Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (11/1/2023)

സാക്ഷ്യപത്രം ഹാജരാക്കണം

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസിനു താഴെ പ്രായമുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ജനുവരി 30 നകം ഗ്രാമപഞ്ചായത്ത ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2 222 340

 

വനിതാരത്ന പുരസ്‌കാരം ; യോഗം 13ന്

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി വനിതാരത്ന പുരസ്‌കാരം 2022 നുളള അപേക്ഷ പരിശോധിച്ച് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 13ന് പകല്‍ മൂന്നിന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ യോഗം ചേരും.

 

ഗതാഗത നിയന്ത്രണം

ഓമല്ലൂര്‍ കൊടുംതറ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 12,13 തീയതികളില്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഇ.ഇ.പി പദ്ധതി അപേക്ഷാ തീയതി നീട്ടി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ 2022-23 വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ നീട്ടി. മെഡിക്കല്‍ /എഞ്ചിനിയംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിംഗ്, ഗ്രേറ്റ് / മാറ്റ്, യു.ജിസി/ നെറ്റ് / ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയതും പ്രവൃത്തി പരിചയവുമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കൂ. ഫോണ്‍: 0484 2 983 130.

 

ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് അപേക്ഷിക്കാം

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ എസ്എസ്എല്‍സി പാസായവര്‍ക്കായി ആരംഭിക്കുന്ന നാലുമാസം ദൈര്‍ഘ്യമുളള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9947 123 177.

 

നാഷണല്‍ ലോക് അദാലത്ത്

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ഫെബ്രുവരി 11ന് സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടത്തുന്നത്.

ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളും അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 2 220 141.

 

ക്വട്ടേഷന്‍

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാസ വാടകയിനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മഹീന്ദ്ര ബൊലേറോ വാഹനം നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0468 2 344 802.

 

ഗതാഗത നിയന്ത്രണം

ജനകീയാസൂത്രണ പദ്ധതി പ്രകാരം കളക്ടറേറ്റ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ജനുവരി 25 വരെ കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്നും പുറത്തേക്കുളള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം താത്കാലികമായി നിര്‍ത്തി വെയ്ക്കുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ പ്രവേശന വഴിയിലൂടെ തന്നെ തിരിച്ചു പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം 17ന്

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 17 ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

റിപ്പബ്ലിക്ക് ദിനാഘോഷം: യോഗം 13ന്

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചുളള യോഗം ജനുവരി 13ന് രാവിലെ 10.30ന് ഓണ്‍ലൈനായി ചേരും.

 

മന്ദമരുതി – കക്കുടുമണ്‍ റോഡ് പുനരുദ്ധാരണത്തിന് അനുമതി

മന്ദമരുതി – കക്കുടുമണ്‍ റോഡ് ശബരിമല ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കാന്‍ അനുമതിയായതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. എട്ടര കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നിര്‍മാണത്തിനായി 12.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് ഉന്നത നിലവാരത്തിലാണ് പുനരുദ്ധരിക്കുന്നത്. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരുദ്ധാരണത്തിന് നടപടിയായത്.

അത്തിക്കയം ടൗണിനെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല സീസണ്‍ കാലത്ത് വാഹനങ്ങള്‍ വഴിതിരിച്ച് വിടാനും ഉപയോഗിക്കാം. കൂടാതെ ആയിരക്കണക്കിന് തദ്ദേശീയര്‍ക്കും റോഡ് പ്രയോജനം ചെയ്യും.

 

അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. ഫോണ്‍: 9048 110 031, 8075 553 851. വെബ്‌സൈറ്റ്: www.srccc.in

 

യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലുമാണ് പഠന പരിപാടി. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്കുള്ള അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ :0471 2 325 101, 8281 114 464.https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.

പത്തനംതിട്ട ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ശ്രീ വിശുദ്ധി യോഗ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട: 9447 432 066, പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല: 8606 031 784, ഗ്രിഗോറിയന്‍ റിസോഴ്സ് സെന്റര്‍, കൈപ്പട്ടൂര്‍: 9447 500 091.

 

കുമ്പഴ – പ്ലാവേലി റോഡിന് 7.25 കോടി രൂപ അനുവദിച്ചു

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ആറന്മുള മണ്ഡലത്തിലെ കുമ്പഴ – പ്ലാവേലി റോഡ് നിർമ്മാണത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ബി.എം , ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി മൂലം പ്രദേശ വാസികൾ ഉൾപ്പടെയുള്ള യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഇവിടെ സംരക്ഷണ ഭിത്തിയും , ആവശ്യമുള്ള ഭാഗങ്ങളിൽ കലുങ്കുകൾ ഉൾപ്പടെ റോഡ് പ്രവൃത്തിയുടെ ഭാഗമായി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

റോഡിന്റെ സാങ്കേതിക അനുമതി , ടെൻഡർ ഉൾപ്പടെയുള്ള നടപടികൾ പൂർത്തീകരിച്ചു ഉടനെ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാകുന്നതോടു കൂടി ശബരി തീർത്ഥാടകർക്കും , യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

error: Content is protected !!