ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍
ആദിവാസി മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കവിഭാഗ ക്ഷേമ-ദേവസ്വം-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 2020-21 വര്‍ഷത്തെ വാര്‍ഷിക ഫണ്ടില്‍ ഉള്‍പ്പെടുത്തി വണ്ടാഴി ഗ്രാമപഞ്ചായത്ത് തളികക്കല്ല് ഊരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ്, പാലം, വീടുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് കാലത്ത് കുട്ടികളുടെ പഠനം തുടരാന്‍ സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. കണക്ടിവിറ്റി പ്രശ്‌നം നേരിട്ട സംസ്ഥാനത്തെ 1286-ഓളം ആദിവാസി മേഖലകളില്‍ പ്രാധാന്യം നല്‍കി 1030-ഓളം പ്രദേശങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കി. അവശേഷിക്കുന്ന ഇരുന്നൂറോളം പ്രദേശങ്ങളില്‍ കൂടി ഉറപ്പാക്കിയാല്‍ ഇന്ത്യയിലാദ്യമായി ആദിവാസി മേഖലയില്‍ പൂര്‍ണമായും കണക്ടിവിറ്റി ഉറപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.യാത്രാ സൗകര്യത്തിന് മികച്ച റോഡുകള്‍, വിദ്യാഭ്യാസം, ഉത്പാദനം, ആരോഗ്യ മേഖലകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കി അവരെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. ഭാവിയില്‍ ഉന്നത വിദ്യാഭ്യാസം നേടാത്ത കുട്ടികള്‍ ഉണ്ടാവരുത്. ഇതിന് പ്രമോട്ടര്‍മാര്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ ഉള്‍പ്പെടെ എത്തിക്കുകയാണ്. ആദിവാസി മേഖലയിലെ ജനങ്ങളെ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വളര്‍ച്ചക്കും ഉന്നമനത്തിനും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തോടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് സെയ്താലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിത മുരളീധരന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ബീന ഷാജി, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഊരുമൂപ്പന്‍ എസ്. നാരായണന്‍, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ.എ സാദിക്കലി, ജില്ലാ നിര്‍മ്മിതി കേന്ദ്രം സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ എസ്. ബിന്ദു, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
തളികകല്ലില്‍ 2.66 കോടി രൂപ ചെലവില്‍ 37 വീടുകള്‍
സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണത്തില്‍ 1.11 കോടി രൂപ ചെലവില്‍ പോത്തന്‍തോടിന് മുമ്പ് 154 മീറ്റര്‍ റോഡും ശേഷം 361 മീറ്റര്‍ റോഡും അധികമായി 160 മീറ്ററും ഉള്‍പ്പെടെ 675 മീറ്റര്‍ നീളത്തില്‍ റോഡും പോത്തന്‍തോടിന് കുറുകെ 21 മീറ്റര്‍ നീളത്തിലും 3.3 മീറ്റര്‍ വീതിയിലുമുള്ള പാലവുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതികേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തളികക്കല്ല് കോളനിയില്‍ 2.66 കോടി ചെലവില്‍ 37 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 7.2 ലക്ഷം രൂപയില്‍ 450 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓരോ കോണ്‍ക്രീറ്റ് റൂഫിങ് വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ലിവിങ് റൂം, അടുക്കള, സിറ്റൗട്ട്, ശുചിമുറി സൗകര്യങ്ങളും വൈദ്യുതി കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.
അട്ടപ്പാടിയില്‍ കോളനി വൈദ്യുതീകരണത്തിന് തുക അനുവദിച്ചു
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ വിദൂര ഊരുകള്‍ക്കായി മെഡിക്കല്‍ യൂണിറ്റ്, ആറ് കുറുംബ കോളനികള്‍ വൈദ്യുതീകരിക്കുന്നതിന് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി 4,94,48,000 രൂപയും അട്ടപ്പാടിയില്‍ എം.ആര്‍.എസ് വിപുലീകരണത്തിന് 1.25 കോടിയും അനുവദിച്ചതായും മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കാം
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.
വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.
കെ.എസ്.ആര്‍.ടി.സി പൈതൃക യാത്ര 27 ന്
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 27 ന് പൈതൃകയാത്ര സംഘടിപ്പിക്കുന്നു. പാലക്കാടന്‍ കലാ-സാംസ്‌ക്കാരിക പൈതൃകം യാത്രയിലൂടെ നേര്‍ക്കാഴ്ച്ചയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ചുവിളക്കില്‍ നിന്ന് രാവിലെ ഏഴിനാണ് സഞ്ചാരം ആരംഭിക്കുക. രാവിലെ 6.30 ന് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ജൈനക്ഷേത്രം, പൈതൃക മ്യൂസിയം, കുഞ്ചന്‍ സ്മാരകം എന്നിവ സന്ദര്‍ശിക്കും. വരിക്കാശ്ശേരി മനയിലെ വിഭവ സമൃദ്ധമായ സദ്യയും പാലക്കാടന്‍ തനത് കലകളുടെ പ്രദര്‍ശനവും യാത്രയുടെ ഭാഗമാണ്. 250 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പൈതൃക യാത്ര നടത്തുന്നത്. യാത്രയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 24 നകം 9947086128 ല്‍ ബുക്ക് ചെയ്യണം. 850 രൂപയാണ് ചാര്‍ജ്.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ.്ആര്‍.ടി.സി ജില്ലയില്‍ ഇതുവരെ 271 യാത്രകളാണ് നടത്തിയത്. അതില്‍ 193 യാത്രകള്‍ നെല്ലിയാമ്പതിയിലേക്കായിരുന്നു. 11,060 പേര്‍ പങ്കെടുത്ത യാത്രകളില്‍നിന്നായി ഒന്നരക്കോടി രൂപയിലേറെ വരുമാനം ലഭിച്ചിട്ടുണ്ട്. പൈതൃക യാത്രയ്ക്ക് പുറമെ നവംബര്‍ 30 ന് അമ്പതാമത് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും നടത്തുന്നുണ്ട്.
സോയില്‍ ഹെല്‍ത്ത് കാര്‍ഡിന് അപേക്ഷിക്കാം
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട വികസന ഘടകം 2.0 പദ്ധതിയുടെ ഭാഗമായി കരിമ്പുഴ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളില്‍ മണ്ണ് പരിശോധനയ്ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ആവശ്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 12, 13, 14, 15, 16, 17, 18 വാര്‍ഡുകളിലെയും തച്ചനാട്ടുകരയിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 11, 12, 14, 15, 16 വാര്‍ഡുകളിലെയും കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും കരിമ്പുഴ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഒ.ബി.സി വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവ/ ഗവ എയ്ഡഡ് കോളെജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയോ നഷ്ടപ്പെട്ട ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കുന്ന പദ്ധതിക്ക് www.egrantz.kerala.gov.in ല്‍ ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. പരമാവധി രണ്ടര ലക്ഷം രൂപയാണ് കുടുംബ വാര്‍ഷിക വരുമാനം. വിശദവിവരങ്ങളടങ്ങുന്ന വിജ്ഞാപനം www.bcdd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 25 മുതല്‍
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെ രാവിലെ 11.30 ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. ബന്ധപ്പെട്ട താലൂക്കിന്റെ പരിധിയില്‍ താമസിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. നവംബര്‍ 25 ന് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ഡിസംബര്‍ ഒന്നിന് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, ഡിസംബര്‍ ഒന്‍പതിന് ഒറ്റപ്പാലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ഡിസംബര്‍ 16 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, ഡിസംബര്‍ 23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ഡിസംബര്‍ 30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് അദാലത്ത്. ഫോണ്‍: 0491 2505309.
ഭരണഘടന ദിനാചരണം 26 ന്
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 26 ന് രാവിലെ 11 ന് എല്ലാ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു.
സെലക്ട് കമ്മിറ്റി യോഗം 24 ന്
സംസ്ഥാന നിയമസഭ 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം ഉത്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റി യോഗം നവംബര്‍ 24 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗത്തില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.
അടക്ക ലേലം: ഡിസംബര്‍ 21 ന്
സംസ്ഥാന ചരക്ക് സേവന നികുതി നിയമം 2017 വകുപ്പ് 130 പ്രകാരം ജില്ല ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും വാളയാര്‍ ക്യാമ്പ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള 24375 കിലോ ഗ്രാം തൂക്കം വരുന്ന അടക്ക ഡിസംബര്‍ 21 ന് രാവിലെ 11 ന് പാലക്കാട് ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ( ഇന്റലിജന്‍സ്) ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 50,000 രൂപ നിരതദ്രവ്യം കെട്ടിവക്കണം. ടെന്‍ഡറുകള്‍ വെള്ളക്കടലാസില്‍ എഴുതി മുദ്ര വച്ച കവറില്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പാലക്കാട് ജില്ലാ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സ്‌ക്വാഡ് 6 ന് ഡിസംബര്‍ 20 ന് വൈകിട്ട് മൂന്നിനകം നല്‍കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പാലക്കാട് അറിയിച്ചു. ഫോണ്‍ : 9447786390
ഐസ്‌ക്രീം സ്റ്റാള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ഡി.ടി.പി.സിയുടെ കീഴിലുള്ള വാടിക-ശിലാവാടിക ഉദ്യാനത്തിലെ ഐസ്‌ക്രീം സ്റ്റാള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവകാശം ഏറ്റെടുക്കുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. 50,000 രൂപയാണ് നിരതദ്രവ്യം. താത്പര്യമുള്ളവര്‍ നവംബര്‍ 29 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2538996.
ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 24, 25 തീയതികളില്‍
ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ രണ്ടാം ക്യാമ്പ് സിറ്റിങ് നവംബര്‍ 24, 25 തീയതികളില്‍ പാലക്കാട് എസ്.ബി.ഐ ജങ്ഷനില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള ഡി.ടി.പി.സി. കോമ്പൗണ്ടില്‍ നടക്കും. ഫോണ്‍: 0495 2365091.
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിലെ മെയില്‍ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍: 349/2016) തസ്തികയിലെ നിയമനത്തിനായി 524/2019/ഡി.ഒ.പി നമ്പര്‍ 2019 ഒക്‌ടോബര്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2022 ഒക്‌ടോബര്‍ രണ്ടിന് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഒക്‌ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പര്‍: 532/2013) തസ്തിക നിയമനത്തിനായി 205/2019/എസ്.എസ്.വി നമ്പറായി 2019 മാര്‍ച്ച് 29 ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2022 മാര്‍ച്ച് 28 ന് നിശ്ചിത കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ 2022 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
ഓംബുഡ്‌സ്മാന്‍ സിറ്റിങ് 23 ന്
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് നവംബര്‍ 23 ന് രാവിലെ 11 ന് വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നേരിട്ട് നല്‍കാമെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924 230157.