Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (11/1/2023)

തദ്ദേശ സ്വയംഭരണ ദിനാഘോഷം: സ്വാഗതസംഘ രൂപീകരണ യോഗം 13 ന്

തദ്ദേശ സ്വയംഭരണ വകുപ്പ് ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താലയില്‍ സംസ്ഥാനതല തദ്ദേശ സ്വയംഭരണ ദിനാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി 13 ന് രാവിലെ 10 ന് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

 

ഉപന്യാസ-പ്രസംഗ മത്സരം ഇന്ന്

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ദേശീയ യുവജനദിനത്തിന്റെ ഭാഗമായി സാക്ഷരത തുല്യത നാല്, ഏഴാം തരം പഠിതാക്കള്‍ക്കും പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കുമായി ഇന്ന് (ജനുവരി 12) ഉപന്യാസ-പ്രസംഗ മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തണമെന്ന് സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

 

ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതിയിലേക്ക് നാഗലശ്ശേരി, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, ആവശ്യാധിഷ്ഠിത പദ്ധതി, ഫീഡ് സപ്ലിമെന്റ്, മില്‍ക്കിങ് മെഷീന്‍ പദ്ധതികള്‍ക്ക് www.ksheerasree.gov.in ല്‍ അപേക്ഷിക്കാം. മൂന്ന് പശു വളര്‍ത്തുന്നവര്‍ക്കുള്ള ടോപ് അപ്പ് പദ്ധതി എന്ന നിലയിലാണ് രണ്ട് പശു പദ്ധതി നടപ്പാക്കുക. ഇവരുടെ അഭാവത്തില്‍ 10-15 സെന്റ് സ്ഥലമുള്ള പുതിയ ക്ഷീരകര്‍ഷകരെയും പരിഗണിക്കും. അഞ്ച് പശു യൂണിറ്റ് പദ്ധതി നടപ്പാക്കുന്നവര്‍ 25 സെന്റ് സ്ഥലത്ത് പുല്‍കൃഷി നടത്തണം. വനിത, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജനുവരി 17 നകം നല്‍കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505137.

 

സമന്വയ രജിസ്ട്രേഷന്‍ ക്യാമ്പ് ഇന്ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്ന് (ജനുവരി 12) രാവിലെ 10 ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സമന്വയ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാധാരണ പുതുക്കല്‍, രജിസ്ട്രേഷന്‍ കാര്‍ഡില്‍ 1/2000 മുതല്‍ 8/2022 എന്ന് വരെ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് പ്രത്യേക പുതുക്കലിനുള്ള അവസരം ഉണ്ടായിരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയം തൊഴില്‍ ലോണ്‍ പദ്ധതികള്‍, നല്‍കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസും ഉണ്ടാകും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം. മറ്റ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.

 

പി.എസ്.സി അഭിമുഖം 13, 19 തീയതികളില്‍

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്മെന്റ്-കാറ്റഗറി നമ്പര്‍: 304/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2022 ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജനുവരി 13, 19 തീയതികളില്‍ നടക്കും. ജനുവരി 13 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിലും 19 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിലുമാണ് അഭിമുഖം. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ്.എം.എസ് പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഓഫീസില്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകളുമായി നേരിട്ടെത്തണമെന്ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

 

കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ മെഡിക്കല്‍ കോളെജിലെ ഔദ്യോഗിക ഉപയോഗത്തിനായി 12-14 ലക്ഷത്തിനിടയ്ക്ക് വില വരുന്ന കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് രണ്ടിനകം ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ മെഡിക്കല്‍ കോളെജ്), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് (പി.ഒ) പാലക്കാട്- 678013 വിലാസത്തില്‍ നല്‍കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളെജ് ഓഫീസിലും 0491 2974125 ലും http://www.gmcpalakkad.in ലും ലഭിക്കും.

 

പി.എസ്.സി സ്‌ക്രീനിങ് ടെസ്റ്റ് 17 ന്

ജില്ലാ ഭരണകൂടം, ഐ.ടി.ഡി.പി, കില, എഷ്യാനെറ്റ് ടെലികമ്മ്യൂണിക്കേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി മുഖേന കിലയില്‍ നടപ്പാക്കുന്ന വിജയദര്‍ശന്‍ പി.എസ്.സി പരിശീലന പരിപാടിയിലേക്ക് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 17 ന് രാവിലെ 10 ന് അഗളി കില ക്യാമ്പസില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടക്കും. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലുളള പട്ടികവര്‍ഗ യുവതീ-യുവാക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാം. ജനുവരി മൂന്നിന് നടന്ന സ്‌ക്രീനിങ് ടെസ്റ്റില്‍ പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ലെന്ന് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി മാനേജര്‍ അറിയിച്ചു. ഫോണ്‍: 9061540541, 8075128364.

 

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023-ചെറുധാന്യ കൊയ്ത്തുത്സവം സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം 2023 സംസ്ഥാനതല ഉദ്ഘാടനവും മില്ലറ്റ് വില്ലേജ്, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത ചെറുധാന്യങ്ങളുടെ വിളവെടുപ്പ് ഉത്സവവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് (ജനുവരി 12) നിര്‍വഹിക്കും. അഗളി ഗ്രാമപഞ്ചായത്തിലെ ചെമ്മണ്ണൂരില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ മുതിര്‍ന്ന കര്‍ഷകനായ ചെമ്മണ്ണൂര്‍ ചെല്ല മൂപ്പനെ ആദരിക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വൈസ് പ്രസഡന്റ് സി.കെ ചാമുണ്ണി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് ജില്ലയില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് (ജനുവരി 12) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 ന് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയിലും ഉന്നത വിജയം നേടിയ ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. രാവിലെ 11.30 ന് വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.

ഉച്ചയ്ക്ക് 12 ന് മൂന്നൂര്‍ക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് പട്ടാമ്പി ഗവ ബോയ്‌സ് സ്‌കൂള്‍ കെട്ടിടം, 3.30 ന് വിളയൂര്‍ ബി.എച്ച്.എസിലെ കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

 

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 12) രാവിലെ 11.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ കില-പി.എം.യു (പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്) മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ മുഖ്യാതിഥിയാകും. മുന്‍ എം.എല്‍.എ പി. ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാര്‍. ഹെഡ്മാസ്റ്റര്‍ എം.പി ഗോപാലകൃഷ്ണന്‍, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

മുന്നൂര്‍ക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും

മുന്നൂര്‍ക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 12) ഉച്ചയ്ക്ക് 12 ന് മൂന്നൂര്‍ക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നൂര്‍ക്കോട്. പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പാള്‍ പി. ലതികാ കുമാരി, പ്രധാനധ്യാപിക വി. വിജയ, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ജില്ലയില്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു

498 സംരംഭകര്‍ക്ക് 18.96 കോടിയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കി

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതിനോടകം 79 ശതമാനം നേട്ടമാണ് പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്. 10,051 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 497.4 കോടിയുടെ നിക്ഷേപവും 22,123 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഇതില്‍ 2729 സംരംഭങ്ങള്‍ വനിതകള്‍ ആരംഭിച്ചതാണ്. 498 സംരംഭകര്‍ക്കായി 18.96 കോടിയുടെ ബാങ്ക് വായ്പയാണ് ഇതുവരെ ലഭ്യമാക്കിയത്. ആരംഭിച്ച സംരംഭങ്ങളില്‍ 1290 എണ്ണം ഉത്പാദന മേഖലയിലും 4123 എണ്ണം സേവനമേഖലയിലും 4638 എണ്ണം വ്യാപാര മേഖലയിലും ഉള്‍പ്പെടുന്നു. വടക്കഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, പൊല്‍പ്പുള്ളി, കൊടുവായൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 100 ശതമാനം നേട്ടം കൈവരിച്ചു കഴിഞ്ഞു.

ഭക്ഷ്യസംസ്‌കരണം, വസ്ത്ര നിര്‍മ്മാണം, വിവിധ വ്യാപാര സ്ഥാപനം എന്നിവയിലാണ് ജില്ലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഗാര്‍മെന്റ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് രംഗത്ത് 1381 സ്ഥാപനങ്ങള്‍ തുടങ്ങിയതിലൂടെ 42.81 കോടി രൂപയുടെ നിക്ഷേപവും 3047 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഭക്ഷ്യ മേഖലയില്‍ 57.65 കോടി രൂപ നിക്ഷേപവുമായി 1329 സംരംഭങ്ങളാണ് ആരംഭിച്ചത്. 3462 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിച്ചത്. സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് 31 വരെ നല്‍കാം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് 2023 ജനുവരി മുതലുള്ള പെന്‍ഷന് ജനുവരി 31 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഗസറ്റഡ് ഓഫീസറോ ഗവ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ലഭ്യമാക്കേണ്ടത്. സാന്ത്വനസഹായം ലഭിക്കുന്ന 60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.

error: Content is protected !!