Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (28/12/2022)

ചാത്തനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് തുറന്നുകൊടുക്കും

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും

ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് (ഡിസംബര്‍ 29) രാവിലെ 11.30 ന് കായിക-വഖഫ്-ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, മുന്‍ എം.എല്‍.എ അഡ്വ. വി.ടി ബല്‍റാം, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ആധുനിക കായിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കുകയും ഒപ്പം ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും വിനോദവും ലക്ഷ്യമിട്ടാണ് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം തുറന്നുകൊടുക്കുന്നത്. കായികമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.

 

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥി-രക്ഷകര്‍ത്തൃ-അധ്യാപക യോഗം ചേര്‍ന്നു

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങള്‍ നല്‍കി. റവന്യൂ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചവര്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ചവര്‍, കോടതി അനുകൂല ഉത്തരവ് ലഭിച്ചവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

റവന്യൂ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാതൃകാ ഫോറത്തിലുള്ള ഐ.ഡി കാര്‍ഡ് ഫോട്ടോ പതിപ്പിച്ച് സ്‌കൂള്‍ മേധാവി സീല്‍ വെച്ച് വകുപ്പില്‍ ഏല്‍പ്പിക്കണം. കോഴിക്കോട് നേരിട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ് വാങ്ങി നല്‍കുന്നത്. ജനറല്‍ കലോത്സവത്തില്‍ ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുവര്‍ ഒരു ഐ.ഡി കാര്‍ഡ് നല്‍കിയാല്‍ മതി. എന്നാല്‍ അറബിക്, സംസ്‌കൃത കലോത്സവങ്ങള്‍ക്ക് പ്രത്യേകം ഐ.ഡി കാര്‍ഡ് നല്‍കണം. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ചവര്‍, കോടതി അനുകൂല ഉത്തരവ് ലഭിച്ചവര്‍ എന്നിവര്‍ നേരിട്ട് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ബി.ഇ.എം ഹൈസ്‌കൂളിലെത്തി വാങ്ങണം. അപ്പീല്‍ ഉത്തരവ് ലഭിച്ചവര്‍ കോഴിക്കോട് ബി.ഇ.എം ഹൈസ്‌കൂളിലെ ലോവര്‍ അപ്പീല്‍ കൗണ്ടറില്‍ 5000 രൂപ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ് കൗണ്ടറില്‍ നിന്ന് തന്നെ നേരിട്ട് വാങ്ങണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അധ്യക്ഷനായി. ‘ആരോഗ്യപരമായ കലോത്സവ സമീപനം’ വിഷയത്തില്‍ കഥകളി നടനും സംഗീതജ്ഞനും ചിത്രകാരനും ശില്‍പിയുമായ ഡോ. സദനം ഹരികുമാര്‍ സംവദിച്ചു. വിദ്യാകിരണം ജില്ലാ-കോര്‍ഡിനേറ്റര്‍ ഡി. ജയപ്രകാശ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മഹേഷ് കുമാര്‍, ജില്ലാ കലോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍, നോഡല്‍ ഓഫീസര്‍ പി. തങ്കപ്പന്‍, കലോത്സവം സെക്ഷന്‍ സൂപ്രണ്ട് സി. കൃഷ്ണന്‍, സെക്ഷന്‍ ക്ലാര്‍ക്ക് ധീരജ് എന്നിവര്‍ സംസാരിച്ചു.

 

ജില്ലയില്‍ നിന്ന് 667 വിദ്യാര്‍ത്ഥികള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ നിന്നും 667 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 289 പേരും സംസ്‌കൃത കലോത്സവത്തില്‍ 46 പേരുമാണ് പങ്കെടുക്കുക. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 297 പേരും അറബി കലോത്സവത്തില്‍ 35 പേരും പങ്കെടുക്കും. ഇതിന്പുറമെ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ച 18 വിദ്യാര്‍ത്ഥികളും കോടതി അനുകൂല ഉത്തരവ് ലഭിച്ചവരും പങ്കെടുക്കും.

 

ഊര്‍ജ്ജ കിരണ്‍ ഹ്രസ്വചിത്ര മത്സരം

ജില്ലാ മള്‍ബറി കൊക്കൂണ്‍ ഉത്പാദക സഹകരണ സംഘം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇ.എം.സി), സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് (സി.ഇ.ഡി) എന്നിവയുടെ സഹകരണത്തോടെ ജീവിതശൈലിയും സംരക്ഷണവും എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. വ്യക്തികള്‍ക്കും കൂട്ടായും സംഘടനകള്‍ക്കും പങ്കെടുക്കാം. ദൃശ്യമാധ്യമങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലോ പ്രദര്‍ശിപ്പിച്ചവയാകരുത്. ഉചിതമായ ശീര്‍ഷകം നല്‍കണം. മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ഷൂട്ട് ചെയ്യാം. ഹ്രസ്വചിത്രം ജനങ്ങള്‍ക്ക് ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് സന്ദേശം നല്‍കുന്നതായിരിക്കണം. വീഡിയോയോടൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കണം. ഒന്നാം സമ്മാനമായി 3000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2000 രൂപയും സര്‍ട്ടിഫിക്കറ്റും ആണ് രണ്ടാം സമ്മാനം. സില്‍ക്കോ സഹകരണ സംഘം, പുഴയ്ക്കല്‍, കണ്ണാടി (പി.ഒ) പാലക്കാട് എന്ന വിലാസത്തിലാണ് വീഡിയോകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ [email protected], 9846668721, 8129691823 ല്‍ ലഭിക്കും.

 

അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം

മങ്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ അഞ്ച് ദിവസത്തിനകം മാറ്റണമെന്നും അല്ലാത്തപക്ഷം ഇവ സ്ഥാപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2872320.

 

സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം: എഴുത്തു പരീക്ഷ ജനുവരി ഒന്നിന്

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ 2023 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

 

ലേലം ജനുവരി 10 ന്

ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിന്റെ അധികാരപരിധിയിലുള്ള ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന്‍ ഓഫീസുകളിലെ നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും 2023 ജനുവരി 11 മുതല്‍ ഒക്‌ടോബര്‍ 31 വരെ ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജനുവരി 10 ന് രാവിലെ 11 നാണ് ലേലം. 2000 രൂപയാണ് നിരതദ്രവ്യം. താത്പര്യമുള്ളവര്‍ ജനുവരി ഒന്‍പതിന് വൈകീട്ട് നാലിനകം ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍: 8086395116.

 

ജില്ലാതല ഏകോപന സമിതി യോഗം ഇന്ന്

11-ാമത് കാര്‍ഷിക സെന്‍സസ് ആരംഭിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ജില്ലാതല ഏകോപന സമിതിയുടെ പ്രഥമയോഗം ഇന്ന് (ഡിസംബര്‍ 29) രാവിലെ 11 ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചേബറില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!