Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (4/1/2023)

വോട്ടര്‍പട്ടിക പുതുക്കല്‍: അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 വരെ ലഭിച്ച എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും പരിശോധിച്ച് തീര്‍പ്പാക്കിയതായും അതനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് (ജനുവരി അഞ്ച്) പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതി അറിയിച്ചു. 2022 നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മരണമടഞ്ഞവര്‍, സ്ഥലം മാറിപ്പോയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പ് വന്നിട്ടുള്ളവര്‍ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 34,000 പേരുടെ കുറവ് അന്തിമ വോട്ടര്‍പ്പട്ടികയില്‍ വന്നിട്ടുണ്ട്. ബി.എല്‍.ഒമാര്‍ മുഖേന ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ഒഴിവാക്കലുകള്‍ വരുത്തിയതിനാലാണ് ഇപ്രകാരം കുറവ് വന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിലാണ് വിവരങ്ങള്‍ പരിശോധിച്ചത്. കൂടാതെ 18, 19 പ്രായപരിധിയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ കൂടിയതായും യോഗത്തില്‍ വിലയിരുത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്തിമ വോട്ടര്‍പ്പട്ടിക പരിശോധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിന് വേണ്ട ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്നും ഒബ്‌സര്‍വര്‍ യോഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്ന് ഒബ്സര്‍വര്‍ അറിയിച്ചു.

യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഇ.ആര്‍.ഒ, താലൂക്ക് തല ഉദ്യോഗസ്ഥര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

സാമൂഹ്യ സന്നദ്ധ സേന ഏകദിന പരിശീലന പരിപാടി ഏഴിന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സാമൂഹ്യ സന്നദ്ധ സേന ഡയറക്ടറേറ്റും സംയുക്തമായി ജനുവരി ഏഴിന് രാവിലെ 10 ന് ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ദുരന്തനിവാരണം, അഗ്നി-ജല സുരക്ഷ, ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍, ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധം നല്‍കും. സാമൂഹ്യസന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

സിവില്‍ ഡിഫന്‍സ്, ആപ്താമിത്ര, ഐ.എ.ജി എന്നിവയില്‍ പരിശീലനം ലഭിച്ചവരും താലൂക്ക് തല പരിശീലനം ലഭിച്ചവരും വീണ്ടും പങ്കെടുക്കേണ്ടതില്ല. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://tinyurl.com/pkdsstraining ലോ 6374045356 ലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ലെവല്‍ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലങ്കോട്-പുതുനഗരം ടൗണ്‍ ലെവല്‍ ക്രോസ് (കി.മീ. 37/800-900) ജനുവരി പത്തിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ പല്ലശ്ശന-ആലത്തൂര്‍ റോഡ് അല്ലെങ്കില്‍ പല്ലശന-കൊല്ലങ്കോട് വഴി പോകണമെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

 

ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്, ടി.എം.ആര്‍ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഓരോ വര്‍ഷത്തെയും പലിശ പൂര്‍ണമായും വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

പലിശയിളവ് ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പ എടുക്കുന്നതിലേക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വായ്പയിലേക്ക് മുതലും പലിശയും അടച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് എന്നിവ ഫെബ്രുവരി അവസാനം നല്‍കണം. ഗുണഭോക്താകള്‍ക്ക് അഞ്ച് വര്‍ഷം തുടര്‍ച്ചയായി പലിശ ഇളവ് നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷയും അനുബദ്ധ രേഖകളും ജനുവരി ഒന്‍പതിനകം അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ നല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്‌സ് പ്രവേശനം: ഏഴ് വരെ അപേക്ഷിക്കാം

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ജനുവരി ഏഴ് വരെ അപേക്ഷിക്കാം. കോഴ്‌സുകളും യോഗ്യതയും ചുവടെ: പി.ജി.ഡി.സി.എ-ഡിഗ്രി., ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍-എസ്.എസ്.എല്‍.സി., ഡി.സി.എ-പ്ലസ് ടു., സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്-എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്-പ്ലസ് ടു. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്- ഡിഗ്രി/ത്രിവത്സര ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എംബെഡഡ് സിസ്റ്റം ഡിസൈന്‍-എം.ടെക്/ബി.ടെക്/എം.എസ്.സി. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (ജനറല്‍), 100 രൂപ (എസ്.സി/എസ്.ടി) സഹിതം ജനുവരി ഏഴിന് വൈകീട്ട് നാലിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307, 9447711279, 04923241766.

 

സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നെന്മാറ ശിശുവികസന പദ്ധതി ഓഫീസിലെ അങ്കണവാടികളിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 04923 241419.

 

കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം

പാലക്കാട് കെല്‍ട്രോണില്‍ ഒരു വര്‍ഷ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ്, റീട്ടെയില്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലെചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളത്തുള്ള കെല്‍ട്രോണ്‍ നോളെജ് സെന്ററില്‍ നേരിട്ടെത്തണം. ഫോണ്‍: 0491 2504599, 9847412359.

 

കെട്ടിടം പൊളിച്ചുമാറ്റി നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 12 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 04924254060.

 

സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ നിയമനം

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ വരുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു. സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/എസ്.എസ്.എല്‍.സി എന്നിവയിലേതെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-50. കാര്‍ഷിക മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍/ കാര്‍ഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂര്‍ത്തിയായവര്‍ക്കും കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ [email protected] ലോ നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447505929, 9383471581.

 

ഒന്നാംവിള: ജില്ലയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ചു

ജില്ലയില്‍ ഒന്നാംവിളയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ചതായും 99.9 ശതമാനം സംഭരണം പൂര്‍ത്തിയായതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 53,938 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 45,540 പേരാണ് നെല്ല് സപ്ലൈകോക്ക് നല്‍കിയിട്ടുള്ളത്. ആലത്തൂര്‍ താലൂക്ക്- 39,6,41,199 കിലോ, ചിറ്റൂര്‍ താലൂക്ക്-4,64,93,953 കിലോ, ഒറ്റപ്പാലം താലൂക്ക്-6,49,876 കിലോ, പാലക്കാട് താലൂക്ക്-2,47,41,940 കിലോ, പട്ടാമ്പി താലൂക്ക്-7,37,705 കിലോ എന്നിങ്ങനെയാണ് നെല്ല് സംഭരിച്ചത്.

ഒന്നാം വിളയില്‍ കര്‍ഷകര്‍ക്ക് സംഭരണ വിലയായി ഇതുവരെ 226,90,91,991 രൂപ ജില്ലയില്‍ വിതരണം ചെയ്തതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 30,641 കര്‍ഷകര്‍ക്കാണ് സംഭരണ വില നല്‍കിയത്. പേയ്‌മെന്റ് ഓര്‍ഡര്‍ ഡിസംബര്‍ ഒന്‍പത് വരെ ലഭിച്ച കര്‍ഷകര്‍ക്കാണ് തുക നല്‍കിയിട്ടുള്ളത്. ഇനി 14,899 പേര്‍ക്കാണ് തുക നല്‍കാനുള്ളത്. നടപടിയാവുന്നതിനനുസരിച്ച് തുക അനുവദിക്കുമെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.

ആലത്തൂര്‍ താലൂക്കില്‍ 19,711 പേരില്‍ 11,666 പേര്‍ക്ക് തുക നല്‍കി. ചിറ്റൂര്‍ താലൂക്കില്‍ 15,238 പേരില്‍ 12,438 പേര്‍ക്കും ഒറ്റപ്പാലത്ത് 446 ല്‍ 150 പേര്‍ക്കും പാലക്കാട് താലൂക്കില്‍ 9955 പേരില്‍ 6260 പേര്‍ക്കും പട്ടാമ്പിയില്‍ 190 പേരില്‍ 127 പേര്‍ക്കുമാണ് തുക നല്‍കിയത്. ഡിസംബര്‍ 15 മുതല്‍ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.

 

പി.എസ്.സി സര്‍ജന്റ് ശാരീരിക അളവെടുപ്പും അഭിമുഖവും 11, 12 തീയതികളില്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (കാറ്റഗറി നമ്പര്‍: 143/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും അഭിമുഖവും ജില്ലാ പി.എസ്.സി ഓഫീസില്‍ ജനുവരി 11, 12 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

 

അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജില്‍ ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. പ്ലസ് ടു ആണ് യോഗ്യത. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ലും 9447133740 ലും ലഭിക്കും.

 

ചാത്തനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കോഴ്‌സ് പ്രവേശനം

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്) തൃത്താല മണ്ഡലത്തിലെ ചാത്തനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ഇ.എല്‍.ടി.എസ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (ബ്യൂട്ടി പാര്‍ലര്‍), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നിഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിവിധ മേഖലകളിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടെ പഠിക്കാന്‍ അസാപ് അവസരമൊരുക്കുന്നുണ്ട്. കോഴ്‌സ് ഫീസ് അടയ്ക്കാന്‍ സ്‌കില്‍ ലോണും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 9495999730, 8590414656 ലോ www.asapkerala.gov.in ലോ ലഭിക്കും.

error: Content is protected !!