Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (29/12/2022)

രാജ്യാന്തര കായിക താരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് കായിക-വഖഫ്-ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍തലത്തില്‍ വിദാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും ചാത്തനൂര്‍, തിരുമിറ്റക്കോട് അടക്കമുള്ള ചുറ്റുവട്ടത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൂടി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെച്ചെന്നാലും ഇതേ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ തന്നെയാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. കിഫ്ബി ഫണ്ടില്‍ നിന്നും 8.87 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ എല്ലാ കായികമേളകളും നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാല് ഏക്കറിലായുള്ള ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ 6 ലൈന്‍ ട്രാക്ക് (സിന്തറ്റിക്) നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്, ജമ്പിങ് പിറ്റ്, ഫെന്‍സിങ്, മഴവെള്ള സംഭരണി തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. മണികണ്ഠന്‍ കണ്‍വീനറായും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. മഞ്ജുഷ ചെയര്‍പേഴ്‌സണായും സമിതി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്‌റ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം മനോമോഹനന്‍, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.എസ് ഷെറീന, രാധിക രതീഷ്, ബി.ആര്‍ രേഷ്മ, കായിക യുവജന കാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍. ജയചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം മികച്ച രീതിയില്‍ സംരക്ഷിക്കണം: മന്ത്രി എം.ബി രാജേഷ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമയം കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുംവിധം ആയിരിക്കണം സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനമെന്നും ട്രാക്ക് സ്റ്റേഡിയം മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ സ്‌കൂളിനും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിനും കഴിയണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്ന പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെങ്കിലും പ്രവര്‍ത്തനമില്ലാത്തതിനാല്‍ തിരുമിറ്റക്കോട് പ്രദേശത്തെ ചെറുപ്പക്കാര്‍, കായികപ്രേമികള്‍, പ്രദേശവാസികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം സ്റ്റേഡിയം തുറന്നുകൊടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കായിക കേരളത്തിന്റെ വികസന കുതിപ്പിനായി സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം തുറന്നു കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കായികരംഗത്തെ വികസനത്തിന് സംസ്ഥാനത്താകെ ഊര്‍ജ്ജസ്വലമായ നേതൃത്വപരമായിട്ടുള്ള ഇടപെടലുകളാണ് കായിക മന്ത്രി നടത്തുന്നതെന്നും അതിനുള്ള മികച്ച ഉദാഹരണമാണ് ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം എന്നും മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതി നടക്കാന്‍ പോകുന്നില്ലെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ആദ്യം കനത്ത മഴ ജാഗ്രതാ നിര്‍ദ്ദേശം, പിന്നീട് പ്രജയസാധ്യതാ മുന്നറിയിപ്പുകള്‍

ജില്ലയില്‍ അഞ്ചിടങ്ങളില്‍ മോക്ക് ഡ്രില്‍ ഊര്‍ജ്ജിതം

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ ‘മോക്ക് എക്സസൈസ് ഓണ്‍ ലാന്‍ഡ് സ്ലൈഡ്’ സംഘടിപ്പിച്ചു. രാവിലെ ഒന്‍പതോടെ ജില്ലയില്‍ കനത്ത മഴസാധ്യതാ മുന്നറിയിപ്പും തുടര്‍ന്ന് പ്രളയ സാധ്യതാ ജാഗ്രതാ നിര്‍ദേശത്തോടെയുമായിരുന്നു മോക്ക്ഡ്രില്ലിന്റെ തുടക്കം. പിന്നീടാണ് വിവിധ താലൂക്കുകളില്‍ നിന്നായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ അറിയിപ്പുകള്‍ കിട്ടി തുടങ്ങുന്നത്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നതുള്‍പ്പടെയുള്ള ജാഗ്രതാ നിര്‍ദേശങ്ങളും വിവരങ്ങളും വന്നു കൊണ്ടിരുന്നു. പാലക്കാട് താലൂക്ക് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മായപ്പാറ, ചിറ്റൂര്‍ താലൂക്ക് നെന്മാറ ചേരുംകാട്, ആലത്തൂര്‍ താലൂക്ക് കാട്ടുശ്ശേരി വീഴുമല, മണ്ണാര്‍ക്കാട് താലൂക്ക് കാഞ്ഞിരപ്പുഴ വെള്ളത്തോട്, ഒറ്റപ്പാലം താലൂക്ക് അമ്പലപ്പാറ മേലൂര്‍ കീഴ്പ്പാടം കോളനി എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മണ്ണിടിച്ചില്‍ നടന്ന വിവരങ്ങളും നടപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളും ഏര്‍പ്പാടാക്കുന്ന സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ച് താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റം പ്രകാരം റെസ്പോണ്‍സിബിള്‍ ഓഫീസര്‍ ജില്ലാ കലക്ടര്‍, ഇന്‍സിഡന്‍ഡ് കമാന്‍ഡര്‍ എ.ഡി.എം എന്നിവരുടെ ഏകോപനത്തിലുളള ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു.

ആലത്തൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേരുടെ മരണവും മറ്റിടങ്ങളില്‍ ആളപായമില്ലെന്നും സ്ഥിരീകരിച്ചു. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അഞ്ച് കേന്ദ്രങ്ങളില്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ നൂറോളം പേരെ മാറ്റി താമസിപ്പിക്കാന്‍ കഴിയുന്ന ക്യാമ്പുകള്‍ തുറന്നു. അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഉണ്ടായിരുന്നു. ക്യാമ്പുകള്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ ഏകോപിപ്പിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്ന തരത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. ശരവേഗത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ അതത് തഹസില്‍ദാര്‍മാര്‍ സജ്ജമായിരുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പോലീസ് വയര്‍ലസ് സംവിധാനം ഉണ്ടായിരുന്നു. അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റം ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു. മോക്ഡ്രില്‍ ഒബ്സര്‍വര്‍മാരായി എന്‍.ഡി.ആര്‍.എഫ്, ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളിലും ജില്ലാതലത്തിലും സന്നിഹിതരായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ഒറ്റപ്പാലം, ചിറ്റൂര്‍ ക്യാമ്പുകളില്‍ എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, കെ. ബാബു എന്നിവര്‍ സന്ദര്‍ശിച്ചത് മോക്ഡ്രില്ലില്‍ കൂടുതല്‍ ഗൗരവാന്തരീക്ഷം സൃഷ്ടിച്ചു.

ക്രമേണ മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിക്കുകയും കൂടുതല്‍ അപകട സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ക്യാമ്പുകള്‍ അടയ്ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഫലപ്രദമായ ഇടപെടല്‍ നടത്തിയതായി സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിലയിരുത്തി. ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ റെസ്പോണ്‍സിബിള്‍ ഓഫീസറായി ജില്ലാ കലക്ടര്‍, ഇന്‍സിഡന്റ് കമാന്‍ഡറായി എ.ഡി.എം, ഓപ്പറേഷന്‍സ് സെഷന്‍ ഓഫീസറായി പാലക്കാട് ഡിവൈ.എസ്.പി, ലോജിസ്റ്റിക്സ് സെഷന്‍ ചീഫായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, പ്ലാനിങ് സെഷന്‍ ചീഫായി അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍, മീഡിയ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ പങ്കാളികളായി.

രാവിലെ ഒന്‍പതിന് ആരംഭിച്ച മോക്ക് ഡ്രില്‍ ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു. തുടര്‍ന്ന് എ.ഡി.എം കെ. മണികണഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, സേഫ്റ്റി ഓഫീസര്‍ ഡോ. രാജലക്ഷ്മി, ജോയിന്റ് ആര്‍.ടി.ഒ കെ. മനോജ്, ജിയോളജിസ്റ്റ് എം.വി വിനോദ്, പോലിസ് സബ് ഇന്‍സ്പെക്ടര്‍ എം.പി പ്രതാപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിതേഷ്, എന്‍.ഡി.ആര്‍.എഫ് എസ്.ഐ ആഷിഷ് കുമാര്‍ സിങ്, ബി.എസ്.എഫ് ഓഫീസര്‍ സി. ഷാജി, കലക്ടറേറ്റ് എച്ച്.എസ് രാജേന്ദ്രന്‍ പിള്ള, ജെ.എസ് എം.എം അക്ബര്‍, എല്‍.എസ്.ജി.ഡി പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ ആശ, കെ.വൈ.എല്‍.എ ഇന്റേണ്‍ പി.ജെ ജൂനിയ, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗിന് തുടക്കമായി

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ നടത്തുന്ന ‘നാമ് ഏകില’ (നമുക്ക് ഉണരാം) പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് മുതല്‍ (ഡിസംബര്‍ 29) 31 വരെ അഗളി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കളെ ലഹരിയിലേക്ക് നയിക്കാതെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ട്രൈബല്‍ യുവജന ക്ലബ്ബുകള്‍, യുവശ്രീകള്‍ എന്നിവര്‍ തമ്മിലാണ് ക്രിക്കറ്റ് മത്സരം. 31 ടീമുകളായാണ് മത്സരം നടക്കുന്നത്.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ് മനോജ്, അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി, കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ആദിവാസി ഗോത്രമേള തുടി 2022 ഇന്ന്

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് മൂന്നിന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഗോത്രമേള ‘തുടി 2022’ സംഘടിപ്പിക്കുന്നു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗവും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ മരുതി മുരുകന്‍, പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ചന്ദ്രന്‍, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ അനുപമ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.ഡി റീത്ത, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലേചന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി. ജിജിന്‍ എന്നിവര്‍ പങ്കെടുക്കും.

ഗോത്രമേളയുടെ ഭാഗമായി പരമ്പരാഗത ആദിവാസി വിഭവങ്ങളുടെ ഭക്ഷ്യമേള, അട്ടപ്പാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നൃത്തരൂപങ്ങളുടെയും നാടന്‍പാട്ടുകളുടെയും അവതരണം, കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവ ഒരുക്കിയിട്ടുണ്ട്. പതിനഞ്ചിലധികം ആദിവാസി സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കും. കുടുംബശ്രീ ഭക്ഷ്യ ഉത്പന്ന പ്രദര്‍ശന വിപണന മേള ആരംവം 2022-ന്റെ ഭാഗമായാണ് തുടി ഗോത്രമേള സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പിന്തുണയോടെ നടപ്പാക്കുന്ന പോഷകാഹാര അവബോധ പ്രദര്‍ശന മേളയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.

 

കിഴക്കഞ്ചേരി കൃഷിശ്രീ സെന്ററില്‍ ഫെസിലിറ്റേറ്റര്‍, സര്‍വീസ് പ്രൊവൈഡര്‍ ഒഴിവ്

ആലത്തൂര്‍ ബ്ലോക്കിന് കീഴില്‍ കിഴക്കഞ്ചേരിയില്‍ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററില്‍ (അഗ്രോ സര്‍വീസ് സെന്റര്‍) ഫെസിലിറ്റേറ്റര്‍, സര്‍വീസ് പ്രൊവൈഡര്‍ (ടെക്നീഷ്യന്‍) തസ്തികയില്‍ ഒഴിവ്. റിട്ട. കൃഷി ഓഫീസര്‍ അല്ലെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.ടെക് എന്‍ജിനീറിങ്/ബി.എസ്.സി അഗ്രികള്‍ച്ചര്‍/വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്കും അഗ്രികള്‍ച്ചര്‍ ഡിപ്ലോമ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസമുള്ള കാര്‍ഷിക പ്രവൃത്തികളില്‍ താത്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.

സര്‍വീസ് പ്രൊവൈഡര്‍ (ടെക്നീഷ്യന്‍) തസ്തികയില്‍ ഐ.ടി.സി/ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/എസ്.എസ്.എല്‍.സിയാണ് യോഗ്യത. പത്താംതരം പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 50 ന് താഴെ. ആലത്തൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2023 ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9383471562, 9446549273.

 

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്‌സ് പ്രവേശനം

അയലൂര്‍ കോളെജ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ-യോഗ്യത ഡിഗ്രി, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍-യോഗ്യത എസ്.എസ്.എല്‍.സി, ഡി.സി.എ-യോഗ്യത പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്-യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്-യോഗ്യത പ്ലസ് ടു., ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്-യോഗ്യത ഡിഗ്രി/ത്രിവത്സര ഡിപ്ലോമ., പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍-യോഗ്യത എം.ടെക്, ബി.ടെക്, എം.എസ്.സി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. ജനറല്‍ വിഭാഗത്തിന് 150 രൂപയും എസ്.സി-എസ്.ടി വിഭാഗത്തിന് 100 രൂപയുമാണ് രജിസ്‌ടേഷന്‍ ഫീസ്. താത്പര്യമുള്ളവര്‍ ഡി.ഡി സഹിതം ഡിസംബര്‍ 30 ന് വൈകിട്ട് നാലിനകം ഓഫീസില്‍ അപേക്ഷകള്‍ നല്‍കണം. ഫോണ്‍: 8547005029, 9495069307, 9447711279, 04923 241766.

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ഗവി യാത്ര ജനുവരി ഒന്നിന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പുതുവര്‍ഷ ദിനം ഗവി യാത്ര സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് രാത്രി 10 ന് പുറപ്പെട്ട് ജനുവരി രണ്ടിന് ഗവി സന്ദര്‍ശിച്ച് പിറ്റേന്ന് പുലര്‍ച്ചെ പാലക്കാട് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് നിന്നും ഗവിയിലേക്കുള്ള നാലാമത്തെ യാത്രയാണിത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9947086128 ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം. ഫാര്‍മസിസ്റ്റിന് ബി.ഫാം/ഡി.ഫാം ആണ് യോഗ്യത. കേരള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഫിസിയോതെറാപ്പിസ്റ്റിന് ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമ ആണ് യോഗ്യത. കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഇരു തസ്തികയിലും പ്രായപരിധി 18 നും 36 നും മധ്യേ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ദിവസവേതനം 600 രൂപ. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 2023 ജനുവരി ആറിന് രാവിലെ 10 നകം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.

 

പെരുമാട്ടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഇന്ന്

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാര്‍ ഇന്ന് (ഡിസംബര്‍ 30) രാവിലെ 11 ന് വണ്ടിത്താവളം അയ്യപ്പന്‍കാവ് പഞ്ചായത്ത് ഹാളില്‍ നടക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ അധ്യക്ഷയാകും. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍ പദ്ധതി രൂപീകരണത്തിന്റെ കരട് രേഖ പ്രകാശനം ചെയ്യും. 14-ാം പഞ്ചവത്സര പദ്ധതി രണ്ടാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് വികസന സെമിനാര്‍ നടത്തുന്നത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ. സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ രാധാകൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

 

വാഹനങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമാകുംവിധം അലങ്കാരം: നടപടി സ്വീകരിക്കും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ കാഴ്ച മറക്കുന്ന തരത്തിലോ അപകടങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലോ അലങ്കാരങ്ങളും ഉച്ചത്തിലുള്ള ശബ്ദ സംവിധാനവും ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അപകടങ്ങള്‍ക്ക് വഴി വെയ്ക്കാവുന്നതും മറ്റ് റോഡ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കും.

error: Content is protected !!