Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (23/11/2022)

ശ്രീകൃഷ്ണപുരം കോളെജില്‍ സീറ്റൊഴിവ്: സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ എം.ടെക് കമ്പ്യൂട്ടേഷനല്‍ ലിംഗ്വസ്റ്റിക്‌സ്, ഇലക്ട്രിക്കല്‍ ഡ്രൈവ്‌സ് ആന്‍ഡ് കണ്‍ട്രോള്‍, റോബോട്ടിക്‌സ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (നവംബര്‍ 24) രാവിലെ 11 ന് കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. പ്രവേശന സമയത്ത് 7500 രൂപ ഫീസടക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447842699, 9633819294, 7012191470, 9846291490.

 

ഫലങ്ങള്‍ പറിച്ചെടുക്കുന്നതിന് ലേലം 25 ന്

ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അധികാര പരിധിയിലുള്ള നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഡിസംബര്‍ ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ 31 വരെ ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള അവകാശം നവംബര്‍ 25 ന് രാവിലെ 11 ന് ലേലം ചെയ്യും. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ 24 ന് വൈകീട്ട് നാല് വരെ ഓഫീസില്‍ സ്വീകരിക്കും. ലേലത്തിന് ശേഷം ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0492 3221523, 8086395116.

 

സാധനസാമഗ്രികളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടികളില്‍ ഇന്‍ഡോര്‍ മെറ്റീരിയല്‍ വാങ്ങുന്നതിന് ആവശ്യമായ സാധന സാമഗ്രികള്‍ (ജനറല്‍ വിഭാഗം, എസ്.സി.പി വിഭാഗം) വിതരണം ചെയ്യുന്നതിന് ഗവ അംഗീകൃത സ്ഥാപനമായ ആര്‍ട്ട്‌കോ (ആര്‍ട്ടിസന്‍സ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്)യുടെ വിവിധ ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്‍ഡോര്‍ പ്ലേ മെറ്റീരിയല്‍ വാങ്ങുന്നതിന് ജനറല്‍, എസ്.സി.പി കാറ്റഗറികള്‍ക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുമാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ നവംബര്‍ 30 ന് ഉച്ചക്ക് രണ്ടിനകം നല്‍കണം. അന്നേദിവസം ഉച്ചക്ക് 2.30 ന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മരുതറോഡ് ഗ്രാമപഞ്ചായത്തിന് സമീപമുള്ള ശിശു വികസന ഓഫീസുമായി ബന്ധപ്പെടാമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9188959766.

 

എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഡിസംബറില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി പാലക്കാട്-14 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491 2527425, 9495799308.

 

തൊഴില്‍മേള ഇന്ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഇന്ന് (നവംബര്‍ 24) രാവിലെ 10 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍മേള നടത്തുന്നു. മാനേജര്‍, അക്കൗണ്ടന്റ് കം ജി.എസ്.ടി ആന്‍ഡ് ഐ.ടി നോളജ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സെയില്‍സ് അസോസിയേറ്റ്‌സ് തസ്തികകളിലേക്കാണ് നിയമനം. മാനേജര്‍ തസ്തികയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് യോഗ്യത. പ്രായപരിധി 25 ന് മുകളില്‍. അക്കൗണ്ടന്റ് കം ജി.എസ്.ടി ആന്‍ഡ് ഐ.ടി നോളജ് തസ്തികയില്‍ ബി.കോം അല്ലെങ്കില്‍ എം.കോമാണ് യോഗ്യത. പ്രായപരിധി 23 ന് മുകളില്‍. അക്കൗണ്ടന്റ് അസിസ്റ്റന്റിന് ബികോമാണ് യോഗ്യത. പ്രായപരിധി 21 ന് മുകളില്‍. സെയില്‍സ് അസോസിയേറ്റ്‌സ് തസ്തികയില്‍ പ്ലസ് ടുവോ ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ആണ് യോഗ്യത. പ്രായപരിധി 18 നും 28 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രസീത് എത്തിക്കണം. ഫോണ്‍: 0491 2505435.

 

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കലക്ടറേറ്റിലുള്ള ജില്ലാ വികസന കമ്മിഷണര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഡിസംബര്‍ മുതല്‍ 12 മാസത്തേക്ക് ഒരു ബൊലേറോ (മഹേന്ദ്ര) വാഹനം പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നവംബര്‍ 26 ന് വൈകിട്ട് 3.30 നകം നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ കലക്ടറേറ്റിലെ ഡി. സെക്ഷനില്‍ ബന്ധപ്പെടാം.

 

കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം

കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സോഫ്റ്റ്വെയര്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനം. ഇതിനുപുറമേ പ്രോഗ്രാമിങ് ഇന്‍ ജാവ ആന്‍ഡ് ജെ2ഇഇ, പൈതോണ്‍ പ്രോഗ്രാമിങ് മുതലായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ജില്ലാ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണമെന്ന് കെല്‍ട്രോണ്‍ ഐ.ടി എഡ്യുക്കേഷന്‍ സെന്റര്‍ ജില്ലാ മേധാവി അറിയിച്ചു. ഫോണ്‍: 0491 2504599, 9188665545.

 

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

മലമ്പുഴ ഗവ വനിത ഐ.ടി.ഐയില്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ (എന്‍.സി.വി.ടി) പ്രവേശനം നേടിയ ട്രെയിനികള്‍ക്കും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്കും എന്‍ജിനീയറിങ് ഡ്രോയിങ്, പ്രാക്ടിക്കല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം. 170 രൂപയാണ് അപേക്ഷാ ഫീസ്. ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181.

 

ഫലങ്ങള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം. 1 ഓഫീസ് പരിധിയിലുള്ള മേലാമുറി-പൂടൂര്‍ കോട്ടായി, പറളി-മുണ്ടൂര്‍, കുഴല്‍മന്ദം-മങ്കര, കണ്ണാടി-കിണാശ്ശേരി, പാലക്കാട്-ചിറ്റൂര്‍, പുതുനഗരം-കിണാശ്ശേരി, തേങ്കുറുശ്ശി- പെരുവെമ്പ്, പാലക്കാട്-തത്തമംഗലം-പൊള്ളാച്ചി റോഡുകളുടെ അരികില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്ന അവകാശം എന്നെഴുതി അസിസ്റ്റന്റ് എന്‍ജിനീയര്‍, റോഡ് സെക്ഷന്‍ നം.1 ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ നവംബര്‍ 28 ന് വൈകിട്ട് നാലിനകം നല്‍കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പാലക്കാടിന്റെ പേരില്‍ എടുത്ത ആയിരം രൂപയുടെ ഡി.ഡിയും ക്വട്ടേഷനോടൊപ്പം നല്‍കണം. ക്വട്ടേഷനുകള്‍ നവംബര്‍ 29 ന് ഉച്ചയ്ക്ക് 12 ന് തുറക്കും. ഇ-മെയില്‍: [email protected].

 

ജില്ലാ കാര്‍ഷിക വികസനസമിതി യോഗം മാറ്റിവെച്ചു

ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് (നവംബര്‍ 24) ഉച്ചയ്ക്ക് 12 ന് നടത്താനിരുന്ന ജില്ലാതല കാര്‍ഷികവികസന സമിതി യോഗം മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.

error: Content is protected !!