Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (18/11/2022) : Part 2

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് പങ്കെടുക്കാന്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം

ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മേഴ്‌സി കോളെജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. 70-ഓളം സ്വകാര്യ സ്ഥാപനങ്ങളിലായി മൂവായിരത്തോളം ഒഴിവുകളാണുള്ളത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ടെക്‌നിക്കല്‍, ഐ.ടി, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലയിലുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ ഭാഗമാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in ല്‍ ഡിസംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204, 0491 2505435.

 

രേഖകള്‍ നല്‍കണം

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മിഷന്‍ മോഡ് കര്‍മ്മപദ്ധതിയുടെ ഭാഗമായി പട്ടയം ലഭിക്കുന്നതിന് പട്ടാമ്പി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന് ഭൂപരിഷ്‌കരണ പ്രത്യേക തഹസില്‍ദാര്‍ അറിയിച്ചു. കണ്ണിയംപുറം ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനിലുള്ള പട്ടാമ്പി ഭൂപരിഷ്‌കരണ പ്രത്യേക തഹസില്‍ദാരുടെ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. ഫോണ്‍: 0466 2244900.

 

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ 22 ന് ജില്ലയില്‍

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നവംബര്‍ 22 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തിന് ആലത്തൂര്‍ കിഴക്കഞ്ചേരി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം, 11.30 ന് കൊല്ലങ്കോട് സബ് ട്രഷറി ഉദ്ഘാടനം, ഉച്ചക്ക് 2.30 ന് കോട്ടായി കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഉദ്ഘാടനം, വൈകീട്ട് 3.30 ന് എലപ്പുള്ളി കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.

 

ജില്ലാതല കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 17 വരെ

201 അംഗ സംഘാടകസമിതി രൂപീകരിച്ചു

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 2022 ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തല മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 17 വരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ നടക്കും. ഈ വര്‍ഷത്തെ കേരളോത്സവം വിപുലമായി നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നാല് ലക്ഷവും സംസ്ഥാന യുവജന ബോര്‍ഡിന്റെ നാല് ലക്ഷവും ചേര്‍ത്ത് ആകെ എട്ട് ലക്ഷം രൂപയാണ് പരിപാടിക്കായി നീക്കിവെച്ചിരിക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ച് പരാതികള്‍ പരിഹരിക്കുമെന്ന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ഷെറിന്‍ ശ്രീലേഖ പറഞ്ഞു. ജില്ലാതല കേരളോത്സവത്തില്‍ കലാകായിക മത്സരങ്ങള്‍ക്ക് ഒന്നാം സമ്മാനം 750 രൂപയും രണ്ടാം സമ്മാനം 500 രൂപയും മൂന്നാം സമ്മാനം 300 രൂപയുമാണ്.

പരിപാടി നടത്തിപ്പിനായി ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും നഗരസഭ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയുടെ ചുമതലയുള്ള മറ്റ് യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കേരളോത്സവം സംഘടിപ്പിക്കുന്ന ജില്ലാ ഡിവിഷനിലെ അംഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ വര്‍ക്കിങ് ചെയര്‍മാന്മാരായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കലാമത്സരങ്ങളുടെ കണ്‍വീനറായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സ്പോര്‍ട്സ് കണ്‍വീനറായും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ജോയിന്റ് കണ്‍വീനറായും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കോ-ഓര്‍ഡിനേറ്ററായും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, യുവജന രാഷ്ട്രീയ സംഘടന ഭാരവാഹികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലയിലെ തെരഞ്ഞെടുത്ത യൂത്ത് ക്ലബ് പ്രസിഡന്റ്-സെക്രട്ടറിമാര്‍, കലാകായിക സ്ഥാപനങ്ങളുടെ മേധാവിമാര്‍, നെഹ്റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ ഭാരവാഹികള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, വിവിധ പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കിരീടം: ജില്ലയില്‍ വിജയോത്സവം നടത്തി

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ജില്ല ഓവറോള്‍ കിരീടം നേടിയതിന്റെ വിജയോത്സവം ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. പരിപാടി വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. 1383 പോയിന്റ് നേടിയാണ് ജില്ല കിരീടം നേടിയത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി മേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലയിലെ സ്‌കൂളുകള്‍ കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ ജില്ലയിലെ വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ് 100 പോയിന്റുമായി എട്ടാം സ്ഥാനവും 89 പോയിന്റുമായി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം സ്ഥാനവും നേടി.

ജില്ലയിലെ സ്‌കൂളുകള്‍ 17 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 19 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 14 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വിജയോത്സവത്തിന്റെ ഭാഗമായി പി.എം.ജി.എച്ച്.എസ് സ്‌കൂള്‍ പരിസരത്ത് നിന്ന് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര നടന്നു. പരിപാടിയില്‍ വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ശാസ്‌ത്രോത്സവം നോഡല്‍ ഓഫീസര്‍ പി. തങ്കപ്പന്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ആര്‍ മഹേഷ് കുമാര്‍, മോയന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ബിന്ദു, ഹെഡ്മിസ്ട്രസ് ഇന്ദു, ശാസ്ത്രക്ലബ് സെക്രട്ടറി ബിന്ദു, പ്രവര്‍ത്തിപരിചയം ജില്ലാ ക്ലബ്ല് സെക്രട്ടറി ശാന്തകുമാരന്‍, ഗണിത ക്ലബ് ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എസ്. ദാവൂദ്, പി.ടി.എ പ്രസിഡന്റ് ധന്യ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

കുട്ടികള്‍ക്കൊപ്പം സംവാദ സദസ് ഇന്ന്

വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ഇന്ന് ഉച്ചക്ക് രണ്ടിന് റോബിന്‍സണ്‍ റോഡിലുള്ള സായൂജ്യം റെസിഡന്‍സിയില്‍ കുട്ടികള്‍ക്കൊപ്പം എന്ന പേരില്‍ സംവാദ സദസ് നടത്തുന്നു. കുട്ടികളുടെ ബാലാവകാശ വാരാഘോഷം 2022 ന്റെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെയും തിരഞ്ഞെടുത്ത സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.സി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാണ് സംവാദ സദസ് നടത്തുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍, ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി അംഗം, എക്‌സൈസ് വകുപ്പ് പാലക്കാട് സി.ഐ പി.കെ സതീഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

മരം ലേലം 21ന്

പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം നം. 1 ഓഫീസ് പരിധിയിലെ പാലക്കാട്-പൊന്നാനി റോഡിലെ അത്താഴംപൊറ്റക്കാവ് ബസ് സ്റ്റോപ്പിന് മുന്‍വശത്തെ മഹാഗണി, മഴമരം, മഴമരത്തിന്റെ ശിഖരങ്ങള്‍, മേലാമുറി-പൂടൂര്‍-കോട്ടായി റോഡില്‍ പിരായിരി വില്ലേജ് ഓഫീസിന് സമീപത്തെ മഴമരം, പഴയ ദേശീയപാതയില്‍ കണ്ണാടി വില്ലേജ് ഓഫീസിന് സമീപത്തെ വാകമരത്തിന്റെ തടികള്‍, പാലക്കാട് -ചിറ്റൂര്‍ റോഡില്‍ കല്ലിങ്കല്‍ ജങ്ഷനിലെ വേപ്പ് മരത്തിന്റെ ശിഖരം എന്നിവ നവംബര്‍ 21 ന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 7012913334.

error: Content is protected !!