Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (2/12/2022)

ലോക ഭിന്നശേഷി ദിനാഘോഷം ഇന്ന് (ഡിസംബര്‍ 3) ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാഘോഷം ഇന്ന് (ഡിസംബര്‍ 3) പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പ്രതിഭകളെ ആദരിക്കും. ദിനാചരണ സന്ദേശവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബി.എം. പ്രതാപ് ചന്ദ്രന്‍, എല്‍ എസ് ജിഡി ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികള്‍ ഇതോട് അനുബന്ധിച്ച് സംഘടിപ്പിക്കും. രാവിലെ 8.30 ന് കലാകായിക പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനാകും.

 

ലഹരി വിരുദ്ധപ്രചാരണ വാഹന റാലി ഇന്ന് (ഡിസംബര്‍ 3 )പത്തനംതിട്ടയില്‍

ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചാരണ വാഹന റാലി ഉണര്‍വ് 2022 ഇന്ന് (ഡിസംബര്‍ 3) രാവിലെ 10.30 ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വാഹന റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതോട് അനുബന്ധിച്ച് സ്‌കേറ്റിംഗ്, ഫ്‌ളാഷ് മോബ്, ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് കാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യസന്ദേശം നല്‍കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ നിര്‍വഹിക്കും. റോഡ് സുരക്ഷ സന്ദേശം ആര്‍റ്റിഒ എ.കെ. ദിലു നല്‍കും.

 

ഗസ്റ്റ് അധ്യാപക അഭിമുഖം

പൈനാവ് ഐഎച്ച്ആര്‍ഡി യുടെ മോഡല്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ ലക്ചറര്‍ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതാത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്‍പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റ സഹിതം ഇ-മെയില്‍ ആയി അയയ്ക്കണം. ഇ-മെയില്‍ : [email protected]. അവസാന തിയതി ഡിസംബര്‍ ഏഴ്. ഫോണ്‍: 04862 297617, 9495276791, 8547005084.

 

വാസ്തുവിദ്യാ ഗുരുകുലം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

വാസ്തു വിദ്യാഗുരുകുലം സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സീനിയര്‍ പ്രൊഫസറും സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ടെക്നോളജീസ് ചെയര്‍മാനുമായിരുന്ന പ്രൊഫ. ബി. വി. വെങ്കിട്ടരാമ റെഡി സെമിനാര്‍ നയിച്ചു. ആറന്മുള സത്രം പിഡബ്ല്യുഡി റെസ്റ്റ്ഹൗസില്‍ സെമിനാറിന് ശേഷം കോണ്‍ക്രീറ്റ് ഖരമാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ പുതിയ കെട്ടിടവും നിര്‍മാണ സാമഗ്രികളും കാണുന്നതിനുള്ള ഫീല്‍ഡ് വിസിറ്റും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ, സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യയില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുക, പാരമ്പര്യ വാസ്തുവിദ്യാ പരിപോഷണം, കേരളീയ ചുവര്‍ ചിത്രപൈതൃക സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാഗുരുകുലം.

സുസ്ഥിരനിര്‍മാണവിദ്യയില്‍ എഐസിറ്റിഇ ധനസഹായത്തോടെ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വാസ്തുവിദ്യാഗുരുകുലത്തില്‍ ആരംഭിക്കുകയാണ്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഒരു മെറ്റീരിയല്‍ ലബോറട്ടറിയും ഇവിടെ സജ്ജമായി വരുന്നു.

സെമിനാറില്‍ വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയര്‍ പി.പി.സുരേന്ദ്രന്‍, സീനിയര്‍ സയന്റിസ്റ്റ് വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. സമീപ ജില്ലകളിലെയുള്‍പ്പെടെ പത്തോളം എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ദേശീയ സെമിനാറില്‍ പങ്കെടുത്തു.

 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (എന്‍.സി.എ- എസ്.റ്റി) (കാറ്റഗറി നമ്പര്‍. 113/2019) തസ്തികയുടെ 26/11/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 18/2022/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

റിംഗ് കമ്പോസ്റ്റ് അനുവദിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ 420 ഗുണഭോക്താക്കള്‍ക്ക് ജൈവമാലിന്യ സംസ്‌കരണത്തിന് 3750 രൂപ വിലയുളള റിംഗ് കമ്പോസ്റ്റ് അനുവദിച്ചു. താത്പര്യമുളള ഗുണഭോക്താക്കള്‍ അപേക്ഷയും ഗുണഭോക്തൃ വിഹിതമായി 375 രൂപയും ഡിസംബര്‍ 15 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

സംരംഭകത്വ വികസന പരിശീലന പരിപാടി

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു. മിനിമം യോഗ്യത: പത്താം ക്ലാസ്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ തെരഞ്ഞെടുക്കും. താത്പര്യമുളളവര്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത. തൊഴില്‍ പരിശീലനം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, കുടുംബ വാര്‍ഷിക വരുമാനം എന്നിവ രേഖപ്പെടുത്തണം) പത്തനംതിട്ട ജില്ലാ ഓഫീസില്‍ ഡിസംബര്‍ എട്ടിനകം സമര്‍പ്പിക്കണം. മേല്‍വിലാസം : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍, പണിക്കന്റത്ത് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, പിന്‍ 689 645. ഫോണ്‍ : 8281552350, ഇ-മെയില്‍ [email protected].

 

ജില്ലാതല കേരളോത്സവം: മത്സരിക്കാന്‍ അവസരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പത്തനംതിട്ട ജില്ലാതല മത്സരം ഡിസംബര്‍ 9,10,11 തീയതികളില്‍ കൊടുമണ്‍ പഞ്ചായത്തില്‍ നടക്കും. ദേശീയ യുവോത്സവ ഇനങ്ങളായ ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം(ലൈറ്റ്), ഗിത്താര്‍ എന്നിവയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ള 2023 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായ യുവതി, യുവാക്കള്‍ ഇനി പറയുന്ന വിലാസത്തില്‍ ഡിസംബര്‍ ഏഴിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിലാസം – ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645, ഫോണ്‍ -0468-2231938, 9847545970, 7025824254.

 

ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ്

മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.

 

അടൂരിന് രണ്ടും പന്തളത്തിന് ഒന്നും പുതിയ വണ്ടികള്‍ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒപ്പം തീര്‍ഥാടകരുടെ എണ്ണം അനുസരിച്ച് അധിക സര്‍വീസുകള്‍ അനുവദിക്കുന്നതിന് ബന്ധപെട്ട എറ്റിഒയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. നിലവില്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം ഉള്ളതിനാല്‍ നിലവിലുള്ള ജീവനക്കാരെ വച്ചാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഇന്റര്‍വ്യു കഴിഞ്ഞ സാഹചര്യത്തില്‍ ഏഴാം തീയതിയോടെ അവരെ നിയമിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയതായി അനുവദിച്ച അധിക സര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.

 

കോന്നി താലൂക്ക് വികസന സമിതി യോഗം ഇന്ന് (ഡിസംബര്‍ 3)

കോന്നി താലൂക്ക് വികസന സമിതി യോഗം ഇന്ന് (ഡിസംബര്‍ 3) രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

 

ഓവര്‍സീയര്‍ നിയമനം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതി നടത്തിപ്പിനായി ഒരു ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. അവസാന തീയതി ഡിസംബര്‍ 20 ന് വൈകുന്നേരം മൂന്നു വരെ. ഫോണ്‍ : 0468 2362037.

 

ചന്ദന തടി ചില്ലറ വില്‍പ്പനയ്ക്ക്

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദന തടി ചില്ലറ വില്‍പ്പന നടത്തുന്നു. ക്ലാസ് നാല് ഗോട്ട്‌ല, ക്ലാസ് ആറ് ബാഗ്രാദാദ്, ക്ലാസ് 14, സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വില്‍പന നടത്തുന്നത്. ഈ കാസുകളില്‍ ഉള്‍പ്പെട്ട 50 ഗ്രാം, 100 ഗ്രാം, 200ഗ്രാം, 500 ഗ്രാം 600 ഗ്രാം, ഒരു കിലോഗ്രാം വരെയുളള ചന്ദന തടികളാണ് വ്യക്തികള്‍ക്ക് വാങ്ങാവുന്നത്. പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ വെകുന്നേരം അഞ്ചു വരെ ഡിപ്പോകളിലെത്തി ആധാര്‍ കാര്‍ഡ,് പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വില ഒടുക്കി വാങ്ങാം. എന്നാല്‍ ആരാധനാലയങ്ങള്‍, അംഗീകൃത കരകൗശല വസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, അംഗീകൃത മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അത് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കി ചന്ദനം വാങ്ങാവുന്നതും, ഈ ആരാധനാലയങ്ങള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോഗ്രാം എന്ന പരിധി ബാധകമല്ലാത്തതുമാണ്. ആരാധനാലയങ്ങള്‍ക്ക് ഭരണ സിമിതി / അധികാരപ്പെട്ട ഭാരവാഹിയുടെ കത്തും മറ്റുളളവയ്ക്ക് അംഗീകൃത ലൈസന്‍സും ഹാജരാക്കണം. ഫോണ്‍: 0468-2247927, 8547600530.

 

നിയുക്തി മെഗാ തൊഴില്‍മേള ഇന്ന്(3) പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാതൊഴില്‍ മേള ഇന്ന് (ഡിസംബര്‍ 3) രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. അജിത്ത് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, കൊമേഴ്‌സ് വിഭാഗം അസി. പ്രൊഫ. ആന്‍സി സാം, മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യുട്ടി ഡയറക്ടര്‍ ആര്‍. രാധിക, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.ജി. വിനോദ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) ജെ.എഫ്. സലിം തുടങ്ങിയവര്‍ സംസാരിക്കും.

ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ അന്‍പതോളം ഉദ്യോഗദായകര്‍ വിവിധ മേഖലകളിലെ വ്യത്യസ്തങ്ങളായ തസ്തികകളില്‍ രണ്ടായിരത്തില്‍ അധികം ഒഴിവുകള്‍ അറിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറില്‍ അധികം തൊഴില്‍ അന്വേഷകര്‍ മേളയില്‍ പങ്കെടുക്കും. ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ തൊഴില്‍ മേളയിലൂടെ.

 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം; പ്രത്യേക കാമ്പയിന്‍ ഇന്നും(3) നാളെയും(4)

പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും 2022 ഡിസംബര്‍ എട്ടു വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കും. ഇതിനായി ഇന്നും നാളെയും (ഡിസംബര്‍ 3, 4) പ്രത്യേക കാമ്പയിനുകള്‍ താലൂക്ക്/ വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും.

കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് ഡിസംബര്‍ എട്ടു വരെ എല്ലാ ദിവസവും താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക പുതുക്കുന്നതോട് അനുബന്ധിച്ച് ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്താം.

error: Content is protected !!