്രമേ സാമൂഹ്യനീതി ലഭിക്കൂ. കേരളം മുന്നിലാണെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യം പരിശോധിച്ചാല്‍ പുരോഗതിയിലേക്ക് നാം എത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ജാതിയുടെ പേരില്‍ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് നാടിനെ പൂര്‍ണമായും മോചിപ്പിച്ച് പുരോഗതിയിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും അത്യാവശ്യമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഗോത്രസാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് പത്ത് വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണവും ഡെപ്യുട്ടിസ്പീക്കര്‍ നിര്‍വഹിച്ചു. സാമ്പത്തിക ഉച്ചനീചത്വം, സാമൂഹിക അസമത്വം, അന്ധവിശ്വാസം, ദുരാചാരം, മതതീവ്രവാദം എന്നിങ്ങനെയുള്ള ദുരാചാരങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാതെ സാമൂഹിക പുരോഗതിയുണ്ടാകില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിരുദ്ധ ആശയങ്ങളും ഇവിടെ അത്രത്തോളം തന്നെ പ്രധാനമാണ്. ജാതിവിവേചനം ഒഴിവാക്കി സാമ്പത്തികവും സാമൂഹികവുമായ തുല്യത ഉറപ്പാക്കണം. ഇന്ത്യയില്‍ പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള ക്രൂരതകള്‍ പെരുകുന്നുണ്ട്. ഇതിനെ ഉച്ചാടനം ചെയ്യാന്‍ നിയമങ്ങള്‍ വേണം. സ്വയംവിമര്‍ശനം നടത്തണം. രാജ്യത്തിന്റെ ജിഡിപിയുടെ വളര്‍ച്ച അല്ല, സാമൂഹികമായ തിന്മകള്‍ അവസാനിച്ചോയെന്നു വേണം നാം അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അനാചാരങ്ങള്‍ക്കെതിരെയും പോരാടി സമത്വസുന്ദരമായ ലോകം നാം കെട്ടിപ്പടുക്കണമെന്ന് ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മസൂറിയിലെ ഐഎഎസ് പരിശീലന കാലത്ത് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ ജാതീയമായ വേര്‍തിരിവുകള്‍ കൊണ്ട് മുറിവേറ്റവരെ കാണാന്‍ സാധിച്ചിട്ടുണ്ട്. അന്യജാതിക്കാര്‍ താമസിക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കൊച്ചുകുട്ടികള്‍ പോലും മടിക്കുന്ന കാഴ്ച കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളില്‍, എല്ലാവരുടേയും കണ്ണീരൊപ്പുകയെന്നതായിരുന്നു നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ മനുഷ്യനായ ഗാന്ധിജി കണ്ട സ്വപ്നം. ആ സ്വപ്നം തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാവരുടേയും കണ്ണുനീരിന് ഒരേ രുചിയാണെന്നും കൈത്താങ്ങ് നല്‍കിയാല്‍ മാത്രമേ അത്തരം ആളുകള്‍ക്ക് നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ ആദരിച്ചു.

അട്ടത്തോട് കിളിവാതില്‍ കോല്‍ക്കളി സംഘം കോല്‍ക്കളി അവതരിപ്പിച്ചു. സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാര്‍ ലഹരി ആസക്തി നിയന്ത്രണ ജൈവ പരിശീലനം ഗാന്ധിയന്‍ സമീപനം എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. പട്ടികവര്‍ഗ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പ്രമോട്ടര്‍മാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.പി. ലീന, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് മോന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില എസ് നായര്‍, ലാലി ജോണ്‍, വി.എം. മധു, ജോണ്‍സണ്‍ ഉള്ളന്നൂര്‍, ശോഭ മധു, ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങളായ കെ. ദാസന്‍, എന്‍. രാമകൃഷ്ണന്‍, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗങ്ങളായ സി. രാധാകൃഷ്ണന്‍, കെ. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!