സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പും ജില്ലാ ആശുപത്രിയിലെ മെഡികെയേഴ്‌സും സംയുക്തമായി കോങ്ങാട് ചാത്തംകുളം കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോങ്ങാട് കോ-ഓപ്പറേറ്റീവ് ആശുപത്രി ഡോക്ടര്‍ പി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. ജീവിതശൈലി രോഗങ്ങളടക്കം തിരിച്ചറിയുന്നതിന് മെഡിക്കല്‍ ക്യാമ്പ് ആളുകള്‍ പ്രയോജനപ്പെടുത്തിയതായും ക്യാമ്പില്‍ 120 പേര്‍ പങ്കെടുത്തതായും അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി. കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി. പ്രദീപ്, പഞ്ചായത്തംഗം പി.വി അനില എന്നിവര്‍ പങ്കെടുത്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം: ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും നടന്നു
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, വിവിധ തരത്തിലുള്ള മരുന്നുകള്‍ എന്നിവ പരിപാടിയില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തില്‍ മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രരെ ഇല്ലാതാക്കുന്ന ഒരു സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണിതെന്ന് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി പറഞ്ഞു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാലിയേറ്റീവ് മരുന്ന് വേണ്ടവര്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവ സമയാധിഷ്ഠിതമായി എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവേഗപ്പുറ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടര്‍ എം.എസ്. ശ്രീകുമാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജീവിതശൈലി രോഗനിര്‍ണയവും അവശ്യ മരുന്നുകളുടെ സേവനവും ക്യാമ്പില്‍ ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ പങ്കെടുത്തു.
‘ഭാസുര’ സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും
ഗോത്രവര്‍ഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ ‘ഭാസുര’യുടെ രണ്ടാം വര്‍ഷ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 28) രാവിലെ 10.30ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. അട്ടപ്പാടി അഗളി പഞ്ചായത്ത് ഇ.എം.എസ്. ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാവും. ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മയെ പരിപാടിയില്‍ ആദരിക്കും.
ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദിവാസി/ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യധാന്യ വിതരണം സുഗമവും കാര്യക്ഷമവും ആക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗോത്രവര്‍ഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മയാണ് ഭാസുര. പരിപാടിയില്‍ അങ്കണവാടി അധ്യാപകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനവും നടക്കും.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.എസ് ശ്രീജ, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍മാരായ വി. രമേശന്‍, അഡ്വ. പി. വസന്തം, അഡ്വ. സബിത ബീഗം, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി. നീതു, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കൂടിക്കാഴ്ച നവംബര്‍ നാലിന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) മലയാളം മീഡിയം- 4 എന്‍.സി.എ ഷെഡ്യൂള്‍ഡ് ട്രൈബ്, (കാറ്റഗറി നമ്പര്‍ 328/2021) തസ്തികയില്‍ അര്‍ഹരായവരുടെ അഭിമുഖം പി.എസ്.സി എറണാകുളം ജില്ലാ ഓഫീസില്‍ നവംബര്‍ നാലിന് നടക്കും.
എല്ലാവര്‍ക്കും പ്രൊഫൈല്‍/ എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചക്ക് എത്തുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ടെത്തണം.
കല്‍പ്പാത്തി രഥോത്സവം: അവലോകന യോഗം ഒക്‌ടോബര്‍ 28 ന്
നവംബര്‍ ഏഴ് മുതല്‍ 17 വരെ ആഘോഷിക്കുന്ന കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗം ഒക്‌ടോബര്‍ 28 ന് വൈകിട്ട് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
ബി.സി.സി.പി.എന്‍, ബി.സി.സി.പി.എം കോഴ്സിലേക്ക് അപേക്ഷിക്കാം
ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നേഴ്സുമാര്‍ക്കുള്ള ബി.സി.സി.പി.എന്‍, ഡോക്ടര്‍മാര്‍ക്കുള്ള ബി.സി.സി.പി.എം കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി/എം.എസ്.സി/ജി.എന്‍.എം നേഴ്സിങ് യോഗ്യതയും കേരള ഗവ. നേഴ്സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും രജിസ്ട്രേഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും ബി.സി.സി.പി.എന്‍ കോഴിസിന് അപേക്ഷിക്കാം. ബി.സി.സി.പി.എം കോഴ്സിലേക്ക് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും എം.ബി.ബി.എസ് കഴിഞ്ഞ് രജിസ്ട്രേഷന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ട് കോഴ്‌സുകള്‍ക്കും 45 ദിവസമാണ് കാലാവധി. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 ന് വൈകീട്ട് നാലിനകം ബയോഡാറ്റയും അപേക്ഷയും ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ഒ.പിയില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗത്തില്‍ ലഭിക്കും.
തൃത്താല കോളെജില്‍ സീറ്റൊഴിവ്
തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഇ.ടി.ബി വിഭാഗത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ക്യാപ് ഐ.ഡി ഉള്‍പ്പെടെ ഒക്‌ടോബര്‍ 27 ന് ഉച്ചയ്ക്ക് 12 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അടങ്ങിയ അപേക്ഷ കോളേജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എന്‍ട്രന്‍സ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം
മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലന ധനസഹായത്തിനായി സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും പ്രമുഖസ്ഥാപനങ്ങളില്‍ പരിശീലനം നേടിയവരുമായ പട്ടികജാതി വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022-23 ല്‍ സയന്‍സ് വിഷയമെടുത്ത് നിലവില്‍ പ്ലസ് വണ്‍ പഠിക്കുന്നവരും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് ബി പ്ലസ് നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കുറവുള്ളവരും ആയിരിക്കണം. അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ്, ഇപ്പോള്‍ കോച്ചിങ് നടക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രസീത് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 15 നകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകക്കും ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.
കൊഴിഞ്ഞാമ്പാറ കോളെജില്‍ സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.എ. തമിഴ് വിത്ത് ഹിസ്റ്ററി ആന്‍ഡ് എക്കണോമിക്‌സ് കോഴ്‌സില്‍ സീറ്റൊഴിവ്. യൂണിവേഴ്‌സിറ്റി ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇന്ന് (ഒക്‌ടോബര്‍ 27) ഉച്ചക്ക് 12 നകം തമിഴ് വകുപ്പില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വിക്‌ടോറിയ കോളെജില്‍ സീറ്റൊഴിവ്
ഗവ. വിക്‌ടോറിയ കോളെജില്‍ എം.കോം, എം.എ. എക്കണോമിക്‌സ്, എം.എസ്.സി. സുവോളജി, മാത്തമാറ്റിക്‌സ്, ബി.എ. തമിഴ്, ഹിന്ദി വിഷയങ്ങളില്‍ എസ്.ടി. വിഭാഗത്തില്‍ ഓരോ ഒഴിവും ബി.എ. തമിഴിന് എസ്.സി വിഭാഗത്തില്‍ മൂന്ന് ഒഴിവും ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള കോളെജിന്റെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് (ഒക്‌ടോബര്‍ 27) രാവിലെ 11ന് അതാത് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.gvc.ac.in ല്‍ ലഭിക്കും. എസ്.ടി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ എസ്.സി വിദ്യാര്‍ത്ഥികളെയും എസ്.സി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ എസ്.ടി വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
ജനകീയം 2022: സംസ്ഥാനതല ക്വിസ് മത്സരം നാളെ
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം ‘ജനകീയം 2022’ നാളെ (ഒക്‌ടോബര്‍ 28) സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ക്വിസ് മത്സരം 24 ന്യൂസ് മുന്‍ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍ കുമാര്‍ നയിക്കും. അന്ന് ഉച്ചക്ക് 1.30 ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് സമ്മാനദാനം നിര്‍വഹിക്കും.