Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (27/10/2022)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്ന്‌

യോഗം ടോപ് ഇന്‍ ടൗണ്‍, സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്ന്‌ ( ഒക്ടോബര്‍ 28 ) രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ റോബിന്‍സണ്‍ റോഡിലുള്ള ടോപ് ഇന്‍ ടൗണ്‍, സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് എകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

 

തൊഴില്‍ തര്‍ക്ക കേസ് വിചാരണ

ജില്ലാ വ്യാവസായിക ട്രിബ്യൂണല്‍, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍
നവംബര്‍ 1,7,8,14,15,21,22,28,29 തീയതികളില്‍ ജില്ലാ റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഓ കോടതി) നവംബര്‍ 4,10 ന് പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും, നവംബര്‍ 18, 25 മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും, തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും, വിചാരണ ചെയ്യുമെന്ന് വ്യവസായിക ട്രൈബ്യൂണല്‍ അറിയിച്ചു.

 

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കുട്ടികളെ സംരക്ഷിക്കുന്ന ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിനായി ഗ്രാന്റ്-ഇന്‍ എയ്ഡ്-റൂള്‍സില്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം മുതലുള്ള ഗ്രാന്റ് അനുവദിക്കേണ്ടത് വനിതാ-ശിശു വികസന വകുപ്പാണ്. ഒ.സി.ബി, ജെ.ജെ രജിസ്ട്രേഷനുള്ള കുട്ടികളുടെ ക്ഷേമ സ്ഥാപനങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിനുള്ള അപേക്ഷ നവംബര്‍ അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിതാ-ശിശു വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ അറിയിച്ചു.

 

ഏജന്റ് മാരുടെ നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്ുമാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, സഹകരണ സൊസൈറ്റി കളക്ഷന്‍ ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകള്‍ ഉള്‍പ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

സാന്ത്വന ധനസഹായം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2013 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ, ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് 2002 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ഹാജരാക്കേണ്ടതാണ്. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസ്സില്‍ താഴെയുളള സ്ത്രീകള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

മണക്കടവ് വിയറില്‍ 1776.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 26 വരെ 1776.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 5473.80 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 110.95(274), തമിഴ്‌നാട് ഷോളയാര്‍ 5421.17(5392), കേരള ഷോളയാര്‍ 5210.10(5420), പറമ്പിക്കുളം 11627.27(17820), തൂണക്കടവ് 556.48(557), പെരുവാരിപ്പള്ളം 619.70(620), തിരുമൂര്‍ത്തി 1563.20(1935), ആളിയാര്‍ 3769.79(3864).

 

അഭിമുഖം ഒക്ടോബര്‍ 31 ന്

ഇംഗ്ലീഷ് പിഎച്ച്ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് മലപ്പുറം ഗവ. കോളെജില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് 1.30 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

സൈക്കോളജി അപ്രന്റീസ് നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തേക്ക് സൈക്കോളജിസ്റ്റ് താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ട് രാവിലെ 11ന് അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

ബഡ്‌സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരങ്ങള്‍ നാളെ

ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി ബഡ്‌സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരങ്ങള്‍ നാളെ(ഒക്ടോബര്‍ 29) രാവിലെ 10 മുതല്‍ പാലക്കാട് മേഴ്സി കോളേജില്‍ നടക്കും. ജില്ലാതല ബഡ്സ് ഫെസ്റ്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. രജിസ്ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് നിരഞ്ജന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ മനോജ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജ, സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം.വി മോഹനന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സുലോചന, കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ഡി റീത്ത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് എന്നിവര്‍ പങ്കെടുക്കും.

ലളിതഗാനം, നാടോടി നൃത്തം, നാടന്‍പാട്ട്, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, സംഘനൃത്തം, ഒപ്പന, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, എംപോസ് പെയിന്റിംഗ് എന്നീ മത്സരങ്ങള്‍ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 26 ബഡ്സ് സ്ഥാപനങ്ങളിലെ വിവിധ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

 

ഉപതെരെഞ്ഞെടുപ്പ്: നവംബര്‍ 9 ന് ഡ്രൈ ഡേ പ്രഖ്യാപിച്ചു

നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് പാലത്തറ, പുടൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കോലപ്പടി എന്നിവിടങ്ങളില്‍ നവംബര്‍ 08 മുതല്‍ 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

 

ഉപതെരെഞ്ഞെടുപ്പ്:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് പാലത്തറ, പുടൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കോലപ്പടി എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നവംബര്‍ 8, 9 തീയതികളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അവധി പ്രഖ്യാപിച്ചു.

 

മാരത്തോണ്‍ സംഘടിപ്പിക്കുന്നു

രാഷ്ട്രീയ ഏകതാ ദിവസുമായി ബന്ധപ്പെട്ട് നാളെ (ഒക്ടോബര്‍ 28)ന് രാവിലെ 6.30 ന് ഒലവക്കോട് ജംഗ്ഷന്‍ മുതല്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ വരെ മാരത്തോണ്‍ നടത്തുമെന്ന് കെ പി രണ്ടാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ (ട്രെയിനിങ്) അറിയിച്ചു. മാരത്തോണിന്റെ ഫ്‌ലാഗ് ഓഫ് കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റ് അങ്കിത് അശോകന്‍ ഐ.പി.എസ് നിര്‍വ്വഹിക്കും.

 

കൂടിക്കാഴ്ച

സംസ്ഥാന സഹകരണ യൂണിയന് കീഴില്‍ പാലക്കാട് കോളേജ് റോഡില്‍ ഉള്ള സഹകരണ പരിശീലന കോളേജില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. എച്ച്.ഡി.സി അല്ലെങ്കില്‍ എം.ബി.എ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 31ന് തിങ്കള്‍ രാവിലെ പത്തിന് സഹകരണ പരിശീലന കോളേജില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

കല്‍പ്പാത്തി രഥോത്സവം: അവലോകന യോഗം ഇന്ന്

നവംബര്‍ ഏഴ് മുതല്‍ 17 വരെ ആഘോഷിക്കുന്ന കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗം ഇന്ന് ( ഒക്ടോബര്‍ 28 ) വൈകിട്ട് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

 

ജനകീയം 2022: സംസ്ഥാനതല ക്വിസ് മത്സരം ഇന്ന്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം ‘ജനകീയം 2022’ നാളെ (ഒക്ടോബര്‍ 28) സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ക്വിസ് മത്സരം 24 ന്യൂസ് മുന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററും കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍ കുമാര്‍ നയിക്കും.ഉച്ചക്ക് 1.30 ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് സമ്മാനദാനം നിര്‍വഹിക്കും.

 

സ്‌പോട്ട് അഡ്മിഷന്‍

ഗവ.വിക്ടോറിയ കോളേജില്‍ ബിരുദ വിഭാഗ ഒഴിവുകളില്‍ സ്‌പോട്ട് അഡ്മിഷന്‍.താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് അസ്സലുമായി ഇന്ന്(ഒക്ടോബര്‍ 28ന്) രാവിലെ 10.30ന് വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

നിയുക്തി ജോബ് ഫെസ്റ്റ് 2022

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ഒക്ടോബര്‍ 29 ന് ശനിയാഴ്ച ഭാരത മാതാ കോളേജില്‍ വച്ച് നടക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.മുരുഗദാസ് ഉദ്ഘാടനം ചെയ്യും.ഇരുപതോളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ്, എന്നീ മേഖലകളില്‍ ആയിരത്തിലധികം ഒഴിവുകളുണ്ട്. താല്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഭാരതമാതാ കോളേജ് കൊഴിഞ്ഞാമ്പാറയില്‍ രാവിലെ 9 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

സീറ്റ് ഒഴിവ്

ചിറ്റൂര്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ പിജി കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. എം.സ്.സി ജോഗ്രഫി (പി.എച്ച് 1, സ്‌പോര്‍ട്‌സ് 1 )എം.എ ഫിലോസഫി (പി.എച്ച് 1, തമിഴ് 1) കോഴ്‌സുകളിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 28 ) ഉച്ചയ്ക്ക് ഒന്നിനകം അതത് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

ഗോവര്‍ധിനി കന്നുകുട്ടി പരിപാലന പദ്ധതി

കേരളശ്ശേരി വെറ്റിനറി ഡിസ്പെന്‍സറിയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന ഗോവര്‍ധിനി കന്നുകുട്ടി പരിപാലന പദ്ധതി കേരളശ്ശേരി ക്ഷീര സംഘം ഹാളില്‍ അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ.കെ.ജി അശോകന്‍ ഗോവര്‍ധിനി പദ്ധതി വിശദീകരിച്ചു.ജനിക്കുന്ന കന്നുകുട്ടികളെ തിരഞ്ഞെടുത്ത് ശാസ്ത്രീയ പരിചരണത്തിലൂടെ ഉല്‍പ്പാദനക്ഷമതയുളള പശുക്കളായി മാറ്റുകയാണ് ഗോവര്‍ധിനി പദ്ധതി.പദ്ധതി പ്രകാരം 50 ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം എ.രജനി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജിത, ക്ഷീരസംഘം പ്രസിഡന്റ് ഇ. ഉണ്ണികൃഷ്ണന്‍, വെറ്റിനറി ഡോക്ടര്‍ ഭാഗ്യലക്ഷ്മി, ക്ഷീരസംഘം കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!