കുലുക്കല്ലൂരില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു
കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടര്‍ സ്ഥലത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. പട്ടാമ്പി മണ്ഡലത്തില്‍ പദ്ധതി നടപ്പാക്കുന്ന നാലാമത്തെ പഞ്ചായത്താണ് കുലുക്കല്ലൂര്‍. കൊപ്പം, വിളയൂര്‍, മുതുതല പഞ്ചായത്തുകളിലാണ് നേരത്തെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മുഹമ്മദ് മുഹസിന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി കുലുക്കല്ലൂരിലും നടപ്പാക്കുന്നത്. 250 ഹെക്ടര്‍ വിസ്തൃതിയില്‍ തെങ്ങ് കൃഷിയുള്ള ഭൂപ്രദേശത്തെയാണ് കേരഗ്രാമമായി പരിഗണിക്കുന്നത്. പദ്ധതി പ്രകാരം മൂന്നുവര്‍ഷങ്ങളിലായി ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്നാണ് ഫണ്ട് അനുവദിക്കുന്നത്.
രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടി പുതിയ തൈകള്‍ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയും നടപ്പാക്കും. ഒന്ന് മുതല്‍ നൂറു തെങ്ങ് വരെയുള്ളവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ കാര്‍ഷിക വികസന കമ്മിറ്റി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. രമണി അധ്യക്ഷയായി.
പദ്ധതിയുടെ പഞ്ചായത്ത്തല കണ്‍വീനറായി വൈസ് പ്രസിഡന്റും കര്‍ഷകനുമായ ടി.കെ. ഇസഹാഖിനെ തിരഞ്ഞെടുത്തു. വാര്‍ഡ് തലത്തില്‍ അപേക്ഷകരെ കണ്ടെത്താനുള്ള സര്‍വ്വേ നടപടികള്‍ തുടങ്ങിയതായും ആദ്യഗഡുവായ 25,67,000 രൂപ പാസായിട്ടുണ്ടെന്നും വാര്‍ഡ്തല സമിതി ഉടന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും പ്രസിഡന്റ് വി. രമണി പറഞ്ഞു.
ലഹരി വിരുദ്ധ ക്യാമ്പയിന്‍: ദീപം തെളിയിക്കല്‍ ഇന്ന്
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നുവരെ നടക്കുന്ന തീവ്ര പ്രചാരണ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ ഇന്ന് (ഒക്‌ടോബര്‍ 22) ലഹരിക്കെതിരായ ദീപം തെളിയിക്കല്‍ നടക്കും. ജില്ലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവര്‍ അവരവരുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ദീപം തെളിയിക്കും. പാലക്കാട് മണ്ഡലതല ദീപം തെളിയിക്കല്‍ സിവില്‍ സ്‌റ്റേഷനില്‍ വൈകീട്ട് ആറിന് നടക്കും. വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ ആശയങ്ങള്‍ മുന്‍ നിര്‍ത്തി ഇന്ന് (ഒക്‌ടോബര്‍ 22) എല്ലാ സ്‌കൂളുകളിലും അധ്യാപക-രക്ഷകര്‍ത്ത യോഗവും 24 ന് എല്ലാ വീടുകളിലും 25 ന് വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലും ദീപം തെളിയിക്കും. 28ന് തദ്ദേശസ്ഥാപനതലത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. 30ന് വിളംബര ജാഥയും നവംബര്‍ ഒന്നിന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ലഹരിവിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും.
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈയ്റ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷ നവംബര്‍ 25 വരെ സമര്‍പ്പിക്കാം. അപേക്ഷാഫോറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 26 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.വി.ടി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബി.സി.സി.പി.എന്‍/ബി.സി.സി.പി.എം കോഴ്‌സിന് അപേക്ഷിക്കാം
ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി ബി.സി.സി.പി.എം കോഴ്‌സിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും എം.ബി.ബി.എസ് കഴിഞ്ഞ് രജിസ്‌ട്രേഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇതേ വിഭാഗത്തില്‍ നേഴ്‌സുമാര്‍ക്കായി ബി.സി.സി.പി.എന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എം.എസ്.സി,/ബി.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് യോഗ്യതയും കേരള രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇരു കോഴ്‌സുകള്‍ക്കും 45 ദിവസമാണ് കാലാവധി.
താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 26 ന് വൈകിട്ട് നാലിനകം ബയോഡാറ്റയും അപേക്ഷയും ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ഒ.പിയില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദാംശങ്ങള്‍ക്ക് ജില്ലാ ആശുപത്രി പാലിയേറ്റീവ് ഒ.പിയുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2533327, 2534524.
ടെണ്ടര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4000 രൂപ. ടെണ്ടര്‍ നവംബര്‍ ഏഴിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. നവംബര്‍ എട്ടിന് ഉച്ചക്ക് രണ്ടിന് തുറക്കുമെന്ന് മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) അറിയിച്ചു.
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയന്‍സ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്‌നോളജി/ മെഡിക്കല്‍ കോളെജുകള്‍/ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ബ്ലഡ് ബാങ്ക് ടെക്‌നോളജിയില്‍ രണ്ടുവര്‍ഷ ഡിപ്ലോമ. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. പ്രതിമാസ വേതനം 26,500- 60,700. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്‌ടോബര്‍ 31 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ലേലം ഒക്‌ടോബര്‍ 31 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കീഴിലെ മേലാമുറി- പൂടൂര്‍ കോട്ടായി റോഡ്, പറളി-മുണ്ടൂര്‍ റോഡ്, കുഴല്‍മന്ദം-മങ്കര റോഡ്, കണ്ണാടി- കിണാശ്ശേരി റോഡ്, പാലക്കാട്- ചിറ്റൂര്‍ റോഡ്, പാലക്കാട്- തത്തമംഗലം- പൊള്ളാച്ചി റോഡ് എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിന് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ഒക്‌ടോബര്‍ 31 ന് ഉച്ചയ്ക്ക് 12 ന് ലേലം നടക്കും. നിരതദ്രവ്യം 1000 രൂപ.
പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ 2 പരിധിയിലെ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ് റോഡ്, പത്തിരിപ്പാല-കോങ്ങാട് റോഡ്, പാലക്കാട്-പൊള്ളാച്ചി റോഡ് എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലം എടുക്കുന്നതിന് ഒക്‌ടോബര്‍ 31 ന് രാവിലെ 11 ന് ലേലം നടക്കും. ക്വട്ടേഷന്‍ ഒക്‌ടോബര്‍ 29 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. നിരതദ്രവ്യം 1000 രൂപ.
ലേലം ഒക്‌ടോബര്‍ 27 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ രണ്ട് കാര്യാലയത്തിന് കീഴിലെ ജി.വി.സി-കല്‍പ്പാത്തി റോഡില്‍ നടന്ന പ്രവര്‍ത്തിയുടെ ഭാഗമായി മിച്ചം വന്ന മണ്ണ് കല്‍പ്പാത്തി പുതിയ പാലത്തിന് സമീപം ഒക്‌ടോബര്‍ 27 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. നിരതദ്രവ്യം 1500 രൂപ.
പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം
കേരള കാര്‍ഷിക സര്‍വകലാശാലയും ഐ.സി.എ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും ചേര്‍ന്ന് നവംബറില്‍ മീന്‍ വളര്‍ത്തല്‍, മീന്‍ പിടിത്തത്തിലെ നൂതന സാങ്കേതികവിദ്യകള്‍, മീന്‍ അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജില്ലയിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രായോഗിക പരിശീലനവും, ഫീല്‍ഡ് സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04662912008, 2212279, 6282937809.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍, ജീപ്പ്) ലഭ്യമാക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ്, ആര്‍.സി ബുക്ക് ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ. യാത്രയ്ക്ക് പരമാവധി 30,000 രൂപയാണ് അനുവദിക്കുക. അടങ്കല്‍ തുക 3,60,000 രൂപ. ഒക്‌ടോബര്‍ 29 വൈകീട്ട് അഞ്ചു വരെ http://www.etender.kerala.gov.in മുഖേന ദര്‍ഘാസ് സ്വീകരിക്കും. നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 8281999061.
ചെമ്പൈ സംഗീത കോളെജില്‍ സീറ്റൊഴിവ്
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ ഒന്നാം വര്‍ഷ ബി.എ മ്യൂസിക് കോഴ്‌സില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ക്യാപ്പ് രജിസ്‌ട്രേഷന്‍ ചെയ്ത് കോളെജിലെ അഭിരുചി പരീക്ഷയില്‍ പങ്കെടുത്തവര്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9496472832.
ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം 14 മുതല്‍
യുവാക്കളില്‍ സാങ്കേതിക സംരംഭകത്വം, നൈപുണ്യം വര്‍ധിപ്പിക്കുക വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യമിട്ട് വ്യവസായ വാണിജ്യവകുപ്പ് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബര്‍ 14 മുതല്‍ ആരംഭിക്കുന്ന പ്രോഗ്രാമില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) മെഷീന്‍ ലേണിങ് (എം.എല്‍), ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും ഉണ്ടാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അംഗീകൃത പദ്ധതിയായ ജനറേറ്റ് യുവര്‍ ബിസിനസ്സ്, സ്റ്റാര്‍ട്ട് യുവര്‍ ബിസിനസ്സ്, എന്നീ വിഷയങ്ങളില്‍ ഐ.എല്‍.ഒ. അംഗീകൃത ഫാക്കല്‍റ്റികളുടെ ക്ലാസ്സുകളും ലഭിക്കും.
25 സീറ്റുകളാണ് ഉള്ളത്. 50 ശതമാനം സീറ്റ് എസ്.സി/എസ്.ടി വനിത വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ 45 വയസ്സിന് താഴെയുള്ളവരും ബിരുദ യോഗ്യതയുള്ളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ വ്യവസായ കേന്ദ്രം, ഐ.ഐ.ടി. പാലക്കാട് എന്നിവിടങ്ങളിലായി സൗജന്യ പരിശീലനമാണ് നല്‍കുക. അപേക്ഷയും ആവശ്യ രേഖകളും സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം സിവില്‍ സ്‌റ്റേഷന് പിന്‍വശം പാലക്കാട് 678 001 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ നല്‍കണം.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള, 2022-2023 അധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍/എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കായി ധനസഹായത്തിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. ജാതി, വരുമാനം, അലോട്ട്‌മെന്റ് മെമ്മോ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 10 നകം സ്ഥാപന മേധാവിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 28 ന്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 28 ന് വൈകിട്ട് നാലിനകം കോളെജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
മലമ്പുഴ ദേശീയ മത്സ്യവിത്തുത്പാദന കേന്ദ്രത്തില്‍ മഝ്യങ്ങളുടെ പരിപാലനത്തിന് ആവശ്യമായ 0.5 എം.എം. (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്), 0.8 എം.എം (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്), 4 എം.എം (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ്) മത്സ്യത്തീറ്റ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ഒക്‌ടോബര്‍ 26 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും.
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 26 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.വി.ടി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഗവ. വിക്‌ടോറിയ കോളെജില്‍ സീറ്റൊഴിവ്
ഗവ. വിക്‌ടോറിയ കോളെജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നാം സെമസ്റ്ററില്‍ എസ്.ടി. വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. എസ്.ടി. വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി/ ഒ.ഇ.സി (യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട) വിദ്യാര്‍ത്ഥികളെ പരിഗണിക്കും. യൂണിവേഴ്‌സിറ്റി ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് മൂന്നിനകം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആക്ഷേപങ്ങള്‍ അറിയിക്കണം
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിലും panchayat.lsgkerala.gov.in/kannambrapanchayat ലും ലഭിക്കും. ആക്ഷേപങ്ങള്‍ ഒക്‌ടോബര്‍ 26 ന് ഉച്ചയ്ക്ക് രണ്ടിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ റെഗുലര്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 22 ന് കോളെജിലെ അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കില്‍ നടക്കും. അഡ്മിഷന്‍ ഷെഡ്യൂളുകളും വേക്കന്‍സി പൊസിഷനും www.polyadmission.org ല്‍ ലഭിക്കും. ഡി.വി, ടി.എച്ച്, ഇ.ഡബ്ല്യു.എസ് റാങ്ക് ലിസ്റ്റിലുള്ളവര്‍ ഒക്‌ടോബര്‍ 22ന് രാവിലെ ഒമ്പത് മുതല്‍ 10 വരെ അഡ്മിഷന്‍ എടുക്കണം. ഒന്നു മുതല്‍ 30,000 വരെ റാങ്ക് ലിസ്റ്റിലുള്ളവര്‍ രാവിലെ 10 മുതല്‍ 11 വരെ അഡ്മിഷന്‍ എടുക്കണം. പ്രവേശനം ലഭിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം (4500 രൂപ എ.ടി.എം കാര്‍ഡ് വഴി മാത്രം സ്വീകരിക്കും) എത്തണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ 3200 രൂപ കരുതണം (1000 രൂപ എ.ടി.എം വഴിയും 2200 കൈയിലും കരുതണം).
സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് സായാഹ്ന ഡിപ്ലോമ കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 25 ന് നടക്കും. ട്രയല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ അന്ന് രാവിലെ 10 മുതല്‍ 11 വരെ അഡ്മിഷന്‍ എടുക്കണം. വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും 20,000 രൂപയും (17,000 രൂപ എ.ടി.എം കാര്‍ഡ് വഴി സ്വീകരിക്കും, 3000 രൂപ കൈയിലും) കരുതണം. അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ കൂടെ രക്ഷിതാവിനെ കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ട്രയല്‍ ലിസ്റ്റില്‍ ഒഴിവ് വരുന്ന മുറയ്ക്ക് പുതുതായി കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹമുള്ളവര്‍ അന്നേദിവസം ഉച്ചയ്ക്ക് 12 ന് സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.