Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (8/11/2022)

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം ഇന്ന് മുതല്‍

ഉദ്ഘാടനം വൈകീട്ട് ആറിന്

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒമ്പത് മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷണ്‍ ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ ഒമ്പതിന് വൈകീട്ട് ആറിന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, രമ്യാ ഹരിദാസ്, എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.ടി.പി.സി. സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.എന്‍ സുബ്ബരാമന്‍, കണ്‍വീനര്‍മാരായ കെ.എന്‍ ലക്ഷ്മി നാരായണന്‍, പ്രകാശ് ഉള്ള്യേരി, പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി വിശ്വനാഥന്‍, വി. ജ്യോതി മണി, സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍, ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ കെ. രാമചന്ദ്രന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുന്നക്കുടി എം. ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും.

 

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്ഘാടനം നാളെ മന്ത്രി ആന്റണി രാജു നിര്‍വഹിക്കും

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം നവംബര്‍ 10 ന് വൈകിട്ട് 5.30 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. പരിപാടിയില്‍ കൊമേഴ്‌സ്യല്‍ സ്‌പേസിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഷീ സ്‌പേസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍വഹിക്കും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യാ ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 8.095 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, എ. പ്രഭാകരന്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി.പി സുമോദ്, കെ. പ്രേംകുമാര്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

കല്‍പ്പാത്തി രഥോത്സവം: 16 ന് പ്രാദേശിക അവധി

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.

 

പാലക്കാട് നഗരത്തിലെ ഗതാഗതകുരുക്ക്: പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം

പാലക്കാട് നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സ്‌റ്റേഡിയം സ്റ്റാന്‍ഡിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹന പാര്‍ക്കിങ്ങിന് ഉപയോഗപ്പെടുത്താന്‍ നഗരസഭയോട് നിര്‍ദ്ദേശിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. കൂടാതെ വഴിയോര കച്ചവടക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. പ്രസ്തുത വിഷയം ഗതാഗത ഉപദേശക സമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന വലിയങ്ങാടിയില്‍ ഗതാഗതക്കുരുക്ക് കൂടുതലായതിനാല്‍ പുതിയ സ്ഥലം കണ്ടെത്തി സ്‌റ്റേഷന്‍ മാറ്റുന്ന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. നടപടി സ്വീകരിക്കുന്നതിനായി പോലീസ് മേധാവിയെ അറിയിക്കുമെന്ന് ആര്‍.ഡി.ഒ ഡി. അമൃതവല്ലി യോഗത്തില്‍ അറിയിച്ചു.

കണ്ണാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്‍വശത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ഭാഗം പൊതുജന ആരോഗ്യ കാരണങ്ങളാല്‍ മാറ്റി കോണ്‍ക്രീറ്റ് നിര്‍മ്മിതമാക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. അകത്തേത്തറ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ ആവശപ്പെട്ടു. പാലക്കാട്-പൂടൂര്‍ റോഡില്‍ പിരായിരി ഭാഗത്ത് അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൊടുന്തിരപ്പുള്ളി-വെണ്ണക്കര സബ്‌സ്റ്റേഷന്‍ കനാല്‍ റോഡ് വീതി കൂട്ടി ബൈപ്പാസായി ഉപയോഗപ്പെടുത്താന്‍ പിരായിരി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചതായി ആര്‍.ഡി.ഒ യോഗത്തില്‍ അറിയിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജന്റെ അധ്യക്ഷതയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പില്‍, ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതിനിധി സുജിത് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. ശിവരാജേഷ്, മുജീബ്, കെ. ബഷീര്‍, എ. ഭാസ്‌കരന്‍, ശിവപ്രകാശ്, പാലക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ശ്രീധരന്‍, താലൂക്ക് ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

6 ബി രജിസ്‌ട്രേഷന്‍ പ്രകിയ: ജില്ലയില്‍ 50 ശതമാനം പൂര്‍ത്തിയായി

ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യവാപകമായി നടപ്പാക്കുന്ന 6 ബി രജിസ്‌ട്രേഷന്‍ പ്രകിയ ജില്ലയില്‍ 50 ശതമാനം പൂര്‍ത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ അനുമോദിച്ചു. നിലവില്‍ 6 ബി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കൂടുതല്‍ പരിശീലനം ആവശ്യമുണ്ടെങ്കില്‍ എല്ലാ താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചുയ. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് എല്ലാ വോട്ടര്‍മാരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അര്‍ഹരായ വോട്ടര്‍മാരുടെ ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംശുദ്ധ വോട്ടര്‍പട്ടിക തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് 6 ബി രജിസ്‌ട്രേഷന്‍ പ്രക്രിയ രാജ്യത്ത് നടപ്പാക്കുന്നത്.

 

ഓഫീസ് ശുചീകരണവും മാലിന്യനിര്‍മാര്‍ജ്ജനവും; യോഗം നാളെ

ഓഫീസ് ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫീസ് മേധാവികളെയും ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാളെ (നവംബര്‍ 10) ഉച്ചയ്ക്ക് 12.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

 

ജില്ലാതല കേരളോത്സവം സംഘാടക സമിതി യോഗം മാറ്റിവെച്ചു

ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് (നവംബര്‍ ഒമ്പത്) ചേരാനിരുന്ന ജില്ലാതല കേരളോത്സവം സംഘാടക സമിതി യോഗം മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതി: 20 വരെ അപേക്ഷിക്കാം

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ, ഡിപ്ലോമ തൊഴില്‍ അധിഷ്ഠിത കോഴ്‌സ് കഴിഞ്ഞ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഏകദിന റിഫ്രഷ്‌മെന്റ് കോഴ്‌സും ജോലി ചെയ്യാന്‍ ആവശ്യമായ തൊഴില്‍ ഉപകരണങ്ങളും വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന ഓഫീസില്‍ നിന്നും അപേക്ഷ മാതൃക ലഭിക്കും. ജാതി-വരുമാന-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഗ്രാമ /ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പദ്ധതിപ്രകാരം അനുബന്ധ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം നവംബര്‍ 20 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ആവശ്യമായ ഉപകരണത്തിന്റെ പേര്, ബ്രാന്‍ഡ്, വില, ഏത് രീതിയില്‍ ഉപകരണം ഉപയോഗിച്ച് ജോലി ചെയ്യാന്‍ സാധിക്കും എന്ന ലഘു വിവരണം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

 

ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭാധനരായ പട്ടികജാതിക്കാര്‍ക്ക് അതേ മേഖലയില്‍ പ്രവര്‍ത്തനം തുടരുന്നതിനായി പ്രതിഭാ പിന്തുണ പദ്ധതി പ്രകാരം ധനസഹായത്തിനായി അപേക്ഷിക്കാം. കലാകാരന്മാര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട മേഖലകളില്‍ കഴിവ് തെളിയിച്ചതിന്റെ സാക്ഷ്യപത്രം, ജാതി-വരുമാന-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പദ്ധതിപ്രകാരം ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ഇപ്പോഴും കലാരംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, പാസ്ബുക്ക്-ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 26 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ബ്ലോക്ക്/ ജില്ലാ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

 

ഷെല്‍ട്ടര്‍ ഹോമില്‍ കരാര്‍ നിയമനം: 15 വരെ അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പില്‍ വിധവാ സംഘം സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഹോംമാനേജര്‍, കൗണ്‍സിലര്‍, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പ്യൂണ്‍, കുക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഹോം മാനേജര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. 12,500 രൂപയാണ് പ്രതിമാസ ശമ്പളം. കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷം കൗണ്‍സിലിങ് മേഖലയില്‍ പ്രവര്‍ത്തിപരിചയം. പ്രായപരിധി 25 നും 45നും മധ്യേ. 10,500 രൂപയാണ് പ്രതിമാസ ശമ്പളം.

സെക്യൂരിറ്റി തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 നും 50 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം. ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 25 നും 45 നും മധ്യേ. 8500 രൂപയാണ് പ്രതിമാസ ശമ്പളം. പ്യൂണ്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. പ്രായപരിധി 25നും 45 മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം.

കുക്ക് തസ്തികയില്‍ എഴുതാനും വായിക്കാനും അറിയണം. താമസക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം. പ്രായപരിധി 25നും 55 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം. ഈ തസ്തികയിലേക്കെല്ലാമുള്ള അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 15 നകം വിധവാ സംഘം, കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കോളെജ് റോഡ്, പാലക്കാട് വിലാസത്തിലോ [email protected] ലോ അപേക്ഷിക്കണം. ഫോണ്‍: 9846517514.

 

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് മേഴ്‌സി കോളെജില്‍ ഡിസംബര്‍ മൂന്നിന് നിയുക്തി മെഗാ ജോബ് ഫെസ്റ്റ് നടത്തും. ബാങ്കിങ് അക്കൗണ്ടിങ്, നേഴ്‌സിങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഐ.ടി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഒഴിവ്. എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം സൗജന്യം. ഫോണ്‍: 0491 2505204, 0491 2505435.

 

അദാലത്ത് 11 ന്

പാലക്കാട് മെയിന്റനന്‍സ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി നവംബര്‍ 11 ന് രാവിലെ 10 ന് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം -2007 പ്രകാരമുള്ള പരാതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പ്രിസൈഡിങ് ഓഫീസര്‍ ആന്‍ഡ് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ നിലവിലെ കേസുകളും പുതിയ കേസുകളും പരിഗണിക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

 

ഗിരിവികാസില്‍ അധ്യാപക ഒഴിവ്: അപേക്ഷ 14 വരെ

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗിരിവികാസില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ നവംബര്‍ 14 നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും [email protected] ല്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും അയക്കണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ കൂടിയായ ഗിരിവികാസ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9961242055, 0491 2815589.

 

തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം നാളെ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും

തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ (നവംബര്‍ 10) ഉച്ചക്ക് 1.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത അധിക്ഷയാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. പരിപാടിയില്‍ തൊഴില്‍സഭ എന്ത്, എന്തിന് എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച എന്നിവ നടക്കും.

അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍, വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള തൊഴില്‍ നേടാന്‍ കഴിയാത്ത യുവാക്കള്‍ എന്നിവരെ കണ്ടെത്തി തൊഴില്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 4.24 ലക്ഷം പേരാണ് തൊഴില്‍ അന്വേഷകരായി രജിസ്റ്റര്‍ ചെയ്തത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കേരള നോളേജ് എക്കണോമി മിഷന്റെ നേതൃത്വത്തിലാണ് തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അതത് പ്രദേശങ്ങളിലാണ് തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം, ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍, ആയിരം പേരില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍, കുടുംബശ്രീ വഴിയുള്ള വിവിധ തൊഴില്‍ദായക പരിപാടികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് തൊഴില്‍ സഭകളിലൂടെ ചെയ്യുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും തൊഴില്‍സഭകള്‍ സഹായകരമാകും.

പരിപാടിയില്‍ തൊഴില്‍സഭ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ കെ.പി വേലായുധന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി കെ. സുരേഷ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി. സേതുമാധവന്‍, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാപഞ്ചായത്ത് അംഗം എം. ശ്രീധരന്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍ സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ഉദയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ലത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. കലാവതി, ഗ്രാമപഞ്ചായത്തംഗം എ. രമേശ്, കണ്ണാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

 

ധീര ആയോധന കല-കരാട്ടെ പരിശീലനം പെരുമാട്ടിയില്‍ തുടക്കമായി

നിര്‍ഭയ സെല്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധീര ആയോധന കല-കരാട്ടെ പരിശീലന പരിപാടിക്ക് പെരുമാട്ടിയില്‍ തുടക്കമായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വി.ജി അനുപമ ഉദ്ഘാടനം ചെയ്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സ്വയം പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധീര പദ്ധതി നടപ്പാക്കുന്നത്. 10 നും 15 നുമിടയില്‍ പ്രായമുള്ള 30 പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കരാട്ടെ പരിശീലക ഉഷയും സംഘവും കുട്ടികള്‍ക്ക് കരാട്ടെ ഡെമോണ്‍സ്ട്രേഷന്‍ നല്‍കി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ നന്ദിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ റീത മോള്‍ എന്നിവര്‍ സംസാരിച്ചു.

 

ജില്ലയില്‍ 40 ശതമാനം നെല്ല് സംഭരിച്ചു

ജില്ലയില്‍ 40 ശതമാനം നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 25000-ത്തോളം കര്‍ഷകരില്‍ നിന്നായി 35,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ചാക്കുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാവാതിരിക്കാന്‍ മില്ലുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മഴ മാറിയതോടെ നെല്ല് സംഭരണം വേഗത്തിലാക്കാന്‍ കഴിയുമെന്നും പി.എം.ഒ അറിയിച്ചു.

 

മംഗലം ഡാമില്‍നിന്നും ജലവിതരണം 10 മുതല്‍

രണ്ടാംവിള ഞാറ്റടി തയ്യാറാക്കുന്നതിന് മംഗലം ഡാമില്‍ നിന്നും ഇടത്-വലതുകര കനാലുകളിലൂടെ നവംബര്‍ 10 ന് രാവിലെ 10 മുതല്‍ നിയന്ത്രിത അളവില്‍ ജലവിതരണം നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രണ്ടാംവിള കൃഷിക്കായി മംഗലം ഡാമില്‍ നിന്നും വെള്ളം തുറക്കുന്നത് സംബന്ധിച്ച് കനാല്‍ സബ് ഡിവിഷന്‍ ആലത്തൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

 

വാക്ക് ഇന്‍ ഇന്റര്‍വ്യു 10 ന്

പാലക്കാട് മൃഗസംരക്ഷണവകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് നവംബര്‍ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ബി.വി.എസിയും എ.എച്ചും പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് വേണം. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

error: Content is protected !!