Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (5/12/2022)

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം, സോഷ്യല്‍ ഡെവലപ്പ്‌മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) തസ്തികയില്‍ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.ഐ.എസ് (വനിതകള്‍ക്ക് മാത്രം) ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായവരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ക്ക് 2022 നവംബര്‍ ഒന്നിന് പ്രായം 35 ല്‍ കവിയരുത്. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എന്ന പേരില്‍ മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയക്കണം. കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 ല്‍ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

 

ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. ഫോണ്‍: 0491 2505541.

 

ബോധവത്ക്കരണ ക്ലാസ് നടത്തി

പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഇന്ത്യന്‍ എയര്‍ഫോഴ്‌സും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. അകത്തേത്തറ എന്‍.എസ്.എസ്, പാലക്കാട് പി.എം.ജി, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിയ പരിപാടിയില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കോര്‍പ്പറല്‍ ഷിറിന്‍, സര്‍ജന്‍ ലലന്‍കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ജോലി സാധ്യത, ജോലിയുടെ സ്വഭാവം, ചരിത്രം എന്നിവയെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, എംപ്ലോയ്‌മെന്റ് ഓഫീസര്‍(വി.ജി) ബിനുരാജ്, സീനിയര്‍ ക്ലാര്‍ക്ക് പി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള 12 ന്

പാലക്കാട് ആര്‍.ഐ സെന്ററില്‍ ഡിസംബര്‍ 12 ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എന്‍.എ.എം) നടക്കും. ട്രേഡ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍.ഐ സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2815761, 8848331562, 8089606074.

 

വാഹന ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാസ വാടക വ്യവസ്ഥയില്‍ ടൂറിസ്റ്റ് ടാക്‌സി പെര്‍മിറ്റുള്ള കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 1500 രൂപയാണ് വാടക. ക്വട്ടേഷനുകള്‍ ഡിസംബര്‍ 14 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നല്‍കണം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 15 ന് വൈകീട്ട് നാലിന് തുറക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ സെഷന്‍സ് ജഡ്ജ് അറിയിച്ചു. ഫോണ്‍: 9188524181.

 

വനിത കൗണ്‍സിലര്‍ നിയമനം: 17 വരെ അപേക്ഷിക്കാം

ജില്ലാ വനിതാശിശു വികസന ഓഫീസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത. കൗണ്‍സിലിങ് രംഗത്ത് ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2911098.

 

യോഗ ട്രെയിനര്‍ ഒഴിവ്

കോങ്ങാട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയുള്ള യോഗ ട്രെയിനറുടെ (താത്ക്കാലിക) കരാര്‍ നിയമനത്തോടനുബന്ധിച്ച് ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും. അംഗീകൃത സര്‍വകലാശാലയുടെ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2845040, 9447803575

 

രണ്ടുപേരടങ്ങുന്ന ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം വരെ വായ്പ ധനസഹായം, പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേത്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ അനുവദിക്കുന്ന ജോബ് ക്ലബ് വായ്പ സഹായ പദ്ധതി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയംതൊഴില്‍ ധനസഹായ പദ്ധതിയാണിത്. തെരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച്ച് രണ്ടുപേരില്‍ കുറയാത്ത അംഗങ്ങള്‍ വീതമാണ് ഓരോ ജോബ് ക്ലബ്ബിലും ഉണ്ടായിരിക്കേണ്ടത്. പ്രായം 21 നും 45 നും മധ്യേ ആയിരിക്കണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്.

വായ്പ പ്രകാരം ഒരു ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡി അനുവദിക്കും. വായ്പാ തുകയുടെ 10 ശതമാനം ഓരോ ജോബ് ക്ലബ്ബിലേയും അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ലോണ്‍ അക്കൗണ്ടില്‍ ആദ്യം തന്നെ നിക്ഷേപിക്കണം. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക ജോബ് ക്ലബ്ബുകളുടെ ലോണ്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

ജാമ്യവും തിരിച്ചടവും

ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന ജാമ്യം നല്‍കാനും വായ്പ തിരിച്ചടയ്ക്കാനും ജോബ് ക്ലബ്ബ് അംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ബാധ്യസ്ഥരായിരിക്കും. വീഴ്ച വരുത്തുന്ന ജോബ് ക്ലബ്ബുകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍

ദേശസാല്‍കൃത ബാങ്കുകള്‍, കേരള ബാങ്ക് റീജിയണല്‍-റൂറല്‍ ബാങ്കുകള്‍, സിഡ്ബി എന്നിവ മുഖേന ഈ പദ്ധതിയിന്‍ കീഴില്‍ വായ്പ ലഭ്യമാകും.

പരിശീലനം

ജോബ് ക്ലബ്ബ് ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കും.

പൊതുവിവരങ്ങള്‍

ഈ പദ്ധതിയുടെ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ല.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള താത്ക്കാലിക ഒഴിവിന് പരിഗണിക്കില്ല. എന്നാല്‍ ഇവരെ സ്ഥിരം ഒഴിവുകള്‍ക്ക് പരിഗണിക്കും.

മുന്‍ഗണന

ബിരുദധാരികളായ വനിതകള്‍, പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍, തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍,
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍, ഐ.ടി.ഐ/പോളിടെക്‌നിക്ക് ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

 

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് നിയമനം: 12 വരെ അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. 2022 ഒക്‌ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

 

മരം ലേലം 12 ന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സെക്ഷന്‍ നം.1 ഓഫീസ് പരിധിയിലുള്ള നിരത്തുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഡിസംബര്‍ 12 ന് ലേലം ചെയ്യുന്നു. രാവിലെ 11 ന് പാലക്കാട് പൊന്നാനി റോഡിലെ കല്ലേക്കാട് പോസ്റ്റോഫീസിന് സമീപം നില്‍ക്കുന്ന അരയാല്‍ മരം, 11.15 ന് പറളി സര്‍വീസ് സഹകരണ ബാങ്കിന് സമീപം നില്‍ക്കുന്ന ഉങ്ങ് മരം, 11.30 ന് അത്താഴംപൊറ്റക്കാവ് ബസ് സ്റ്റോപ്പിന് മുന്‍വശത്ത് നില്‍ക്കുന്ന മഹാഗണി മരം, 11.45 ന് ചവിട്ടിലത്തോട് സമീപം നില്‍ക്കുന്ന മഴവാക, ഉച്ചയ്ക്ക് 12 ന് കണ്ണമ്പരിയാരം സ്‌കൂളിന് മുന്നിലുള്ള മഴവാക എന്നിവയുടെ ലേലം നടക്കും. ഈ മരങ്ങള്‍ക്കെല്ലാം 500 രൂപയാണ് നിരതദ്രവ്യം.

ഉച്ചയ്ക്ക് 12.15 ന് മാങ്കുറിശ്ശി ക്ഷേത്രത്തിനടുത്ത് നില്‍ക്കുന്ന ആല്‍മരത്തിന്റെയും മാവിന്റെയും ലേലം നടക്കും. 1000 രൂപയാണ് നിരതദ്രവ്യം. 12.30 ന് മേലാമുറി-പൂടൂര്‍-കോട്ടായി റോഡില്‍ പിരായിരി പോസ്റ്റോഫീസിന് സമീപം നില്‍ക്കുന്ന പുളിമരം, മഴവാകയുടെ മൂന്ന് ശിഖരങ്ങള്‍, 12.45 ന് ഇന്ത്യന്‍ ബാങ്കിന് സമീപം നില്‍ക്കുന്ന പുളിമരത്തിന്റെ മൂന്ന് ശിഖരങ്ങള്‍ എന്നിവ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഉച്ചയ്ക്ക് ഒന്നിന് പഴയ ദേശീയപാതയില്‍ കണ്ണാടി വില്ലേജ് ഓഫീസിന് സമീപമുള്ള വാകമരം മുറിച്ച് കഷണങ്ങളാക്കി പുനര്‍ലേലം ചെയ്യും. 1.30 ന് പാലക്കാട്-ചിറ്റൂര്‍ റോഡില്‍ വലതുവശത്ത് കല്ലിങ്കല്‍ ജങ്ഷനില്‍ നില്‍ക്കുന്ന മഴമരത്തിന്റെയും കി.മീ 3/645ല്‍ നില്‍ക്കുന്ന വേപ്പ് മരത്തിന്റെ ഒരു ശിഖരത്തിന്റെയും ലേലം നടക്കും. ഈ മരങ്ങള്‍ക്ക് 1000 രൂപയാണ് നിരതദ്രവ്യം.

ഉച്ചയ്ക്ക് 1.45 ന് പുത്തൂര്‍-കൊട്ടേക്കാട് റോഡില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം മുറിച്ചിട്ടിരിക്കുന്ന വേപ്പ് മരത്തിന്റെ പുനര്‍ലേലം നടക്കും. 500 രൂപയാണ് നിരതദ്രവ്യം. ലേലദിവസം അവിചാരിതമായി അവധി വരുന്ന പക്ഷം തൊട്ടടുത്ത പ്രവര്‍ത്തി ദിവസം ലേലം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം

‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന ജില്ലാ പഞ്ചായത്ത്് പദ്ധതിപ്രകാരം അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി നേടുന്നതിനുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്‌സിങ്, ജനറല്‍ നേഴ്‌സിങ്, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യത, എന്‍ജിനീയറിങ്, പോളിടെക്‌നിക്, ഐ.ടി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ളവര്‍ ജാതി-വരുമാന-റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്-ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 12 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

 

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഷൊര്‍ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്കല്‍ കോളെജില്‍ 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ആവശ്യകതകളുടെ വിവരങ്ങളും വിതരണ വ്യവസ്ഥകളും www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.

 

പൊതുതെളിവെടുപ്പ് 12 ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് പാലക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ പൊതുതെളിവെടുപ്പ് നടത്തുന്നു. വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേര്‍ത്ത് വടുക എന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശയിലാണ് പൊതുതെളിവെടുപ്പ് നടത്തുന്നത്. സമുദായ അംഗങ്ങള്‍ക്കും സമുദായ സംഘടന പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും തെളിവെടുപ്പില്‍ പങ്കെടുത്ത് വിവരങ്ങള്‍ ബോധിപ്പിക്കാമെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0471 2319288.

 

അജ്ഞാത മൃതദേഹം കണ്ടെത്തി

മലമ്പുഴ ആരക്കോട് വനത്തിനുള്ളില്‍ നവംബര്‍ 27 ന് ഒരു പുരുഷന്റെ അജ്ഞാതമൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രായം 45 നും 55 നും മധ്യേ. 167 സെന്റീമീറ്റര്‍ ഉയരമുണ്ട്. മുകള്‍വരിയില്‍ മുന്‍വശത്ത് നിന്നും ഇടതുഭാഗത്തെ മൂന്നാമത്തെ പല്ല് താഴ്ന്നു നില്‍ക്കുന്നു. അടയാളങ്ങള്‍ തിരിച്ചറിയുന്നവര്‍ മലമ്പുഴ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9497980614 (എസ്.ഐ).

 

സായുധസേനാ പതാകദിനാചരണം ഏഴിന്

സായുധസേനാ പതാകദിനാചരണം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡി.കെ ചന്ദ്രന്‍ അധ്യക്ഷനാവും. പരിപാടിയില്‍ രണ്ടാം ലോകമഹായുദ്ധ സേനാനികളെ ആദരിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ചാര്‍ജ് പാലക്കാട് കെ. ഉണ്ണികൃഷ്ണന്‍, ഒ.ഐ.സി ഗോള്‍ഡന്‍ പാം കാന്റീന്‍ റിട്ട. കേണല്‍ എന്‍. രാധാകൃഷ്ണന്‍, ഒ.ഐ.സി ഇ.സി.എ.എസ് റിട്ട. കേണല്‍ ടി. ശങ്കരനാരായണന്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ജില്ലാ സെക്രട്ടറി വി.എസ് കൃഷ്ണകുമാര്‍, അഖില ഭാരതീയ പൂര്‍വ്വ സൈനികസേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.എ ഉണ്ണികൃഷ്ണന്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഡിഗ്രിതല മെയിന്‍ പരീക്ഷക്ക് സ്‌ക്രൈബിന്റെ സേവനത്തിന് അപേക്ഷിക്കാം

പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തുന്ന ഡിഗ്രിതല മെയിന്‍ പരീക്ഷക്ക് (സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ഓഡിറ്റര്‍, എസ്.ബി.സി.ഐ.ഡി-കാറ്റഗറി.നം. 309/18, 057/21, 315/19) ജില്ലയില്‍ പരീക്ഷ എഴുതുന്നവരില്‍ സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ളവര്‍ മെഡിക്കല്‍ രേഖകള്‍ സഹിതം പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പ് പി.എസ്.സി ജില്ലാ ഓഫീസില്‍ അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

error: Content is protected !!