Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (12/1/2023)

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി വി. ശിവന്‍കുട്ടി

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നിലാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും കൊണ്ടുവന്ന മാറ്റങ്ങള്‍ ചെറുതല്ലെന്നും മന്ത്രി കുട്ടിചേര്‍ത്തു. കുട്ടികളുടെ ആരോഗ്യം-വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ നേട്ടം. ജാതിമത വര്‍ഗീയത ചിന്തകള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം കുട്ടികളില്‍ വളര്‍ത്തണം. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികവുറ്റതാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം സ്‌കൂളിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഓരോ കുട്ടിയും തന്റെ കുട്ടിയാണെന്നുള്ള ബോധ്യം അധ്യാപകര്‍ക്ക് ഉണ്ടാകണം. കഴിഞ്ഞ വര്‍ഷങ്ങളിലായി 3000 കോടി രൂപയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി മാറ്റിവച്ചതെന്നും 10.5 ലക്ഷത്തോളം പുതിയ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ കില – പി.എം.യു(പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്) മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂന്ന് നിലകളിലായി ഒന്‍പത് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ഒറ്റപ്പാലം നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മാനത്തോളത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം. പി മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാര്‍, പ്രധാനാധ്യാപകന്‍ എം.പി ഗോപാലകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തദ്ദേശ സ്വയംഭരണ ദിനാഘോഷം: സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

തദ്ദേശ സ്വയംഭരണ വകുപ്പ് ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താലയില്‍ സംസ്ഥാനതല തദ്ദേശ സ്വയംഭരണ ദിനാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന്(ജനുവരി 13) രാവിലെ 10 ന് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ സ്വാഗതസംഘ രൂപീകരണ യോഗം നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കുട്ടികളില്‍ ചരിത്രാന്വേഷണം വളര്‍ത്താന്‍ ‘പാദമുദ്രകള്‍’ എന്ന പേരില്‍ മട്ടത്തുക്കാട് ഗവ ട്രൈബല്‍ ഹൈസ്‌കൂളില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക, ചരിത്രാന്വേഷണത്തിന്റെ സാധ്യതകളും പ്രാധാന്യവും മനസിലാക്കുക, ചരിത്രാന്വേഷണ ബോധം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. അട്ടപ്പാടിയിലെ ഹൈസ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും സാമൂഹ്യ ശാസ്ത്ര അധ്യാപകരും ശില്‍പശാലയില്‍ പങ്കെടുത്തു.

‘ചരിത്രത്തില്‍ ഗോത്രവര്‍ഗക്കാരുടെ ഇടം’ എന്ന വിഷയത്തില്‍ മൂപ്പന്‍ സഭാ പ്രസിഡന്റ് ചെറിയ മൂപ്പന്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ഗോത്ര ആഘോഷങ്ങളില്‍ ആലപിച്ചിരുന്ന ഗാനങ്ങളും വാദ്യോപകരണങ്ങളും കൃഷി രീതികളും സംസ്‌ക്കാരവുമെല്ലാം പുതുതലമുറക്ക് അന്യമാവുകയാണെന്ന ആശങ്ക മൂപ്പന്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ‘അട്ടപ്പാടിയുടെ ചരിത്ര സാധ്യതകള്‍’ എന്ന വിഷയത്തില്‍ ചരിത്രാന്വേഷിയും വിദഗ്ധനുമായ മാണി പറമ്പേട്ട് ക്ലാസ്സെടുത്തു. ശില്‍പശാലയുടെ ഭാഗമായി ചരിത്രമുറങ്ങുന്ന കൊടുങ്കരപ്പള്ളത്തിലേക്ക് യാത്ര സംഘടിപ്പിക്കുകയും ചരിത്രശേഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപെടുത്തുകയും ചെയ്തു.

ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ശില്‍പശാല ഉദ്ഘാടനം ചെയ്തു. അഗളി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനോജ് അധ്യക്ഷനായി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ജിതേഷ്, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി ഭക്തഗിരീഷ്, മട്ടത്തുക്കാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ മതിവാണന്‍ മാസ്റ്റര്‍, ട്രെയിനര്‍മാരായ സജുകുമാര്‍, എം. നാഗരാജ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ.വി അനീഷ്, നുമി അഗസ്റ്റിന്‍, എം. നിഖില്‍ സെഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പോഷകാഹാര വിശകലനം, പോഷകാഹാര ലൈവ് ഡമോണ്‍ സ്റ്റേഷന്‍, ആരോഗ്യ സൂചിക നിര്‍ണ്ണയം, പോഷകാഹാര കിറ്റ് വിതരണം എന്നിവയും നടന്നു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുരുതര പോഷകാഹാര കുറവുള്ള കുട്ടികള്‍, ഹൈറിസ്‌ക് ഗര്‍ഭിണികള്‍, നവ ദമ്പതികള്‍ തുടങ്ങി 130 ഓളം പേര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിളര്‍ച്ച നിര്‍ണ്ണയ പരിശോധന നടത്തി. വിളര്‍ച്ച രോഗം കണ്ടെത്തിയവര്‍ക്ക് തുടര്‍ചികിത്സ നല്‍കുമെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ അറിയിച്ചു.

പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ജിതേഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലതകുമാരി, പബ്ലിക് ഹെല്‍ത്ത് നഴ്സ് റുക്കിയ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഡയറ്റീഷ്യന്‍മാരായ അസ്‌ന ഷെറിന്‍, മരകതം, അസിസ്റ്റന്റ് റിസേര്‍ച്ച് സൈന്റിസ്റ്റ് സന്തോഷ് കുമാര്‍, സംസ്ഥാന പോഷകാഹാര കാര്യാലയ പ്രതിനിധികളായ സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, കെ.ബി സുഹാസ്, ഓഫീസ് ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഇ-വേസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചു

ശുചിത്വ മിഷന്റെയും ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹരിത ഓഫീസ് ക്യാമ്പയിന്റെ ഭാഗമായി ദാരിദ്ര്യ ലഘുകരണ വിഭാഗം ഓഫീസ് കോംപ്ലക്‌സിലെ ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്തു. 400 കിലോ ഗ്രാം ഇ-മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഇ-വേസ്റ്റ് ഡ്രൈവ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദാരിദ്ര്യ ലഘുകരണ വിഭാഗം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.ജി.എസ്.വൈ, ശുചിത്വ മിഷന്‍ ഓഫീസുകള്‍ ക്യാമ്പയിന്റെ ഭാഗമായി. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പി. ഹാറൂണ്‍ അലി, ഷാജുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായ പദ്ധതികള്‍ക്ക് 17 വരെ അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കര്‍ഷക ഉത്പന്നങ്ങളുടെ(പഴം, പച്ചക്കറി, നാളികേരം) പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് വാല്യൂ അഡിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍, നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റ്, കാര്‍ഷികവിളകള്‍ സംസ്‌കരണത്തിനുള്ള പ്രൊജക്ടുകള്‍, കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ വില്‍പന നടത്തുന്നതിനുളള മുച്ചക്ര വണ്ടി എന്നിവയുടെ ധനസഹായത്തിനായി അതത് കൃഷിഭവനുകളില്‍ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കാമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2571205.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ക്കായി അപേക്ഷിക്കാം

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോ-ഓപ്പറേറ്റീവ്സ്, എഫ്.പി.ഒകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം സബ്സിഡി ലഭിക്കും.

നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റിനായി അപേക്ഷിക്കാം

നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റിന്(മൂന്നെണ്ണം) കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ദിവസം 5000 മുതല്‍ 10,000 തേങ്ങ വരെ ഉണക്കാന്‍ കഴിയുന്ന ഉണക്കല്‍ യന്ത്രങ്ങള്‍ 20 ശതമാനം സബ്സിഡിയില്‍ ലഭിക്കും. നിലവിലുള്ള സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്.എം.എ.എം), സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷന്‍(എസ്.എച്ച്.എം), അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(എ.ഐ.എഫ്) തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ചും പദ്ധതി നടത്താം.

കാര്‍ഷികവിള സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍

കാര്‍ഷികവിള സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍ പദ്ധതിക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സബ്സിഡി നിരക്ക് 50 ശതമാനമാണ്.

സബ്സിഡിയോടെയുള്ള മുച്ചക്ര വണ്ടിക്ക് അപേക്ഷിക്കാം

കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ വില്‍പനയ്ക്ക് മുച്ചക്ര വണ്ടിയ്ക്ക്(ഒരെണ്ണം) കര്‍ഷക മിത്രകള്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സൈക്കിള്‍ റിക്ഷ രൂപത്തിലുള്ള വാഹനമാണ് ലഭിക്കുക. മൊത്തം ചിലവിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. എല്ലാ പദ്ധതികള്‍ക്കും പ്രൊജക്ട് പ്രൊപ്പോസലുകള്‍ നല്‍കുന്നതിന് അനുസരിച്ചാണ് ധനസഹായം ലഭിക്കുക.

 

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷാ തീയതി ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറുമാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ് ടു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ചിറ്റൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് തെറാപ്പീസ് സ്റ്റഡി സെന്ററുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9074272532, 7559954410

 

തൊഴില്‍മേള ജനുവരി 13 ന്

എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രസീതി ലഭിച്ചവര്‍ അത് നല്‍കണം. സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്(യോഗ്യത പ്ലസ് ടു. പ്രായപരിധി 40 വയസ്), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, സെക്രട്ടറി, പ്രൊക്യൂര്‍മെന്റ് എന്‍ജിനീയര്‍(ബിരുദം), ട്രൈനി ബയോമെഡിക്കല്‍(ബി.ടെക്/ബി.ഇ ഇന്‍ ബയോമെഡിക്കല്‍), പ്രൊജക്ട് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, പ്ലാനിങ് എന്‍ജിനീയര്‍, ഫിറ്റ് ഔട്ട് എന്‍ജിനീയര്‍, ക്വാണ്ടിറ്റി സര്‍വേവര്‍, ക്വാളിറ്റി കണ്‍ട്രോളര്‍(ബി.ടെക്/ബി.ഇ ഇന്‍ സിവില്‍), ആര്‍ക്കിടെക്(ബി.ആര്‍ക്ക്), ഇ.ആര്‍.പി എക്‌സിക്യൂട്ടീവ്(ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്), ഡ്രാഫ്റ്റ്‌സ്മാന്‍ ഇലക്ട്രിക്കല്‍(ഐ.ടി.ഐ ഇലക്ട്രിക്കല്‍), ഡ്രാഫ്റ്റ്‌സ്മാന്‍(ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍), പ്രൊഡക്ഷന്‍ എന്‍ജിനീയര്‍(ബി.ടെക്/ബി.ഇ മെക്കാനിക്കല്‍ അല്ലെങ്കില്‍ ബി.ടെക്/ബി.ഇ ഇന്‍ സിവില്‍), സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്‍ജിനീയര്‍(ബി.ടെക്/ബി.ഇ സ്ട്രക്ചറല്‍ എന്‍ജിനീയറിങ്), എച്ച്.ആര്‍ ജനറലിസ്റ്റ്(എം.ബി.എ ഇന്‍ എച്ച്.ആര്‍) എന്നീ ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തുന്നത്. ഫോണ്‍: 0491 2505435.

 

ഐ.എച്ച്.ആര്‍.ഡി കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍, വളാഞ്ചേരി പഠന കേന്ദ്രങ്ങളില്‍ പി.ജി.ഡി.സി.എ(യോഗ്യത ബിരുദം), ഡി.സി.എ(യോഗ്യത: പ്ലസ് ടു), ഡാറ്റാ ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(യോഗ്യത എസ്.എസ്.എല്‍.സി) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി./ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനത്തോടൊപ്പം സ്‌റ്റൈപ്പന്റും ലഭിക്കും. അവസാന തിയതി ജനുവരി 20. ഫോണ്‍: 0494 2646303, 0494 2423599, 8547005088.

 

വിധവ പുനരധിവാസ പദ്ധതി – സെമിനാര്‍ സംഘടിപ്പിക്കുന്നു

ജില്ലയിലെ പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ള 45 വയസ്സില്‍ താഴെ പ്രായമുള്ള വിധവകള്‍ക്ക് പ്രാപ്തരാക്കുന്നതിനും സംരംഭം തുടങ്ങാന്‍ സഹായിക്കുന്നതിനുമായി തൊഴില്‍ നേടുന്നതിന് പ്രാപ്തമാക്കുന്നതിനും ജില്ലാ പഞ്ചായത്ത്, ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ‘അപരാജിത’ പദ്ധതിയുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. കേരള ഡെവലപ്പ്‌മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്) അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ജില്ലാ വ്യവസായ വികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 16 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 17 ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 18 ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 19 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ സെമിനാര്‍ നടക്കും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

 

ദര്‍ഘാസ് ക്ഷണിച്ചു

കോട്ടായി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ലാബ് ഉപകരണങ്ങള്‍(കെമിസ്ട്രി, ഫിസിക്‌സ്, ജ്യോഗ്രഫി വിഷയങ്ങള്‍ക്ക്) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ദര്‍ഘാസ് ജനുവരി 18 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ http://www.dhsekerala.gov.in ലും 9446926531 ലും ലഭിക്കും.

 

അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, ആറ് മാസത്തെ ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും http://ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04922 285577, 04922 285577.

 

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍: ജനുവരി 15 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9048110031, 8075553851.

 

ഇ-ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, എ.കെ, ആര്‍.ബി.എസ്.കെ പദ്ധതികളില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരത ദ്രവ്യം 14000 രൂപ. ദര്‍ഘാസ് ജനുവരി 18 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ദര്‍ഘാസിന്റെ ഒറിജിനല്‍ കോപ്പി ജനുവരി 19 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ജനുവരി 20 ന് രാവിലെ 11 ന് തുറക്കും. ഫോണ്‍: 0466 2344053.

 

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പദ്ധതി പ്രകാരം ക്യാന്‍സര്‍, ഹൃദ്രോഗം, ടി.ബി, ട്യൂമര്‍ ബാധിച്ച തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ഒറ്റത്തവണ ധനസഹായം അനുവദിക്കും. യോഗ്യരായവര്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ ജനുവരി 31 നകം ജില്ലാ ലേബര്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505584.

 

വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലായി കൊണ്ടിരിക്കുന്നു; മന്ത്രി വി. ശിവന്‍കുട്ടി

ചളവ ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലായി കൊണ്ടിരിക്കുകയാണെന്നും അതിനനുസൃതമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉന്നത നിലവാരം പുലര്‍ത്തുന്നവരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ നിര്‍മ്മിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകര ചളവ ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ അഭിലഷണീയമായ പുരോഗതി സൃഷ്ടിച്ച ചളവ യു.പി സ്‌കൂള്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ജില്ലയിലെ തന്നെ മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന പൊതുവിദ്യാലയങ്ങളില്‍ ഒന്നാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ വടശ്ശേരിപ്പുറം ഹൈസ്‌കൂളിന് രണ്ടു കോടി അനുവദിച്ചതായും പരിപാടിയില്‍ മന്ത്രി അറിയിച്ചു.

3500 സ്‌ക്വയര്‍ ഫീറ്ററില്‍ രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികളും ശുചിമുറികളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, പാലക്കാട് ഡി.ഡി.ഇ. പി.വി. മനോജ് കുമാര്‍, ചളവ യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ബാസലി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈലാ ഷാജഹാന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഷാനവാസ്. ചളവ യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക എ.സി ലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ മന്ത്രിയെത്തി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി എന്‍. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്ന ടീച്ചറെ ടീച്ചര്‍ പഠിപ്പിക്കുന്ന ആറാം ക്ലാസ് റൂമിലെത്തിയായിരുന്നു മന്ത്രി നേരില്‍ കണ്ടത്. 2021 ഏപ്രില്‍ ആറിന് അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റെയര്‍ കേസില്‍ നിന്ന് വീണായിരുന്നു ടീച്ചര്‍ക്ക് അപകടം പറ്റിയത്. അരയ്ക്ക് താഴെ ശേഷി നഷ്ടപ്പെട്ട ടീച്ചര്‍ 2022 ഡിസംബര്‍ ഒന്നിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ദിവസവും കാറില്‍ സ്‌കൂളിലെത്തുന്ന ടീച്ചര്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് വിദ്യാഭ്യാസ അധികൃതരുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു ടീച്ചര്‍ക്ക് അപകടം പറ്റിയതും തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതും. തൃശ്ശൂരില്‍ എരുമപ്പെട്ടി ഹെല്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് ടീച്ചറുടെ സ്‌കൂളിന് സമീപത്തേക്ക് ജോലി മാറ്റം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഭര്‍ത്താവിന് സമീപപ്രദേശത്ത് ജോലി ലഭിച്ചാല്‍ ദിവസവും ഡ്രൈവറെ ഉപയോഗിച്ച് സ്‌കൂളില്‍ എത്തുന്ന കാറിന്റെ ഭീമമായ ചിലവ് ഒഴിവാക്കാനാവും എന്ന നിവേദനത്തെ തുടര്‍ന്നായിരുന്നു മന്ത്രി ഉറപ്പുനല്‍കിയത്.

ടീച്ചര്‍ക്ക് അനുവദിച്ച സ്‌പെഷ്യല്‍ ഡിസബിലിറ്റി ലീവ് ശമ്പളത്തോട് അനുവദിക്കണം എന്ന നിവേദനത്തിലെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാറാണ് ടീച്ചറുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മന്ത്രിക്കൊപ്പം കെ. പ്രേംകുമാര്‍ എം.എല്‍.എ ജില്ലാ പഞ്ചായത്തംഗം പ്രീത മോഹന്‍ദാസ്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. സുരേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ മനോജ്, പി.ടി.എ പ്രസിഡന്റ് കെ. ഹരികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

 

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും: മന്ത്രി വി. ശിവന്‍കുട്ടി

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയിലും ഉന്നത വിജയം നേടിയ കരിമ്പുഴ ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ നിരവധി ഭിന്നശേഷി സൗഹൃദ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജനനം മുതല്‍ 23 വയസ്സ് വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷി വിഭാഗക്കാരുടെയും വിവരം നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുന്നതിനും വിദ്യാലയ പ്രവേശനം നേടിയവരില്‍ തന്നെ ഏത് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിക്കും.

വിദഗ്ധരായ ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ് സൈക്യാട്രിസ്റ്റ്, എജുക്കേഷനിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനം ഉറപ്പുവരുത്തും. ഇവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങളും മറ്റാനൂകൂല്യങ്ങളും ഉറപ്പാക്കും. ജില്ലാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്റ്റോഴ്‌സ് പര്‍ച്ചേസ് നിയമമനുസരിച്ച് ആവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങി നല്‍കും. കാഴ്ച പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലി ലിപി ഉപകരണങ്ങള്‍ നല്‍കും. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020-22 ബാച്ചില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സമീറ സലീം, ഷീബ പാട്ടത്തൊടി, കെ.എം ഹനീഫ, എം. മോഹനന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആക്ടിങ് പ്രസിഡന്റ് ഡോ. സി. ഹബീബ്, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് വി.എന്‍ ചന്ദ്രമോഹന്‍, പി.ടി.എ പ്രസിഡന്റ് പി. മുരളീധരന്‍, പ്രധാനാധ്യാപകന്‍ പി.കെ രമേശ് മണ്ണാര്‍ക്കാട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ് അനിത, അന്ധവിദ്യാലയ അധ്യാപക പരിശീലന കേന്ദ്രം പ്രസിഡന്റ് കെ. സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

 

റിപ്പബ്ലിക് ദിനം: ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗം ചേര്‍ന്നു

രാജ്യത്ത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാതല സ്ഥിരം ആഘോഷസമിതി യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഡി.എഫ്.ഒ, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി, എസ്.പി.സി എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. കോട്ടമൈതാനത്ത് ജനുവരി 21, 23 തീയതികളില്‍ വൈകിട്ട് മൂന്നിനും 24 ന് രാവിലെയും പരേഡ് പരിശീലനം നടക്കും.

ദേശീയ പതാക ഉയര്‍ത്തല്‍, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, കലാപരിപാടികള്‍, ബാന്‍ഡ് സെറ്റ്, പന്തല്‍, അലങ്കാരങ്ങള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കുള്ള സജ്ജീകരണം, ശുചീകരണം ഉള്‍പ്പെടെയുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ. ഷാഹുല്‍ ഹമീദ്, പാലക്കാട് മുന്‍സിപ്പാലിറ്റി സെക്രട്ടറി ടി.ജി അജേഷ്, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഗതാഗത നിരോധനം

കനാല്‍പിരിവ് – പോക്കാന്‍തോട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 15 ന് വൈകിട്ട് ആറ് മുതല്‍ 16 ന് രാവിലെ ആറ് വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

 

പോത്തുണ്ടി വലതുകര കനാല്‍ ഇന്ന് അടയ്ക്കും

പോത്തുണ്ടി വലതുകര കനാല്‍ ഇന്ന് വൈകിട്ട് (ജനുവരി 13) അടയ്ക്കും. തുടര്‍ന്ന് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം 18 ന് രാവിലെ ജലവിതരണം ആരംഭിച്ച് ടേണ്‍ സിസ്റ്റം കര്‍ശനമായി പാലിച്ച് 20 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇടവേളയ്ക്ക് ശേഷം ജലവിതരണം പുനരാരംഭിക്കും. പോത്തുണ്ടി ഇടതു വലത് കനാലുകളിലൂടെ ഫെബ്രുവരി 28 വരെ ജലവിതരണം നടത്തേണ്ടത് ആവശ്യമായതിനാല്‍ ജലവിതരണത്തിന്റെ അവലോകനം നടത്തുന്നതിന് നെന്മാറ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പോത്തുണ്ടി ഇടതു കര കനാല്‍ അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ഒന്‍പതിന് ജലവിതരണം ആരംഭിച്ചിരുന്നു. 14 ദിവസങ്ങള്‍ക്ക് ശേഷം 23 ന് അടച്ച് വീണ്ടും ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കും. ടേണ്‍ സിസ്റ്റം പാലിച്ചും ഇടവേളകള്‍ നല്‍കിയും കര്‍ഷകരുടെ സഹകരണത്തോടെ ഫെബ്രുവരി 28 വരെ ജലവിതരണം നടത്തുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. യോഗത്തില്‍ പി.എ.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

error: Content is protected !!