Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (15/12/2022)

തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കണം: ബാലാവകാശ കമ്മീഷന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. അടിമാലി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി.

 

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 31ന്

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 31ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

മിനി തൊഴില്‍മേള ‘ദിശ’ ഡിസംബര്‍ 22ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഡിസംബര്‍ 22ന് രാവിലെ ഒമ്പത് മുതല്‍ ‘ദിശ 2022’ മിനി തൊഴില്‍മേള നടത്തും. ആയിരത്തോളം ഒഴിവുകളാണുള്ളത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച്.ആര്‍, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും.

പ്ലസ്.ടു, ഐ.ടി.ഐ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റ (അഞ്ചെണ്ണം) സഹിതം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എത്തണം. ഫോണ്‍: 0474 2746789, 0474 2740615.

 

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കിലുള്ള പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ ലഭ്യമാക്കുന്നതിനും നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കുമായി ഡിസംബര്‍ 16 മുതല്‍ 31 വരെ കെ.എസ്.ഇ.ബി.എല്ലിന്റെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും വര്‍ഷാന്ത്യ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇമെയില്‍: [email protected]. . ടോള്‍ ഫ്രീ നമ്പര്‍: 1912.

 

അപേക്ഷാ തീയതി നീട്ടി

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഫോണ്‍: 0474 2749334.

 

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’: ജില്ലയില്‍ ആരംഭിച്ചത് പതിനായിരത്തിലധികം സംരംഭങ്ങള്‍

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചത് 10,050 പുതിയ സംരംഭങ്ങള്‍. 250 കോടി മൂലധന നിക്ഷേപത്തോടെ 20685 തൊഴിലവസരങ്ങളും സൃഷ്ടിച്ച് മികച്ച പ്രകടമാണ് കാഴ്ചവെച്ചത്.

പുതിയ സംരംഭകരെ കണ്ടെത്തി വായ്പ, ലൈസന്‍സ്, സബ്‌സിഡി തുടങ്ങിയവ സംബന്ധിച്ച് ബോധവത്ക്കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 79 ഇന്റേണ്‍സിനെ ഇതുവരെ നിയമിച്ചു. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഇന്റേണ്‍സ് മുഖേന സേവനം ലഭ്യമാക്കുന്നതിന് ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തിച്ച് വരുന്നു. പ്രധാന വകുപ്പുകളെ അംഗങ്ങളാക്കി ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സേവനങ്ങള്‍ അതിവേഗത്തില്‍ നല്‍കിയുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസംരക്ഷണം, ഗാര്‍മെന്റ്‌സ് എന്നീ മേഖലകളിലാണ് കൂടുതല്‍ സംരംഭങ്ങളും ആരംഭിച്ചത്. കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയത്. ഇതുവരെ 852 സംരംഭകര്‍ക്ക് 65 കോടി ബാങ്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്.

 

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 179 അങ്കണവാടികളിലേക്കും അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 36 അങ്കണവാടികളിലേക്കും ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ (സ്ഥാപനങ്ങള്‍/വ്യക്തികള്‍) നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ട്, സ്റ്റേഡിയം കോംപ്ലക്‌സ്. ഫേണ്‍: 0474 2740590, 9188959663.

error: Content is protected !!