ജില്ലാ ക്ഷീരകര്‍ഷകസംഗമം: പൊതുസമ്മേളനം 16 ന്
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 16 ന് രാവിലെ 11 ന് എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം-പൊതുസമ്മേളനം-ക്ഷീരബന്ധു പുരസ്‌കാര വിതരണം നടക്കും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാവും. ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുള്ള ക്ഷീരബന്ധു പുരസ്‌കാരം ക്ഷീരവികസന വകുപ്പ് മന്ത്രി വിതരണം ചെയ്യും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്‌കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ക്ഷീരമേഖലക്ക് നടപ്പ്‌വര്‍ഷം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളെ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ആദരിക്കും.
പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.ഡി പ്രസേനന്‍, കെ. ബാബു എം.എല്‍.എ, പി. മമ്മിക്കുട്ടി എം.എല്‍.എ, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, പി.പി സുമോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരവികസന വകുപ്പ് സംസ്ഥാന ഡയറി ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പി.എ ബീന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറ് മാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ് ടു. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസുകള്‍ നടക്കുക. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 31 നകം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് തെറാപ്പീസ് ചിറ്റൂര്‍, പാലക്കാട്-678101 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 9074272532, 7559954410.
ക്വട്ടേഷന്‍ ക്ഷണിച്ചു
അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 10 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഭക്ഷണസാധനങ്ങളുടെ പേര്, വില, അളവ് രേഖപ്പെടുത്തി സീല്‍ ചെയ്ത ക്വട്ടേഷന്‍ ഡിസംബര്‍ 23 ന് രാവിലെ 10 നകം നല്‍കണം. അന്നേദിവസം രാവിലെ 10.30 ന് ക്വട്ടേഷന്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-241766, 8547005029.
സെന്‍ട്രല്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ജില്ലാ പട്ടികജാതി വികസന ഓഫീസ് അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കുള്ള 2022-23 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരും ഇ-ഗ്രാന്റ്‌സ് മുഖേന സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരുമായ ഗവ/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 വര്‍ഷം ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
അനാരോഗ്യകരമായ (വൃത്തിഹീനമായ ചുറ്റുപാടില്‍ തൊഴിലെടുക്കുന്നവര്‍, തോല്‍ ഊറയ്ക്കിടുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, മാലിന്യം ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍) ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. രക്ഷിതാവ് ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നുള്ള തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, ആധാര്‍-ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 30 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.
പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം
സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ മസ്റ്ററിങ് ചെയ്യാത്തതിനാല്‍ പെന്‍ഷന്‍ മുടങ്ങിയവര്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് ഉടന്‍ മസ്റ്ററിങ് നടത്തണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ മസ്റ്റര്‍ ചെയ്യുന്നതിനും മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. അക്ഷയകേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഹോംമസ്റ്ററിങ്ങിന് 130 രൂപയുമാണ് അക്ഷയ കേന്ദ്രത്തില്‍ ഈടാക്കുന്നത്. ഫോണ്‍: 0491 2515765.
ഡീസല്‍ ജനറേറ്റര്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ഡീസല്‍ ജനറേറ്റര്‍ 100 കെ.വി.എ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 9750 രൂപയാണ് നിരതദ്രവ്യം. ഡിസംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ ദര്‍ഘാസ് സ്വീകരിക്കും. ഡിസംബര്‍ 22 ന് രാവിലെ 11 ന്
ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2344053.
ദര്‍ഘാസ് ക്ഷണിച്ചു
ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് ആവശ്യമായതും സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്തതുമായ പരിചരണ സാധനസാമഗ്രികള്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. നിരത്ര്യദ്രവ്യം (ഡി.ഡി) മതിപ്പുവിലയുടെ ഒരു ശതമാനം. ഫോണ്‍: 04922 224322.
താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണ് നിയമനം. ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള 19 മുതല്‍ 21 വരെ
നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാല് വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി പദ്ധതി ലഭ്യമാണ്.
വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും 0471-2770 511, +91-7736 917 333 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലും ലഭിക്കും.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംരംഭക തൊഴില്‍ സാധ്യതകള്‍, നൈപുണ്യവികസനം, വിപണി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും യുവതീ-യുവാക്കളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ അന്വേഷകര്‍ക്കും നൂതന സംരംഭകര്‍ക്കും വിദഗ്ധരുമാരും സംശയ നിവാരണത്തിനും വിവിധ സര്‍ക്കാര്‍ പദ്ധതി ആനുകൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും തൊഴില്‍സഭയില്‍ അവസരമൊരുക്കി. ശ്രീകൃഷ്ണപുരം ട്രഷറി ഹാളില്‍ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി. ഹരിദാസന്‍, എം. സുമതി, കെ. ഗിരിജ, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. മനോജ്, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം. കുഞ്ഞഹമ്മദ് കുട്ടി, പി. പങ്കജവല്ലി, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ടി. സൗമ്യ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ റേഷന്‍കടകളില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി
ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 ശക്തിപ്പെടുത്തുന്നതിന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളില്‍ പരിശോധന നടത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ് ഗോകുല്‍ദാസ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഫരീദാ ബാനു, രഞ്ജിത്, ജില്ലാ പ്രോജക്ട് മാനേജര്‍ വി. അനൂപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.