Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (6/12/2022)

പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി

27 ഇനം വിളകള്‍ക്ക് പരിരക്ഷ

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം/ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് അധിഷ്ടിതമായി നഷ്ടപരിഹാരം നല്‍കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞള്‍, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് തുടങ്ങിയ 27 ഇനം വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നെല്‍കൃഷിക്ക് രോഗകീടബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പദ്ധതിയുടെ സംരക്ഷണം ലഭിക്കും. രോഗകീടബാധ കൃഷിഭവനില്‍ അറിയിച്ച് വേണ്ട നടപടികള്‍ എടുത്തതിന് ശേഷവും നഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അര്‍ഹതയുണ്ടാകൂ.

അപേക്ഷ https://www.aims.kerala.gov.in/user/login_page പോര്‍ട്ടല്‍ മുഖേന

കൃഷിഭവനുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ അംഗമാകാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (https://www.aims.kerala.gov.in/user/login_page) മുഖേനയാണ് അപേക്ഷിക്കേണ്ടത്. കരം തീര്‍ത്ത രസീത്, ഫോട്ടോ, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. അംഗീകരിച്ച പ്രീമിയം തുക നേരിട്ട് ഓണലൈനായി അടക്കുന്നതിന് പോര്‍ട്ടലില്‍ സൗകര്യമുണ്ട്. പ്രീമിയം അംഗീകരിച്ച് 10 ദിവസത്തിനകം ഇത് അടക്കാത്ത അപേക്ഷകള്‍ ഒഴിവാക്കപ്പെടും. പ്രീമിയം അടച്ചാലുടന്‍ പോളിസി ഓണ്‍ലൈനായി കര്‍ഷകര്‍ക്ക് തന്നെ ഡൗണ്‍ലോഡ് ചെയ്യാം. പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലും നിബന്ധനകള്‍ക്കും വിധേയമായി പ്രീമിയം തുക അടച്ച് കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാം. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാര്‍മിങ് നിലവിലുള്ള പാടശേഖരങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലോ വ്യക്തിഗത അടിസ്ഥാനത്തിലോ ചേരാം. വിളകള്‍ക്കുണ്ടാകുന്ന പൂര്‍ണ നാശത്തിന് മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അത്യാഹിതം സംഭവിക്കുമ്പോള്‍ നാശനഷ്ടം പരമാവധി കുറക്കുന്നതിന് കര്‍ഷകര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരിക്കണം.

നെല്‍കൃഷിയില്‍ 50 ശതമാനത്തിലധികം നാശമുണ്ടായാല്‍ പൂര്‍ണ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം

ഉത്പാദന ക്ഷമത കുറഞ്ഞതും പ്രായാധിക്യം ഉള്ളതുമായ വൃക്ഷ വിളകളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. നെല്‍കൃഷിക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ അത് പൂര്‍ണനാശനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.

ഇഞ്ചി, മഞ്ഞള്‍, നിലക്കടല, എള്ള്, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, മരച്ചീനി, മറ്റ് കിഴങ്ങ് വര്‍ഗങ്ങള്‍, ഏലം, വെറ്റില എന്നീ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ചെയ്ത് വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനം നാശനഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഹ്രസ്വകാലവിളകളുടെ ഇന്‍ഷുറന്‍സ് കാലയളവ് പ്രീമിയം അടച്ച് ഒരാഴ്ച മുതല്‍ വിളവെടുപ്പ് തുടങ്ങുന്നത് വരെയാണ്. ദീര്‍ഘകാലവിളകള്‍ക്ക് നട്ട് നിശ്ചിത സമയം മുതല്‍ കായ്ച്ച് തുടങ്ങുന്നത് വരെയുള്ള കാലത്തേക്ക് പ്രത്യേക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംരക്ഷണം ലഭിക്കും. കര്‍ഷകന് ഒരു പോളിസിയിന്മേല്‍ ഒന്നില്‍ കൂടുതല്‍ തവണ ക്ലെയിമിന് അപേക്ഷിക്കാം. എന്നാല്‍ ഒരു തീയതിയില്‍ ഒരു അപേക്ഷ മാത്രമേ നല്‍കാനാകൂ.

അത്യാഹിതം സംഭവിച്ചാല്‍ നേരിട്ടോ അല്ലാതെയോ കൃഷിഭവന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് എഫ്.ഐ.ആര്‍ രേഖപ്പെടുത്തണം. 15 ദിവസത്തിനകം വെബ്‌പോര്‍ട്ടല്‍ വഴിയോ എയിംസ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയ്ക്ക് എത്തുന്നത് വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിര്‍ത്തണം. പരിശോധനയില്‍ നഷ്ടപരിഹാരത്തിന് അര്‍ഹമാണെന്ന് കാണുന്ന അപേക്ഷകള്‍ക്ക് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകന് അക്കൗണ്ട് വഴി നഷ്ടപരിഹാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളില്‍ ലഭിക്കും.

അപേക്ഷ നല്‍കേണ്ടവിധം

പ്രകൃതിക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം കാരണമുള്ള വിളനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കരം തീര്‍ത്ത രസീത്, പോളിസി, ഫോട്ടോ എന്നിവ വേണം. അപേക്ഷാ ഫീസില്ല. പ്രീമിയം തുക അടച്ച് ഏഴ് ദിവസത്തിനുശേഷം ഇന്‍ഷുര്‍ ചെയ്ത കാലയളവിനകം വിളനാശം സംഭവിച്ചാല്‍ ആനുകൂല്യം ലഭ്യമാകുന്നതിന് അര്‍ഹതയുണ്ടായിരിക്കും. അഞ്ചുദിവസത്തിനകം ഫീല്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ക്ലെയിമിന്റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നുമാസത്തിനകം ആനുകൂല്യം ലഭിക്കും.

പ്രകൃതിക്ഷോഭം കാരണം വിളനാശത്തിന് ആനുകൂല്യം ലഭ്യമാകുന്നതിന് എയിംസ് പോര്‍ട്ടല്‍ മുഖേന വിളനാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷയും കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, ഫോട്ടോ കൃഷിഭവനില്‍ നല്‍കണം. അപേക്ഷാ ഫീസില്ല. ആനുകൂല്യം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് നല്‍കും.

 

ചിറ്റൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു

വടകരപ്പതി ഗ്രാമപഞ്ചായത്തില്‍ മികച്ച ഹരിതകര്‍മ്മ സേന

ചിറ്റൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് മികച്ച ഹരിതകര്‍മ്മ സേനയായി വടകരപ്പതി പഞ്ചായത്ത് സേനാംഗങ്ങളെയും പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സേനാംഗങ്ങളെ രണ്ടാം സ്ഥാനക്കാരായും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. തുടര്‍ന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം നല്‍കുന്നതിന്റെ ചര്‍ച്ച, സേനാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മണികുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ മിനി മുരളി, മാധുരി പദ്മനാഭന്‍, എം. പത്മിനി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, വടകരപ്പതി, പെരുമാട്ടി, എലപ്പുള്ളി, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ, പി. ബാലഗംഗാധരന്‍, ജോസി ബ്രിട്ടോ, റിഷാ പ്രേംകുമാര്‍, രേവതി ബാബു, എസ്. പ്രിയദര്‍ശനി, ജി.ഇ.ഒ പ്രമോദ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

ആക്രിവസ്തുക്കളുടെ ലേലം 13 ന്

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലുള്ള ആക്രി വസ്തുക്കള്‍ (നെറ്റ് 20 ലിറ്റര്‍ ക്യാന്‍-155 എണ്ണം, അഞ്ച് ലിറ്റര്‍ ക്യാന്‍-35 എണ്ണം, മറ്റുള്ളവ) വില്‍ക്കുന്നതിന് ഡിസംബര്‍ 13 ന് വൈകീട്ട് മൂന്നിന് ലേലം നടക്കും. പങ്കെടുക്കുന്നവര്‍ 1500 രൂപ കെട്ടിവെക്കണം. ലേലം ലഭ്യമാകുന്ന വ്യക്തി/സ്ഥാപനം അന്നേദിവസം തന്നെ ലേല തുകയുടെ 50 ശതമാനം കെട്ടിവെക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍ ബാക്കി തുകയും അടച്ച് ലേല വസ്തു കൈപറ്റണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 254392.

 

ജില്ലാ ആശുപത്രിയിലെ സി.ടി സ്‌കാന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കണമെന്ന് വികസന സമിതി യോഗം

ജില്ലാ ആശുപത്രിയില്‍ സി.ടി സ്‌കാന്‍ മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്താന്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. കോട്ടമൈതാനത്ത് അഞ്ചുവിളക്കിന് സമീപം ആംബുലന്‍സുകള്‍ വരിവരിയായി നിര്‍ത്തിയിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും നഗരസഭ ഓഫീസിന് മുന്‍വശത്തെയും ജില്ലാ ആശുപത്രിക്ക് തെക്ക്‌വശത്തെയും റോഡുകള്‍ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ബിന്ദു, വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പില്‍, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി സുമ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ശിവരാജേഷ്, മുജീബ്, കെ. ബഷീര്‍, എ. ഭാസകരന്‍, ശിവപ്രകാശ്, എ. രാമദാസ്, പാലക്കാട് താലൂക്ക് ഭൂരേഖാ തഹസില്‍ദാര്‍ വി. സുധാകരന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ശ്രീധരന്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

ഓവര്‍സീയര്‍ നിയമനം

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി. എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സിയും പ്രവൃത്തിപരിചയം ഉള്ളവരും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതമാസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി ഡിസംബര്‍ 12 ന് വൈകീട്ട് നാലിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മാറ ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ഈഴവ, തിയ്യ, ബില്ലവ ജാതിയില്‍ പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്‍പതിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ്ടു/ഡിപ്ലോമ ലെവലില്‍ ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 3241010.

 

അനലിറ്റിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം

ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയില്‍ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇവരുടെ അഭാവത്തില്‍ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയില്‍ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇന്‍ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എന്‍.എ.ബി.എല്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.

ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂര്‍, പാലക്കാട് 678541-ല്‍ അപേക്ഷ നല്‍കാം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടക്കും. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍ കൈവശം കരുതണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 226040.

 

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്

മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.

അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.

 

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലാ പട്ടികജാതി വികസന ഓഫീസ് ഗവ/എയ്ഡഡ്/അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 വര്‍ഷം ഒന്‍പതിലും പത്തിലും പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ഇ-ഗ്രാന്റ്സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കുറവുള്ളവരായിരിക്കണം. ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍-ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ഭിന്നശേഷിയുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റലര്‍ ആണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 20 നകം സ്ഥാപനം സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം മാതൃകയും വിശദവിവരങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

 

ലഹരി വിരുദ്ധ ബോധവത്ക്കരണ വാഹന പ്രചാരണ ജാഥ നടത്തി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസിന്റെയും വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെയും വാഹന ഉടമാ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ വാഹന പ്രചാരണ ജാഥ നടത്തി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി ജയപാലന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗവ വിക്‌ടോറിയ കോളെജ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ സിവില്‍ സ്റ്റേഷന് സമീപം സമാപിച്ചു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടി ഗോപിനാഥന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി ജയപാലന്‍ അധ്യക്ഷനായി. പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.ആര്‍ സതീഷ് കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് ആര്‍. അനിത, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ മനോജ് ചെങ്ങന്നൂര്‍, രാധാകൃഷ്ണന്‍, ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.

 

സായുധസേനാ പതാകദിനാചരണം ഇന്ന്

സായുധസേനാ പതാകദിനാചരണം ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡി.കെ ചന്ദ്രന്‍ അധ്യക്ഷനാവും. പരിപാടിയില്‍ രണ്ടാം ലോകമഹായുദ്ധ സേനാനികളെ ആദരിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ചാര്‍ജ് പാലക്കാട് കെ. ഉണ്ണികൃഷ്ണന്‍, ഒ.ഐ.സി ഗോള്‍ഡന്‍ പാം കാന്റീന്‍ റിട്ട. കേണല്‍ എന്‍. രാധാകൃഷ്ണന്‍, ഒ.ഐ.സി ഇ.സി.എ.എസ് റിട്ട. കേണല്‍ ടി. ശങ്കരനാരായണന്‍, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ജില്ലാ സെക്രട്ടറി വി.എസ് കൃഷ്ണകുമാര്‍, അഖില ഭാരതീയ പൂര്‍വ്വ സൈനികസേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.എ ഉണ്ണികൃഷ്ണന്‍, എയര്‍ഫോഴ്സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

തേനീച്ച വളര്‍ത്തല്‍ പരിശീലനം

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള കരിമ്പ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍കോട്ട എന്‍.എസ്.എസ് ഹാളില്‍ ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

error: Content is protected !!