Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (22/11/2022)

പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

 

കാഞ്ഞിരപ്പുഴ ഡാം: ജലവിതരണം ഇന്ന് മുതല്‍

കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും കാര്‍ഷികാവശ്യത്തിനായി ഇന്ന് (നവംബര്‍ 23) രാവിലെ 10 മുതല്‍ വലത്കര കനാലിലൂടെ ജലവിതരണം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വിവിധ പഞ്ചായത്തുകളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

 

സാങ്കേതിക പരിശീലനം 26 ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ പാസായവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് വൈദ്യുതി ഭവന് സമീപം ഫൈന്‍ സെന്ററില്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് ലൈസന്‍സിങ് ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. വയര്‍മാന്‍ പ്രായോഗിക പരീക്ഷ പാസായവര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പാലക്കാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2972023 ലോ eipalakkad @gmail.com ലോ ബന്ധപ്പെടാം.

 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ബിരുദം (ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ്) ആണ് യോഗ്യത. ഡി.സി.എ/പി.ജി.ഡി.സി.എ, ടൈപ്പ് റൈറ്റിങ് ലോവര്‍ പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ഇ.സി.ജി. ടെക്‌നീഷ്യന് ഇ.സി.ജി. ടെക്‌നീഷ്യന്‍-ഡി.സി.ഇ.ടി ആണ് യോഗ്യത. വി.എച്ച്.എസ്.ഇ. ഇ.സി.ജി. ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2950400.

 

കെട്ടിടം പൊളിക്കുന്നതിന് ലേലം 29 ന്

കൊടുവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചതിനാല്‍ നിലവിലുള്ള പഴയ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്നതിന് നവംബര്‍ 29 ന് വൈകിട്ട് മൂന്നിന് കൊടുവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരസ്യലേലം നടത്തുന്നു. പരസ്യ ലേലത്തിന് പുറമേ മത്സരാധിഷ്ഠിത ക്വട്ടേഷനുകളും ക്ഷണിച്ചു. 3000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ നവംബര്‍ 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ലേലത്തിനുശേഷം ക്വട്ടേഷനുകള്‍ തുറക്കും. സബ് രജിസ്ട്രാര്‍ ഓഫീസ് വാടക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനുശേഷം ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് നല്‍കും. ഉത്തരവ് കിട്ടിയാല്‍ 15 ദിവസത്തിനകം കെട്ടിടം പൊളിച്ചു നീക്കണം. ക്വട്ടേഷനുകള്‍ സബ് രജിസ്ട്രാര്‍, കൊടുവായൂര്‍-678501 ല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ കൊടുവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍)അറിയിച്ചു. ഫോണ്‍: 0491 2505201.

 

അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ജില്ലാ പട്ടികജാതി വികസന ഓഫീസ് 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്‌കൂളുകളില്‍ നാല്, ഏഴ് ക്ലാസുകളില്‍ പഠിച്ചിരുന്ന (നിലവില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന) പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയത്തിലും ബി-യില്‍ കുറയാത്ത ഗ്രേഡുകള്‍ ലഭിച്ചവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാവാത്തവരും ആയിരിക്കണം. ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നാല്, ഏഴ് ക്ലാസുകളിലെ യോഗ്യത നേടുന്നതിന് ആവശ്യമായ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 30 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ മാതൃക ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ എസ്.സി വികസന ഓഫീസില്‍ ലഭിക്കുമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

 

മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകള്‍ ഏഴു ദിവസത്തിനകം നവീകരിക്കും

മലമ്പുഴ ഡിവിഷന് കീഴിലുള്ള പദ്ധതികളുടെ ബ്രാഞ്ച് കനാലുകള്‍ ഏഴുദിവസത്തിനകം നവീകരിച്ച് ജലവിതരണം ഉറപ്പാക്കാന്‍ മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ചുണ്ണാമ്പുതറയിലെ ശിരുവാണി ജലസേചന ഓഫീസ് ഹാളില്‍ എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്തില്‍ നിന്ന് ഒരു കോടി രൂപ ഡിപ്പോസിറ്റായി നല്‍കുകയോ ഫണ്ട് നല്‍കാമെന്ന കത്തിന്റെ ഉറപ്പിന്റെയോ അടിസ്ഥാനത്തില്‍ പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ജലസേചന വകുപ്പ് ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കും. അധികം വരുന്ന തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.

സബ് കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പഞ്ചായത്തുകള്‍ തനത് ഫണ്ട് ഉപയോഗിച്ച് നേരിട്ട് കരാറുകാരെ ഏല്‍പിച്ച് പൂര്‍ത്തിയാക്കണം. കാഡാ കനാലുകള്‍ കര്‍ഷകസംഘങ്ങള്‍ ഏറ്റെടുത്ത് വൃത്തിയാക്കണം. കനാലുകള്‍ വൃത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാള്‍ സുഗമമായി ജലവിതരണം നടത്താനാവുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലെ കനാലുകളില്‍ നവീകരണം ആരംഭിച്ചു

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലെ വാളയാര്‍, ഗായത്രി, ചിറ്റൂര്‍ പുഴ പദ്ധതിയില്‍ ഉള്‍പ്പെട്ട കനാലുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചു. ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ഒരാഴ്ചക്കകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാംവിളക്ക് ആവശ്യമായ ജലവിതരണം ആരംഭിക്കും.

യോഗത്തില്‍ വാളയാര്‍, ചുള്ളിയാര്‍, മീങ്കര ഡാമുകളിലെ ജലത്തിന്റെ അളവും രണ്ടാംവിളക്കുള്ള ജലവിതരണം സംബന്ധിച്ചും എന്‍ജിനീയര്‍ വിശദീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ് ഡിവിഷന് കീഴിലുള്ള കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!