Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (9/12/2022)

അപേക്ഷാ തീയതി നീട്ടി

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി.

പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം). ആകെസീറ്റ് – 25. അധ്യയന മാധ്യമം -മലയാളം.പ്രവേശനയോഗ്യത- ബിടെക് -സിവില്‍ എഞ്ചിനിയറിംഗ്,ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200രൂപ.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ), പ്രായപരിധി – 35 വയസ്. യോഗ്യത – എസ്.എസ്.എല്‍.സി. ആകെ സീറ്റ് -40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം – മലയാളം. അപേക്ഷ ഫീസ് – 100രൂപ

ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത-എസ്.എസ്.എല്‍.സി. ആകെസീറ്റ് 25. അപേക്ഷ ഫീസ്-200രൂപ.

www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം. വിലാസം : എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്‍689533. ഫോണ്‍: 0468 2319740, 9847053294, 9947739442.

 

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 19 ന്

കേരളാ വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഡിസംബര്‍ 19 ന് രാവിലെ 10 ന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ഗതാഗത നിയന്ത്രണം

പരിയാരം വെട്ടിപ്പുറം റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ 10 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പരിയാരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂക്കോട്ടേക്കും അവിടെ നിന്ന് തിരിച്ചും ഇലന്തൂര്‍ വഴി തിരിഞ്ഞ് പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു.

 

പെരുനാട് സിഎച്ച്സിയില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കും

പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡലകാലം പ്രമാണിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ച് താല്‍ക്കാലിക ഐ പി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയോഗിച്ചാണ് ജനുവരിയില്‍ കിടത്തി ചികിത്സ തുടങ്ങുന്നത്. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വച്ചാണ് പുതിയ തീരുമാനം.

കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും പട്ടികജാതി/ പട്ടിയവര്‍ഗ വിഭാഗക്കാരുടേയും ഏക ചികിത്സാ മാര്‍ഗമാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയില്‍ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പമ്പ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയാണ്. ശബരിമല പാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അയ്യപ്പഭക്തരെ ആദ്യം എത്തിക്കുന്നതും ഇവിടെയാണ്.

പിന്നീടുള്ളത് റാന്നി താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയുമാണ്. ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടങ്ങളില്‍ എത്താന്‍.

പെരുനാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ മലയോരമേഖലയിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകാതെ നാട്ടില്‍ തന്നെ ചികിത്സ ഉറപ്പാക്കാനാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ഇവര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കും.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുനാട് പഞ്ചായത്ത് വിട്ടു നല്‍കുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിശദമായ ഡിസൈനും പ്ലാനും തയാറാക്കി പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കും.

മന്ത്രിയെയും എംഎല്‍എയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവന്‍, ഡിഎംഒ ഡോ. എല്‍. അനിതകുമാരി (ആരോഗ്യം), മെഡിക്കല്‍ ഓഫീസര്‍ ആര്യ ആര്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ജില്ലാ കേരളോത്സവം ഇന്നു മുതല്‍; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍; മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍

ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഇന്ന് (ഡിസംബര്‍ 10) രാവിലെ 8.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമണ്‍ ജംഗ്ഷന്‍ മുതല്‍ ഇഎംഎസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു, ടി. തോമസ് എംഎല്‍എ, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ഇന്ദിരാദേവി, ജിജി സജി, രേഖാ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ നിര്‍വഹിക്കും.

സമാപന സമ്മേളനം ഡിസംബര്‍ 12 ന് വൈകുന്നേരം അഞ്ചിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ്, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജിജോ മോഡി, വി.ടി. അജോമോന്‍, മായ അനില്‍ കുമാര്‍, ജെസി അലക്‌സ്, സി.കെ. ലതാ കുമാരി, രാജി പി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കലാമത്സരങ്ങള്‍ – ഡിസംബര്‍ 10:

വേദി നമ്പര്‍ 1 – എസ്.സി.വി.എല്‍.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ദഫ്മുട്ട്
വേദി നമ്പര്‍ 2 – സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം
വേദി നമ്പര്‍ 3 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: ചിത്രരചനാ, ക്ലേ മോഡലിംഗ്, പുഷ്പാലങ്കാരം, ഉപന്യാസ രചന, കവിതാരചന, കഥാരചന,
വേദി നമ്പര്‍ 4 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: പദ്യംചൊല്ലല്‍, പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
വേദി നമ്പര്‍ 5 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: ഉപകരണ സംഗീതം.

ഡിസംബര്‍ 11:
വേദി നമ്പര്‍ 1 – എസ്.സി.വി.എല്‍.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: തിരുവാതിരകളി, ഒപ്പന, മാര്‍ഗം കളി, കേരള നടനം, ഓട്ടന്‍ തുള്ളല്‍, കഥകളി
വേദി നമ്പര്‍ 2 – സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: നാടകം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, മൈം,
വേദി നമ്പര്‍ 3 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 11 മുതല്‍: നാടന്‍പാട്ട്, വഞ്ചിപ്പാട്ട്.

ഡിസംബര്‍ 12:
വേദി നമ്പര്‍ 5 – കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഹാള്‍
രാവിലെ 9 മുതല്‍: ക്വിസ് മത്സരം.

കായിക മത്സരങ്ങള്‍ – ഡിസംബര്‍ 10:
രാവിലെ 8 മണി: ക്രിക്കറ്റ് (കൊടുമണ്‍, ഹൈസ്‌കൂള്‍)
രാവിലെ 8 മണി: അത്‌ലറ്റിക്‌സ് (കൊടുമണ്‍, ഇ.എം.എസ് സ്റ്റേഡിയം)

മത്സര ഇനങ്ങള്‍

പുരുഷന്മാര്‍:
1. 100 മീറ്റര്‍
2. 200 മീറ്റര്‍
3 400 മീറ്റര്‍
4. 800 മീറ്റര്‍
5. 1500 മീറ്റര്‍
6. 5000 മീറ്റര്‍
7. 4 ത 100 മീറ്റര്‍ റിലേ
8. ഷോട്ട്പുട്ട് (7.25 കിലോ)
9. ഡിസ്‌ക്കസ് (2 കിലോ)
10. ജാവലിന്‍ (800 ഗ്രാം)
11. ലോംഗ്ജംപ്
12. ഹൈജംപ്
13. ട്രിപ്പിള്‍ ജംപ്

സ്ത്രീകള്‍:
1. 100 മീറ്റര്‍
2. 200 മീറ്റര്‍
3 400 മീറ്റര്‍
4. 800 മീറ്റര്‍
5. 1500 മീറ്റര്‍
6. 5000 മീറ്റര്‍
7. 4 ത 100 മീറ്റര്‍ റിലേ
8. ഷോട്ട്പുട്ട് (7.25 കിലോ)
9. ഡിസ്‌ക്കസ് (2 കിലോ)
10. ജാവലിന്‍ (800 ഗ്രാം)
11. ലോംഗ്ജംപ്
12. ഹൈജംപ്
13. ട്രിപ്പിള്‍ ജംപ്

രാവിലെ 9 മണി മുതല്‍: ബാസ്‌ക്കറ്റ് ബോള്‍ (കൊടുമണ്‍, ഇ.എം.എസ് സ്റ്റേഡിയം)

ഡിസംബര്‍ 11:
രാവിലെ 8 മണി: ഫുട്‌ബോള്‍ (ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 8 മണി: വോളിബോള്‍ ( ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 8 മണി: ഷട്ടില്‍ (അനുഗ്രഹ ഓഡിറ്റോറിയം, ചന്ദനപ്പള്ളി)
രാവിലെ 8 മണി: നീന്തല്‍ (ഗ്രീന്‍വാലി, അടൂര്‍)
രാവിലെ 9 മണി: പഞ്ചഗുസ്തി (കൊടുമണ്‍ ഹൈസ്‌കൂള്‍)
രാവിലെ 10 മണി: ചെസ് (കൊടുമണ്‍ ഹൈസ്‌കൂള്‍)

ഡിസംബര്‍ 12:
രാവിലെ 8 മണി: കബടി (ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 10 മണി: വടംവലി (ഇ.എം.എസ് സ്റ്റേഡിയം)
ഉച്ചയ്ക്ക് 2 മണി: ബാസ്‌കറ്റ് ബാള്‍ (ഇ.എം.എസ് സ്റ്റേഡിയം)

 

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തുന്നു. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ. രണ്ടാം സമ്മാനം 3000 രൂപ. മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ ഡിസംബര്‍ 15 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9074 861 117

 

പുനര്‍ ദര്‍ഘാസ്

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആറ് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2224070.

 

കെഎസ്ബിസിഡിസി വായ്പ നല്‍കും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ വായ്പ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെ. ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പത് ശതമാനം പലിശ), വ്യക്തിഗത വായ്പ അഞ്ച് ലക്ഷം രൂപ വരെ (9.5 ശതമാനം പലിശ) , വാഹന വായ്പ എട്ട് ലക്ഷം രൂപ വരെ (എട്ട് ശതമാനം പലിശ). സാലറി സര്‍ട്ടിഫിക്കറ്റോ, ആറ് സെന്റില്‍ കുറയാത്ത വസ്തുവിന്റെ ആധാരവും രേഖകളുമോ ജാമ്യമായി നല്‍കാം. അപേക്ഷ ഫോറത്തിന് കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍. 0468 2226111, 2272111.

 

തൊഴില്‍ സഭ

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സംരംഭ തത്പരര്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ പങ്കെടുപ്പിക്കുന്നതിന് ഡിസംബര്‍ 12 മുതല്‍ 15 വരെ തൊഴില്‍ സഭകള്‍ ചേരും. ദിവസം, സമയം, സ്ഥലം എന്ന ക്രമത്തില്‍.

12 ന് രാവിലെ 11 ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍, ഉച്ചയ്ക്ക് 3.30 ന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം.
13 ന് ഉച്ചയ്ക്ക് രണ്ടിന് തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാള്‍.
14 ന് ഉച്ചയ്ക്ക് മൂന്നിന് ജിഎല്‍പിഎസ് അമ്പാട്ടുഭാഗം.
15 ന് ഉച്ചയ്ക്ക് മൂന്നിന് സെന്റ് മേരീസ് എല്‍പിഎസ് കടമാന്‍കുളം

 

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ഥാടകര്‍ക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും. അധിക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയാണ് കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സേവനം 24 മണിക്കൂറുമാക്കുന്നത്. ഒരു ഡോക്ടര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി നിയമിക്കും. ഒരു ഡോക്ടറേയും ആശുപത്രി അറ്റന്റഡറേയും ആരോഗ്യവകുപ്പ് നികത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ ചേമ്പറില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ ഈ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രത്യേക യോഗം വളിച്ച് അടിയന്തര തീരുമാനമെടുത്തത്.

ഫാര്‍മസിസ്റ്റിന്റെ സേവനവും ആശുപത്രിയില്‍ ലഭ്യമാക്കുന്നതാണ്. ജീവനക്കാര്‍ക്ക് താമസത്തിന് ആവശ്യമായ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി അറ്റകുറ്റപണികള്‍ ചെയ്ത് നല്‍കേണ്ടതാണ്. എക്‌സ് സര്‍വീസ്മാനായ ഒരു സെക്യൂരിറ്റിയെ ആശുപത്രി വികസനസമിതി വഴി നിയമിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം. അതിനാല്‍ തന്നെ ഈ ആശുപത്രിയുടെ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐപി കെട്ടിട നിര്‍മാണത്തിന് അടുത്തിടെ 2.25 കോടി രൂപ അനുവദിച്ചിരുന്നു. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം 2023 ജനുവരി മാസം എട്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, എന്‍എച്ച്എം ജില്ലാ പ്രാഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!