Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (15/12/2022)

ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം ഇന്ന്

മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഇന്ന് (ഡിസംബര്‍ 16) രാവിലെ 10 ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍. എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ മുരളീധരന്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷറഫുദ്ദീന്‍, ഇ.എം.സി റിസോഴ്സ് പേഴ്സണ്‍ എ. നിയാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ സെമിനാര്‍, യുവതീ-യുവാക്കള്‍ക്കായി ഊര്‍ജ്ജ മേഖലയില്‍ തൊഴില്‍ പരിശീലനം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, റാലി, ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ജനുവരി അഞ്ചിനകം അയക്കണം. മത്സരത്തില്‍ ഫോണ്‍ ഉപയോഗിക്കാം. ഫോണ്‍: 9846668721, 8129691923.

 

ജില്ലാ ക്ഷീരകര്‍ഷകസംഗമം സമാപനം ഇന്ന്

മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 16) രാവിലെ 11 ന് എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം-പൊതുസമ്മേളനം-ക്ഷീരബന്ധു പുരസ്‌കാര വിതരണം നടക്കും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാകും. ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുള്ള ക്ഷീരബന്ധു പുരസ്‌കാരം ക്ഷീരവികസന വകുപ്പ് മന്ത്രി വിതരണം ചെയ്യും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്‌കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ക്ഷീരമേഖലക്ക് നടപ്പ്വര്‍ഷം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളെ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ആദരിക്കും.

പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്സിന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.ഡി പ്രസേനന്‍, കെ. ബാബു എം.എല്‍.എ, പി. മമ്മിക്കുട്ടി എം.എല്‍.എ, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, പി.പി സുമോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരവികസന വകുപ്പ് സംസ്ഥാന ഡയറി ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പി.എ ബീന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

കുടിവെള്ള പദ്ധതി അവലോകനയോഗം ഇന്ന്

തൃത്താല നിയോജകമണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ അവലോകനയോഗം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഡിസംബര്‍ 16) വൈകിട്ട് മൂന്നിന് കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.

 

തൃത്താല ഗവ ആയുര്‍വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം 17 ന്

മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

തൃത്താല ഗവ ആയുര്‍വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ 17 ന് രാവിലെ 10 ന് മാട്ടായ ബദാംചുവട് ആശുപത്രി കെട്ടിടത്തില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താത്ക്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് ആലത്തൂരില്‍

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബര്‍ 16) രാവിലെ 10.30 മുതല്‍ ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 20 ന്് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും 23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അദാലത്ത് നടക്കും.

 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഫോണ്‍: 0491 2504599.

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട് മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍-ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. അപേക്ഷാഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ഓഫീസിലും www.kmtwwfb.org ലും ലഭിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2547437.

 

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ സ്‌കൂള്‍, കോളെജ്, ആശുപത്രി, കോടതി എന്നിവിടങ്ങളില്‍ കൊണ്ടുപോകുന്നതിനും ഹോമിലെ മറ്റ് ആവശ്യങ്ങള്‍ക്കായും കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് (ജീപ്പ്, കാര്‍) ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്ററിന് 30,000 രൂപയാണ് വാടക. കാലപ്പഴക്കം ഏഴ് വര്‍ഷത്തില്‍ കൂടരുത്. ആര്‍.സി ബുക്ക്, നികുതി, ഇന്‍ഷുറന്‍സ്, ടാക്‌സ് പെര്‍മിറ്റ് രേഖകള്‍ ഉണ്ടായിരിക്കണം. ദര്‍ഘാസ് കവറിന് പുറത്ത് കരാര്‍ വാഹന ടെന്‍ഡര്‍-വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം പാലക്കാട് എന്ന് രേഖപ്പെടുത്തണം. 3600 രൂപ ആണ് ഇ.എം.ടി തുക. 2023 ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 0491 2911098.

 

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് റവന്യൂ ഡിവിഷന് കീഴിലുള്ള വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ആറ് മാസത്തേക്ക് രണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ടാകരുത്. ഓഫ് റോഡ്, ഓണ്‍ റോഡ് ഉപയോഗങ്ങള്‍ക്ക് കഴിയുന്ന ജീപ്പ്, സ്‌കോര്‍പിയോ, ബൊലേറോ തുടങ്ങിയ വാഹനങ്ങളായിരിക്കണം. ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ച് വരെ പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഡിസംബര്‍ 22 ന് രാവിലെ 11 ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0491 2535585.

 

റാങ്ക് പട്ടിക പ്രാബല്യത്തിലില്ലാതായി

പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് തസ്തിക മാറ്റം (കാറ്റഗറി നമ്പര്‍ 661/2021) തെരഞ്ഞെടുപ്പിന് നവംബര്‍ 14 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിക്ക് ഡിസംബര്‍ മൂന്നിന് നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക പ്രാബല്യത്തില്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നമ്പര്‍: 311/2021) തസ്തികമാറ്റം തെരഞ്ഞെടുപ്പിന് നവംബര്‍ എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിയെ നവംബര്‍ 30 ന് നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

 

കയര്‍ ഉത്പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ്

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് പാലക്കാട് കയര്‍ഫെഡ് ഷോറൂമില്‍ ജനുവരി 31 വരെ കയര്‍ ഉത്പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 24 ശതമാനം വരെയും മെത്തകള്‍ക്ക് 32 മുതല്‍ 50 ശതമാനം വരെയും വിലക്കിഴിവ് നല്‍കുന്നതായി ജില്ലാ കയര്‍ഫെഡ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2546451.

error: Content is protected !!