Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (26/12/2022)

ജില്ലാ വികസന സമിതി യോഗം 31 ന്

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 31 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

 

ജില്ലയിലെ 22 കേന്ദ്രങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍

ദ്വിദിന ക്യാമ്പില്‍ 1019 കുട്ടികള്‍ പങ്കെടുക്കും

ജില്ലയില്‍ 22 കേന്ദ്രങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ആരംഭിച്ചു. സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 1019 കുട്ടികള്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കും. ഓരോ യൂണിറ്റില്‍ നിന്ന് പ്രോഗ്രാമിങ്, ആനിമേഷന്‍ വിഭാഗങ്ങളില്‍ നാല് വീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയില്‍ ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ, എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, കൈറ്റ് പാലക്കാട്, ജി.ജി.എച്ച്.എസ്.എസ് ആലത്തൂര്‍, എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം, ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂര്‍, ജി.എച്ച്.എസ്.എസ് പട്ടാമ്പി, ജി.വി.എച്ച്.എസ്.എസ് വട്ടേനാട്, ജി.എച്ച്.എസ് അഗളി എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു സ്‌കൂളില്‍ രണ്ട് ക്യാമ്പ് വീതം നടക്കും.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. പ്രോഗ്രാമിങ് വിഭാഗം കുട്ടികള്‍ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് ലഹരിയുടെ പിടിയില്‍ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം തയ്യാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍ ഓപ്പണ്‍ ടൂണ്‍സ് എന്ന സോഫ്റ്റ്‌വെയറില്‍ ആനിമേഷന്‍ വിഭാഗം കുട്ടികളും തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും നടക്കുക.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറായ ആപ്പ് ഇന്‍വെന്റര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, നല്ല ആരോഗ്യ ശീലങ്ങള്‍ മാറിമാറി നല്‍കുന്ന ആപ്പ് എന്നിവയുടെ നിര്‍മ്മാണം, ത്രീഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍, റ്റുഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ ഓപ്പണ്‍ടൂണ്‍സ് എന്നിവ ഉപയോഗിച്ചുള്ള ആനിമേഷന്‍ നിര്‍മ്മാണം, സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകള്‍.

ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ് മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന പാഠ്യഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് (ഡിസംബര്‍ 27) കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് ക്യാമ്പ് അംഗങ്ങളുമായി ലിറ്റില്‍ കൈറ്റസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഓണ്‍ലൈനായി ആശയ വിനിമയം നടത്തും. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ റവന്യൂ ജില്ലാ ക്യാമ്പിലേക്കുള്ളവരെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സിലും ബ്ലെന്റര്‍ സോഫ്റ്റ്‌വെയറിലും പരിശീലനം നല്‍കുമെന്ന് കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ് അറിയിച്ചു. ജില്ലയിലെ 136 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളില്‍ 4582 അംഗങ്ങളാണുള്ളത്.

 

അനധികൃത ഖനനം: പട്ടാമ്പി, തൃത്താല മേഖലകളില്‍ പരിശോധന നടത്തി

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പട്ടാമ്പി, തൃത്താല മേഖലകളില്‍ പരിശോധന നടത്തി. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, പട്ടിത്തറ ഭാഗങ്ങളില്‍ ഖനനാനുമതി നല്‍കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, മുടവന്നൂര്‍ പ്രദേശങ്ങളില്‍ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കിയ സ്ഥലങ്ങളിലും ചാത്തന്നൂര്‍, മുടവന്നൂര്‍ എന്നിവിടങ്ങളില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള കരിങ്കല്ല് ക്വാറികളില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിനും ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും പരാതി ഉന്നയിച്ചവരെ നേരില്‍ കേട്ടതായും ജിയോളജിസ്റ്റ് അറിയിച്ചു.

അനധികൃതമായി കരിങ്കല്ല്, വെട്ടുകല്ല് ഖനനം നടത്തിയ രണ്ട് ക്വാറികള്‍ക്കെതിരെയും അനധികൃത ധാതു കടത്തിന് രണ്ട് വാഹനങ്ങള്‍ക്കെതിരെയും ഖനനത്തിനായി ഉപയോഗിച്ച രണ്ട് യന്ത്രസാമഗ്രികള്‍ക്കെതിരെയും 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം പ്രകാരം നടപടി സ്വീകരിച്ചതായും ജിയോളജിസ്റ്റ് അറിയിച്ചു.

 

മണ്ണിടിച്ചില്‍: അഞ്ച് സ്ഥലങ്ങളില്‍ 29 ന് മോക്ക്ഡ്രില്‍

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശപ്രകാരം ഡിസംബര്‍ 29 ന് ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ എന്ന വിഷയത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ, നെന്മാറ പഞ്ചായത്തിലെ ചേരുംകാട്, ആലത്തൂര്‍ പഞ്ചായത്തിലെ കാട്ടുശ്ശേരി വീഴുമല, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട്, അമ്പലപ്പാറ പഞ്ചായത്തിലെ മേലൂര്‍ കീഴ്പ്പാടം കോളനി എന്നിവടങ്ങളിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ലേലം ജനുവരി 27 ന്

പട്ടാമ്പി താലൂക്ക് ചാലിശ്ശേരി വില്ലേജിലെ തോലത്ത് വീട്ടില്‍ ടി.കെ സാജു എന്നയാള്‍ വില്‍പ്പന നികുതി കുടിശിക വരുത്തിയിട്ടുള്ളതിനാല്‍ കുടിശിക ഇനത്തില്‍ നാല് കേസുകളിലായി 56,06,997 രൂപ പിരിച്ചെടുക്കുന്നതിന് റവന്യു റിക്കവറി നടപടികള്‍ സ്വീകരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. കുടിശിക അടക്കാത്ത സാഹചര്യത്തില്‍ ജനുവരി 27 ന് രാവിലെ 11 ന് സ്ഥാവര വസ്തുക്കള്‍ ലേലം ചെയ്യുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300.

 

സ്റ്റേറ്റ് സര്‍വീസ് മീറ്റില്‍ ജില്ലക്ക് തിളക്കമാര്‍ന്ന വിജയം

വിജയികള്‍ക്ക് നാഷണല്‍ സിവില്‍ സര്‍വീസ് മീറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് മീറ്റില്‍ മത്സരങ്ങളില്‍ പാലക്കാട് ജില്ലയ്ക്ക് തിളക്കമാര്‍ന്ന വിജയം. കോഴിക്കോട് നടന്ന പരിപാടിയില്‍ അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഹോക്കി, നീന്തല്‍, 4×100 ഫ്രീ സ്‌റ്റൈല്‍ റിലേ, ഗുസ്തി, ബെസ്റ്റ് ഫിസിക്ക്, വെയിറ്റ് ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ്, ടെന്നീസ് തുടങ്ങിയ മത്സങ്ങളാണ് സംഘടിപ്പിച്ചത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ 5000 മീറ്റര്‍ ഓപണ്‍ ആര്‍.കെ രാജേഷ് (തൊഴില്‍ വകുപ്പ്) സ്വര്‍ണം നേടി. 800 മീറ്റര്‍, 1500 മീറ്റര്‍ ഇനങ്ങളില്‍ വി. അനീഷ് കുമാര്‍ (ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) സ്വര്‍ണ മെഡല്‍, 100 മീറ്റര്‍ ഇനത്തില്‍ കെ. നന്ദഗോപാലന്‍ സ്വര്‍ണ മെഡല്‍, ലോങ് ജംപില്‍ വി.വി ഹരിദാസന്‍ (അച്ചടി വകുപ്പ്) വെള്ളി മെഡല്‍, 100 മീറ്റര്‍ വനിതാ വിഭാഗത്തില്‍ ആര്‍. സോജ (ഗ്രാമ വികസനം) സ്വര്‍ണ മെഡല്‍, 200 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളില്‍ എച്ച്. ഹരിപ്രിയ (ആരോഗ്യ വകുപ്പ്) വെങ്കലം, നാഷണല്‍ സിവില്‍ സര്‍വീസ് മീറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത എന്നിങ്ങനെ നേടി. ബാഡ്മിന്റണ്‍ വനിതാ വെറ്ററന്‍ വിഭാഗത്തില്‍ മേരി സില്‍വസ്റ്റര്‍ (പഞ്ചായത്ത് വകുപ്പ്), ഡോ. ട്വിങ്കിള്‍ സുരേന്ദ് (ഹോമിയോ വകുപ്പ്), പുരുഷ വെറ്ററന്‍ വിഭാഗത്തില്‍ സി.വി നിപുണ്‍ (കൃഷി വകുപ്പ്) എന്നിവര്‍ വിജയിച്ചു. ഇവര്‍ നാഷണല്‍ സിവില്‍ സര്‍വീസ് മീറ്റ് മത്സരങ്ങള്‍ക്ക് യോഗ്യരായി.

ടീം ചാമ്പ്യന്‍ഷിപ്പ്-വനിതാ വിഭാഗത്തില്‍ മേരി സില്‍വസ്റ്റര്‍ (പഞ്ചായത്ത് വകുപ്പ്), ഡോ. ട്വിങ്കിള്‍ സുരേന്ദ് (ഹോമിയോ വകുപ്പ്), ബി. ഷംല (ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) എന്നിവര്‍ റണ്ണേഴ്‌സ് അപ്പ് ആയി. ഹോക്കിയില്‍ പാലക്കാട് ജില്ലാ വനിതാ ടീം എതിരില്ലാതെ നാഷണല്‍ സിവില്‍ സര്‍വീസ് മീറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടി. ഉഷ ദേവി (ആരോഗ്യ വകുപ്പ്), ജാനകി (ആരോഗ്യ വകുപ്പ്), മേരി സില്‍വസ്റ്റര്‍ (പഞ്ചായത്ത് വകുപ്പ്), ഡോ. ദീപ്തി കെ. പ്രഭാകരന്‍ (ആരോഗ്യ വകുപ്പ്), ഷക്കീല ബീഗം (പഞ്ചായത്ത് വകുപ്പ്), പ്രസന്ന (ജി.എസ്.ടി), പ്രമീള (വിദ്യാഭ്യാസ വകുപ്പ്), എസ്. ഉഷ (ജി.എസ്.ടി), കെ. സുമം (റവന്യൂ), എച്ച്. ഹരിപ്രിയ (ആരോഗ്യ വകുപ്പ്) എന്നിവരാണ് ഹോക്കി ടീം അംഗങ്ങള്‍.

4×100 ഫ്രീ സ്‌റ്റൈല്‍ റിലേ ഡോ. ടി. കൃഷ്ണദാസ് (ആരോഗ്യ വകുപ്പ്), എം. രമേഷ് (വിദ്യാഭ്യാസ വകുപ്പ്), കെ. പ്രദീപ് (പൊതു വിദ്യാഭ്യാസം), എസ്. അരുണ്‍കുമാര്‍ (ആയുര്‍വേദം) എന്നിവരടങ്ങുന്ന ടീം വെള്ളി നേടുകയും എം. രമേഷ്, എസ്. സുമിഷ, എസ്. അരുണ്‍കുമാര്‍ എന്നിവര്‍ നാഷണല്‍ സിവില്‍ സര്‍വീസ് മീറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുകയും ചെയ്തു. ഗുസ്തിയില്‍ ദിനു എന്‍. ബെന്നി (റവന്യൂ വകുപ്പ്) 125 കിലോ വിഭാഗത്തില്‍ സ്വര്‍ണം, എം.എസ് സത്യജിത് (പോലീസ് വകുപ്പ്) 61 കിലോ വിഭാഗത്തില്‍ സ്വര്‍ണം, ജി. രഞ്ജിത്ത് (വിദ്യാഭ്യാസ വകുപ്പ്), 82 കിലോ വിഭാഗത്തില്‍ സ്വര്‍ണം എന്നിങ്ങനെ നേടി. ഇവര്‍ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ബെസ്റ്റ് ഫിസിക്ക് ഇനത്തില്‍ 90 + കിലോ വിഭാഗത്തില്‍ പി.വി വരുണ്‍ (പോലീസ്) സ്വര്‍ണം, 70-75 കിലോ വിഭാഗത്തില്‍ ആര്‍. സുധീര്‍ (ഇറിഗേഷന്‍ വകുപ്പ്) വെള്ളി എന്നിങ്ങനെ നേടി. ഇവര്‍ ഈ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

വെയിറ്റ് ലിഫ്റ്റിങില്‍ 73 കിലോ വിഭാഗത്തില്‍ സി.ഡി സോളോമോന്‍ (കോളെജ് വിദ്യാഭ്യാസം) സ്വര്‍ണം നേടുകയും ഈ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് മീറ്റില്‍ യോഗ്യത നേടുകയും ചെയ്തു. ടേബിള്‍ ടെന്നീസില്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം റണ്ണര്‍ അപ്പ് ആയി. ഡോ. ദീപ്തി കെ. പ്രഭാകരന്‍ (ആരോഗ്യ വകുപ്പ്), പി. സുഷമ (ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്), വി.എസ് ശ്രീജ (ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്) എന്നിവരാണ് ടീമംഗങ്ങള്‍. ചെസില്‍ ആര്‍. നയന്‍താര (പൊതു വിദ്യാഭ്യാസം), സി. ശ്രീദ (ഗ്രാമ വികസന വകുപ്പ്) എന്നിവര്‍ വിജയിക്കുകയും നാഷണല്‍ സര്‍വീസ് മീറ്റില്‍ യോഗ്യത നേടുകയും ചെയ്തു.

 

ജനുവരി മൂന്ന് വരെ എക്‌സൈസ്-പോലീസ് സ്‌പെഷ്യല്‍ ഡ്രൈവ്

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും ചേര്‍ന്ന് ജനുവരി മൂന്ന് വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

ലഹരി കുറ്റകൃത്യങ്ങളെ കുറിച്ച് 0491 2505897 (കണ്‍ട്രോള്‍ റൂം), 1800 4252 919 (ടോള്‍ ഫ്രീ) എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം. കൂടാതെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പാലക്കാട്-0491 2539260, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍-04923 222272, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലത്തൂര്‍-04922 222474, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മണ്ണാര്‍ക്കാട്-04924 225644, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഒറ്റപ്പാലം-04662 244488, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട്-0491 2526277 എന്നീ നമ്പറുകളിലും വിവരങ്ങള്‍ അറിയിക്കാം.

 

ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനും യോഗം ഇന്ന്

ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ന് (ഡിസംബര്‍ 27) വൈകിട്ട് നാലിന് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ചേംബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗം ചേരുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

 

ഗതാഗത നിരോധനം

മേനോന്‍പാറ-ഒഴലപ്പതി പൊതുമരാമത്ത് വകുപ്പ് റോഡില്‍ കി.മീ. 5/200ല്‍ കള്ളിയംപാറയ്ക്ക് സമീപം നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. മേനോന്‍പാറയില്‍ നിന്നും ഒഴലപ്പതി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പരിശിക്കല്‍ ജങ്ഷനില്‍ നിന്നും ഒഴലപ്പതി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ വേലന്താവളം വഴിയും തിരിഞ്ഞു പോകണമെന്ന് കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

പരീക്ഷ ജനുവരി 15 ന്

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 2023 ജനുവരി ഒന്നിന് രാവിലെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന എഴുത്ത് പരീക്ഷ ജനുവരി 15 ലേക്ക് മാറ്റിയതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

error: Content is protected !!