Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (8/12/2022)

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍. വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 ന് മുകളില്‍ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവരുടെ പകല്‍ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴില്‍ പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനമുള്‍പ്പടെ നല്‍കുന്നുണ്ട്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിലവില്‍ ഏഴ് പേരാണ് പ്രവേശനം നേടിയത്. രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. ഒരു അധ്യാപിക, ആയ എന്നിവരാണ് സെന്ററിലുള്ളത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് വാണിയംകുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കോതയൂരില്‍ കെട്ടിടം നിര്‍മ്മിച്ചത്. വിവിധ പദ്ധതികളിലൂടെ ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം ചെലവില്‍ സെന്ററിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. 2630 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇരുനിലകളിലായി മൂന്ന് ക്ലാസ് മുറികള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറികള്‍, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്.

 

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മേഞ്ചിത്തറ അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തിയായി

സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. 966 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി ക്ലാസ് മുറികള്‍, ശിശു സൗഹൃദ ശുചിമുറി, കളിസ്ഥലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മീറ്റിങ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് അങ്കണവാടിയില്‍ ഒരുക്കിയിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പില്‍ നിന്ന് 27.64 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ച് കുട്ടികളുള്ള അങ്കണവാടിയില്‍ 30 ലധികം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ട്്.

 

അനാഥര്‍ക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്

എല്ലാ ദിവസവും ഭക്ഷണമെത്തിക്കും

അതിദാരിദ്ര നിര്‍മാര്‍ജ്ജന ഉപ പദ്ധതിയിലുള്‍പ്പെടുത്തി അനാഥര്‍ക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരുമില്ലാത്തതും അവശരുമായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴ് പേര്‍ക്കാണ് ഭക്ഷണമെത്തിച്ചത്. സ്വന്തമായി വീടുണ്ടെങ്കിലും ഇവരില്‍ പലരും വഴിയരികിലാണ് താമസിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ ദിവസവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കും. ഭക്ഷണ വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സ്വര്‍ണമണി അധ്യക്ഷയായി. വാര്‍ഡംഗം അജീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. പി. വേലായുധന്‍, സെക്രട്ടറി കെ. കിഷോര്‍, അസിസ്റ്റന്റ് സെക്രട്ടറി എം സുധീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, വാര്‍ഡംഗങ്ങള്‍, ബ്ലോക്ക് ഹൗസിങ് ഓഫീസര്‍ സലിം, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജ, വി.ഇ.ഒ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് ഒറ്റപ്പാലത്ത്

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബര്‍ ഒന്‍പത്) രാവിലെ 10.30 മുതല്‍ ഒറ്റപ്പാലത്ത് നടക്കും.
16 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍
23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലും അദാലത്ത് നടക്കും.

 

കോവിഡ് മഹാമാരിയുടെ ആഘാതം: മലയാളി പ്രവാസികളില്‍ സര്‍വ്വെ ആരംഭിച്ചു

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍ സര്‍വ്വെ ആരംഭിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 800 യൂണിറ്റുകളിലായി സാമ്പിള്‍ സര്‍വ്വെ ആരംഭിച്ചു. ഒന്നാം ഘട്ട സര്‍വ്വെയുടെ ഭാഗമായി പഠനത്തിനാധാരമായ പ്രവാസികളെ കണ്ടെത്തുന്നതിന് സാമ്പിള്‍ യൂണിറ്റുകളിലെ മുഴുവന്‍ വീടുകളുടെയും പട്ടിക തയ്യാറാക്കി വരികയാണെന്ന് ജില്ലാ സാമ്പത്തിക സ്ഥിതി വിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളില്‍ നിന്നും വിശദമായ വിവരശേഖരണം നടത്തും. വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തി മടങ്ങി പോകാന്‍ കഴിയാത്ത പ്രവാസികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ മനസ്സിലാക്കുക, മടങ്ങി പോകാത്തവര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുക, ഉചിതമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിതിവിവരക്കണക്കുകള്‍ രൂപപ്പെടുത്തുക, പ്രവാസികളുടെ തൊഴില്‍ നൈപുണ്യം സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മനസ്സിലാക്കുക, പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തെ തൊഴില്‍, സാമൂഹിക പശ്ചാത്തലം എന്നിവ മനസ്സിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, പ്രവാസികളുടെ അഭിരുചികള്‍ കണ്ടെത്തുക എന്നിവ ലക്ഷ്യമാക്കിയാണ് സര്‍വ്വെ നടത്തുന്നത്. ഇതിന് പുറമേ നിലവില്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴില്‍, വിദ്യാഭ്യാസം എന്നിവക്കായി പോയവരുടെ കണക്കുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

ഭാരമേറിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം

ഇരട്ടക്കുളം വാണിയംപാറ റോഡില്‍ തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം നടക്കുന്നതിനാല്‍ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരട്ടക്കുളം-വാണിയംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാത വഴിയോ വടക്കഞ്ചേരി – പുളിങ്കൂട്ടം വഴിയോ പോകണം.

 

കൗണ്‍സിലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സിന് 31 വരെ അപേക്ഷിക്കാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 നകം ഡോ. ശ്രീനാഥ് കരയാട്ട് അക്കാദമി, ലേബര്‍ ഭവന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9946740888.

 

തെര്‍മല്‍ ലാബ് റൂഫിങ്: റിപ്പയര്‍ വര്‍ക്കിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിംഗ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ തെര്‍മല്‍ ലാബ് റൂഫിങ് റിപ്പയര്‍ വര്‍ക്ക് ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഡിസംബര്‍ 20 ന് വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 9447363023, 0466- 2260565.

 

സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു

പട്ടികജാതി വികസന കോര്‍പ്പറേഷന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഓഫീസില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. പരിപാടി കണക്കന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാനേജര്‍ ഇന്‍-ചാര്‍ജ് പി.എ തോമസ് അധ്യക്ഷനായ പരിപാടിയില്‍ കോര്‍പ്പറേഷന്റെ 50 വര്‍ഷത്തെ നേട്ടങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു. പരിപാടിയില്‍ 32 ഗുണഭോക്താക്കള്‍ക്ക് വായ്പാ വിതരണവും നടന്നു. പി.പി സഫിയ, പി.എസ് സൂര്യ എന്നിവര്‍ സംസാരിച്ചു.

 

ശില്‍പശാല നടത്തുന്നു

അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ‘രീതിശാസ്ത്രം’ സംബന്ധിച്ച് ഡിസംബര്‍ 12, 13, 14 തീയതികളില്‍ രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ ശില്‍പശാല സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായാണ് വര്‍ക്ക് ഷോപ്പ് നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷന്‍ ലിങ്കിന് 9495069307, 8547005029, 04923-241766 ല്‍ ബന്ധപ്പെടാം.

 

പെന്‍ഷന്‍ മസ്റ്ററിങ്

സംസ്ഥാന ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നടത്തിയിരുന്ന മസ്റ്ററിങ് പൂര്‍ത്തിയാകാത്തതിനാല്‍ പെന്‍ഷന്‍ തടസ്സപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ അക്ഷയ മുഖേന സ്വന്തം ചെലവില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.

 

അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ (പഴം,പച്ചക്കറി, നാളികേരം) പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് വാല്യൂ അഡിഷനുമായി ബന്ധപ്പെട്ട് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍, നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റ്(മൂന്ന് എണ്ണം), കാര്‍ഷികവിളകള്‍ സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍, കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം പച്ചക്കറി എന്നിവയുടെ വില്‍പന നടത്തുന്നതിന് മുച്ചക്ര വാഹനം(ഒന്ന്) എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്ര സാമഗ്രികള്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റി, കോ-ഓപറേറ്റീവ്‌സ്, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം സബ്‌സിഡി നിരക്ക്. നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റ്(മൂന്ന് എണ്ണം) പദ്ധതിക്ക് കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍, പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റി, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സബ്‌സിഡി നിരക്ക് 20 ശതമാനം. കാര്‍ഷികവിളകള്‍ സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍ പദ്ധതിക്ക് പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനമാണ് സബ്‌സിഡി നിരക്ക്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറി എന്നിവ വില്‍പന നടത്തുന്നതിന് മുച്ചക്ര വാഹനം(ഒരെണ്ണം) പദ്ധതിക്ക് കര്‍ഷക മിത്രകള്‍, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സബ്‌സിഡി നിരക്ക് 50 ശതമാനവുമാണ്. താത്പര്യമുള്ളവര്‍ അപേക്ഷ അതത് കൃഷിഭവനുകളില്‍ ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2571205.

 

മണക്കടവ് വിയറില്‍ 3402.36 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഡിസംബര്‍ ഏഴ് വരെ 3402.36 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 3847.64 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-108.47(274), തമിഴ്നാട് ഷോളയാര്‍- 4907.53(5392), കേരളാ ഷോളയാര്‍-5015.60(5420), പറമ്പിക്കുളം-11,208.91(17,820), തൂണക്കടവ്-545.15(557), പെരുവാരിപ്പള്ളം-604.58(620), തിരുമൂര്‍ത്തി-1353.51(1935), ആളിയാര്‍-3801.33(3864).

 

ടെന്‍ഡര്‍

കോട്ടത്തറ ഗവ ട്രൈബല്‍ ആശുപത്രിയില്‍ സൗഖ്യം പദ്ധതി മുഖേന മരുന്ന് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. ഫോണ്‍: 9446185321, 9446031336.

error: Content is protected !!