Input your search keywords and press Enter.

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എംഎല്‍.എ. ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നാലു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആര്‍എംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്ടേഴ്സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിക്കുന്നത്.

22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒപി കെട്ടിടം നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തില്‍ 20 ഒപി മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗോം മാനേജര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, നിര്‍മ്മാണ ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!