സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുക ലക്ഷ്യം: മന്ത്രി എം.ബി രാജേഷ്
കുടുബശ്രീ ചിക്കന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുക ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃത്താല മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കുടുംബശ്രീയെ ഉപയോഗിച്ച് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആറ് ജില്ലകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കേരള ചിക്കന്‍ പദ്ധതി ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കന്‍ ഒരു ബദലാണ്. കുടുംബശ്രീയുടെ ഇപ്പോഴത്തെ ലക്ഷ്യം വരുമാന വര്‍ദ്ധനവാണെന്നും അതിനുള്ള മാതൃകയാണ് കേരള ചിക്കനെന്നും മന്ത്രി പറഞ്ഞു. ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ല്‍ രൂപീകരിച്ച ബ്രോയിലേഴ്‌സ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതി വഴി കോഴി കര്‍ഷകര്‍ക്കും ഔട്ട്‌ലെറ്റ് നടത്തുന്നവര്‍ക്കും വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിപണനം നടത്തും. ഫാം ഇന്റഗ്രേഷന്‍ മുഖേന വളര്‍ത്തുകൂലിയിനത്തില്‍ കര്‍ഷകര്‍ക്ക് പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും. അരക്കൊടിയോളം സ്ത്രീകള്‍ അണിനിരക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ കുടുംബശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ വനിതകള്‍ കുടുംബശ്രീയുടെ ഭാഗമായി മാറി. ലോകം ശ്രദ്ധിച്ച മാതൃകയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. മൃഗസംരക്ഷണം, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കുടുബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒയുമായ ഡോ. എ. സജീവ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്: മന്ത്രി എം.ബി രാജേഷ്
വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു
വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് നിര്‍മ്മിച്ച വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. മുടങ്ങിക്കിടന്ന വട്ടേനാട് സ്‌കൂളിന്റെ നിര്‍മാണം കൃത്യമായ നിര്‍ദേശത്തിന്റെയും സമയക്രമത്തിന്റെയും അടിസ്ഥാനത്തില്‍ നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കാനായത് അഭിമാനാര്‍ഹമാണ്. എട്ട് ക്ലാസ് മുറികളുള്ള കെട്ടിടമാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍മാണം പൂര്‍ത്തിയാക്കാനുമുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ വട്ടേനാട് സ്‌കൂള്‍ കെട്ടിടത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകും. തൃത്താല മണ്ഡലത്തിലെ തെരഞ്ഞെടുക്കുന്ന 50 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജനയകീയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കോളര്‍ഷിപ്പിലൂടെ പ്രതിമാസം 1000 രൂപ വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കും. കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി ചിലവില്‍ നിര്‍മ്മിക്കുന്ന വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 120 കോടി വിലയിരുത്തിയുള്ള തൃത്താലയുടെ സ്വപ്‌ന പദ്ധതിയായ കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ഒരു മാസത്തിനകം നിര്‍മാണോദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണം ആരംഭിച്ച് മൂന്നോ നാലോ വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തോട്ടക്കല്ലിനെയും തൃത്താലയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കോഴിക്കോട് നിന്നുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്നതുമായ പദ്ധതിയാണ് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി. ഇത് കൂടാതെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 35 കോടി ചിലവിലുള്ള കൂട്ടക്കടവ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഉടന്‍ നിര്‍വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അധ്യക്ഷനായി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.വി പ്രിയ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി ഷാജഹാന്‍, പട്ടത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. സിനി, പി.സി ഗിരിജ, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി ശശിധരന്‍, എസ്.എസ്.കെ ഡി.പി.സി സുരേഷ്‌കുമാര്‍, പാലക്കാട് ഡി.ഇ.ഒ കെ.വി രാജു, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, തൃത്താല എ.ഇ.ഒ പി.വി സിദ്ദിഖ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ മൂസ, ഡയറ്റ് ജില്ലാ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ടി.പി രാജഗോപാല്‍, തൃത്താല ബി.ആര്‍.സി ബി.പി.സി വി.പി ശ്രീജിത്ത്, സ്‌കൂള്‍ പ്രധാനാധ്യാപിക എം.എം പ്രീത, സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ എം.വി രാജന്‍, എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ തൊഴിലന്വേഷകരില്‍ 37 ശതമാനം ഉന്നത വിദ്യാഭ്യാസം നേടിയവര്‍: മന്ത്രി എം.ബി രാജേഷ്
കേരളത്തിലെ തൊഴിലന്വേഷകരില്‍ 37 ശതമാനം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി പാലക്കാട് മേഴ്‌സി കോളെജില്‍ നടന്ന നിയുക്തി മെഗാ ജോബ് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ അടുത്തിടെ നടത്തിയ സര്‍വെ പ്രകാരം കേരളത്തില്‍ 53 ലക്ഷം തൊഴിലന്വേഷകര്‍ ഉണ്ട്. ഇതില്‍ 40 വയസ്സിന് താഴെയുള്ളവര്‍ 29 ലക്ഷം പേരാണ്. ഉന്നത വിദ്യാഭ്യാസമുള്ള തൊഴിലന്വേഷകരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലന്വേഷകരും വിദ്യാസമ്പന്നരാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ 7000, 8000 നിയമനങ്ങള്‍ പി.എസ്.സി വഴി നടക്കുമ്പോള്‍ കേരളത്തില്‍ അത് മുപ്പതിനായിരത്തിലധികം ആണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 1,61,000 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. നിയുക്തി ജോബ് ഫെസ്റ്റ് വിദ്യാഭ്യാസ സമ്പന്നര്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭിക്കുവാനുള്ള വഴിയാണെന്നും മന്ത്രി പറഞ്ഞു. നിയുക്തി മെഗാ ജോബ് ഫെസ്റ്റില്‍ 4911 പേര്‍ ഓണ്‍ലൈനായും 1500 ലധികം പേര്‍ ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്തി. പാലക്കാട് മേഴ്‌സി കോളെജില്‍ നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ എസ്. ബിനുരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ ആനുകൂല്യത്തിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി ബോര്‍ഡ് ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 – 23 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358.
രണ്ടാം ലോകമഹായുദ്ധ സേനാനികളും വിധവകളും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
സൈനിക ക്ഷേമ വകുപ്പില്‍ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും വിധവകളും ഡിസംബര്‍ 10 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
സായുധ സേന പതാകദിനം ഏഴിന്
സായുധസേന പതാകദിനം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പതാക ദിനം ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാറും ഉണ്ടായിരിക്കും.
എട്ട് മുതല്‍ വിവിധയിടങ്ങളില്‍ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഡിസംബര്‍ എട്ട് മുതല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ രാവിലെ 10.30 മുതല്‍ നടക്കും.
ഡിസംബര്‍ എട്ടിന് പട്ടാമ്പി താലൂക്കില്‍ പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍
ഒമ്പതിന് ഒറ്റപ്പാലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍
16 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍
23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
ഉപദേശക സമിതി തെളിവെടുപ്പ് യോഗം എട്ടിന്
സംസ്ഥാനത്തെ കട-വാണിജ്യ സ്ഥാപന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതി തെളിവെടുപ്പ് യോഗം തൃശൂര്‍ ഗവ ഗസ്റ്റ് ഹൗസ്(രാമനിലയം) കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 ന് നടക്കും. യോഗത്തില്‍ പാലക്കാട് ജില്ലയിലെ കട-വാണിജ്യ സ്ഥാപന മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505584.
ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു
മലമ്പുഴ വനിതാ ഐ.ടി.ഐ ആന്റി നര്‍കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ആന്റി നര്‍കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ലഹരിക്കെതിരെ യുവജനങ്ങള്‍ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഐ.ടി.ഐലെ ട്രെയിനിങ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ലഹരിക്കെതിരെ’ ഫ്‌ലാഷ് മോബും നടന്നു.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 10, 17, 24 തിയതികളില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു
കെ.എസ്.ആര്‍.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 10, 17, 24 തിയതികളില്‍ മൂന്നാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 11.30 ന് പുറപ്പെട്ട് രാത്രി മൂന്നാറില്‍ താമസിച്ച് ഞായറാഴ്ച്ച മൂന്നാര്‍ സന്ദര്‍ശിച്ച് തിങ്കളാഴ്ച്ച രാവിലെ തിരിച്ചെത്തുന്ന യാത്രയ്ക്ക് 1150 രൂപയാണ് ഈടാക്കുന്നത്. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഡിസംബര്‍ 12, 19, 27 തിയതികളില്‍ നടക്കും. പാലക്കാട് നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് രാത്രി 12 ന് തിരികെ എത്തുന്ന യാത്രയ്ക്ക് അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് 2000, പത്തിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 3500 രൂപയുമാണ് ചാര്‍ജ്ജ്. ഡിസംബര്‍ 19, 25 തിയതികളില്‍ ഗവിയിലേയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും നെല്ലിയാമ്പതിയിലേയ്ക്കും നടത്തുന്ന യാത്രയ്ക്ക് ഭക്ഷണം ഉള്‍പ്പടെ 600 രൂപയാണ് ചാര്‍ജ്ജ്. ബുക്കിങിന് ഫോണ്‍: 9947086128.
നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
ഭാരമേറിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം
ഇരട്ടക്കുളം വാണിയംപാറ റോഡിലെ തെന്നിലാപുരം പാലത്തിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന്(ഡിസംബര്‍ നാല്) മുതല്‍ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരട്ടക്കുളം അല്ലെങ്കില്‍ വാണിയംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാത വഴിയോ വടക്കഞ്ചേരി – പുളിങ്കൂട്ടം വഴിയോ കടന്നു പോകണം.
ഗസ്റ്റ് ഇന്‍സ്ട്രകടര്‍ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും എംപ്ലോയബിലിറ്റീസ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നടത്തുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 04924 296516.
ദര്‍ഘാസ് ക്ഷണിച്ചു
നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ഡിസംബര്‍ ഏഴിന് ഉച്ചക്ക് ഒന്ന് വരെ ലഭിക്കും. ദര്‍ഘാസ് ഫോറം ഉച്ചക്ക് 2.30 വരെ നല്‍കാം. 5000 രൂപയാണ് നിരതദ്രവ്യം. ഡിസംബര്‍ 12, 15, 19 തിയതികളില്‍ ഉച്ചക്ക് മൂന്നിന് ലേലം നടക്കും. ഫോണ്‍: 04923 243179.
മരം ലേലം ഏഴിന്
ഗവ വിക്ടോറിയ കോളെജ് പരിസരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ കോളെജ് ഓഫീസുമായി ബന്ധപ്പെടണം. താത്പര്യമുള്ളവര്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനകം 500 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.