Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (29/10/2022)

ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

പാലക്കാട് ജില്ലയിലെ കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് പാലത്തറ, അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കൊളപ്പടി എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും എട്ട്, ഒമ്പത് തീയതികളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അവധി പ്രഖ്യാപിച്ചു.

 

ഉപതിരഞ്ഞെടുപ്പ്: മൂന്നുദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് പാലത്തറ, അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കൊളപ്പടി എന്നിവിടങ്ങളില്‍ നവംബര്‍ എട്ട് മുതല്‍ 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നവംബര്‍ പത്തിന് രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും.

 

ലേലം നവംബര്‍ 16 ന്

പട്ടാമ്പി താലൂക്ക് തൃത്താല വില്ലേജിലെ ജിയോളജി റോയല്‍റ്റിയുടെ കീഴിലെ 2019/116/09 നമ്പര്‍ ആര്‍.ആര്‍.സിയിലെ കൂട്ടുകക്ഷികളായിരുന്നവരുടെ സര്‍വേ നമ്പര്‍ 58/12 ലുള്‍പ്പെട്ട 4.04 ആര്‍ സ്ഥലത്തിന്റെ ലേലം നവംബര്‍ 16 ന് രാവിലെ 11 ന് അതത് സ്ഥലങ്ങളില്‍ നടക്കുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 ന് നടക്കാനിരുന്ന ലേലമാണ് പ്രസ്തുത ദിവസം നടക്കുന്നത്.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15 നകം കോഴിക്കോട്ടെ (പിന്‍കോഡ്-673006) എരഞ്ഞിപ്പാലം ഹൗസ്‌ഫെഡ് കോംപ്ലക്‌സിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഓഫീസിലേക്ക് അയക്കണം.

വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ആണ് അയക്കേണ്ടത്. നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടി വരും. കൂടാതെ 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍, പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണം.

 

കോഴിവളം വില്‍പ്പനക്ക്

മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കിലോക്ക് മൂന്ന് രൂപ നിരക്കില്‍ കോഴിവളം ലഭ്യമാണ്. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ/ യു.പി.ഐ സഹിതം പ്രവൃത്തിദിവസങ്ങളില്‍ നേരിട്ടെത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ (പൗള്‍ട്രി ഫാം) അറിയിച്ചു.

 

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നവംബര്‍ രണ്ടിന് നടക്കും. അര്‍ഹരായവര്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത ദിവസം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടെത്തണമെന്ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

ലേലം നവംബര്‍ അഞ്ചിന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം.2 കാര്യാലയത്തിന്റെ കീഴില്‍ ഗവ. വിക്‌ടോറിയ കോളെജ്-കല്‍പ്പാത്തി റോഡില്‍ 0/600 കി.മീ. മുതല്‍ 1/200 കി.മീ. വരെയുള്ള മണ്ണ് കല്‍പ്പാത്തി പുതിയ പാലത്തിനു സമീപം നവംബര്‍ അഞ്ചിന് രാവിലെ 11 ന് പരസ്യ ലേലം ചെയ്യുന്നു. നിരതദ്രവ്യം 1500 രൂപ.

 

അഭിമുഖം നവംബര്‍ ഒന്നിന്

ചിറ്റൂര്‍ ഗവ: കോളെജ് ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം നടത്തുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുകയും ഗണിതശാസ്ത്ര വിഭാഗത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്ത അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347.

 

കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റണം

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ: സര്‍ക്കാര്‍ സംസ്‌കൃത കോളെജില്‍ 2016-17, 2017-18 വര്‍ഷങ്ങളില്‍ പ്രവേശനം നേടി കോഴ്‌സ് പൂര്‍ത്തീകരിച്ച് ടി.സി വാങ്ങിയവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്ത ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30 നകം കൈപറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഡെപ്പോസിറ്റിായി ഐഡന്റിറ്റി കാര്‍ഡ്, സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം കോളെജ് ഓഫീസില്‍ അപേക്ഷിക്കണം. അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ തുക സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് തിരിച്ചടക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

കൂടിക്കാഴ്ച നവംബര്‍ ഒന്നിന്

ജില്ലയില്‍ ഉപജില്ല അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് റിസോഴ്‌സ് അധ്യാപകര്‍ക്കായുള്ള കൂടിക്കാഴ്ച നവംബര്‍ ഒന്നിന് രാവിലെ 10 ന് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എന്‍.എസ്.ക്യു.എഫ് കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്) പാസായവര്‍ക്കോ അസ്സാപ്പിന്റെ എസ്.ഡി.ഇ (സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്) പരിശീലനം ലഭിച്ചവര്‍ക്കോ കൂടികാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

സാന്ത്വന ധനസഹായം: ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിനായി ഗസറ്റഡ് ഓഫീസറോ, ഗവ. മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് 2022 നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നല്‍കണം. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസ്സില്‍ താഴെയുളള സ്ത്രീകള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!