സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്‌കാരം എത്തിച്ചത് സഹകരണ മേഖല: മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്‌കാരം എത്തിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി. അതിന്റെ ഭാഗമായി പൊതുമേഖലയും സഹകരണ മേഖലയും വലിയ രീതിയില്‍ ശക്തിപ്പെട്ടു. ഇതിനായി ഒട്ടേറെ നടപടികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വില്ലേജുകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യവസായം, വാണിജ്യം, ഉപഭോക്തൃ മേഖല തുടങ്ങിയ വിശാലമായ ശൃംഖല സഹകരണ മേഖലയുടേതായി കടന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നടപടികള്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചുവെന്നും അദ്ദേഹത്തിന്റെ ജന്മദിനമായ ശിശുദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് നൂറുകോടിയിലധികം ജനങ്ങള്‍ സഹകരണമേഖലയെ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് സഹകരണ പ്രസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയ്ക്ക് കൂടുതല്‍ ജനകീയ ബന്ധം ഉണ്ടായി. ഒരു സ്ഥാപനം ഏതെല്ലാം രീതിയില്‍ ജനാഭിമുഖ്യമുള്ളതാണെന്നും അഴിമതി രഹിതമായി പ്രവര്‍ത്തിക്കുന്നുവെന്നതിനും ഉത്തമ ഉദാഹരണമാണ് സഹകരണ പ്രസ്ഥാനങ്ങള്‍.
പ്രാരംഭദശയില്‍ സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ ഓരോ കൃഷിക്കാരുടേയും അടുത്തെത്തുന്ന പ്രവര്‍ത്തന രീതിയാണ് കൈക്കൊണ്ടത്. പിന്നീട് ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന രീതിയില്‍ മേഖല പടിപടിയായി ഉയര്‍ന്നു വന്നു. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം രൂപീകരിക്കുമ്പോള്‍ 3111 സംഘങ്ങളാണ് ഉണ്ടായിരുന്നത്. 66 വര്‍ഷം കൊണ്ട് അഞ്ചിരട്ടിയോളം വര്‍ധനവാണ് ഉണ്ടായത്. സഹകരണ മേഖലയുടെ ജനങ്ങളുമായുള്ള അഭേദ്യമായി ബന്ധം ഇതിലൂടെ വ്യക്തമാണ്. അപെക്‌സ്, ഫെഡറല്‍, സെന്‍ട്രല്‍, പ്രൈമറി തലങ്ങളില്‍ 77 തരം സംഘങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്കയാളുകളും ഇന്ന് സഹകരണമേഖലയില്‍ അംഗങ്ങളാണ്.
അടുത്തകാലത്ത് വന്ന ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി സഹകരണ സംഘങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നേരെ ചുമത്തുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണമാണ് ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളിലും ചുമത്തുന്നത്. കാര്‍ഷിക ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ഇന്‍കം ടാക്‌സ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റൊരു വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശരാശരി 10,000-ല്‍ അധികം അംഗങ്ങളുള്ള സഹകരണ സംഘങ്ങള്‍ക്ക് ഒരുമാസം പിന്‍വലിക്കേണ്ടി വരുന്ന തുക വളരെ വലുതായിരിക്കും. ഇതിന് ആനുപാതികമായി ഭാരിച്ച തുക നികുതിയായി നല്‍കേണ്ടിവരും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷനുകള്‍ക്കുള്ള തുക പിന്‍വലിക്കുമ്പോള്‍ രണ്ട് ശതമാനം നികുതി നല്‍കേണ്ടതായി വരുന്നു. ഇത് സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതിന് കാരണമാകും.
നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നവിധം കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചില പ്രത്യേക സംഘങ്ങള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാറിന്റെ ധനസഹായങ്ങള്‍ ചുരുക്കുന്ന സ്ഥിതിയുമുണ്ട്. സഹകരണ മേഖലയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്ക ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. 2015 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ 17 ശതമാനം ആയിരുന്നു സഹകരണ മേഖലയുടെ പങ്ക്. ഇപ്പോള്‍ അത് 10 ശതമാനത്തിലേക്ക് താഴ്ന്നു.
സഹകരണ മേഖലക്കെതിരെ സംഘടിതമായ നീക്കങ്ങളാണ് നടക്കുന്നത്. അതിനെതിരെ വലിയ ജാഗ്രത സമൂഹത്തില്‍ ഉണ്ടാകണം. അതോടൊപ്പം മേഖലയെ അഴിമതി രഹിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപണിയില്‍ സാധനങ്ങളുടെ വില ഉയരുമ്പോള്‍ അത് പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ മേഖല നടത്തി എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. രാജ്യം വലിയ വിലക്കയറ്റം നേരിടുമ്പോള്‍ സംസ്ഥാനത്ത് അതില്ലാതെ പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാരിനൊപ്പം സഹകരണ മേഖല ബഹുമുഖമായി ഇടപെടല്‍ നടത്തി.
സഹകരണ വകുപ്പിന്റെ ഭവന നിര്‍മ്മാണ പദ്ധതി കെയര്‍ ഹോമിലൂടെ 2091 വീടുകള്‍ ഇതുവരെ നിര്‍മ്മിച്ചു നല്‍കി. കോവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിന് വിദ്യാതരംഗിണി പദ്ധതിയില്‍ 90 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ വായ്പക്കാര്‍ക്ക് ആശ്വാസകരമാകുന്ന മൊറട്ടോറിയം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കി.
ദുര്‍ബല – പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സഹകരണ വകുപ്പ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാര്‍ക്ക് സഹകരണം സൗഹൃദം പദ്ധതിയില്‍ സഹകരണ ബാങ്കുകള്‍ മുഖേന 500 പേര്‍ക്ക് നാലു കോടി വായ്പ ലഭ്യമാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളും വകുപ്പ് നടപ്പിലാക്കി. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം, അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട് എന്നിവ നടപ്പിലാക്കി വരുന്നു. ഏകീകൃത ബ്രാന്‍ഡിങിലൂടെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വരുന്നു.
സംസ്ഥാനത്ത് എല്ലാ രംഗത്തും സഹകരണ മേഖല നിറഞ്ഞു നില്‍ക്കുകയാണ്. നിലവില്‍ 16,255 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12,000 സംഘങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2026-ഓടെ 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതില്‍ 20 ലക്ഷം തൊഴിലവസരം നൂതന സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ മേഖലയിലൂടെ ഒരു ലക്ഷം തൊഴില്‍ നേരിട്ട് നല്‍കുന്നു. കൂടാതെ ചെറുകിട-സൂക്ഷ്മ ഉത്പാദന മേഖലയില്‍ കച്ചവടങ്ങള്‍ക്ക് വായ്പ നല്‍കി. കൂടാതെ 56,279 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായ പരിപാടിയില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, പി.പി സുമോദ്, കെ.ഡി പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഹകരണ മേഖലയില്‍ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമജ്ഞരും പ്രമുഖ സഹകാരികളുമായി ആലോചിച്ച് കരട് നിയമം നിയമവകുപ്പിന് കൈമാറിക്കഴിഞ്ഞു. ക്യാബിനറ്റില്‍ വന്ന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും പ്രസ്തുത കരട് നിയമം സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ലക്ഷ്യം കൂടിയുണ്ട്. ഓരോന്നോ രണ്ടോ മൂന്നോ ജില്ലകളൊ കേന്ദ്രീകരിച്ച് സഹകാരികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം നിയമജ്ഞരുമായി ആലോചിച്ച് വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് കുറ്റമറ്റ നിയമം സഹകരണ മേഖലക്കായി പാസാക്കുമെന്ന് മന്ത്രി അറിയിച്ചു.
1904 ലാണ് ഇന്ത്യയില്‍ ആദ്യമായി സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിയമമുണ്ടായത്. പിന്നീട് വിവിധ സന്ദര്‍ഭങ്ങളില്‍ സഹകരണ മേഖലയില്‍ നിയമപരിഷ്‌കാരങ്ങള്‍ ഉണ്ടായി. 1969 ലെ നിയമപരിഷ്‌കാരങ്ങളാണ് ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നത്. അതിനുശേഷം പല ഘട്ടങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും സഹകരണ പ്രസ്ഥാനത്തിലെ തുടക്ക കാലഘട്ടത്തില്‍ തുടങ്ങിയ ചില നിയമപരിഷ്‌കാരങ്ങളാണ് ഇന്നും സഹകരണ മേഖലയെ മുന്നോട്ട് നയിക്കുന്നത്. ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ സമയോചിതവും സന്ദര്‍ഭോചിതവുമായി പരിഹരിക്കാന്‍ കഴിയാത്ത ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില ബാങ്കുകളില്‍ പത്തോ ഇരുപതോ കോടി നിക്ഷേപം ഉണ്ടായിരുന്ന കാലഘട്ടങ്ങളില്‍ തുടങ്ങിവച്ച നിയമപരിഷ്‌കാരങ്ങള്‍ ഇന്ന് 1600 കോടി നിക്ഷേപമുള്ള പ്രൈമറി സംഘങ്ങളുള്ള സന്ദര്‍ഭത്തില്‍ തികച്ചും അപര്യാപ്തമാണെന്ന് നമുക്കറിയാം. നോണ്‍ ക്രെഡിറ്റ് മേഖലയിലെ സംഘങ്ങളുടെ വൈവിധ്യവത്കരണത്തിന് പുറമെ വിവിധ തരത്തിലുള്ള ഉത്പാദന വിതരണ സംസ്‌കരണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു വരുന്ന പ്രവണത കാണുന്നുണ്ട്. ഇതിനെല്ലാം സഹായകരമായ സ്ഥിതിവിശേഷം സഹകരണ മേഖലയില്‍ ഉണ്ടാകണം. അതിന് ഇന്ന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
സഹകരണ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്കായി തയ്യാറാക്കിയ ലോഗോ പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ആദ്യ ലോഗോ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. സര്‍ഗ്ഗ സഹകരണ യൂണിയന്‍ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് ചെയര്‍മാന്‍മാരായ ഡോ. പി. ജയദാസ്, കെ.സുരേഷ്, കെ. സുരേന്ദ്രന്‍, കെ.ജി ബാബു, എം. പുരുഷോത്തമന്‍ എന്നിവരും ലോഗോ ഏറ്റുവാങ്ങി.
കാഞ്ഞിരപ്പുഴ ഡാം: ഇന്ന് മുതല്‍ ജലവിതരണം ആരംഭിക്കും
കാഞ്ഞിരപ്പുഴ ഡാമിന്റെ ഇടതുകര കനാലിലൂടെ ഇന്ന് (നവംബര്‍ 15) രാവിലെ 10 മുതല്‍ കൃഷി ആവശ്യത്തിന് ജലവിതരണം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പശുവളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പശുവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട് വരണം. താത്പര്യമുള്ളവര്‍ 0491-2815454, 9188522713 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ചെമ്പൈ മ്യൂസിക് ഫെസ്റ്റ്: 18 ന്
ചെമ്പൈ സംഗീത കോളെജില്‍ നവംബര്‍ 18 ന് ചെമ്പൈ മ്യൂസിക് ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു. കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തംബുരുവന്ദനം, വൃന്ദവാദ്യം, സംഗീതാരാധന, സംഗീതകച്ചേരി എന്നിവ നടക്കും.
മലമ്പുഴ ഇടത്-വലത്കര കനാല്‍ ഇന്ന് തുറക്കും
രണ്ടാം വിള കൃഷിക്കായി മലമ്പുഴ ഇടത്-വലത്കര കനാല്‍ ഇന്ന് (നവംബര്‍ 15) രാവിലെ 10 ന് തുറന്ന് നിയന്ത്രിത അളവില്‍ ജലവിതരണം നടത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പോത്തുണ്ടി മേഖലയില്‍ മഴയുള്ളതിനാല്‍ പോത്തുണ്ടി ഇടത്-വലത്കര കനാലിലൂടെ നിലവില്‍ വെള്ളം തുറന്ന് വിടില്ലെന്നും വീണ്ടും ഉപദേശക സമിതി യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മത്സ്യകൃഷി: വനിതകള്‍ക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് മത്സ്യസമ്പദ് യോജന 2022-23 പദ്ധതിയില്‍ ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ബയോഫ്ളോക്ക് മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് എസ്.സി, എസ്.ടി, ജനറല്‍ വിഭാഗം വനിതകള്‍ക്ക് അപേക്ഷിക്കാം. പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ല് നല്‍കുന്ന പക്ഷം ജനറല്‍ വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്സിഡി ലഭിക്കും.
താത്പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളുമായി നവംബര്‍ 20 ന് വൈകിട്ട് നാലിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട്-678651 വിലാസത്തില്‍ തപാലായോ, [email protected] ലോ നല്‍കണമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2815245.
പൂവന്‍കോഴി കുഞ്ഞുങ്ങള്‍ വില്‍പനക്ക്
മലമ്പുഴ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനം പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്. ഒന്നിന് അഞ്ച് രൂപയാണ് വില. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ ഗൂഗിള്‍ പേ/ യു.പി.ഐ പെയ്മെന്റ് സഹിതം പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടെത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9526126636, 8590663540.
ചിത്രരചനാ-പ്രശ്നോത്തരി മത്സരം
ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍-യു.പിതലം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ- പ്രശ്നോത്തരി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 26 ന് രാവിലെ 10 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗക്കാര്‍ക്ക് കാര്‍ഷിക പ്രശ്നോത്തരിയും യു.പി വിഭാഗക്കാര്‍ക്ക് ചിത്രരചനാ (ജലഛായം) മത്സരങ്ങളാണ് നടക്കുന്നത്.
ചിത്രരചനക്ക് ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ക്കും പ്രശ്നോത്തരിക്ക് കാര്‍ഷിക പ്രശ്‌നോത്തരിക്ക് രണ്ട് പേരടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. ജലഛായം വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. വരക്കാനുള്ള പേപ്പര്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ ഐ.ഡി കാര്‍ഡ്, സ്‌കൂളില്‍ നിന്നുള്ള സമ്മതപത്രം എന്നിവ കൊണ്ടുവരണം. താത്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകിട്ട് അഞ്ച് വരെ [email protected] ലോ 0491-2505455 ലോ രജിസ്റ്റര്‍ ചെയ്യണം.
ലോക പ്രമേഹ ദിനാചരണം
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, പാലക്കാട്-കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോങ്ങാട് വി.കെ.എസ് ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. പാലക്കാട് ആര്‍.എന്‍ ഹബ്ബ് അവതരിപ്പിച്ച സ്റ്റാന്‍ഡപ്പ് ഷോ, കോങ്ങാട് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രമേഹ പരിശോധന എന്നിവ നടന്നു.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി. അജിത് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എ. പ്രശാന്ത്, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിന്ദു, കോങ്ങാട് ഗാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശശിധരന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ സെല്‍വരാജ്, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. അമൃത, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിസിമോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ഗതാഗത നിയന്ത്രണം
ഉണ്ണിയാല്‍-എടത്തനാട്ടുകര റോഡില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിന് മുന്‍വശത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 15) മുതല്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
സംരംഭകത്വ വികസന പരിശീലനം 23 മുതല്‍
സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ സംരംഭകര്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ പി.എം.ഇ.ജി.പിയോ മറ്റ് പദ്ധതികള്‍ മുഖേനയോ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശീലന പരിപാടിയില്‍ മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 19 ന് വൈകിട്ട് നാലിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്-1 ല്‍ തപാലിലോ, [email protected] ലോ അപേക്ഷ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
പദ്ധതി രൂപീകരണ ജില്ലാതല യോഗം ഇന്ന്
ജില്ലാ സമഗ്ര ശിക്ഷാ കേരളം, നൈപുണി വികസന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 15) രാവിലെ 10 ന് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതി രൂപീകരണ ജില്ലാതല യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമ്മുണ്ണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി കവിത എന്നിവര്‍ മുഖ്യാതിഥികളാവും.
എസ്.ഡി.സി മേഖല കോ-ഓര്‍ഡിനേറ്റര്‍ ബി. അജയ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി. സുരേഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മലപ്പുറം ആര്‍.ഡി.സി സി. മനോജ് കുമാര്‍, എ.ഡി (വി.എച്ച്.എസ്.ഇ) എം. ഉബൈദുള്ള, ജില്ലാ ഡി.ഡി.ഇ പി.വി മനോജ് കുമാര്‍,് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, എച്ച്.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. കെ ജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. രാജേഷ് കുമാര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ആര്‍ മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ശിശുദിനാഘോഷം: റാലി സംഘടിപ്പിച്ചു
ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. മോയന്‍ എല്‍.പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് അംഗവും സംസ്ഥാന ശിശുക്ഷേമ സമിതി നോമിനിയുമായ പത്മിനി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
പരിപാടിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി ദേവിക പതാക ഉയര്‍ത്തി. ഇ. പത്മനാഭന്‍ സ്മാരക ഹാളില്‍ നടന്ന റാലിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് അര്‍ച്ചിത അധ്യക്ഷയായ പരിപാടിയില്‍ കുട്ടികളുടെ സ്പീക്കര്‍ അക്ഷയ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍. ശിവന്‍, ശിശുക്ഷേമ സമിതി ട്രഷറര്‍ കൃഷ്ണന്‍കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കുമാര്‍, പി.ടി രാഹേഷ് എന്നിവര്‍ പങ്കെടുത്തു.