നൂതന ആശയമുണ്ടോ..? ഡ്രീം വെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം
ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം
നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഓരോ ആശയങ്ങളും നിങ്ങളുടേയും നാടിന്റെയും ഭാവി തന്നെ മാറ്റിമറിക്കുമെന്നും അത്തരത്തില്‍ ഒന്നാണ് ഡ്രീംവെസ്റ്റര്‍ മത്സരമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്ല്യം ജോണ്‍ പറഞ്ഞു. ആകെ 20 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരത്തില്‍ നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്ന് ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം, നാല് മുതല്‍ 10 വരെയുള്ള സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 25 വരെയുള്ള സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും.
18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു ആശയം സമര്‍പ്പിക്കാം. ഡ്രീംവെസ്റ്റര്‍ നൂതനാശയ മത്സരത്തില്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആകര്‍ഷകമാണെങ്കില്‍ അവ സ്വപ്നങ്ങളായി അവസാനിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം (ഓഫീസ് സ്‌പേസ്, ഫ്രീ വൈ-ഫൈ, ഐഡിയ ഉത്പന്നമാക്കി മാറ്റാനുള്ള സപ്പോര്‍ട്ട്), മെന്ററിങ് പിന്തുണ (നിങ്ങളുടെ പ്രോജക്ടില്‍ സംശയങ്ങളുണ്ടെങ്കില്‍ ആ മേഖലയിലുള്ള വിദഗ്ധരുടെ സഹായത്തോടെ ഉണ്ടാകുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കല്‍), സീഡ് കാപ്പിറ്റല്‍ സഹായം (സംരംഭകന്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ സ്വന്തമായി ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളായ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുഖേന ഫണ്ട് ലഭിക്കാന്‍ വേണ്ട സപ്പോര്‍ട്ട് നല്‍കുന്നു), വിപണിബന്ധങ്ങള്‍ (സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും മാര്‍ക്കറ്റിങ് അസിസ്റ്റന്‍സിലൂടെ കയറ്റുമതിക്കും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു) എന്നീ സഹായങ്ങള്‍ ലഭിക്കും.
ഈ നാട് സംരംഭക സൗഹൃദമായി വളരുമ്പോള്‍ സംരംഭകരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പരിപാടിയായി ഡ്രീംവെസ്റ്റര്‍ മത്സരം മാറുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് ഡ്രീംവെസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ വേരൂന്നിക്കൊണ്ട് വിജയകരമായ കൂടുതല്‍ സംരംഭങ്ങള്‍ സ്ഥാപിക്കാനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സംരംഭകരെ സര്‍ക്കാര്‍ സഹായിക്കും. നൂതന ആശയങ്ങള്‍ www.dreamvestor.in ല്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ. ബാബു, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹസിന്‍, എ. പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, പി.പി സുമോദ്, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, മേഴ്‌സി കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ഗിസല ജോര്‍ജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, കോഴിക്കോട് എംപ്ലോയ്‌മെന്റ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രമ എന്നിവര്‍ പങ്കെടുക്കും.
70-ഓളം സ്വകാര്യ സ്ഥാപനങ്ങളിലായി മൂവായിരത്തോളം ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന്‍ സൗജന്യമാണ്. ടെക്നിക്കല്‍, ഐ.ടി, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലയിലുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ ഭാഗമാകും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, ഡിഗ്രി, പി.ജി, ഐ.ടി, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in ല്‍ ഡിസംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204, 0491 2505435, 8848641283.
ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നത് രണ്ട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍
സാധാരണ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പുറമേ കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്വിഫ്റ്റ് ബസുകളാണ് പാലക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.
പാലക്കാട്-ബെംഗളൂരു, പാലക്കാട്-മംഗലാപുരം സര്‍വീസുകളാണ് നിലവിലുള്ളത്. സൂപ്പര്‍ഫാസ്റ്റിന് മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളാണ് സ്വിഫ്റ്റ് ബസുകള്‍. ഡീലക്‌സ്, സ്‌കാനിയ പോലെ ആധുനിക സംവിധാനങ്ങള്‍ ഉള്ള ബസുകള്‍ ആണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്. കഴിഞ്ഞ മെയ് മാസം മുതലാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത്. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് രാത്രി ഒന്‍പതിനും മംഗലാപുരത്തേക്ക് രാത്രി 9.20 നും സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് അറിയിച്ചു. യാത്രക്കാര്‍ക്കായി ലഘുഭക്ഷണവും ബസില്‍ വിതരണം ചെയ്യുന്നുണ്ട്. enteksrtc ആപ്പ് മുഖേനയും keralartc.com ലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ബജറ്റ് ടൂറിസം: 50-ാമത് നെഫര്‍റ്റിറ്റി യാത്ര ഇന്ന്
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 50-ാമത് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഇന്ന് (നവംബര്‍ 30) നടക്കും. ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെ 50 യാത്രകള്‍ സംഘടിപ്പിച്ച ആദ്യ യൂണിറ്റായി പാലക്കാട് മാറും. ഇത്രയും യാത്രകളിലായി 2007 പേരാണ് അറബിക്കടലിന്റെ ഓളപ്പരപ്പില്‍ യാത്ര ചെയ്തത്. നെഫര്‍റ്റിറ്റി യാത്രകളിലൂടെ മാത്രം 70 ലക്ഷം രൂപ പാലക്കാട് സെല്‍ സമാഹരിച്ചു.അടുത്ത യാത്രകള്‍ ഡിംസംബര്‍ 12, 19, 27 തീയതികളിലും ന്യൂഇയര്‍ സ്‌പെഷല്‍ യാത്ര ഡിസംബര്‍ 31 നും നടക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍ അറിയിച്ചു. ഫോണ്‍: 9947086128.
ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം ഡിസംബര്‍ ഒന്നിന്
ജില്ലാതല ജലശുചിത്വ മിഷന്‍ യോഗം ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഫോണ്‍: 04923296655.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സിന് സാമ്പത്തിക സഹായം
തൊഴിലധിഷ്ഠിത/പ്രവര്‍ത്തിപര/സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്നതും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തതുമായ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും ഡിസംബര്‍ 24 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശാരീരിക അളവെടുപ്പും കാര്യക്ഷമത പരീക്ഷയും ഡിസംബര്‍ മൂന്ന് മുതല്‍
വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 092/2022, 093/2022) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കാര്യക്ഷമത പരീക്ഷയും ഡിസംബര്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയന്‍ പോലീസ് ഗ്രൗണ്ടില്‍ രാവിലെ അഞ്ച് മുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വിജ്ഞാപനത്തില്‍ നല്‍കിയ മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കണം. അന്നേദിവസം ജില്ലാ പി.എസ്.സി ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
പഠനസഹായത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പഠനസഹായത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2022 ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കന്‍ഡറി പഠനത്തിനോ മറ്റു റെഗുലര്‍ കോഴ്‌സിനോ ബിരുദം, ബിരുദാനന്തര ബിരുദം, ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സുകള്‍, മെഡിക്കല്‍/എന്‍ജിനീയറിങ്/പാരാമെഡിക്കല്‍/നഴ്‌സിങ് ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍, എം.ബി.എ/എം.സി.എ കോഴ്‌സുകള്‍, മറ്റ് ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നോ ട്രേഡ് യൂണിയന്‍ ഭാരവാഹികളില്‍ നിന്നോ അപേക്ഷഫോറം ലഭിക്കും. ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തുന്നവരുടെ മക്കളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. രക്ഷിതാക്കളില്‍ അച്ഛനും അമ്മയും ക്ഷേമനിധി അംഗമാണെങ്കില്‍ ഒരാള്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ എന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505170.
പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കാം
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.
വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.
കെല്‍ട്രോണ്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ള ഒരു വര്‍ഷത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ, ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്ക്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു. ഫോണ്‍: 0491 2504599, 9847597587.
കോളെജ് ട്രാന്‍സ്ഫര്‍ ഒഴിവ്
ഗവ. ചിറ്റൂര്‍ കോളെജില്‍ ഡിഗ്രി നാലാം സെമസ്റ്ററിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ രണ്ടിന് ഉച്ചക്ക് മൂന്നിനകം കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.എസ്.സി ഫിസിക്‌സില്‍ ഓപ്പണ്‍ വിഭാഗം-ഒന്ന്, ഇ.ടി.ബി വിഭാഗം-ഒന്ന്, എസ്.സി വിഭാഗം-ഒന്ന്, ഇ.ഡബ്ല്യു.എസ്-ഒന്ന്, സ്‌പോര്‍ട്‌സ്-ഒന്ന്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ് ഓപ്പണ്‍-രണ്ട്, ബി.എസ്.സി മാത്ത്‌സ് ഓപ്പണ്‍-രണ്ട്, ഇ.ടി.ബി-ഒന്ന്, ബി.എ ഇംഗ്ലീഷ് ഓപ്പണ്‍-ഒന്ന്, ഇ.ടി.ബി-രണ്ട്, എസ്.ടി-ഒന്ന്, പി.എച്ച്-രണ്ട്, ബി.എ ഇക്കണോമിക്‌സ് ഓപ്പണ്‍-രണ്ട്, ടി.എല്‍.എം-ഒന്ന്, ബി.എ. തമിഴ് എസ്.സി-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. ഫോണ്‍: 8078042347.
ക്വിസ് പ്രസ് മധ്യമേഖലാ മത്സരം ഡിസംബര്‍ രണ്ടിന്
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം ഡിസംബര്‍ രണ്ടിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളെജില്‍ നടക്കും. ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50,000 രൂപയാണ് രണ്ടാം സമ്മാനം. മികവ് പുലര്‍ത്തുന്ന നാല് ടീമുകള്‍ക്ക് 10,000 രൂപ വീതം നല്‍കും. മേഖലതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5000 രൂപ എന്നിങ്ങനെയും ലഭിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് മധ്യമേഖലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.
മത്സരാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് രാവിലെ 8.30 ന് മത്സര വേദിയില്‍ എത്തണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.keralamediaacademy.org സന്ദര്‍ശിക്കുകയോ 9447225524, 9633214169 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
പി.എസ്.സി അഭിമുഖം ഡിസംബര്‍ ഒന്‍പതിന്
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) 305/2022 കാറ്റഗറി നമ്പര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2022 ഏപ്രില്‍ 28 ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേരും ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0491 2505398.
ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാം: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ്. http://srccc.in/download ല്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447399019) നടക്കുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 8281114464.
കല്ലിങ്കല്‍പ്പാടം സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം ഇന്ന്
കണ്ണമ്പ്ര കല്ലിങ്കല്‍പാടം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം ഇന്ന് (നവംബര്‍ 30) സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിന് പി.പി സുമോദ് എം.എല്‍.എ നിര്‍വഹിക്കും. പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി അധ്യക്ഷയാകും. എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ശുചിമുറി സമുച്ചയം, ക്ലാസ് റൂം ഫര്‍ണിച്ചറുകള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസിങ് ഔട്ട് ചെയ്യുന്നത്.
പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി, ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, വാര്‍ഡംഗം ശേഖരന്‍ മാസ്റ്റര്‍, പാലക്കാട് ഡി.ഇ.ഒ പ്രസീത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ബിജു, സ്‌കൂള്‍ പ്രധാനാധ്യാപിക എസ്. ലത, പി.ടി.എ പ്രസിഡന്റ് എ.സി ബിജു, എസ്.എം.ഡി.സി ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ. മഹേഷ്, വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എ. ആദംഖാന്‍ എന്നിവര്‍ പങ്കെടുക്കും.
എസ്.എസ്.സി പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.സി കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷാ പരിശീലനത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ സി.ഡി.സിയില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0492 3223297.
സൗജന്യ നെറ്റ് പരിശീലനം
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം സി.ഡി.സിയില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0492 3223297.