പാലക്കാട്: മുതുതല ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനുളള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്ജിനായി പരിപാടിയില്‍ അധ്യക്ഷനായ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. ശിലാസ്ഥാപനം അനാഛാദനം നിര്‍വഹിച്ചു. 1996-97 വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആരോഗ്യകേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്ന മുതുതല പഞ്ചായത്ത് ഭരണ സമിതിയുടെയും ജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ 2018 ല്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുതല പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നെങ്കിലും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നേരിടുന്ന പല പരിമിതികള്‍ മൂലം പദ്ധതി പൂര്‍ണ്ണാവസ്ഥയില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതിനെല്ലാം പരിഹാരമാണ് പുതിയ കെട്ടിടമെന്നും അദ്ദേഹം പറഞ്ഞു.
മുതുതല സെന്ററില്‍ നിര്‍മ്മിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി മുതുതല അണ്ണേകോട്ടില്‍ പരേതനായ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ ഭാര്‍ഗ്ഗവി പെരുമ്പ്രനേശ്യാര്‍ സൗജന്യമായി 25 സെന്റ് സ്ഥലം നല്‍കുകയായിരുന്നു. മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. യുടെ ശ്രമഫലമായി ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ ചിലവിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് കെട്ടിടത്തിന്റെ നിര്‍മ്മണ ചുമതല.
799.00 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടത്തില്‍ ഫാര്‍മസി , മൂന്ന് കൗണ്ടറുകള്‍, ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, ഇഞ്ചക്ഷന്‍ റൂം, ഡ്രസ്സിങ്ങ് റൂം, ഐസൊലേഷന്‍ റൂം, ലോബി അനുബന്ധ ശുചി മുറി, ഫിസിയോതെറാപ്പി യൂണിറ്റ്, മിനി ഓപ്പറേഷന്‍ തിയറ്റര്‍, ഓഫീസ്, ശ്വാസ് ആശ്വാസ്, വാക്‌സിനേഷന്‍, പാലിയേറ്റീവ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ , ലാബ്, മെഡിക്കല്‍ ഓഫീസ് ,ഡൈനിംങ്ങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സ് റൂം, പുരുഷന്‍മാര്‍ക്കും,സ്ത്രീകള്‍ക്ക ഡ്രസിംഗ് റൂം, അനുബന്ധ ശുചി മുറി, വാഷ് ഏരിയാ,സ്റ്റയര്‍ റൂം സൗകര്യങ്ങളും ഉണ്ട്.
പരിപാടിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ ഭാര്‍ഗ്ഗവി പെരുമ്പ്രനേശ്യാരെ ആദരിച്ചു. ശിലാസ്ഥാപനത്തിന്റെ അനാച്ഛാദനം മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മുകേഷ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍. നീരജ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈമ ഉണ്ണികൃഷ്ണന്‍, കെ ബിന്ദു, മുതുതല പഞ്ചായത്തംഗങ്ങളായ പി.എം ഉഷ, ബുഷറ സമദ്, ടി ചന്ദ്രമോഹന്‍ ,മെഡിക്കല്‍ ഓഫീസര്‍ ആര്‍.രഞ്ജിത്ത്, കൊപ്പം പി.എച്ച്.സി. സൂപ്രണ്ട് വി. സി. ഗീത, ഡോ.കെ വേണുഗോപാല്‍, സിനി ആര്‍ടിസ്റ്റ് അനൂപ് കൃഷ്ണന്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം. നീലകണ്ഠന്‍, വി.സി. സുഗതകുമാരി, മുതുതല പഞ്ചായത്ത് സെക്രട്ടറി സി.പി. സുരേഷ് കുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എ.ഇ പി.വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ-മുതുതല ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാന അനാച്ഛാദനം മന്ത്രി വീണാ ജോര്‍ജ്ജിനായി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ഭാര്‍ഗവി പെരുമ്പ്രനേശ്യാര്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ് തുടങ്ങിയവര്‍ സമീപം.