കുടിവെള്ള പദ്ധതി അവലോകനയോഗം 16 ന്
തൃത്താല നിയോജകമണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ അവലോകനയോഗം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 16 ന് വൈകിട്ട് മൂന്നിന് കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം 2022 പ്രകാരം ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ 17 വയസ് കഴിഞ്ഞവര്‍ക്കും 18 വയസ് പൂര്‍ത്തിയായവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം ആറില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 20 ന്
ജില്ലാ കലക്ടറുടെ പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നേരത്തെ ഡിസംബര്‍ 30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന അദാലത്താണ് 20 ലേക്ക് മാറ്റിയത്.
സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കല്‍: അപേക്ഷിക്കാം
നെഹ്‌റു യുവകേന്ദ്ര വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗാം സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ടാലി, മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, ബ്യൂട്ടീഷ്യന്‍ കോഴ്‌സുകളാണുള്ളത്. മൂന്ന് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. 30 പേര്‍ക്ക് പങ്കെടുക്കാം. 40,000 രൂപയാണ് ആകെ അനുവദിക്കുന്ന തുക. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 നകം [email protected] ല്‍ അപേക്ഷ നല്‍കണം. ഫോണ്‍: 6282296002.
ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച 28 ന്
ജില്ലാ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 28 ന് നടക്കും. ആറ് ഒഴിവുകളാണ് ഉള്ളത്. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം/ഡി.ഫാം യോഗ്യത, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 36 നും മധ്യേ. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 20 കി.മീ. ദൂരപരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവും മുന്‍ഗണനയും ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 28 ന് രാവിലെ 11 ന് മെഡികെയര്‍സ് ഓഫീസ്/ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0491 2537024.
ലഹരി വിരുദ്ധ ഫുട്‌ബോള്‍ മത്സരം നടത്തി
ചിറ്റൂര്‍ ഐ.ടി.ഐ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ചിറ്റൂര്‍ പഠന ഉപകേന്ദ്രമായ ഇന്‍ഫോലിങ്‌സ് ചിറ്റൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ജീവിതമാണ് ലഹരി, ഫുട്‌ബോളാണ് ഹരം, പഠനമാണ് മുഖ്യം എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം നടത്തി. ഇന്റോ-നേപ്പാള്‍ ഇന്‍വിറ്റേഷനല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍, 400 മീറ്റര്‍ ഹഡില്‍സ് ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ കെ. വിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചിറ്റൂര്‍ സ്റ്റേ ഫിറ്റ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഇന്‍ഫോലിങ്‌സ് ചിറ്റൂരിലെയും ചിറ്റൂര്‍ ഐ.ടി.ഐയിലെയും പരിശീലനാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനവിതരണം ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു നിര്‍വഹിച്ചു. ചിറ്റൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി.പി വിനോദ് അധ്യക്ഷനായി. പി.ആര്‍ നിഷ, പി. ഗീത എന്നിവര്‍ പങ്കെടുത്തു.
സസ്‌പെന്‍ഡ് ചെയ്തു
അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി.വി അനില്‍കുമാറിനെ അനധികൃതമായി ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. 1960-ലെ കേരള സിവില്‍ ചട്ടങ്ങളിലെ ചട്ടം 10 (1) (എ) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ലേലം 15 ന്
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നും 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ കായ്ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള അവകാശത്തിന് ലേലം നടത്തുന്നു. മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ ഡിസംബര്‍ 15 ന് രാവിലെ 11 ന് ആണ് ലേലം. 1000 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491 2555191.
വന്ധ്യത പ്രചാരണം-ചികിത്സ; സര്‍വേ ആരംഭിച്ചു
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വന്ധ്യത പ്രചാരണം-ചികിത്സ സംബന്ധിച്ച് സര്‍വേ ആരംഭിച്ചു. വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍, ദമ്പതികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ മനസിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.
പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് തയ്യാറാക്കുക, വന്ധ്യത ക്ലിനിക്കുകളിലെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വ്യാപ്തി മനസിലാക്കുക, ക്ലിനിക്കുകളില്‍ നിന്നും ദമ്പതികള്‍ക്ക് കിട്ടുന്ന സേവനം എത്രമാത്രം സ്വീകാര്യമാണെന്നും ചെലവേറിയതാണെന്നും കണ്ടെത്തുക, വന്ധ്യതയിലെ ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക ഭദ്രത എന്നിവ വിലയിരുത്തുക, വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ അഭിമുഖീകരിക്കുന്ന ശാരീരിക- മാനസിക -സാമൂഹിക പ്രശ്നങ്ങള്‍ മനസിലാക്കുക, വന്ധ്യതയ്ക്ക് കാരണമാകുന്ന വിവിധ അവസ്ഥകളെക്കുറിച്ച് മനസിലാക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യങ്ങള്‍. ഇതിനുപുറമെ കുടുംബങ്ങളില്‍ വന്ധ്യതാ ചികിത്സയിലൂടെ കടന്നുപോയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്ത് തെരഞ്ഞെടുത്തിട്ടുള്ള 800 യൂണിറ്റുകളില്‍ ഡിസംബര്‍ ഒന്നിന് സാമ്പിള്‍ സര്‍വേ ആരംഭിച്ചു. ജില്ലയില്‍ 64 യൂണിറ്റു(വാര്‍ഡ്)കളിലാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലിനിക്കുകളുടെ വിവരവും പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിന് സാമ്പിള്‍ യൂണിറ്റുകളിലെ മുഴുവന്‍ വീടുകളുടെയും പട്ടിക തയ്യാറാക്കുന്നു. രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ലിനിക്കുകള്‍, ദമ്പതികള്‍ എന്നിവരില്‍ നിന്നും വിശദമായ വിവരശേഖരണം നടത്തും. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാംഘട്ട വിവരശേഖരണത്തില്‍ ആശവര്‍ക്കര്‍മാരും പങ്കെടുക്കുമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
നെന്മാറ ഡിവിഷനില്‍ 1.85 കോടി രൂപയുടെ പദ്ധതികള്‍
ജില്ലാ പഞ്ചായത്ത് നെന്മാറ ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷം 1.85 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നെന്മാറ ഗവ ഗേള്‍സ് ഹൈസ്‌കൂളില്‍ കെട്ടിടങ്ങളുടെ അറ്റക്കുറ്റപ്രവൃത്തികള്‍ക്കായി 30 ലക്ഷം, അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരണത്തിന് 20 ലക്ഷം, പടിവട്ടം എസ്.സി. കോളനി സമഗ്ര വികസനം 20 ലക്ഷം, വിവിധ എസ്.സി. കോളനികളിലായി ഒന്‍പത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം, നെന്മാറ ചെമ്മന്തോട്-നെല്ലിചോട് റോഡ് നവീകരണം 20 ലക്ഷം, അയിലൂര്‍ നീലംകോട് എസ്.സി കോളനി സമഗ്ര വികസനത്തിന് 20 ലക്ഷം, നെന്മാറ-പോത്തുണ്ടി -മാട്ടായികുന്ന് -കോതശ്ശേരി കനാല്‍ ബണ്ട് റോഡ് പുനരുദ്ധാരണം 20 ലക്ഷം, വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ ശുചിത്വ പരിപാലനത്തിന് 15 ലക്ഷം, പോത്തുണ്ടി-അയ്യപ്പന്‍കുന്ന് കുടിവെള്ള ടാങ്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം, പോത്തുണ്ടി മാട്ടായി-ചേരുംകാട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കൂടാതെ നെന്മാറ ഗവ ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂളുകളില്‍ അഞ്ച് ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ നല്‍കിയതായും ജില്ല പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍ അറിയിച്ചു.
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള 19 മുതല്‍ 21 വരെ
നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാല് വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി പദ്ധതി ലഭ്യമാണ്.
വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും 0471-2770 511, +91-7736 917 333 (വാട്ട്സ്ആപ്പ്) എന്നീ നമ്പറുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലും ലഭിക്കും.