Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (26/11/2022) : Part 1

സ്ട്രീറ്റ് ടൂറിസം; തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു

തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്സ് മാപ്പിങ് പൂര്‍ത്തിയായി. പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടന്‍ കലാകാരന്മാര്‍, നാടന്‍ കലകള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍, പുരാതന തറവാടുകള്‍, പുരാതന ആരാധനാലയങ്ങള്‍, പൈതൃക സ്ഥലങ്ങള്‍, ജലാശയങ്ങള്‍, നാടന്‍ ഭക്ഷണം-ഭക്ഷണശാലകള്‍, അന്യംനിന്ന് പോകുന്ന കലാസംസ്‌കാരങ്ങള്‍ എന്നിവ കണ്ടെത്തി അവയെ ടൂറിസം സാധ്യതകളായി പ്രയോജനപ്പെടുത്തുന്നതിനും അവയെ ടൂറിസം റിസോഴ്സ് ഡയറക്ടറി രൂപത്തില്‍ തയ്യാറാക്കി പ്രകാശനം ചെയ്യുന്നതിനുമാണ് ടൂറിസം റിസോഴ്സ് മാപ്പിങ് നടത്തിയത്.

ടൂറിസം സാധ്യതകള്‍ അടങ്ങുന്ന ടൂറിസം റിസോഴ്സ് ഡയറക്ടറിയുടെ കരടും തയ്യാറാക്കിയിട്ടുണ്ട്. സ്ട്രീറ്റ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പട്ടിത്തറ പഞ്ചായത്തില്‍ പഞ്ചായത്ത് തല ടൂറിസം വികസന സമിതി രൂപീകരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന ഹോംസ്റ്റേ, ഫാംസ്റ്റേ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍ എന്നീ ടൂറിസം മേഖലകളിലേക്ക് പഞ്ചായത്തിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അവര്‍ക്കുള്ള പരിശീലനം ഡിസംബറില്‍ ആരംഭിക്കും. വിവിധ സ്ട്രീറ്റുകള്‍ തിരിച്ചുള്ള എക്സ്പീരിയഷ്യല്‍ പാക്കേജുകള്‍ തയ്യാറാകുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ജില്ലയില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

എന്താണ് സ്ട്രീറ്റ് ടൂറിസം പദ്ധതി

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് ‘സ്ട്രീറ്റ് പദ്ധതി’. സസ്‌റ്റൈനബിള്‍ (സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന), റെസ്‌പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള), എക്സ്പീരിയന്‍ഷ്യല്‍ (അനുഭവഭേദ്യമായ), എത്നിക്ക് (പാരമ്പര്യ തനിമയുള്ള), ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.

പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസത്തിന്റെ വൈവിധ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ‘സ്ട്രീറ്റ്’ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ ഓരോ പ്രദേശത്തിന്റെയും ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവഭേദ്യം ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകള്‍ രൂപകല്‍പന ചെയ്താണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്തില്‍ നടപ്പിലാക്കണം. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തദ്ദേശവാസികളുടെയും പിന്തുണയോടുകൂടിയാണ് നടപ്പാക്കുന്നത്. മാര്‍ച്ച് 31 ന് തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കില്‍ ടൂറിസം-പൊതുമരാമത്ത്-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭ ഡബ്ല്യൂ.ടി.ഒയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം ഉപാധിയാക്കി ഗ്രാമീണ ജനതയ്ക്ക് വരുമാനം ഉണ്ടാക്കുക, നാടിന്റെ തനിമയും കലയും സംസ്‌കാരവും വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക, ടൂറിസം വികസനം പഞ്ചായത്തിലെ തദ്ദേശവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുക, നാടിന്റെ അന്യംനിന്ന് പോകുന്ന നാടന്‍കലകളെയും കലാകാരന്മാരെയും പ്രോത്സാഹനം നല്‍കി സംരക്ഷിക്കുക, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളിലൂടെ വിനോദസഞ്ചാരികള്‍ക്ക് പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരുടെ വീടുകള്‍/സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കി അതിലൂടെ അവര്‍ക്ക് വരുമാന മാര്‍ഗം ഉറപ്പുവരുത്തുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, കൃഷിയിടങ്ങള്‍ വിനോദസഞ്ചരികള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുക, സ്ത്രീ ശാക്തീകരണം, പ്രദേശത്തെ നാടന്‍ഭക്ഷണങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്നീ പ്രയോജനങ്ങള്‍ ലഭിക്കും.

 

പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

 

ആവേശമായി ഒറ്റപ്പാലം ബ്ലോക്ക്തല കേരളോത്സവം

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിച്ച് ഒറ്റപ്പാലം ബ്ലോക്ക്തല കേരളോത്സവം നടത്തുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടില്‍ നിന്നും 1.50 ലക്ഷം രൂപയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഒരു ലക്ഷം രൂപയും വകയിരുത്തിയാണ് കേരളോത്സവം നടത്തുന്നത്.

നവംബര്‍ 19 ന് കബഡി മത്സരത്തോടെയാണ് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. 26 ന് ചുനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും 27 ന് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലാമത്സരങ്ങളും നടക്കും. നവംബര്‍ 27 ന് കേരളോത്സവം സമാപിക്കും.

 

കുടിവെള്ള പദ്ധതി ഉദ്ഘാടനം

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എസ്.സി കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൊറ്റയില്‍ പടിഞ്ഞാറെ തൊടി കുടിവെള്ള പദ്ധതി ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. എസ്.സി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതിയിലൂടെ പ്രദേശത്തെ 30 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. നന്ദിനി, ബി. ഷാജിത എന്നിവര്‍ സംസാരിച്ചു.

 

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം

വടവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് സെപ്റ്റംബറിന് മുന്‍പുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഗുണഭോക്താക്കളും ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഗുണഭോക്താക്കളും 2023 ഫെബ്രുവരി 28 നകം പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സെക്രട്ടറി, വടവന്നൂര്‍ ഗ്രാമപഞ്ചായത്ത്, വടവന്നൂര്‍ പി.ഒ, പാലക്കാട്-678504 വിലാസത്തില്‍ നല്‍കണമെന്ന് വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0492 3215354, 9496047237.

 

കായഫലം എടുക്കുന്നതിന് ലേലം 29 ന്

പാലക്കാട് താലൂക്ക് എലപ്പുള്ളി 1 വില്ലേജില്‍ ശങ്കരനാരായണ അയ്യറില്‍ നിന്നും ഏറ്റെടുത്ത ബ്ലോക്ക് 41 റീ.സര്‍വ്വേ നമ്പര്‍ 198/3, 198/4 എന്നിവയില്‍ ഉള്‍പ്പെട്ട 0.90 ഏക്കര്‍ മിച്ചഭൂമിയിലെ 20 തെങ്ങുകളുടെയും കടപ്ലാവിന്റെയും കായഫലം എടുക്കുന്നതിനും പന വെട്ടുന്നതിനും ലേലം നടത്തുന്നു. നവംബര്‍ 29 ന് രാവിലെ 11.30 ന് വില്ലേജ് ഓഫീസിലാണ് ലേലം നടക്കുകയെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770.

 

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലുള്ള എല്‍.എ (കിഫ്ബി) സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കീഴിലുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന്റെ പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, മൈലേജ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരാര്‍ കാലയളവില്‍ സാധുവായിരിക്കണം. ഡ്രൈവര്‍ക്ക് നിയമാനുസൃതമായ ഡ്രൈവിങ് ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. പ്രതിമാസം പരമാവധി 2000 കിലോമീറ്റര്‍ ഓടുന്നതിനാണ് വാഹനം അനുവദിക്കുന്നത്. അധികമായി ഓടുന്ന ദൂരം അടുത്തമാസം കൂട്ടിച്ചേര്‍ക്കും. ക്വട്ടേഷന്‍ നവംബര്‍ 29 ന് രാവിലെ 11 നകം പാലക്കാട് എല്‍.എ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ നല്‍കണം. ക്വട്ടേഷന്‍ അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. ഫോണ്‍: 9447791477.

 

വാഹന ടെന്‍ഡര്‍ ക്ഷണിച്ചു

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലെ ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് തയ്യാറായിട്ടുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനങ്ങള്‍ മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി, സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ ഇന്‍ഡിഗോ, ഹോണ്ട അമേയസ് എന്നിവയിലേതെങ്കിലും ആയിരിക്കണം. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനമാകരുത്. ടെന്‍ഡര്‍ നവംബര്‍ 30 ന് വൈകിട്ട് നാലിനകം നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505541.

 

സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും 26 ന്

വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ 2022 വര്‍ഷത്തെ വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടിയുടെ ഭാഗമായി നവംബര്‍ 26 ന് സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും നടത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജിലന്‍സ് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ 12 വരെ ചിറ്റൂര്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ പാലക്കാട് ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെയും രണ്ട് പേരില്‍ കുറയാത്ത ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2505510.

 

ലോക എയ്ഡ്സ് ദിനാചരണം: സംഘാടകസമിതി യോഗം 28 ന്

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 28 ന് ഉച്ചയ്ക്ക് 12 ന് കലക്ടറുടെ ചേംബറില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേരുമെന്ന് ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാകും. ഫോണ്‍: 7593843506.

 

ഗവ പോളിടെക്‌നിക് കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ 28 ന്

പാലക്കാട് ഗവ പോളിടെക്‌നിക് കോളെജില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളില്‍ നവംബര്‍ 28 ന് രാവിലെ ഒന്‍പത് മുതല്‍ 10 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്മിഷന്‍ ഷെഡ്യൂളുകളും ഒഴിവുകളും www.polyadmission.org ല്‍ ലഭിക്കും. സ്ഥാപന-ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം (4500 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ) എത്തണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3200 രൂപ ഫീസ് നല്‍കണം (1000 രൂപ എ.ടി.എം വഴിയും 2200 രൂപ കൈയിലും കരുതണം).

കോളെജില്‍ സായാഹ്ന ഡിപ്ലോമക്ക് ഒഴിവുള്ള മെക്കാനിക്കല്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 28 ന് രാവിലെ 10 മുതല്‍ 11 വരെ നടക്കും. ട്രയല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 20,000 രൂപയും (17,000 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ. 3000 രൂപ കൈയിലും കരുതണം). സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിയോടൊപ്പം രക്ഷിതാവും ഉണ്ടാവണം. ട്രയല്‍ ലിസ്റ്റില്‍ ഒഴിവ് വരുന്നതിനനുസരിച്ച് കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം ഉച്ചക്ക് 12 ന് സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

 

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2022: ജില്ലാതല ഉദ്ഘാടനം 25 ന്

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2022-ന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 25 ന് രാവിലെ 10.30 ന് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിശിഷ്ടാതിഥിയാകും. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, യുവക്ഷേത്ര ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ റവ. ഡോ. മാത്യു വഴയില്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍,മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി നസീമ, ഗ്രാമപഞ്ചായത്ത് അംഗം കെ. സുജാത, യുവക്ഷേത്ര കോളെജ്‌ പ്രിന്‍സിപ്പാള്‍ അഡ്വ. ഡോ. ടോമി ആന്റണി, റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വകുപ്പ് നടപ്പാക്കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്, സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട സ്‌കിറ്റ് എന്നിവ നടക്കും. ക്യാമ്പയിന്‍ ഡിസംബര്‍ 10 ന് സമാപിക്കും.

 

കാര്‍ഷിക യന്ത്രപ്രവര്‍ത്തനത്തില്‍ പരിശീലനം

സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ തൊഴില്‍രഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്/ ഡീസല്‍ മെക്കാനിക്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി/മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിങ്/മെക്കാനിക് ട്രാക്ടര്‍) ട്രേഡുകളില്‍ കോഴ്‌സ് പാസായവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 ല്‍ വാട്ട്‌സ്ആപ്പിലോ അല്ലെങ്കില്‍ ഇ-മെയിലോ ലഭിക്കും.

 

കലണ്ടര്‍ വില്‍പ്പന ആരംഭിച്ചു

അച്ചടി വകുപ്പിന് കീഴില്‍ ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫോറം സ്റ്റോറില്‍ 2023 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ ലഭ്യമാണ്. ഒരെണ്ണത്തിന് 44 രൂപയാണ് വില. 10 കലണ്ടര്‍ വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ ഫോറം ഓഫീസര്‍ അറിയിച്ചു.

 

പാഠ്യപദ്ധതി പരിഷ്‌ക്കരണം: ജില്ലാതല ചര്‍ച്ച ഇന്ന്

സംസ്ഥാനത്തെ പാഠ്യപദ്ധതി ജനകീയ ചര്‍ച്ചയുടെ ഭാഗമായി ജില്ലാതല ചര്‍ച്ച ഇന്ന് (നവംബര്‍ 25) രാവിലെ 10 മുതല്‍ പറളി ബി.ആര്‍.സിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാര്‍ത്ഥി യുവജന സംഘടന പ്രവര്‍ത്തകര്‍, അധ്യാപക സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

ആക്രി വസ്തുക്കള്‍ വില്‍പ്പന: ലേലം 30 ന്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലുള്ള ആക്രി വസ്തുക്കള്‍ (നെറ്റ്, 20 ലിറ്റര്‍ ക്യാന്‍-155 എണ്ണം, അഞ്ച് ലിറ്റര്‍ ക്യാന്‍-35 എണ്ണം, മറ്റുള്ളവ) വില്‍ക്കുന്നതിനായി നവംബര്‍ 30 ന് വൈകിട്ട് മൂന്നിന് പരസ്യലേലം നടത്തുന്നു. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 04924 254392.

 

മണക്കടവ് വിയറില്‍ 2852.46 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 നവംബര്‍ 23 വരെ 2852.46 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 4397.54 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-109.70 (274), തമിഴ്‌നാട് ഷോളയാര്‍-5407.15 (5392), കേരളാ ഷോളയാര്‍-5006.20 (5420), പറമ്പിക്കുളം-11,472.08 (17,820), തുണക്കടവ്-527.35 (557), പെരുവാരിപ്പള്ളം-580.99 (620), തിരുമൂര്‍ത്തി-1635.72 (1935), ആളിയാര്‍-3804.83 (3864).

 

പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു

പട്ടാമ്പി താലൂക്കില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് ഡിസംബര്‍ എട്ടിലേക്ക് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു. പട്ടാമ്പി മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30 ന് അദാലത്ത് നടക്കും. ഫോണ്‍: 0491 2505309.

 

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 12 നകം നല്‍കണം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിലവില്‍ ജോലി ചെയ്തുവരുന്നതുമായ തൊഴിലാളികളെ 2023 ജനുവരി ഒന്ന് മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഈ വര്‍ഷം പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവരും പുതുതായി രജിസ്റ്റര്‍ ചെയ്തവരും ഡിസംബര്‍ 12 നകം പ്രൊപ്പോസല്‍ ഫോറം എത്തിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 0491 2515765.

error: Content is protected !!