പാലക്കാട്: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ശേഷിയുള്ള അഗ്നിശമന സേനയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
അതിന്റെ ഭാഗമായി ഫയര്‍ ഫൈറ്റിങ് സ്യൂട്ട് ഉള്‍പ്പടെയുള്ള പ്രതിരോധത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സേനയുടെ ആധുനികവത്ക്കരണത്തിനും സേനക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി കഴിഞ്ഞ ബജറ്റില്‍ നല്ല തുക വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
30 പേരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ്
പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സേനയുടെ കീഴില്‍ 30 പേര്‍ അടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്ക് ഐ.ടി.ബി.പിയുടെ (ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) നേതൃത്വത്തില്‍ മൗണ്ടനിയറിങ് കോഴ്‌സുകള്‍, ട്രെയിനിങ് ഓണ്‍ ബേസിക് ഓപ്പണ്‍ വാട്ടര്‍ ഡൈവിങ്, അഡ്വാന്‍സ്ഡ് ഓപ്പറേഷനല്‍ സ്ട്രാറ്റജീസ്, അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ ആഭിമുഖ്യത്തില്‍ റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കുകളില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ടാക്‌സ് ഫോഴ്‌സ് വിപുലീകരിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം സംസ്ഥാനത്തുടനീളം ലഭ്യമാക്കുന്നതിനായി 2019 ലാണ് അഗ്നിശമനസേനക്ക് കീഴില്‍ സിവില്‍ ഡിഫന്‍സ് ടീം ആരംഭിച്ചത്. നിലവില്‍ 7000-ത്തോളം വളണ്ടിയര്‍മാര്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായി പരിശീലനം ലഭിച്ച് സേവനം ചെയ്യുന്നുണ്ട്. സിവില്‍ ഡിഫന്‍സില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സിവില്‍ ഡിഫന്‍സ് അഗങ്ങള്‍ക്ക് ഗംബൂട്ട്, ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ആംബുലന്‍സ്, എം.യു.വി. വാഹനങ്ങള്‍, കമ്മ്യൂണിക്കേഷന്‍-സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്.
സാമൂഹ്യ ബോധവത്ക്കരണം, മോക്ക് ഡ്രില്‍ എന്നിവയും സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രത ടീമുകള്‍ മനോഹരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വീടുകളില്‍ അഗ്നിബാധ കുറയ്ക്കുന്നതിനായി കുടുംബശ്രി മുഖേന നടപ്പാക്കുന്ന ഗൃഹസുരക്ഷ ക്ലാസുകളും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് 129 സ്റ്റേഷനുകള്‍ നിലവിലുണ്ട്. സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത എല്ലാ സ്റ്റേഷനുകള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി സ്വന്തമായി ഭൂമിയില്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വമാണ് പ്രധാനം എന്ന കാഴ്ചപ്പാടോടുകൂടിയാണ് പുതിയ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി സേനയെ നവീകരിക്കുന്നത്. അത്തരം കാഴ്ചപ്പാട് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ് ഇനിയുമത് ഭംഗിയായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അഗ്നിശമനസേന വിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്‍ വലിയ പ്രതിജ്ഞാബദ്ധതയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ജനങ്ങളോടുള്ള താത്പര്യം ഒരുഭാഗത്തും സേനയോടുള്ള പ്രത്യേക താത്പര്യം വേറൊരു ഭാഗത്തും ഇത് രണ്ടും കൂടെ ചേര്‍ന്നതിനാലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടനിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തസാഹചര്യം നേരിടുന്നതിനും അത് മറികടക്കുന്നതിനും നിലവില്‍ അഗ്നിശമനസേന സജ്ജമാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപിടുത്തം ഉണ്ടാവുമ്പോഴാണ് സാധാരണയായി അഗ്നിശമന സേനയെ ഓര്‍ക്കാറുള്ളത്. എന്നാല്‍ നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ വര്‍ഷങ്ങളില്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് അഗ്നിശമനസേന നടത്തിയത്. കോവിഡ്കാലത്ത് രോഗ പ്രതിരോധത്തിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതാണ് മയക്കുമരുന്ന്. സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഒന്നാംഘട്ട ക്യാമ്പയിന്‍ കഴിഞ്ഞു. രണ്ടാംഘട്ട ക്യാമ്പയിന്‍ തുടങ്ങുകയാണ്. അതിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ഉണ്ടാവണം.
കുട്ടികളെയാണ് മയക്കുമരുന്ന് പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളിലൂടെ നാടിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മയക്കുമരുന്നിനെ കാണണം. ഇതിനെതിരെ നല്ല രീതിയിലുള്ള പ്രതിരോധം തീര്‍ക്കാനാവണം. മയക്കുമരുന്ന് മുക്തനാടായി നമുക്ക് സംസ്ഥാനത്തെ മാറ്റാന്‍ കഴിയണം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി രണ്ട് കോടി ഗോളടിച്ച് കേരളത്തില്‍ മയക്കുമതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിശിഷ്ടാതിഥിയായും രമ്യഹരിദാസ് എം.പി മുഖ്യാതിഥിയായും പങ്കെടുത്തു. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ, പി.ഡബ്ല്യു.ഡി ജുഡീഷ്യല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി.എസ്. ദിലീപ് ലാല്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യപാല്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: പുതുതായി നിര്‍മ്മിച്ച കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.